ADVERTISEMENT

തിരുവനന്തപുരം∙ വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന് മോശപ്പെട്ട സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നു പിതാവ് അബ്ദുൽ കബീർ. ‘അവളായിരുന്നു ഞങ്ങളുടെ എല്ലാം. അവള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത്. പക്വമതിയായ, വിവേകമുള്ള വ്യക്തിത്വമായിരുന്നു അവളുടേത്, വളരെ ബോൾഡ്. അവളുടെ കാര്യങ്ങള്‍ നോക്കാന്‍ അവള്‍ക്കറിയാം. എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് അവള്‍ വളര്‍ന്നത്. അതിനാല്‍ അവള്‍ ഒരു തെറ്റും ചെയ്യില്ലെന്നും മോശപ്പെട്ട കൂട്ടികെട്ടിലേക്കു പോകില്ലെന്നും എനിക്ക് ഉറപ്പാണ്.’ - അബ്ദുള്‍ കബീര്‍ പറഞ്ഞു.

ആറ്റിങ്ങല്‍ പാലംകോണം സ്വദേശിയായ അബ്ദുള്‍ കബീര്‍-റസീന ദമ്പതിമാരുടെ മകളാണ് അന്‍സി കബീര്‍. മകൾക്ക് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു അൻസിയുടെ താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുക്കൾ പാർട്ടിക്കു നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.

അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ നേരത്തേ പരിചയമില്ല. ഇതു സംശയം വർധിപ്പിക്കുന്നു. ഡ്രൈവറെ ആരാണ് നൽകിയതെന്നു പരിശോധിക്കണം. ഹോട്ടലിലെ ദൃശ്യങ്ങൾ മാറ്റിയതിനെക്കുറിച്ചും കാറില്‍ പിന്തുടർന്നവരെക്കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്നങ്ങളില്ലെങ്കിൽ ഹോട്ടലിലെ ദൃശ്യം മാറ്റേണ്ട കാര്യമില്ല. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അന്‍സി പറഞ്ഞിട്ടില്ല.

ഹോട്ടൽ ഉടമയുടെ പരിചയക്കാരനാണ് അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാർ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയത്. സംഭവം നടന്ന ദിവസം അൻസി വീട്ടിലേക്കു വിളിച്ചിട്ടില്ല. അമ്മയ്ക്കു സുഖമില്ലാതിരിക്കുന്നതിനാലാകും വിളിക്കാത്തത്. സംഭവത്തിലെ ദുരൂഹത മാറ്റണം. അല്ലെങ്കിൽ ആലോചിച്ചശേഷം തുടർനടപടികൾ തീരുമാനിക്കും. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞശേഷം മുഖ്യമന്ത്രിക്കു പരാതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും കുടുംബം പറഞ്ഞു.

ഈ മാസം 1നാണ് പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ 2019ലെ മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.എ.മുഹമ്മദ് ആഷിഖും മരിച്ചു. ഡ്രൈവർ അബ്ദുൽ റഹ്മാൻ പരുക്കുകളോടെ രക്ഷപ്പെട്ടു. അബ്ദുൽ റഹ്മാൻ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു

English Summary: Model Ansi kabeer father says about her character

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com