സ്റ്റാലിനു നേരെ വന്ന ആ മൂർച്ചയേറിയ കത്തി; ഇനി എങ്ങനെ ഭേദിക്കും ഈ സുരക്ഷാവലയം?

MK-Stalin
നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എം.കെ.സ്റ്റാലിൻ (ഫയൽ ചിത്രം: Arun SANKAR / AFP)
SHARE

ചെന്നൈ ∙ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ 2006 ജൂ‍ൺ 13നു പുലർച്ചെ മധുര സ്റ്റേഷനിൽ ട്രെയിനിറങ്ങിയ എം.കെ.സ്റ്റാലിനെ കാത്ത് ഒരു യുവാവ് നിൽപ്പുണ്ടായിരുന്നു. അന്നു സ്റ്റാലിൻ തദ്ദേശ വകുപ്പു മന്ത്രിയാണ്; ഒപ്പം ഡിഎംകെ. ഡപ്യൂട്ടി ജനറൽ സെക്രട്ടറിയും. അന്നു സ്റ്റാലിനു സ്വയം തിളങ്ങാൻ അത്ര കഴിവുണ്ടായിരുന്നില്ല. പിതാവും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന എം.കരുണാനിധിയുടെ പുത്രനെന്ന തിളക്കം മാത്രം. ആ തിളക്കത്തിന്റെ പ്രഭയുള്ളതുകൊണ്ടുതന്നെ സ്റ്റാലിനെ സ്വീകരിക്കാൻ ഒട്ടേറെ പാർട്ടി അണികൾ പുലർച്ചെ തന്നെ സ്റ്റേഷനിലെത്തി കാത്തു നിന്നിരുന്നു. അവർക്കിടയിലാണ് അജ്ഞാതനായ ഈ ചെറുപ്പക്കാരനുമുണ്ടായിരുന്നത്. 

ട്രെയിൻ വന്നു നിന്നതോടെ സ്റ്റാലിൻ പതിയെ ഇറങ്ങി. പ്ലാറ്റ്ഫോമിൽ ‘ജയ്’ വിളികളുയർന്നു. കൂട്ടത്തിനു നടുവിൽ, എല്ലാവരോടും ചിരിച്ചും കൈകൂപ്പി തൊഴുതും സ്റ്റാലിൻ മുന്നോട്ടു പോകവേ സുരക്ഷയൊരുക്കാൻ റെയിൽവേ സുരക്ഷാ ജീവനക്കാരും പണിപ്പെട്ടു. സ്റ്റാലിനു സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട സിആർപിഎഫ് സംഘം അദ്ദേഹത്തെ വലയം ചെയ്ത് ഒപ്പമുണ്ടായിരുന്നു.

അതിനിടെ പിന്നിൽ നിന്നൊരു മൂർച്ചയേറിയ കത്തി സ്റ്റാലിനെ ലക്ഷ്യമാക്കി മുന്നോട്ടു നീണ്ടു. കത്തി പിടിച്ചിരുന്ന കൈകൾ മാത്രമാണ് സ്റ്റാലിന്റെ പിന്നിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ കണ്ടത്. ഉടൻ തന്റെ കൈകൾ കൊണ്ട് അയാളതു തട്ടി മാറ്റി. സ്റ്റാലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യിൽ ആഴത്തിൽ മുറിവേറ്റു. ആകെ ബഹളമായതോടെ അതിനിടെ അക്രമി എങ്ങനെയോ ഓടി രക്ഷപ്പെട്ടു!

INDIA-POLITICS-VOTE
നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എം.കെ.സ്റ്റാലിൻ (ഫയൽ ചിത്രം: Arun SANKAR / AFP)

സ്റ്റാലിനു ഭീഷണി ആര്..?

സംഭവത്തിനു പിന്നാലെ, എം.കെ.സ്‌റ്റാലിന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നതായി അന്നത്തെ ഡിജിപി ഡി.മുഖർജി മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു സമ്മതിച്ചു. സ്‌റ്റാലിനെതിരായി മധുരയിൽ അപായശ്രമം നടക്കുന്നതിനു മുൻപേ തന്നെ അദ്ദേഹത്തിനു ഇസഡ് കാറ്റഗറി സംരക്ഷണം നൽകാൻ തീരുമാനിച്ചിരുന്നെന്നും ഡിജിപി അറിയിച്ചു. അതേസമയം, സ്‌റ്റാലിന് എവിടെനിന്ന്, എന്തു തരം ഭീഷണിയാണെന്നു വിശദമാക്കിയില്ല. രാഷ്‌ട്രീയപരമായ ഭീഷണിയെന്നോ മതമൗലികവാദികളുടെ ഭീഷണിയെന്നോ കരുതാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

സംഭവത്തിലെ പ്രതികളെ കണ്ടെത്താൻ മധുര സിറ്റി പൊലീസും റയിൽവേ പൊലീസും അന്വേഷണം ഊർജിതമാക്കിയിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ സിആർപിഎഫ് ജവാൻ, പാർട്ടി പ്രവർത്തകർ, പൊലീസ്, റെയിൽവേ ഉദ്യോഗസ്‌ഥർ തുടങ്ങിയവരിൽനിന്നു വിവരം ശേഖരിച്ച് അക്രമിയുടെ കംപ്യൂട്ടർ രേഖാചിത്രം തയാറാക്കി എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും അയച്ചു. പ്രതി ഇന്നും പിടിയിലായിട്ടില്ല. പക്ഷേ, അന്നു മുതൽ ഇസഡ് പ്ലസ് വിഭാഗ സുരക്ഷയിലായിരുന്നു സ്റ്റാലിൻ. 

INDIA-VOTE-TAMIL NADU
നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ വിജയം ആഘോഷിക്കുന്ന പ്രവർത്തക (ഫയൽ ചിത്രം: Arun SANKAR / AFP)

വെട്ടിത്തിരുത്തി കേന്ദ്രം

2020ൽ കേന്ദ്ര സുരക്ഷാ ഏജൻസികൾ നടത്തിയ സുരക്ഷാ അവലോകത്തിനു പിന്നാലെ അന്നത്തെ ഡിഎംകെ അധ്യക്ഷനായിരുന്ന എം.കെ.സ്റ്റാലിന്റെയും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായിരുന്ന ഒ.പനീർശെൽവത്തിന്റെയും സുരക്ഷാ സംവിധാനം കേന്ദ്രം പിൻവലിച്ചു. പനീർശെൽവത്തിന് അഞ്ചോ ആറോ സെൻട്രൽ അർധസൈനിക കമാൻഡോകളുടെ ‘വൈ പ്ലസ്’ സുരക്ഷയായിരുന്നെങ്കിൽ, സ്റ്റാലിന് 18-20 സായുധ ഉദ്യോഗസ്ഥരുടെ വലിയ ‘ഇസഡ് പ്ലസ്’ സംരക്ഷണം ഉണ്ടായിരുന്നു. 

പൊലീസിനു പുറമേ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) കമാൻഡോകളായിരുന്നു ഇരു നേതാക്കളുടെയും സുരക്ഷാ ചുമതല നിർവഹിച്ചിരുന്നത്. 2017ന്റെ തുടക്കത്തിലാണു പനീർശെൽവത്തിന് സുരക്ഷ ഏർപ്പെടുത്തിയത്. 2006ലെ ആക്രമണ ശ്രമത്തിനു ശേഷം സ്റ്റാലിനു പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 

വീണ്ടും സുരക്ഷാ വലയം

2021 മേയിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേരയിൽ സ്റ്റാലിൻ ഇരുന്നതു മുതൽ വീണ്ടും ഇസഡ് പ്ലസ് സുരക്ഷയും അദ്ദേഹത്തിനൊപ്പം ചേർന്നു. ഇസഡ് പ്ലസ് തലത്തിൽ, ഓരോ എൻഎസ്ജി കമാൻഡോയുടെ കയ്യിലും യന്ത്രത്തോക്കുകളും ആധുനിക ആശയവിനിമയ ഉപകരണങ്ങളുമുണ്ടാകും. കൂടാതെ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്ര പോരാട്ടത്തിൽ പരിശീലനം നേടിയവരാണ്.

INDIA-POLITICS-VOTE
നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എം.കെ.സ്റ്റാലിൻ (ഫയൽ ചിത്രം: Arun SANKAR / AFP)

സാധാരണയായി 55 അംഗങ്ങൾ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനത്തിൽ കമാൻഡോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. തമിഴ്നാട് ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരുടെ അധ്യക്ഷതയിൽ വിദഗ്ധ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച വഴിയാണു സ്റ്റാലിന്റെ സുരക്ഷാ സംവിധാനത്തിന്റെ രൂപരേഖ തയാറാക്കിയത്. 12 വാഹനങ്ങളാണു സ്റ്റാലിന് അകമ്പടിയായിരുന്നത്.

ഹൈക്കോടതിയുടെ ചോദ്യം

നടൻ ശിവാജി ഗണേശന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സ്റ്റാലിൻ ചെന്നൈയിലെ ശിവാജി മണി മണ്ഡപത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോൾ 12 അകമ്പടി വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തിയതോടെ റോഡ് ഗതാഗതം താറുമാറായി. ഇതേത്തുടർന്നു ഹൈക്കോടതി ജഡ്ജിയുടെ വാഹനം അടക്കം 25 മിനിറ്റോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഇതിനെ ഹൈക്കോടതി അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ആഭ്യന്തര സെക്രട്ടറിയെ നേരിട്ടു വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഇതോടെ പിഴവു വന്നുപോയെന്നും ഇനി പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും ആഭ്യന്തര സെക്രട്ടറി കോടതിയെ അറിയിച്ചു. 

ഇതിനു പിന്നാലെ തനിക്കു സുരക്ഷയൊരുക്കുന്ന അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശമെത്തി. തന്റെ വാഹനവ്യൂഹം പൊതുജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടു കണക്കിലെടുത്താണു നടപടിയെന്നും സ്റ്റാലിൻ പറഞ്ഞു. സ്റ്റാലിന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗം ചേർന്ന് വീണ്ടും സുരക്ഷാ രൂപരേഖ മാറ്റി വരച്ചു. നിലവിൽ  6 വാഹനങ്ങൾ മാത്രമാണ് സ്റ്റാലിനെ പിന്തുടരുക. തന്റെ വാഹന വ്യൂഹത്തിനായി ഗതാഗതക്കുരുക്ക് ഉണ്ടാക്കരുതെന്നും സ്റ്റാലിൻ നിർദേശം നൽകി. 

Stalin-Defender-12
സ്റ്റാലിന്റെ ഔദ്യോഗിക വാഹനമായെത്തിയ ലാൻഡ് റോവർ ഡിഫൻഡർ.

സുരക്ഷയൊരുക്കി ഡിഫൻഡർ

അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചതോടെ സ്റ്റാലിൻ സഞ്ചരിക്കുന്ന വാഹനം സുരക്ഷാ കാരണങ്ങളാൽ മാറ്റണമെന്ന നിർദേശം ഉയർന്നു. ഇതോടെ ലാൻഡ് റോവറിന്റെ ഡിഫൻഡർ എസ്‍യുവി (Land Rover Defender) സ്റ്റാലിന്റെ തേരാളിയായി. 2 ഡിഫൻഡറുകളാണ് സ്റ്റാലിന്റെ വ്യൂഹത്തിലുള്ളത്. രണ്ടെണ്ണവും ഡിഫൻഡർ എസ്ഇ 110 മോഡലുകളാണ്. 82.25 ലക്ഷം രൂപ മുതൽ 1.22 കോടി രൂപ വരെയാണു വില. അപ്രതീക്ഷിത ആക്രമണങ്ങളെ നേരിടാൻ വേണ്ട സംവിധാനങ്ങൾ വാഹനത്തിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം. 

ചെലവേറിയ സുരക്ഷ 

55 അംഗങ്ങളാണ്  ഇസഡ് പ്ലസ് വിഭാഗത്തിലെങ്കിൽ ഇസഡ് കാറ്റഗറിയിൽ 22 ഉദ്യോഗസ്ഥരും വൈ കാറ്റഗറിയിൽ നാലോ അഞ്ചോ എൻഎസ്ജി കമാൻഡോകളുള്ള 11 അംഗ ടീമും എക്‌സ് സുരക്ഷാ വിഭാഗത്തിൽ രണ്ട് സായുധ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇസഡ് പ്ലസ് സെക്യൂരിറ്റി നൽകാനായി ഖജനാവിന് പ്രതിമാസം 20 ലക്ഷം ചെലവാകും, അതേസമയം ഇസഡ് വിഭാഗത്തിന് പ്രതിമാസം 15-16 ലക്ഷം രൂപ വേണ്ടി വരും. 2018 മാർച്ചിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ നൽകിയ പ്രതികരണമനുസരിച്ച്, കേന്ദ്ര പട്ടികയിൽ വിവിധ വിഭാഗങ്ങളിലായി മുന്നൂറോളം പേർക്ക് സുരക്ഷ നൽകുന്നുണ്ട്.

English Summary: How Tamil Nadu Chief Minister MK Stalin's Security System Works?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA