ADVERTISEMENT

ന്യൂഡൽഹി ∙ വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽനിന്ന് കർഷകരെ സർക്കാർ തടയണമെന്നു സുപ്രീം കോടതി. ഡൽഹിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണു വിഷയത്തിൽ നിലപാടെടുക്കാൻ സുപ്രീം കോടതി സർക്കാരിനോടു നിര്‍ദേശിച്ചത്. കർഷകരെ ശിക്ഷിക്കണമെന്ന അഭിപ്രായമില്ലെന്നും കോടതി വ്യക്തമാക്കി.

കർഷകർക്കെതിരെ നടപടിയെടുക്കണമെന്നു ഞങ്ങൾക്ക് ആഗ്രഹമില്ല. ഒരാഴ്ചത്തേക്കെങ്കിലും കാർഷികാവശിഷ്ടങ്ങൾ കത്തിക്കരുതെന്ന് കർഷകരോട് അഭ്യർഥിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്– ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു. ടിവിയിലെ ചര്‍ച്ചകളാണു മറ്റെന്തിനേക്കാളും മലിനീകരണം ഉണ്ടാക്കുന്നത്. എല്ലാവർക്കും അവരുടേതായ അജൻഡകളുണ്ട്. വിഷയത്തിന് ഒരു പരിഹാരം കാണാനാണു ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കത്തിക്കുന്നതിനു പകരം മറ്റെന്തെങ്കിലും വഴി കണ്ടെത്താൻ കർഷകരെ സഹായിക്കണമെന്ന നിലപാട് ജസ്റ്റിസ് സൂര്യകാന്ത് ആവർത്തിച്ചു. കർഷകരുടെ അവസ്ഥകൂടി പരിഗണിക്കണം. ആരും അതിലേക്കു നോക്കുന്നില്ല. വൈക്കോൽ കത്തിക്കുന്നതിനു കർഷകരെ പ്രേരിപ്പിക്കുന്നതെന്താണെന്നു പരിശോധിക്കണം. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉറങ്ങുന്നവരാണു കർഷകരെ കുറ്റപ്പെടുത്തുന്നത്. ചെറുകിട കർഷകർക്ക് ഈ പറയുന്ന യന്ത്രങ്ങളുടെ ചെലവ് താങ്ങാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

വൈക്കോൽ കത്തിക്കുന്നതിലൂടെ മലിനീകരണത്തിന്റെ 4–7 ശതമാനം മാത്രമാണ് ഉണ്ടാകുന്നതെന്ന് കോടതിയെ താന്‍ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായാണു വാർത്തകളെന്നു കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ കണക്കുകൾ കോടതിക്കു പ്രധാനമല്ലെന്നും മലിനീകരണം കുറയ്ക്കുന്നതിനാണു പരിഗണനയെന്നും ചീഫ് ജസ്റ്റിസ് രമണ മറുപടി നല്‍കി.

വൈക്കോൽ കത്തിക്കുന്നതിനും മലിനീകരണത്തിന് ഒരു കാരണമാണെന്നും അതു പൂജ്യം മുതൽ 58 ശതമാനം വരെ ആകാമെന്നും ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി പറഞ്ഞു. മറ്റു വിഷയങ്ങളിലേക്കു ശ്രദ്ധ പോയാൽ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കില്ലെന്നു സുപ്രീം കോടതി മറുപടി നൽകി.

English Summary: "People In Delhi 5-Star Hotels Blame Farmers": Supreme Court On Pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com