ADVERTISEMENT

കൊച്ചി∙ പാലാരിവട്ടത്ത് മോഡലുകളായ അൻസി കബീര്‍, അഞ്ജന ഷാജൻ എന്നിവർ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്കിനു വേണ്ടി കായലിലെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. ഇതു കായലില്‍ വലിച്ചെറിഞ്ഞെന്ന മൊഴിയെത്തുടര്‍ന്നു മൂന്ന് ദിവസം കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം അപകടത്തില്‍ മരിച്ചവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ല.

 

അതേസമയം മോഡലുകൾ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിൽ നിശ്ചിത സമയം കഴിഞ്ഞും മദ്യം വിളമ്പിയെന്ന് എക്സൈസ് റിപ്പോർട്ട് നൽകി. ഡിജെ പാർട്ടിയോട് അനുബന്ധിച്ചാണു സമയപരിധി കഴിഞ്ഞു മദ്യം വിളമ്പിയത്. ലഹരിവസ്തുക്കൾ ഉപയോഗിച്ചോ എന്നറിയാൻ തുടരന്വേഷണം നടത്തും.

 

മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തില്‍ കൊല്ലപ്പെടും മുൻപു പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക് കണ്ണങ്കാട്ട് പാലത്തില്‍ നിന്നു കായലില്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ  മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പൊലീസ് വ്യാപക തിരച്ചില്‍ നടത്തി. മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഹാര്‍ഡ് ഡിസ്ക് പോലെ ഒരു വസ്തു കുടുങ്ങിയെന്നും അത് എറിഞ്ഞുകളഞ്ഞെന്നുമുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലും തിരച്ചില്‍ നടന്നു. എന്നാല്‍ ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാനായില്ല.

 

ഇതേത്തുടര്‍ന്നാണ് ഹാര്‍ഡ് ഡിസ്കിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചത്. അതേസമയം കാറപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാട്ടി പൊലീസ് സൈജുവിന് നോട്ടിസ് നല്‍കിയിരുന്നു. കൊച്ചിയില്‍ ഇന്‍റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന സൈജു നമ്പര്‍ 18 ഹോട്ടലില്‍ സ്ഥിരമായി ഡിജെ പാര്‍ട്ടിക്ക് എത്താറുണ്ട്. അപകടത്തില്‍പെട്ടവര്‍ മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചപ്പോള്‍ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക മാത്രമാണു ചെയ്തതെന്നും അവരെ പിന്തുടര്‍ന്നില്ലെന്നുമാണ് സൈജു കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ളത്.  അപകടത്തില്‍ ദൂരൂഹതയില്ലെന്നും കേസിന് ആവശ്യമായ ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിന്‍റെ കാരണം ഇനിയും വ്യക്തമല്ല. 

 

English Summary: Kochi models death case, police investigation for hard disk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com