അസാധാരണ കേന്ദ്രനീക്കം, കൈമാറുക 50 ലക്ഷം ബാരൽ; ‘കരുതലിൽ’ കുറയുമോ ഇന്ധനവില?

Indian-Oil-Crude-Reserve
ചിത്രത്തിനു കടപ്പാട്: REUTERS/Richard Carson/File Photo
SHARE

കരുതൽ എണ്ണശേഖരം തുറന്ന് ഇന്ധനവില കുറയ്ക്കാനുള്ള നിർണായക തീരുമാനമെടുത്തിരിക്കുകയാണ് ഇന്ത്യ. അമേരിക്ക, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങൾ കരുതൽ ശേഖരം തുറക്കുന്നത് സൗദിയും റഷ്യയും അടക്കമുള്ള ഒപെക് പ്ലസ് (എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ കൂട്ടായ്മ) രാജ്യങ്ങൾക്കു ശക്തമായ മുന്നറിയിപ്പ് കൊടുക്കാനാണ്. വലിയ ഇറക്കുമതിക്കാർ കുറച്ചു ദിവസത്തേക്കെങ്കിലും എണ്ണ ഇറക്കുമതിയിൽ കുറവു വരുത്തിയേക്കാമെന്നു തീരുമാനിച്ചാൽ ആഗോള എണ്ണ ഡിമാൻഡിൽ താൽക്കാലികമായൊരു കുറവു വരും. 

ഡിമാൻഡിൽ പെട്ടെന്നൊരു ഇടിവുണ്ടായാൽ രാജ്യാന്തര വിപണിയിൽ വില കുറയും. ഉൽപാദക രാജ്യങ്ങളെ, ഉൽപാദനം കൂട്ടി വില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാൻ ഈ ‘പേടിപ്പിക്കൽ’ പ്രേരിപ്പിച്ചേക്കാം. അമേരിക്ക മുന്നോട്ടുവച്ച കരുതൽ ശേഖരം തുറക്കാനുള്ള നിർദേശത്തിനു പിന്നിലുള്ള ലക്ഷ്യം ഇതാണ്. എന്നാൽ ഇന്ത്യയും മറ്റു രാഷ്ട്രങ്ങളുമൊന്നും ഇത്തരമൊരു നീക്കത്തിനു ശ്രമിക്കാറില്ല. അവരെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമാണ് കരുതൽ എണ്ണശേഖരം. അവർ ശേഖരിച്ചു വച്ചിരിക്കുന്നത് ഉയർന്ന വിലയെ നേരിടാനോ ഉൽപാദകരെ പേടിപ്പിക്കാനോ അല്ല, വിതരണ തടസ്സങ്ങൾ അടിയന്തരമായി നേരിടാനാണ്.

കുലുങ്ങുമോ ഒപെക് പ്ലസ്?

കോവിഡ് കാലത്തിനുശേഷം ആഗോള സാമ്പത്തിക പ്രവർത്തനങ്ങൾ വലിയ തോതിൽ കൂടുകയും എണ്ണ ഡിമാൻഡ് കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലും ഉൽപാദന നിയന്ത്രണം എന്ന സൗദിയുടെ തീരുമാനമാണ് അസംസ്കൃത എണ്ണവില കുത്തനെ കൂട്ടിയത്. എണ്ണവിലയെ നേരിടാനായി അമേരിക്ക ചൂട്ടുപിടിക്കുന്ന പ്രധാന ഇറക്കുമതിക്കാരുടെ കൂട്ടായ നീക്കം വിപണിയിൽ ചലനമുണ്ടാക്കിയെന്നതും ശ്രദ്ധേയമാണ്. ക്രൂഡ് വില ബാരലിന് 77 ഡോളർ വരെ വ്യാപാരത്തിനിടെ ഇടിഞ്ഞു. 

opec

പക്ഷേ, ഉൽപാദകരും പ്രധാന ഉപയോക്താക്കളും തമ്മിലുള്ള ഏറ്റുമുട്ടൽ രാജ്യാന്തര വിപണിയിലുണ്ടാക്കുന്ന ഫലം വിലക്കുറവായിരിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഒപെക് രാജ്യങ്ങൾ അമേരിക്കയുടെ പ്രതിരോധത്തിൽ വീഴുമോ എന്നും കാത്തിരുന്നു കാണേണ്ടതുണ്ട്. ബ്രിട്ടനും കരുതൽ എണ്ണ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ്. അസംസ്കൃത എണ്ണയുടെ കരുതൽ ശേഖരത്തിൽനിന്ന് അമേരിക്ക 5 കോടി ബാരലും ഇന്ത്യ 50 ലക്ഷം ബാരലുമാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ശുദ്ധീകരിച്ച് ഇന്ധനമാക്കാൻ റിഫൈനിങ് കമ്പനികൾക്കു വിട്ടുകൊടുക്കുന്നത്. എത്ര ബാരൽ കരുതൽ എണ്ണ എടുക്കണമെന്ന കാര്യത്തിൽ മറ്റു രാജ്യങ്ങളും ഉടൻ തീരുമാനമെടുക്കും. 

