ADVERTISEMENT

തിരുവനന്തപുരം∙ വനം വകുപ്പിൽ നിന്നുള്ള ഉത്തരവുകൾക്ക് ഇനി ‘പല പിതാക്കന്മാർ’ ഉണ്ടാകില്ല. ഉത്തരവാദിത്തം  ‘ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്’ (ഹോഫ്) എന്ന വനം മേധാവി സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥനു മാത്രമായിരിക്കും. സാമൂഹിക വനവൽക്കരണ വിഭാഗം, വൈൽഡ് ലൈഫ് വിഭാഗം ഇങ്ങനെ വിവിധ ശാഖകളായി തിരിഞ്ഞ് ഉത്തരവുകൾ ഇറക്കുകയും പ്രശ്നം വരുമ്പോൾ പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കാൻ മന്ത്രി നിർദേശിച്ചു. എല്ലാ ഫയലുകളും വനം മേധാവി കണ്ടു മാത്രം തീരുമാനം എടുക്കും. ഏറിയാൽ വിജിലൻസ് വിഭാഗത്തിനു മാത്രായിരിക്കും ഇതിൽ ഒഴിവു നൽകുക.

വനം മേധാവി മുതൽ ഏറ്റവും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ വരെ ‘ക്ലിപ്പ്‌’ ഇട്ട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടികൾ. എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗത്തിനുശേഷം വനം ഉന്നതരുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. വനം പ്രിൻസിപ്പൽ സെക്രട്ടറി, വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, സോഷ്യൽ ഫോറസ്ട്രി മേധാവി, വിജിലൻസ് മേധാവി എന്നിവരുടെ യോഗമാണു ചേരുക. വനം വകുപ്പിലെ എല്ലാ വിഭാഗങ്ങളുടെയും തീരുമാനത്തിന്റെ ഉത്തരവാദിത്തം വനം േമധാവിക്കായിരിക്കണമെന്നു കഴിഞ്ഞ ബുധനാഴ്ച ചേർന്ന ആദ്യ യോഗത്തിൽ കർശന നിർദേശം നൽകി. ഫയലുകൾ വനം മേധാവി കണ്ടു മാത്രമേ മന്ത്രിയുടെ അടുത്തേക്ക് എത്താവൂ. അഭിപ്രായവും രേഖപ്പെടുത്തണം. വിജിലൻസ് വിഭാഗത്തിനു മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്. അന്വേഷണ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതായതിനാൽ നേരിട്ടു മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകും.

മന്ത്രി അറിയാതെ കാര്യങ്ങൾ നടപ്പിലാക്കിയ മൂന്നു സംഭവങ്ങളാണു സർക്കാരിനെ ചൊടിപ്പിച്ചത്. മുട്ടിൽ മരം മുറി വിവാദം അന്വേഷിച്ച സംഘത്തിൽ നിന്ന് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയത്. കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള ഫയലിൽ നടപടികൾ അറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടും മന്ത്രിയെ അറിയിക്കാത്തത്. മുല്ലപ്പെരിയാർ മരം മുറിയിൽ മന്ത്രി അറിയാതെ അനുമതി നൽകിയത്. മൂന്നു തവണയും താൻ കാര്യങ്ങൾ അറിഞ്ഞില്ല എന്നു പറയേണ്ട ദയനീയ സ്ഥിതിയിൽ മന്ത്രി ചെന്നെത്തി. നയപരവും രാഷ്ട്രീയവുമായ സർക്കാർ തീരുമാനങ്ങൾ വനം  പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ഉത്തരവായി ഇറക്കണം എന്ന കർശന നിർദേശമാണ് കഴിഞ്ഞ ദിവസം നൽകിയത്.

വനം വകുപ്പിൽ ഓരോ ഉദ്യോഗസ്ഥനും ഓരോ തുരുത്തുകളായിട്ടാണു പ്രവർത്തിക്കുന്നതെന്നു മന്ത്രി വിമർശിച്ചു. താൻ ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത്, എല്ലാത്തിനും ഉത്തരം പറഞ്ഞിരുന്നത് ഗതാഗത സെക്രട്ടറിയായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. എന്നാൽ വനം വകുപ്പിൽ സെക്രട്ടറി കാര്യങ്ങൾ അറിയുന്നില്ല. ഓരോ ഫയലുകളിലും ഓരോ ഉദ്യോഗസ്ഥർ സ്വന്തമായ തീരുമാനങ്ങൾ എടുക്കുന്നതോടെ പരസ്പര വിരുദ്ധമായ ഉത്തരവുകൾ ഇറങ്ങുന്നു. വനം മേധാവി എല്ലാ കാര്യങ്ങളും അറിയുന്നില്ല. അന്തർസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന ഉത്തരവു പോലും വനം വകുപ്പിലെ രണ്ടാം നിരക്കാരനായ ഉദ്യോഗസ്ഥൻ ഇറക്കുന്നു. അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നതു പോലും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാർ നേരിട്ടാണ്. ഇതൊന്നും ആശാസ്യമല്ലെന്ന് മന്ത്രി വ്യക്തമാക്കി.

പരിശീലനം നേടാതെ മുങ്ങി നടക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെ തിരഞ്ഞു പിടിച്ചു പരിശീലനം നൽകാനും തീരുമാനമായി. വർഷങ്ങളായി പരിശീലനത്തിൽ നിന്നു മുങ്ങി നടക്കുന്നവരാണു പലരും. നാനുറോളം പേർക്ക് അടിയന്തര പരിശീലനം നൽകാൻ പട്ടിക തയാറാക്കിയപ്പോൾ പലരും പരാതികൾ ഉന്നയിച്ച് മന്ത്രി എ.കെ.ശശീന്ദ്രനെ കാണാൻ ചെന്നിരുന്നു. സഹോദരന്റെ വിവാഹം ഏപ്രിലിൽ ആണെന്നും ആറു മാസത്തെ പരിശീലനത്തിനു പോയാൽ വിവാഹത്തിന്റെ ഒരുക്കങ്ങൾ പാളുമെന്നുമായിരുന്നു ഒരാളുടെ പരാതി. ഇത്തരം കാരണങ്ങളുമായി പരിശീലനം ഒഴിവാക്കാനുള്ള ശുപാർശയുമായി തന്നെ വന്നു കാണേണ്ട കാര്യമില്ലെന്നു മന്ത്രി കട്ടായം പറഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവർക്കല്ലാതെ ഒരു തരത്തിലുള്ള ഇളവുകളും പരിശീലന കാര്യത്തിൽ നൽകേണ്ടതില്ലെന്ന് അദ്ദേഹം കർശന നിർദേശം നൽകുകയും ചെയ്തു.

∙ കേരളത്തിന് പ്രതീക്ഷ

കാട്ടുപന്നിയെ വിർമിൻ (വനത്തിനു പുറത്തു വെടിവച്ചു കൊല്ലാൻ സാധിക്കുന്ന ക്ഷുദ്രജീവി) ആയി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രം പോസിറ്റീവ് ആയി പ്രതികരിക്കുമെന്ന സൂചനകൾ ലഭിക്കുന്നുണ്ടെന്ന് അധികൃതരുടെ പക്ഷം. മന്ത്രിയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം 22 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപീന്ദർ സിങ് യാദവിനെ കണ്ടിരുന്നു. ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കൽ, വന്യജീവി–മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾക്കു സാമ്പത്തിക സഹായം, ദേശീയ നിലവാരത്തിലുള്ള വനം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് കേരളം ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.

ഇക്കാര്യം പരിശോധിക്കാമെന്ന ഉറപ്പു മാത്രമാണ് ആദ്യ ഘട്ടത്തിൽ കേന്ദ്ര മന്ത്രി നൽകിയത്. എന്നാൽ സംഘം കേരളത്തിൽ തിരിച്ചെത്തിയതിനു തൊട്ടു പിന്നാലെ കേന്ദ്രത്തിൽ നിന്ന് വീണ്ടും ക്ഷണം എത്തി. കൂടുതൽ ചർച്ചകൾക്ക് ഉദ്യോഗസ്ഥർ എത്തണമെന്ന നിർദേശം വന്നതോടെ ഇന്ന് സംസ്ഥാന വനം സെക്രട്ടറി രാജേഷ് കുമാർ സിൻഹ ഡൽഹിയിൽ എത്തിയിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങളോടു പോസിറ്റീവ് ആയി നിലപാടെടുക്കുന്നതിന്റെ സൂചനയാണ് ഈ ക്ഷണമെന്ന് അധികൃതർ സൂചിപ്പിക്കുന്നു.

English Summary: Changes in forest department after controversies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com