ADVERTISEMENT

മുക്കം ∙ സാരിക്കു മുകളിൽ ചുവന്ന കോട്ടും ധരിച്ച് കെപിഎസി ലളിതയും ശ്വേത മേനോനും രേവതിയും മാലിന്യം സംഭരിച്ച് വരുന്ന രംഗങ്ങൾ ഓർമയില്ലേ... ‘പെൺപട്ടണം’ എന്ന സിനിമയിൽ. മാലിന്യത്തിനിടയിൽ നിന്നു കിട്ടിയ സ്വർണം എന്തു ചെയ്യണം എന്ന ആശയക്കുഴപ്പമാണ് സിനിമയുടെ ഒടുക്കം വരെ. എന്നാൽ ഇങ്ങനെ ഒരു ആശയക്കുഴപ്പവുമില്ലാതെ, മാലിന്യത്തിനിടയിൽ നിന്ന് കിട്ടിയ സ്വർണം ഉടൻ തന്നെ ഉടമയെ കണ്ടെത്തി തിരിച്ചെത്തിച്ചിരിക്കുകയാണ്  മുക്കം നഗരത്തിലെ ഹരിത കർമ സേന അംഗങ്ങൾ.

സിനിമാ തിയറ്ററിന്റെ പരിസരത്തു നിന്ന് ശേഖരിച്ച മാലിന്യം തരം തിരിക്കുന്നതിനിടയിലാണ് സ്വർണം,വെള്ളി ആഭരണങ്ങൾ അടങ്ങിയ ലേഡീസ് പഴ്സ് ഹരിത കർമ സേനാംഗങ്ങൾക്ക് ലഭിച്ചത്. തിരുവമ്പാടിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രേഖയുടേതായിരുന്നു നഷ്ടപ്പെട്ട പഴ്സ്. പഴ്സിൽ നിന്ന് കിട്ടിയ വാക്സീനേഷൻ കാർഡിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടാണ് ഉടമസ്ഥയ്ക്ക് ഉടനെ തന്നെ സ്വർണവും രേഖകളും തിരിച്ചു നൽകി മാതൃകയായത്. 

ഹരിത സേനയിലെ ലിജിനയ്ക്കാണ് പഴ്സ് ലഭിച്ചത്. ആധാർ കാർഡ്,പാസ് ബുക്ക്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയും സ്വർണം,വെള്ളി മോതിരവും ആയിരുന്നു പഴ്സിലുണ്ടായിരുന്നത്. രേഖകളിൽ നിന്ന് കണ്ട ഫോട്ടോയും ഹരിത കർമ സേനാംഗങ്ങൾ തിരിച്ചറിയുകയായിരുന്നു. അംഗത്തിലെ ഒരാളുടെ സഹപാഠിയായിരുന്നു രേഖ. ഒരു മാസം  മുമ്പ് നഷ്ടപ്പെട്ടതാണ് പഴ്സ്. അന്ന് തന്നെ പരാതിയും ഉണ്ടായിരുന്നു. മോഷ്ടിക്കപ്പെട്ട പഴ്സിലെ പണം എടുത്ത ശേഷം മോഷ്ടാവ് പഴ്സ് ഉപേക്ഷിച്ചതാവാനും സാധ്യതയുണ്ട്. പഴ്സിലെ പ്രത്യേക അറയിൽ സൂക്ഷിച്ച ആഭരണങ്ങൾ ശ്രദ്ധയിൽ പെടാതെ പോയതായിരിക്കാനും സാധ്യതയുണ്ട്. ഹരിതകർമ സേനയിലെ കെ.ഷീന, ഷീജ, ജസീല, വിജിന, ഹഫീന എന്നിവരും സംഘത്തിലുണ്ടായിരുന്നു.

1248-rekha-mukkam

നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്, ജെഎച്ച്ഐമാരായ ശ്രീജിത്ത്, ബീധ എന്നിവരുടെ സാന്നിധ്യത്തിൽ ആഭരണങ്ങളും രേഖകളും തിരിച്ചു നൽകി.  ഹരിത കർമ സേനാംഗങ്ങളെ മുക്കത്തെ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫിറോസ് പത്രാസ് ഉപഹാരം നൽകി.

English Summary: Mukkam Haritha Karma Sena members help woman to get back her ornaments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com