ADVERTISEMENT

രാജ്യതലസ്ഥാനം നിലനിര്‍ത്തിയ ആത്മവിശ്വാസവും, ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വിജയവുമായാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എഎപി) പഞ്ചാബ് കീഴടക്കാൻ ഇറങ്ങുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളും അമരിന്ദര്‍ സിങ്ങിന്റെ കൂറുമാറ്റവും തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. സര്‍വേ ഫലങ്ങളില്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം പ്രവചിച്ചതും എഎപിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ‘മിഷന്‍ പഞ്ചാബ്’ എന്നു പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് ഇതിനകം തുടക്കമിട്ടു കഴിഞ്ഞു. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയും പുറത്തിറക്കി. ആദ്യ പട്ടികയില്‍ പുതുമുഖങ്ങളില്ലാത്തതിനാല്‍ 10 എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കിട്ടിയ വോട്ടു വിഹിതം കൂട്ടുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെുപ്പില്‍ തരക്കേടില്ലാത്ത സീറ്റൊപ്പിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടമായിരുന്നില്ല പാര്‍ട്ടിയുടേത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 112 സീറ്റില്‍ 20 സീറ്റും നേടി പഞ്ചാബിലെ രണ്ടാമത്തെ വലിയ കക്ഷിയായി എഎപി ഉയര്‍ന്നിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റിലും മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പാര്‍ട്ടിയുടെ വിജയം ഒതുങ്ങി. ഇതു തിരുത്തുകയും ദേശീയ പാര്‍ട്ടിയായി ഉയര്‍ന്നു വരികയുമാണ് എഎപിയുടെ ലക്ഷ്യം.

∙ വാഗ്ദാനങ്ങളേറെ

കൃഷി നിയമവും കര്‍ഷക വിഷയങ്ങളും ഉയര്‍ത്തി വോട്ടുപിടിക്കുകയായിരുന്നു പാര്‍ട്ടിയുടെ ആദ്യ ലക്ഷ്യം. വിവാദമായ കൃഷി നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ ആ ലക്ഷ്യം മാറ്റേണ്ട സ്ഥിതിയായി. എങ്കിലും കാര്‍ഷിക മേഖലയെ തൊട്ടുതലോടിയായിരിക്കും മുഖ്യ പ്രചാരണം. കഴിഞ്ഞ മാസം സംസ്ഥാനത്തെ മാന്‍സ ജില്ല സന്ദര്‍ശിച്ച കേജ്‌രിവാള്‍, സംസ്ഥാനത്ത് കൃഷി ലാഭകരമായ തൊഴിലാക്കി മാറ്റുമെന്നും പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഒരു പഞ്ചാബി കര്‍ഷകനും ആത്മഹത്യ ചെയ്യില്ലെന്നും പറഞ്ഞിരുന്നു. സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍, മെച്ചപ്പെട്ട സ്‌കൂളുകള്‍, 25 ലക്ഷം തൊഴിലവസരങ്ങള്‍, 5 രൂപയ്ക്ക് ഭക്ഷണം, സൗജന്യ വൈ-ഫൈ, വാര്‍ധക്യകാല പെന്‍ഷനുകള്‍, ലഹരി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ തുടങ്ങിയവയും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍പെടുന്നു. 

INDIA-POLITICS-AGRICULTURE-PROTEST
നവജ്യോത് സിങ് സിദ്ദു

∙ പിന്തുടരുന്ന കൂറുമാറ്റം

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി എഎപി ഉയര്‍ന്നിരുന്നുവെങ്കിലും തുടര്‍ച്ചയായി എംഎല്‍എമാര്‍ രാജിവച്ചത് പാര്‍ട്ടിയുടെ പ്രതിച്ഛായയില്‍ കളങ്കമുണ്ടാക്കി. കൂറുമാറ്റം രാഷ്ട്രീയത്തില്‍ സാധാരണമാണെങ്കിലും രാജിവയ്ക്കുന്ന ഓരോ എംഎല്‍എയ്ക്കും പ്രാദേശിക സ്വാധീനമുള്ളതിനാല്‍ അത് പാര്‍ട്ടിയുടെ വിജയ സാധ്യതയ്ക്ക് വലിയ വിള്ളല്‍ ഉണ്ടാക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് അധികാരം കൈപ്പിടിയിലൊതുക്കാനുള്ള അവസരത്തില്‍ പ്രത്യേകിച്ചും.

നവംബര്‍ 10ന് ആം ആദ്മിയുടെ ബതിന്ദാ (റൂറല്‍) എംഎല്‍എയായ രൂപീന്ദര്‍ കൗര്‍ റൂബി രാജിവച്ചത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി. ഇതിനു മുന്‍പ് സുഖ്പാല്‍ സിങ് ഖൈറ, ജഗ്ദേവ് സിങ് കമാലു, പിര്‍മല്‍ സിങ് ഖല്‍സ, മന്‍സ നസര്‍ സിങ് മന്‍ഷാഹി, എച്ച്.എസ്.ഫൂല്‍ക, ഹരീന്ദര്‍ സിങ് ഖല്‍സ, ഡോ. ധരംവീര്‍ ഗാന്ധി, സുച സിങ് ഛോട്ടേപുര്‍, ഗുര്‍പ്രീത് സിങ് ഗുഗ്ഗി തുടങ്ങിയ പ്രമുഖരും എംഎല്‍എമാരും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 

∙ ഉയര്‍ച്ചയില്‍നിന്ന് ഉയര്‍ച്ചയിലേക്കോ?

2017ല്‍ 117 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 112 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. 20 സീറ്റുകളില്‍ വിജയിച്ച പാര്‍ട്ടി 23.7 വോട്ടു വിഹിതം നേടി.  2019ല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റിലും മത്സരിച്ച പാര്‍ട്ടി ഒരു സീറ്റിലാണ് വിജയിച്ചത്. വോട്ടു വിഹിതം 7.38 ശതമാനം. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ആം ആദ്മിയും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടം നടക്കുമെന്നാണ് എബിപി ന്യൂസ് സിവോട്ടര്‍ സര്‍വേ ഫലം പ്രവചിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഒരു വർഷം നീളുന്ന  എഎപിയുടെ പരിപാടികൾ ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. (Photo Courtesy: Twitter/AAP)
അരവിന്ദ് കേജ്‌രിവാൾ (ഫയൽ ചിത്രം)

47-53 വരെ സീറ്റുകള്‍ നേടി ആം ആദ്മി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സര്‍വേ പ്രവചനം. കോണ്‍ഗ്രസിന് 42-50 സീറ്റു ലഭിച്ചേക്കാമെന്നും ബിജെപി 0-1 സീറ്റിലൊതുങ്ങുമെന്നും സര്‍വേ പ്രവചിച്ചിക്കുന്നു. വിവാദമായ കൃഷി നിയമങ്ങള്‍ റദ്ദാക്കുമെന്ന് കേന്ദ്രം അറിയിക്കുന്നതിനു മുന്‍പ് നടന്ന സര്‍വേയായതിനാല്‍ തിരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ ചാഞ്ചാട്ടമുണ്ടായേക്കാം.

∙ ‘ദേശീയ ലക്ഷ്യം’

ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പോലെ ഉയര്‍ന്നു വരികയാണ് കേജ്‌രിവാളും ലക്ഷ്യമിടുന്നത്. ബംഗാളിനപ്പുറം തൃണമൂലിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന മമതയെ പോലെ, കേജ്‌രിവാളും ഓരോ സംസ്ഥാനത്തേക്കും മാറി മാറി സഞ്ചരിക്കുന്നു. മുന്‍കാലങ്ങളേക്കാള്‍ മികച്ച പാര്‍ട്ടി സംഘടനാ സംവിധാനവും നേതൃത്വവുമായാണ് പാര്‍ട്ടി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ ഡല്‍ഹിക്ക് പുറത്ത് പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാനായാല്‍ ദേശീയ പാര്‍ട്ടി പദവിയിലേക്ക് പാര്‍ട്ടിക്കുയരാം. ഇത്തവണ അതിനാണ് ശ്രമം. കോണ്‍ഗ്രസിലെ സ്വരചേര്‍ച്ചയില്ലായ്മയും, കോണ്‍ഗ്രസിന്റെ കൈ വിട്ട് മുൻ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചതും, ബിജെപി അത്ര ശക്തമല്ലാത്തതും കാരണം പഞ്ചാബില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ എഎപിക്ക് അവസരമുണ്ട്.

ഡല്‍ഹി ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയയ്ക്കാണ് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന്റെ ചുമതല. രാജ്യസഭാ എംപി സഞ്ജയ് സിങ്ങിനാണ് ഉത്തര്‍പ്രദേശിന്റെ ചുമതല. ഡല്‍ഹി എംഎല്‍എ അതിഷി മര്‍ലേന ഗോവയുടെ ചുമതലയും എംഎല്‍എയും ഡല്‍ഹി ജല്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ രാഘവ് ഛദ്ദ പഞ്ചാബിന്റെയും ചുമതല വഹിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സംഘടനാ ഘടന മെച്ചപ്പെടുത്തിയിരുന്നു. ഈ സംസ്ഥാനങ്ങളില്‍ അസംബ്ലി, ബ്ലോക്ക്, ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ തദ്ദേശ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മത്സരിക്കുന്നുണ്ട്. 

Narendra-Modi-Amarinder-Singh-1
നരേന്ദ്ര മോദി, അമരിന്ദർ സിങ്

∙ വിളവെടുക്കുമോ ആംആദ്മി?

വിളവെടുക്കാറായ ഗോതമ്പു പാടം പോലെയാണ് ഇപ്പോള്‍ പഞ്ചാബ്. ആരു കൊയ്യുമെന്നത് ചോദ്യചിഹ്നം മാത്രം. ആം ആദ്മിക്ക് കൊയ്യാനായാല്‍ ഡല്‍ഹിക്ക് പുറത്താദ്യമായി പാര്‍ട്ടി പതാക പാറിക്കാം. അതിനുള്ള അവസരങ്ങള്‍ സംസ്ഥാനത്തുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായിരുന്ന അമരിന്ദര്‍ സിങ്ങിനെ നഷ്ടമായ ഭരണകക്ഷിയായ കോണ്‍ഗ്രസ് വന്‍ നേതൃപ്രതിസന്ധിയോടെയാണു നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. പിസിസി അധ്യക്ഷനായ നവജ്യോത് സിങ് സിദ്ദുവും പാര്‍ട്ടിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നായിരുന്നു അമരിന്ദറിന്റെ രാജി.

മുഖ്യമന്ത്രിയായി അധികാരമേറ്റ ചരണ്‍ജിത്ത് ഛന്നിയുടെ ദലിത് സ്വത്വമുയർത്തി വോട്ടുപിടിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലമുളവാക്കുമെന്നത് സംശയകരമാണ്. സിദ്ദുവും പാര്‍ട്ടിയുമായി അത്ര നല്ല ബന്ധത്തിലല്ല. അതിനാല്‍ കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ ആം ആദ്മിക്ക് ഗുണമായേക്കും. കൃഷി നിയമങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലായിരുന്നു ബിജെപി. പക്ഷേ നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ അതിനെ ഉയര്‍ത്തിക്കാട്ടി ഉയര്‍ന്നുവരാനുള്ള ശ്രമത്തിലാണ് പാർട്ടി.

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അമരിന്ദര്‍ സിങ് ബിജെപിയോടു കാണിക്കുന്ന കൂറ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനുകൂലമായേക്കും. ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച്, പട്യാലയില്‍നിന്നു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അമരിന്ദര്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ത്താല്‍ ആം ആദ്മിക്ക് ചിലപ്പോള്‍ ക്ഷീണമായേക്കും.

English Summary: AAP's plan for winning in election in Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com