8–10 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ കരുതൽ ശേഖരത്തിലെ അസംസ്കൃത എണ്ണ കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ നീക്കത്തിനെതിരെ സൗദിയും റഷ്യയുമടങ്ങുന്ന ഒപെക് പ്ലസ് രാജ്യങ്ങൾ രംഗത്തെത്തിക്കഴിഞ്ഞു. പ്രമുഖ രാജ്യങ്ങൾ ഇറക്കുമതി കുറച്ചാൽ അതിനനുസരിച്ച് ഉൽപാദനം വീണ്ടും കുറയ്ക്കുമെന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ ഭീഷണി. അടുത്ത മാസം ആദ്യം തന്നെ ഒപെക് പ്ലസ് രാജ്യങ്ങളുടെ നിർണായക യോഗം ചേരുന്നുണ്ട്. പ്രതികാര നടപടികളാണ് ഇവർ സ്വീകരിക്കുന്നതെങ്കിൽ എണ്ണ ഉൽപാദനം വീണ്ടും കുറച്ച്, ഡിമാൻഡ് കൂട്ടാനുള്ള തീരുമാനങ്ങളാകും ഇവർ സ്വീകരിക്കുക. ഇതു വീണ്ടും എണ്ണവില കൂടാൻ കാരണമാകും.

ഇന്ത്യ കരുതൽ തുറക്കുന്നത് ആദ്യം

ഇന്ത്യ ഇതാദ്യമായാണ് കരുതൽ ശേഖരം തുറക്കാനുള്ള നിർണായക തീരുമാനമെടുക്കുന്നത്. എന്നാൽ അമേരിക്ക ഇതിനും മുൻപും കരുതൽ ശേഖരം തുറന്നിട്ടുണ്ട്. 86 ഡോളർ വരെ പോയ അസംസ്കൃത എണ്ണവില 80 ഡോളറിനു താഴെ എത്തിയപ്പോഴാണ് നിർണായക തീരുമാനവുമായി ഉപഭോക്തൃ രാജ്യങ്ങളെത്തുന്നത്. യുദ്ധവേളയിലും കടുത്ത ഇന്ധനക്ഷാമം നേരിടുമ്പോഴും ഉപയോഗിക്കാനായി ഭൂമിക്കടിയിൽ കരുതി വയ്ക്കുന്ന കരുതൽ ശേഖരം തുറക്കാനുള്ള നിർണായക തീരുമാനം രാജ്യം എടുക്കുമ്പോൾ പെട്രോളിനും ഡീസലിനും ലീറ്ററിന് എത്ര രൂപ കുറയുമെന്നറിയാനാണ് രാജ്യത്തെ ഓരോ സാധാരണക്കാരനും കാത്തിരിക്കുന്നത്. 

INDIA-IOC/EMISSIONS

ഉൽപാദക രാജ്യത്തോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നത് വില കുറയ്ക്കുമോ അതോ ഭാവിയിൽ വില കൂട്ടുമോ എന്ന ആശങ്കയും എല്ലാവർക്കുമുണ്ട്. ക്രൂഡ് വില ബാരലിന് 20 ഡോളറിലേക്കു പോയപ്പോൾ ഉയർത്തിയ നികുതി കുറച്ചാൽ വില കുറയ്ക്കാനും നാണ്യപ്പെരുപ്പ ഭീഷണി നേരിടാനും കഴിയില്ലേ എന്ന ചോദ്യം പ്രസക്തമായി നിലനിൽക്കുകയാണ്. ഇന്ധന നികുതി ഇത്രയധികം ഉയർന്നു നിൽക്കുന്ന രാജ്യം കരുതൽ ശേഖരം തുറക്കുന്നതിനു മുൻപു ചെയ്യേണ്ടത് നികുതി കുറയ്ക്കലായിരുന്നുവെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

‘കരുതൽ’ തുറക്കാനുള്ള കാരണങ്ങൾ

അസംസ്കൃത എണ്ണവില ഉയർന്നു നിൽക്കുന്നത്, ആവശ്യമായതിന്റെ 80 ശതമാനത്തിനു മുകളിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തിന് തീരെ ആശാസ്യകരമല്ല. രാജ്യാന്തര വിപണിയിലെ ഉയർന്ന വില ഇറക്കുമതിച്ചെലവു കൂട്ടും. ഉയർന്ന ഇന്ധനവില രാജ്യത്തെ ഓരോ പൗരന്റെയും ഭാരം കൂട്ടും. ഇന്ധനവില കൂടുന്നതു വ്യാവസായിക പ്രവർത്തനങ്ങളുടെ ചെലവു കൂട്ടും. ചരക്കുനീക്കച്ചെലവു കൂടുന്നത് വലിയ തോതിലുള്ള വിലക്കയറ്റത്തിലേക്കു നയിക്കും. 

വിലക്കയറ്റം രാജ്യത്തിന്റെ നാണ്യപ്പെരുപ്പത്തോത് ഉയർത്തും. നാണ്യപ്പെരുപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കും. ഇക്കാരണങ്ങൾക്കൊണ്ടു തന്നെ ഇന്ധനവില കുറഞ്ഞിരിക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് അനിവാര്യമാണ്. പക്ഷേ, നികുതി കുറച്ച് ഇന്ധനവിലയിൽ കാര്യമായ കുറവു വരുത്താൻ രാജ്യം തയാറാകുന്നില്ല. കഴിഞ്ഞയിടെ നികുതി കുറച്ചെങ്കിലും ഇതിനു മുൻപു കൂട്ടിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ കുറവല്ല. കോവിഡ് മഹാമാരിക്കിടെ ഇന്ധനവില കുത്തനെ ഇടിഞ്ഞപ്പോൾ നികുതി കൂട്ടുകയാണു കേന്ദ്രം ചെയ്തത്. 

India Fuel Prices

ഈ സാഹചര്യത്തിൽ ഇറക്കുമതിച്ചെലവു കുറഞ്ഞതിന്റെയും നികുതി കൂട്ടിയതിന്റെയും ഇരട്ട ലാഭം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും എടുത്തു. ഈ കാലഘട്ടങ്ങളിലെല്ലാം ദുരിതം അനുഭവിച്ചതു ജനങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇറക്കുമതിച്ചെലവു കൂടിയപ്പോൾ, കരുതൽ ശേഖരം തുറന്നു വില കുറയ്ക്കാനുള്ള തീരുമാനത്തിലാണു കേന്ദ്രം.

എത്രയുണ്ട് ‘കരുതൽ’?

90 ദിവസത്തെ ഇറക്കുമതിക്കു തുല്യമായ അളവിലുള്ള അസംസ്കൃത എണ്ണ കരുതൽ ശേഖരത്തിലുണ്ടാവണമെന്നാണ് രാജ്യാന്തര ആണവോർജ ഏജൻസിയുടെ നിർദേശം. കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ഭൂഗർഭ ശേഖരണികളിലാണ് എണ്ണ സംഭരിച്ചിരിക്കുന്നത്. എണ്ണ ഇറക്കുമതി പൂർണമായി നിലച്ചാൽപ്പോലും 9.5 ദിവസത്തേക്ക് രാജ്യത്തിനാവശ്യമായ എണ്ണ സംഭരിക്കാൻ കഴിയുന്നതാണ് ഈ സംസ്ഥാനങ്ങളിലെ സംഭരണികൾ. 

64.5 ദിവസത്തെ ആവശ്യത്തിനുള്ള ക്രൂഡ് ശേഖരം രാജ്യത്തെ റിഫൈനറികളിലുമുണ്ട്. രണ്ടു സംഭരണികൾ കൂടി ഇന്ത്യ നിർമിക്കുന്നുണ്ട്. ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസേർവ്സ് ലിമിറ്റഡിന്റെ കീഴിലാണ് ഈ കരുതൽ ശേഖരം. ഈ കരുതൽ ശേഖരത്തിൽനിന്നുള്ള 50 ലക്ഷം ബാരൽ (ഒരു ബാരൽ –159 ലീറ്റർ) ക്രൂഡ് ഓയിൽ 7 –10 ദിവസത്തിനുള്ളിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിനും മംഗളൂരുവിലെ റിഫൈനറിക്കും ലഭ്യമാക്കണമെന്ന നിർദേശം കേന്ദ്രം നൽകിക്കഴിഞ്ഞു.

കരുതൽ ശേഖരം തുറന്നാൽ എണ്ണവിലയ്ക്ക് എന്തു സംഭവിക്കും?

ആകെയുള്ള 3.8 കോടി ബാരലിൽ നിന്നാണ് 50 ലക്ഷം ബാരൽ കേന്ദ്രം കമ്പനികൾക്കു കൈമാറുന്നത്. 2001ലെ ലിബിയൻ പ്രതിസന്ധിയുടെ സമയത്തും 2005ലെ കത്രീന കൊടുങ്കാറ്റിനെ തുടർന്ന് എണ്ണ ഉൽപാദക കേന്ദ്രങ്ങളുടെ പ്രവർത്തനം താറുമാറായപ്പോഴും 1991ലെ ഇറാഖ് ആക്രമണത്തോട് അനുബന്ധിച്ച് എണ്ണവിപണിയിലുണ്ടായ പ്രതിസന്ധിയിലും അമേരിക്ക കരുതൽ എണ്ണശേഖരം തുറന്നിട്ടുണ്ട്. എന്നാൽ ഇന്ത്യ ഇതാദ്യമാണ് കരുതൽ ശേഖരം തുറക്കാനുള്ള തന്ത്രപ്രധാന തീരുമാനം കൈക്കൊള്ളുന്നത്. 

INDIA-ECONOMY-ENERGY-OIL
ഇന്ത്യയിലെ റിഫൈനറികളിലൊന്ന്.

നിയമപ്രശ്നങ്ങളുള്ളതിനാൽ മിനിമം കരുതൽ ശേഖരം നിലനിർത്തിയതിനുശേഷമുള്ള എണ്ണയാകും ജപ്പാൻ തുറക്കുക. എണ്ണവിതരണ രാജ്യങ്ങൾ കൃത്രിമ ഡിമാൻഡ് സൃഷ്ടിക്കുന്നുവെന്നും ഇതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് കരുതൽ ശേഖരം തുറക്കുന്നതു വഴി ലക്ഷ്യമിടുന്നതെന്നും അമേരിക്ക വ്യക്തമാക്കുന്നു. ഈ മാസം ആദ്യം ഉൽപാദനം കൂട്ടണമെന്ന് ഒപെക് പ്ലസ് രാജ്യങ്ങളോട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശത്തെ സൗദി തള്ളിക്കളഞ്ഞു. 

ഇറക്കുമതി രാജ്യങ്ങളെ ഒന്നിപ്പിച്ച് കരുതൽ ശേഖരം തുറക്കാനുള്ള കൂട്ടായ തീരുമാനത്തിലെത്തിക്കാൻ അമേരിക്ക ഉത്സാഹിക്കുന്നത് ഈ അവഗണയെത്തുടർന്നാണ്. യുഎസ് നിർദേശം നടപ്പാക്കാനുള്ള അന്തിമ നടപടികളിലാണു ചൈനയെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്ക, ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണകൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഒരുമിച്ച് കരുതൽ ശേഖരം തുറക്കുന്നത് രാജ്യാന്തര എണ്ണവിപണിയിലെ ചരിത്ര സംഭവമാകും. ഇറക്കുമതി രാജ്യങ്ങൾ ഒരേ സമയം കരുതൽ ശേഖരം തുറക്കുമ്പോൾ രാജ്യാന്തര വിപണിയിലുണ്ടാകുന്ന എണ്ണ ഡിമാൻഡ് ഇടിവ് അത്ര ചെറുതായിരിക്കില്ല. 

ഈ ഡിമാൻഡ് കുറവ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ നിർണായക സ്വാധീനം ചെലുത്തും. ഇത് വളരെപ്പെട്ടെന്നുതന്നെ വിലയിൽ പ്രതിഫലിക്കും. തീരുമാനം നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നതോടെ വിപണിയിൽ ക്രൂഡ് വില 80 ഡോളറിനു താഴെയെത്തിയതു സമീപഭാവിയിൽ ഇനിയും വില കുറയുമെന്ന സൂചനയാണു നൽകുന്നത്. എന്നാൽ, ഈ വിലക്കുറവ് താൽക്കാലികം മാത്രമായിരിക്കുമെന്നതിൽ സംശയമില്ല. വില കുറയ്ക്കണമെങ്കിൽ ഉൽപാദക രാജ്യങ്ങൾ ചിന്തിക്കണം. ഉൽപാദന നിയന്ത്രണമെന്ന കടുംപിടിത്തം മാറ്റണം. 

പക്ഷേ, യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ വില കുറയ്ക്കേണ്ടെന്ന നിലപാടിലുറച്ചു നിൽക്കുകയാണ്, സൗദി നയിക്കുന്ന ഒപെക്കും റഷ്യ അടക്കമുള്ള സഖ്യരാജ്യങ്ങളും. രാജ്യാന്തര വിപണിയിൽ വ്യാപാരത്തിനിടെ 77 ഡോളർ വരെ ഇടിഞ്ഞ ക്രൂഡ് ഓയിൽ വില വീണ്ടും തിരികെക്കയറുകയാണ്. ഇറക്കുമതിക്കാരുടെ ‘പേടിപ്പിക്കൽ തന്ത്രം’ വിപണിയിലുണ്ടാക്കുന്നത് ചെറിയ പ്രതിഫലനമാണെന്ന സൂചനകളാണ് ഇപ്പോൾ വിപണികളിൽ നിന്നു ലഭിക്കുന്നത്. ഡിസംബർ 2നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ അടുത്ത യോഗം നടക്കുന്നത്. 

Crude-Oil-2
ചിത്രം: Reuters

സൗദിയോടും റഷ്യയോടും മറ്റു പ്രധാന എണ്ണ ഉൽപാദക രാഷ്ട്രങ്ങളോടും ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾ പല തവണ ഉൽപാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന എണ്ണവിലയും പെട്രോളിയം ഉൽപന്നങ്ങളുടെ വിലയും കോവിഡ് തകർത്ത സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിനെ പിന്നോട്ടടിക്കുമെന്ന് വിവിധ രാജ്യങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ കോവിഡ് മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞുപോയിട്ടില്ലാത്തതിനാൽ ഉൽപാദനം കൂട്ടുന്നത് ഗുണകരമായിരിക്കില്ലെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് ഒപെക് പ്ലസ്. ഈ തീരുമാനത്തിൽ നിന്ന് മാറാനുള്ള ചർച്ചകൾ ഡിസംബറിലെ യോഗത്തിൽ ഉണ്ടായെങ്കിലേ വിപണിയിൽ കാര്യമായ വിലക്കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയുമോ?

നാണ്യപ്പെരുപ്പം കുറയ്ക്കാനും ഇന്ധനവിലക്കയറ്റം മൂലം സാധാരണ പൗരന്മാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കുറയ്ക്കാനുമാണ് ക്രൂഡ് കരുതൽ ശേഖരം തുറക്കാനുള്ള തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചെറിയൊരു ആശ്വാസം സാധാരണക്കാരനു ലഭിച്ചേക്കും. അതേസമയം വിലയിൽ വലിയ കുറവു പ്രതീക്ഷിക്കേണ്ടതുമില്ല. ഇന്ധനവില കുറയ്ക്കാൻ കേന്ദ്രത്തിനു പറ്റിയ സാഹചര്യവുമാണിപ്പോൾ. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ എണ്ണവിലക്കുറവ് വോട്ടാക്കി മാറ്റാനാകും.

കഴിഞ്ഞ വർഷം അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞു നിന്നപ്പോഴാണ് രാജ്യം തന്ത്രപ്രധാന കരുതൽ ശേഖരത്തിലേക്കുള്ള ക്രൂഡ് വാങ്ങിയത്. അതായത് ബാരലിന് 19 ഡോളറിനു വരെ എത്തിയപ്പോൾ എണ്ണ വാങ്ങി. ഇപ്പോൾ കരുതൽ ശേഖരം തുറക്കുമ്പോൾ എണ്ണവില ബാരലിന് ഏതാണ്ട് 80 ഡോളറാണ്. കോടിക്കണക്കിനു രൂപയുടെ നേട്ടമാണ് കേന്ദ്രത്തിനു ലാഭം. അസംസ്കൃത എണ്ണവില കുത്തനെ ഇടി‍ഞ്ഞപ്പോഴും നികുതി കൂട്ടി ജനങ്ങൾക്ക് ഈ ആനുകൂല്യം കേന്ദ്രം നിഷേധിച്ചു. അതുകൊണ്ട് ലക്ഷക്കണക്കിനു കോടി രൂപയുടെ ഈ ലാഭം രാജ്യത്തെ സാധാരണക്കാർക്ക് കേന്ദ്രം നൽകിയേ മതിയാകൂ.

English Summary: English Summary: Why India Decided to Release National Reserves of Crude Oil? What will be its Impact on Global Market and Indian Oil Price?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA