ADVERTISEMENT

ചെന്നൈ∙ കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായതിനു പിന്നാലെ നടന്‍ മന്‍സൂര്‍ അലിഖാന്റെ വേറിട്ട പ്രതിഷേധം. ഉപയോഗിക്കാത്ത ബാത്ത് ടബ് ബോട്ടാക്കി മാറ്റിയായിരുന്നു പ്രതിഷേധം. നുങ്കപാക്കത്തെ വീടിനു ചുറ്റും രാത്രി മഴയില്‍ വെള്ളം നിറഞ്ഞതാണ് നടനെ പ്രതിഷേധത്തിനു പ്രേരിപ്പിച്ചത്.

ഷട്ടില്‍ ബാറ്റില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി തുഴയുണ്ടാക്കിയാണ് ബോട്ട് വെള്ളത്തിലിറക്കിയത്. താരം ഇതു സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചു. ‘ജനിക്കുകയാണെങ്കില്‍ തമിഴ്നാട്ടില്‍ ജനിക്കണം. തമിഴ്നാട്ടില്‍ ജനിക്കുകയാണെങ്കില്‍ ചെന്നൈയില്‍ ജനിക്കണം’– എന്ന തമിഴ് സിനിമാ പാട്ടും പാടിയായിരുന്നു പ്രതിഷേധം.

നേരത്തേയും വേറിട്ട പ്രതിഷേധങ്ങള്‍ വഴി ജനശ്രദ്ധ നേടിയ താരമാണ് മന്‍സൂര്‍ അലിഖാന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരിലെ തൊണ്ടാമൂത്തൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു. മാലിന്യപ്രശ്നം ചര്‍ച്ചയാക്കാന്‍ റോഡരികിലെ കുപ്പയില്‍ കയറിയിരുന്ന് വോട്ട് അഭ്യര്‍ഥിച്ചാണ് അന്ന് മാധ്യമശ്രദ്ധ നേടിയത്.

∙ നഗരത്തിൽ വെള്ളക്കെട്ട്

കഴിഞ്ഞ രാത്രി പെയ്ത മഴയില്‍ നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ട് തുടരുകയാണ്. പള്ളിക്കരണി, വേളാച്ചേരി, ട്രിപ്ലിക്കന്‍, ഗുഡുവാഞ്ചേരി, കെ.കെ.നഗര്‍, അശോക് നഗര്‍, ആവടി തുടങ്ങി ജനവാസ മേഖലകളിലെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞു. അരയടി വരെ ഉയരത്തില്‍ വെള്ളക്കെട്ടുണ്ടായി.

ഒറ്റ രാത്രി പെയ്ത മഴയിൽ 400ലധികം തെരുവുകൾ വെള്ളത്തിലായി. ഇതേത്തുടര്‍ന്ന് മൂന്ന് സബ്‌വേകൾ അടച്ചു. കോർപറേഷന്റെ റിപ്പോർട്ട് പ്രകാരം വ്യാഴം മുതൽ ശനിയാഴ്ച വരെ 404 തെരുവുകളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 20 തെരുവുകൾ ശനിയാഴ്ച രാവിലെ 10 മണിയോടെ വൃത്തിയാക്കി.

ബാക്കിയുള്ള 384 തെരുവുകളിൽനിന്ന് 105 സ്ഥലങ്ങളിലെ വെള്ളം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. ടി നഗർ, ജവഹർ നഗർ, എജിഎസ് കോളനി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. രംഗരാജപുരം ടൂവീലർ സബ്‌വേ, മാഡ്‌ലി സബ്‌വേ, ഗണേശപുരം സബ്‌വേ എന്നിവ അടച്ചിട്ടിരിക്കുകയാണ്. മഴ തുടരുമെന്ന പ്രവചനമുള്ളതിനാല്‍ തുടര്‍ച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ 820 മോട്ടോർ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

∙ മഴയുടെ ശക്തി കുറയുമെന്നു പ്രവചനം 

ശ്രീലങ്കയ്ക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ ശക്തി കുറയുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാവിലെ മുതല്‍ ചെന്നൈയില്‍നിന്ന് മഴ മാറി നില്‍ക്കുകയാണ്. രാത്രി ഒറ്റപ്പെട്ട മഴയുണ്ടായേക്കും. തീരദേശ തമിഴ്നാട്ടില്‍ ഞായറാഴ്ച മിതമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ േകന്ദ്രം അറിയിച്ചു.

അതേസമയം, ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, വില്ലുപുരം, കടലൂർ, മയിലാടതുറൈ, നാഗപട്ടണം, പുതുച്ചേരി, കാരയ്ക്കൽ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ മഴയുണ്ടായില്ല.

English Summary: Actor Mansoor Ali Khan's boat ride in Chennai floodwaters makes a splash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com