പെട്രോൾ വിലയും മറികടന്ന് തക്കാളി; പാതിവില പോലും കർഷകനില്ല

HIGHLIGHTS
  • തീവിലയിലും വാടിത്തളർന്ന് തക്കാളി കർഷകർ
TOPSHOT-INDIA-ECONOMY-FOOD
ഫയൽ ചിത്രം
SHARE

പാലക്കാട് ∙ പച്ചക്കറികൾക്കു വലിയ വിലക്കയറ്റമാണ് മൊത്തത്തിൽ, അതിൽ തക്കാളിയുടെ വിലയാണിപ്പോൾ കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ പ്രധാന ചർച്ചാവിഷയം. സമൂഹമാധ്യമങ്ങളിൽ വൈറലാണ് തക്കാളി വിലയിലെ ട്രോളുകൾ. സാധാരണ ഈ സീസണിൽ പച്ചക്കറികൾക്കു വില വർധിക്കാറുണ്ടെങ്കിലും ഇത്തവണ കൈവിട്ട നിലയായെന്നു കച്ചവടക്കാരും ഉപഭോക്താക്കളും പറയുന്നു.

കോവിഡിനെത്തുടർന്നുളള സാമ്പത്തികപ്രതിസന്ധിയിൽ തട്ടിമുട്ടി ജീവിക്കുന്നവരുടെ കാര്യമാണ് ഇതോടെ കൂടുതൽ പരുങ്ങലിലായത്. കടയിൽ നിന്നു തക്കാളി വാങ്ങുമ്പോൾ കിലോയ്ക്കു 130 രൂപവരെയാണിപ്പോൾ വില. അതിൽ പെ‍ട്ടെന്നൊരു വിലകുറവിനുള്ള സാധ്യത മൊത്തകച്ചവടക്കാരും ചില്ലറവിപണിക്കാരും കാണുന്നില്ല. സർക്കാരിന്റെ നടപടികളെ ആശ്രയിച്ചിരിക്കും ഇനിയങ്ങോട്ടു കാര്യങ്ങളെന്നും അവർ പറയുന്നു. 

കൃഷിയിറക്കിയപ്പോഴും ചെടി പൂത്തപ്പോഴും പിന്നീടും തുടർച്ചയായി പെയ്ത കനത്തമഴയിൽ തക്കാളിത്തോട്ടങ്ങളിൽ മിക്കതും തണ്ടുചീഞ്ഞും കീടങ്ങൾ കൊണ്ടും നശിച്ചതാണ് ഈ സ്ഥിതിവിശേഷത്തിന് വഴിതെളിച്ചത്. മണ്ണുതന്നെ പലയിടത്തും താറുമാറായി. ഇത്ര പ്രതികൂലമായ അന്തരീക്ഷം തക്കാളിക്കു താങ്ങാൻ കഴിയില്ല. വിപണിയിൽ തക്കാളിക്കു കൂറ്റൻ വിലയാകുമ്പോൾ അതുണ്ടാക്കുന്ന കർഷകനു കിട്ടുന്ന വരുമാനത്തിന്റെ വലുപ്പമോർത്തു തലയിൽ കൈവച്ചെങ്കിൽ തെറ്റി.

tomato-3
ഫയൽ ചിത്രം

കേരളത്തിൽ കർഷകന് കിലോയ്ക്കു ശരാശരി 65 രൂപയാണ് ഇപ്പോഴും കിട്ടുന്നത്. ചെടിയിൽ കായ് ഉറയ്ക്കുന്നസമയത്ത് അടങ്കൽവിലക്കു വൻകിടകച്ചവടക്കാർക്കു തക്കാളിത്തോപ്പുകൾ കൊടുത്തവർക്ക് ഈ വിലയും കിട്ടില്ല. അന്നു നിശ്ചയിച്ച വിലയേ കച്ചവടക്കാർ നൽകൂ. 65 രൂപകിട്ടിയാലും മോശമില്ലല്ലോ എന്ന വിചാരവും വേണ്ട. കാരണം ഒരേക്കർ തക്കാളികൃഷിചെയ്ത കർഷകന് മഴക്കെടുതിയിൽ കിട്ടിയ വിളവ് ശരാശരി 10 സെന്റ് സ്ഥലത്തുനിന്നു കിട്ടുന്നതിന് തുല്യമാണ്. 

കഴിഞ്ഞവർഷം 250 കിലോ കിട്ടിയസ്ഥാനത്ത് ഇത്തവണ അതു 30 കിലോയായി കുറഞ്ഞുവെന്നു ചുരുക്കം. ഒരേക്കറിൽ മുടക്കിയ പണവും അധ്വാനവും തട്ടിച്ചുനോക്കുമ്പോൾ വരവു ഏറെ തുച്ഛം. ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടു മോശമല്ലാത്ത വരുമാനം ലഭിച്ച ചിലരുണ്ടായേക്കാമെന്നു  കർഷകക്ഷേമവകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞവർഷം ഈ സീസണിൽ കിലോയ്ക്കു ശരാശരി 50 രൂപയായിരുന്നു വില.

∙ ചെലവ് 1.25 ലക്ഷം വിളവ് 5 ടൺ

ആവർത്തിച്ചുപണിചെയ്തിട്ടും കീടങ്ങൾക്കെതിരെ നിരന്തരം മരുന്നു നൽകിയിട്ടും ഫലമുണ്ടായില്ല. ഉൽപാദനം പകുതിയിലധികമാണ് ഇടിഞ്ഞത്. ചിലയിടങ്ങളിൽ ചെടികൾ പച്ചപിടിച്ചു നിൽക്കുന്നുണ്ടെങ്കിലും കായ്കൾ പേരിനുമാത്രം. നല്ല കാലാവസ്ഥയാണെങ്കിൽ ഒരേക്കറിൽ നിന്ന് ശരാശരി 30 ടൺ തക്കാളി പറിച്ചെടുക്കാം. പുതിയ ഇനം വിത്തും  സൂക്ഷ്മ ജലസേചനവും ഉൾപ്പെടെ മികച്ച അന്തരീക്ഷം കിട്ടിയാൽ അത് 50 ടൺ വരെയാകും.

മണ്ണ‍ാരുക്കൽ, ചെടിപിടിച്ചുകെട്ടൽ, പറിച്ചെടുക്കൽ എന്നിവയ്ക്കാണ് കൂലിച്ചെലവ് കൂടുതൽ വേണ്ടിവരുന്നത്. വിളവെടുത്ത് അതു മാർക്കറ്റിൽ എത്തിക്കുന്നതുവരെ ഒരേക്കർ തക്കാളികൃഷി ചെയ്യാൻ 80,000 മുതൽ 1.25 ലക്ഷം രൂപ ചെലവുവരും. മിക്കവരും ആധുനിക കൃഷിരീതിയാണ് ഇപ്പോൾ പിൻതുടരുന്നതെന്നതിനാൽ പൊതുവേ ചെലവു ലക്ഷത്തിലധികമാകും. 

tomato-2
ഫയൽ ചിത്രം

സാധാരണകാലാവസ്ഥയും നല്ലവിളവും ഒത്തുകിട്ടിയാൽ കിലോയ്ക്കു പത്തുരൂപ കിട്ടിയാലും കർഷകനു ലാഭമാണ്. എന്നാൽ, ഇത്തവണ ഒരേക്കറിൽ നിന്നു കിട്ടിയത് ഏതാണ്ട് അഞ്ചു ടൺ തക്കാളിമാത്രമാണ്. അതിനാൽ, ചെന്നെയിൽ കിലോയ്ക്കു 160, കേരളത്തിൽ 140 രൂപയായാലും കർഷകർക്ക് അതിൽ ഗുണമില്ല. മുടക്കു മുതൽപോലും അവർക്കു കിട്ടില്ല. തമിഴ്നാട്ടിൽ  കർഷകനു കിട്ടുന്ന വില കിലോഗ്രാമിന് ഏതാണ്ട് 40 രൂപയാണ്

∙ തക്കാളിയിൽ പുതിയ കീടങ്ങളും

തമിഴ്നാട്ടിലെ കുളുവാൻപെട്ടി, ഒട്ടംചത്രം, മേട്ടുപാളയം, ഡിണ്ടിക്കൽ, തേനി, തടാകം മേഖല, ചാവടി, പാലക്കാട് വേലന്താവളം, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി തുടങ്ങിയ ഇടങ്ങളിലാണു തക്കാളികൃഷി കൂടുതൽ. നവംബർ അവസാനം മുതൽ ഡിസംബർ മാസം അവസാനംവരെയാണു ഇതിന്റെ സീസൺ. മറ്റുപച്ചക്കറികളും ഏതാണ്ട് ഈ സമയത്താണ് വിളവെടുക്കുക. ഇത്തവണ  കഠിനമഴ തുടർച്ചയായി കിട്ടിയതോടെ തണ്ടൊടിഞ്ഞു. ഇല ചീഞ്ഞടിഞ്ഞു. കായ്കൾ കൊഴിഞ്ഞു.  ഒപ്പം രോഗബാധയും വ്യാപകമായി. നീര് ഉറ്റിക്കുടിക്കുന്ന പ്രാണികളുടെ എണ്ണം വലിയതോതിൽ വർധിച്ചു. അതോടെ 1,000 ചെടികളിൽ കായ് പിടിച്ചത് 100 –ൽ മാത്രം എന്നതായി സ്ഥിതി. അതിലും പലതും കേടുവന്നു.

കാലാവസ്ഥയിലെ മാറ്റംകാരണം നേരത്തെയുണ്ടായിരുന്ന ചെറുകീടങ്ങൾക്കു രൂപപരിണാമം സംഭവിച്ചു അവ ശക്തിയാർജിച്ചുവന്നാണ് നിഗമനം.  ഇതോടെ, കൃഷിയിൽ നഷ്ടസാധ്യതയും വർധിച്ചതായി കൊല്ലങ്കോട് കൃഷി ഓഫിസർ എൻ.ജി.വ്യാസ് പറയുന്നു. കാലാവസ്ഥാ മാറ്റം പണിക്കൂലിയുൾപ്പെടെ  കൃഷിച്ചെലവ് ഇരട്ടിയാക്കി. ഇത്തവണ ചെലവു കണക്കുകൂട്ടലുകൾക്കപ്പുറമായെന്നു നാല് ഏക്കർ സ്ഥലത്ത് തക്കാളി കൃഷിചെയ്യുന്ന എരുത്തേമ്പതിയിലെ അറമുഖമില്ലം രാംകുമാർ പറഞ്ഞു. 

∙ സംഭരിച്ചു വിൽക്കാൻ തമിഴ്നാട്

കർഷകനു ലഭിക്കുന്ന വിലയും ചില്ലറവിൽപനവിലയും തമ്മിലുള്ള അന്തരം ഇടപാടുകാരുടെ സംഭാവനയാണ്. തമിഴ്നാട്ടിൽ തക്കാളി ചന്തയിലെത്തിച്ചു നൽകിയാൽ 60 രൂപ കിട്ടുമെങ്കിലും ഇടത്തട്ടുകാർ അതിനു സമ്മതിക്കാറില്ല. മഴയിൽ കായ്കൾ കൊഴിഞ്ഞും ചെടി ഒടിഞ്ഞും ഇവിടുത്തെയും കൃഷി മുക്കാൽഭാഗത്തിലധികം നശിച്ചു. ശേഷിച്ചചെടികൾ തുടരുന്ന മഴയിൽ ഇല്ലാതാകുമെന്ന ആശങ്കയിലാണ് കർഷകർ.

വില നിയന്ത്രിക്കാൻ കിലോയ്ക്കു 85 രൂപ നിരക്കിൽ സംഭരിച്ചു വിപണിയിലെത്തിക്കാൻ തമിഴ്നാട് സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 1 രൂപയാവുകയും എടുക്കാൻ ആളില്ലാതാവുകയും ചെയ്തതോടെ കർണാടകയിൽ നൂറുകണക്കിന് ടൺ തക്കാളിയാണ് കർഷകർ വഴിയരുകിലും വയലിലും തള്ളിയത്. കന്നുകാലികൾ മേഞ്ഞുനടന്നു തിന്നുകയായിരുന്നു അന്നു തക്കാളി. കർണാടകയിൽ നിന്നും വലിയതോതിൽ അടുത്തദിവസങ്ങളിൽ തക്കാളി എത്തുന്നതോടെ കേരളത്തിലും വിലകുറയുമെന്നാണ് പ്രതീക്ഷ.

English Summary: Tomato prices surge in markets, but no joy for farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA