ലൈംഗിക പീഡനം: ഉന്നതനെ ഇല്ലാതാക്കുമോ ഷിയുടെ ശിക്ഷാവിധി? ‘ജാക്ക് മായാണ് പാഠം’

xi-jinping
ഷാങ് ഗാവോലി, ഷി ചിൻപിങ്, പെങ് ഷുവാ. Manorama Online Creative
SHARE

ഷി ചിൻപിങ് ചൈനയുടെ സർവശക്തനായ പ്രസിഡന്റ് മാത്രമല്ല, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ താത്വിക ആചാര്യൻ കൂടിയാണിപ്പോൾ. ഷി ചിൻപിങ് ചിന്ത സ്കൂൾ പാഠപുസ്തകങ്ങളിലുമുണ്ട്.  2014ൽ ഷി അഴിമതിക്കെതിരെ കർശന നടപടികൾ തുടങ്ങിയപ്പോൾ അതിൽ കുടുങ്ങിയത് ഏറെയും കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതരായിരുന്നു. ഇത് ഷിയുടെ ശൈലിയാണ്. പരസ്യശിക്ഷ എപ്പോഴും വലിയ മീനുകൾക്കെതിരെയായിരിക്കും. അഴിമതിയെ തുടച്ചുനീക്കാനുള്ള ആഹ്വാനത്തിനു ജനപിന്തുണ ഷി ഉറപ്പാക്കിയതു മേൽത്തട്ടിലെ ഈ ശുദ്ധീകരണ പ്രക്രിയയിലൂടെയാണ്. 

ഷിയുടെ അഴിമതി വിരുദ്ധ സമരം  വിജയിച്ചോ എന്നു നമുക്കറിയില്ല. കാരണം ചൈനയിൽ എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്ന് നമുക്കറിയാനാകില്ല എന്നതുതന്നെ. അത് അറിയാൽ ക്യത്യമായ സ്രോതസ്സുകളും ഇല്ല. ചൈനീസ് വിമതർ സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ നടത്തുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണു പുറത്തുള്ള വിദഗ്ധർ ചൈനയെക്കുറിച്ചുള്ള പല നിരീക്ഷണങ്ങളും നടത്തുന്നത്. സത്യം പുറത്തുവരിക ചൈനയിൽ എളുപ്പമല്ല എന്നു ചുരുക്കം.

ചർച്ചകളിലേക്ക് പെങ് ഷുവാ

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ചൈനീസ് ടെന്നീസ് താരം പെങ് ഷുവായെ (35) കാണാതായതാണ് എറ്റവുമൊടുവിൽ രാജ്യാന്തര മാധ്യമങ്ങൾ ചൈനയുടെ രഹസ്യസ്വഭാവം ചർച്ചയാക്കിയത്. കാണാതായിട്ടു മൂന്നാഴ്ച പിന്നിടുമ്പോഴും അവർ എവിടെ എന്ന് ആർക്കുമറിയില്ല. ചൈനയുടെ മുൻ വൈസ് പ്രീമിയർ ആയ ഷാങ് ഗാവോലി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സമൂഹമാധ്യമത്തിലൂടെ പെങ് ആരോപണമുന്നയിച്ചിരുന്നു. മിനിറ്റുകൾക്കകം വിവാദ സന്ദേശം അപ്രത്യക്ഷമായി. പക്ഷേ ചൈനയിലെ  പ്രശസ്തയായ കായികതാരം ഉന്നയിച്ച ഗുരുതരമായ ആരോപണം അപ്പോഴേക്കും രാജ്യാന്തര ചർച്ചയായി.  

peng
പെങ് ഷുവായെ

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ  #WhereIsPengShuai എന്ന ഹാഷ്‌ടാഗിനുള്ള മറുപടി ചൈനീസ് സർക്കാർ നേരിട്ടാണു നൽകിയത്. താൻ സുരക്ഷിതയായിരിക്കുന്നുവെന്നു പെങ് പറയുന്ന വിഡിയോ സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ടു. പ്രശ്നങ്ങൾ ഒന്നുമില്ലെന്നു വ്യക്തമാക്കി ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി മേധാവിയുമായി പെങ് നടത്തിയ ഒരു വിഡിയോ സംഭാഷണവും ചൈന പുറത്തുവിട്ടു. ദുരുദ്ദേശ്യത്തോടെയാണു പെങ് വിവാദം വിദേശ മാധ്യമങ്ങൾ ആളിക്കത്തിക്കുന്നതെന്നും ചൈന വിദേശമന്ത്രാലയം കുറ്റപ്പെടുത്തി. അപ്പോഴും പെങ് ഇപ്പോൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. 

എന്തിനായിരുന്നു നിങ്ങൾ മടങ്ങിവന്നത്?

പെങ് ഷുവാ വിവാദത്തിൽ ആരോപണവിധേയനായ ഷാങ് ഗാവോലി (75) ഫെബ്രുവരിയിൽ ബെയ്ജിങ്ങിൽ നടക്കുന്ന വിന്റർ ഒളിംപിക്സിന്റെ മുഖ്യസംഘാടകൻ കൂടിയായിരുന്നു. വൈസ് പ്രീമിയർ പദവിയിൽനിന്നു മൂന്നു വർഷം മുൻപ് വിരമിച്ച അദ്ദേഹത്തെ പേരെടുത്തു പറ‍ഞ്ഞ് പെങ് സമൂഹ മാധ്യമത്തിൽ  ഇട്ട പോസ്റ്റിൽ പറയുന്നു–‘താങ്കൾ എന്തിനാണ് എന്റെ അടുത്തേക്കു മടങ്ങിവന്നത്? എന്തിനാണ് എന്നെ താങ്കളുടെ വീട്ടിലേക്കു കൊണ്ടുപോയി നിർബന്ധിച്ചു ലൈംഗിക വേഴ്ച നടത്തിയത്? താങ്കൾ ഉന്നതനാണെന്ന് എനിക്കറിയാം, വൈസ് പ്രീമിയർ ഷാങ് ഗാവോലി, താങ്കൾക്ക് ഒന്നിനെയും പേടിയില്ലെന്നും എന്നോടു പറഞ്ഞു. കല്ലിൽ വീഴുന്ന ഒരു മുട്ട പോലെ, തീനാളത്തിലേക്കു ചെല്ലുന്ന നിശാശലഭം പോലെ, സ്വന്തം നാശം ഞാൻ ക്ഷണിച്ചുവരുത്തിയാൽ പോലും ഈ സത്യം പറയുക തന്നെ ചെയ്യും.’

മിനിറ്റുകൾക്കകമാണ് ഈ പോസ്റ്റ് ഇന്റർനെറ്റിൽനിന്ന് അപ്രത്യക്ഷമായത്. തുട‍ർന്നു പെങ് നേരിട്ടതാകട്ടെ  സമ്പൂർണ വിലക്കും. ചൈനക്കാർക്ക് ഇന്റർനെറ്റിൽ പെങ് എന്ന വാക്കു പോലും ലഭിക്കാതെയായി. കുറച്ചുദിവസത്തേക്ക് ടെന്നിസ് എന്ന വാക്കു സേർച്ച് ചെയ്താലും ശൂന്യതയാണു ലഭിച്ചത്. പെങ്ങുമായി ബന്ധപ്പെട്ടു വിദേശമാധ്യമങ്ങളിൽ വരുന്ന വാർത്തകളും ചൈനയിൽ വിലക്കപ്പെട്ടു. ആരോപണവിധേയനായ ഗാവോലി ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹം ഇപ്പോൾ എവിടെയാണെന്നും പുറംലോകത്തിന് അറിയില്ല. 

ഗാവോലിക്ക് എന്തു സംഭവിച്ചു?

ഉന്നത പദവിയിലിരുന്ന കാലത്തു ചൈനയിലെ മറ്റു പാർട്ടി നേതാക്കളെപ്പോലെ മാധ്യമശ്രദ്ധയിൽനിന്ന് അകന്നുനിൽക്കുന്ന ശൈലിയാണു ഗാവോലി പിന്തുട‍ർന്നത്. വൈസ് പ്രീമിയർ ആയിരിക്കേ എന്തെങ്കിലും വിവാദങ്ങൾ ഉണ്ടാക്കിയിട്ടില്ല. 2013ലെ ഒരു ചൈനീസ് മാധ്യമ റിപ്പോർട്ടിൽ അദ്ദേഹത്തിനു ടെന്നീസും ചൈനീസ് ചെസും ഇഷ്ടമാണെന്നു പറയുന്നു. ചൈനയിലെ ഏറ്റവും ശക്തരായ 7 നേതാക്കളിലൊരാളായി, 2012 മുതൽ 2017 വരെ പൊളിറ്റ്ബ്യൂറോ സ്ഥിരം സമിതി അംഗവുമായിരുന്ന ഗാവോലിയുടെ ഭാവിയും പ്രവചിക്കാനാവാത്ത സാഹചര്യമാണുള്ളത്.

ചൈനീസ് അധികൃതരെ ദേഷ്യം പിടിപ്പിക്കുന്ന വ്യക്തികൾ അപ്രത്യക്ഷരാകുന്ന സംഭവങ്ങൾ അവിടെ അപൂർവമല്ല. കാണാതായ ആൾ സുരക്ഷിതരാണെന്നു കാണിക്കാൻ തൊട്ടുപിന്നാലെ തെളിവുകൾ പുറത്തുവിടുന്ന അധികൃതരുടെ രീതിയും പുതിയതല്ല. ചൈനീസ് മാധ്യമങ്ങളും ബെയ്ജിങ്ങിലെ ടെന്നിസ് കോർട്ടിൽ നിൽക്കുന്ന പെങ്ങിന്റെ ഫോട്ടോകളും പുറത്തുവിട്ടുവെങ്കിലും ഇതെല്ലാം കെട്ടിച്ചമച്ചതാണെന്ന ആക്ഷേപം ശക്തമാണ്. ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി ചൈനയുടെ സമ്മർദത്തിനു വഴങ്ങി നടത്തിയ നാടകമാണു വിഡിയോ സംഭാഷണമെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

ഷിയുടെ ചിന്ത ഇപ്പോൾ പാർട്ടിയുടെ നയം

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം ഇപ്പോൾ ഷി ചിൻപിങ് രൂപം കൊടുത്ത ചിന്തയാണ്. മാർക്സിസം, ലെനിനിസം പ്രകാരം ചൈനയിലെ തുറന്ന വിപണിയെ നിയന്ത്രിക്കുന്നതാണു നാം കാണുന്നത്. ഷി ചിന്തയുടെ ഒരു പ്രധാന ഊന്നൽ, ചൈനയിലെ ധനികരും വൻകിട ടെക് സ്ഥാപനങ്ങളും അവരുടെ സമ്പത്തിന്റെ ഒരു വിഹിതം സമൂഹത്തിനു തിരിച്ചുനൽകി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്നാണ്. കുത്തക സ്ഥാപനങ്ങൾക്കു മൂക്കുകയറിടുന്ന ഈ നയം പ്രകാരം ജാക്ക് മായുടെ ആലിബാബയ്ക്ക് എതിരെ 280 കോടി ഡോളറാണു കഴിഞ്ഞ ഏപ്രിലിൽ പിഴയിട്ടത്. 

xi-jinping
ഷി ചിൻപിങ്.

പിന്നാലെ ആലിബാബയുടെ ഭാഗമായ ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനം ആൻഡ് ഗ്രൂപ്പിനെതിരെയും നടപടി വന്നു. ഏപ്രിലിൽ ചൈനയിലെ പ്രമുഖരായ 34 ടെക് കമ്പനികൾക്ക് അധികൃതർ ഒരു മുന്നറിയിപ്പു നൽകി– ‘ആലിബാബ നിങ്ങൾക്കെല്ലാം ഒരു പാഠമായിരിക്കട്ടെ’. അനിയന്ത്രിതമായ വിപണിയുടെ മേധാവിത്വം വകവച്ചുകൊടുക്കാനാവില്ലെന്നാണ് ഷി ചിൻപിങ്ങിന്റെ ശാസനം. എത്ര വലിയ വ്യവസായ സ്ഥാപനമായാലും പാർട്ടിയുടെ നയങ്ങൾക്ക് വിധേയമായിരിക്കണമെന്നും പറയുന്നു. ഇതനുസരിച്ചു കുത്തകകളുടെ ആധിപത്യം കുറയ്ക്കാനുള്ള നടപടികളും ചൈന ഊ‍ർജിതമായി നടപ്പിലാക്കുന്നുവെന്നാണു വിവരം. ഇത് നിക്ഷേപകർക്ക് അമിത സ്വാതന്ത്ര്യം നൽകിയ മുൻകാല നയങ്ങളിൽനിന്നുള്ള ദിശാമാറ്റം കൂടിയാണ്. 

കൂട്ടിലടയ്ക്കപ്പെട്ട ജാക്ക് മാ

വിമർശകർ എത്ര വലിയവരായാലും പാർട്ടിക്കു മുകളിലല്ല എന്ന സന്ദേശമാണ് ഷി ചിൻപിങ് നൽകുന്നത്. പാർട്ടിക്കു വിധേയരായിരിക്കാൻ അതിസമ്പന്ന‍ർ ബാധ്യസ്ഥരാണ്. ഈ തത്വം അവഗണിച്ചുവെന്നതാണു ചൈനയിലെ ശതകോടീശ്വരൻ ജാക്ക് മായ്ക്കു സംഭവിച്ച വീഴ്ച. സാമ്പത്തികശക്തിയായി വളർന്ന ചൈനയുടെ മുഖമായിട്ടാണു ജാക്ക് മാ മാധ്യമ ശ്രദ്ധ നേടിയത്. പക്ഷേ അദ്ദേഹം കഴിഞ്ഞ ഒരു വർഷമായി പുറത്തിറങ്ങാറില്ല. ഇതു കോവിഡ് മൂലം മാത്രമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

jack-ma
ജാക്ക് മാ

മായുടെ പല നടപടികളും പിടിക്കാത്തതു മൂലം ചൈന അദ്ദേഹത്തെ കൂട്ടിലടയ്ക്കുകയാണു ചെയ്തത്. ഏതാനും വ‍ർഷം മുൻപു വരെ ലോകരാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച് രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുകയും മാധ്യമങ്ങളിൽ വെട്ടിത്തുറന്ന് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന മായുടെ ചിറകുകൾ ഷി ചിൻപിങ് തന്നെ അരിഞ്ഞുവെന്നാണ് അഭ്യൂഹം. 2017ൽ യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ, നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണാൻ ജാക്ക് മാ ന്യൂയോർക്കിലെത്തിയത് വലിയ ചർച്ചയായിരുന്നു. ട്രംപ് ടവേഴ്സിലായിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം അദ്ദേഹം 10 ലക്ഷം അമേരിക്കക്കാർക്കു തൊഴിലവസരം നൽകുമെന്നും പ്രഖ്യാപിച്ചു.

മുൻകൂട്ടി അനുമതി വാങ്ങാതെ ജാക്ക് മാ സ്വന്തം നിലയിൽ നടത്തിയ ഈ പരസ്യനീക്കങ്ങൾ ചൈനീസ് ഭരണകൂടത്തെ ശരിക്കും ദേഷ്യം പിടിപ്പിച്ചു. ജനുവരി 9നു ജാക്ക് മാ, ട്രംപുമായി കൂടിക്കാഴ്ച നടത്തുമ്പോൾ യുഎസ്–ചൈന ബന്ധം  പ്രശ്നത്തിലായിരുന്നു എന്നതും ഓ‍ർക്കണം. അമേരിക്കക്കാരുടെ തൊഴിലില്ലായ്മയ്ക്കു കാരണം ചൈനയാണെന്ന കടുത്ത വിമ‍ർശനവും ട്രംപ് ഉയ‍ർത്തിയിരുന്നു. വാസ്തവത്തിൽ ട്രംപുമായുള്ള കൂടിക്കാഴ്ച ജാക്ക് മായ്ക്കു ഗുണം ചെയ്തില്ല. പകരം അദ്ദേഹവും ബെയ്ജിങ്ങും തമ്മിലുള്ള ബന്ധം ഉലയുകയും ചെയ്തു.  

പണക്കാരും പേടിക്കണം ചൈനയിൽ

ഷി ചിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈന എന്താണെന്ന് ജാക്ക് മായുടെ പതനം കാട്ടിത്തരുന്നു. രാജ്യാന്തര പ്രശസ്തരോ അതിസമ്പന്നരോ ആണെങ്കിൽ ഇനി സൂക്ഷിക്കണം. സമൂഹ മാധ്യമങ്ങളിലൂടെയോ വിദേശ മാധ്യമങ്ങളിലൂടെയോ നടത്തുന്ന പരാമർശങ്ങൾ സർക്കാർവിരുദ്ധമാണെങ്കിൽ ശിക്ഷയ്ക്ക് ഒരു ഇളവും ഉണ്ടാവില്ല. രാജ്യത്തു സാമൂഹിക അസമത്വവും തൊഴിലില്ലായ്മയും നിലനിൽക്കുന്നു. ഇതിനെതിരെ ജനങ്ങളുടെ ഇടയിലെ അമർഷം കൈകാര്യം ചെയ്യാനുള്ള ഒരു വഴി, അതിസമ്പന്ന‍ർക്കു നൽകുന്ന കർശന ശിക്ഷകളാണ്. 

വിപണി സ്വതന്ത്രമാണ്. പക്ഷേ അതു പാർട്ടിക്കു വിധേയമായിരിക്കുമെന്ന് ഓ‍ർക്കണം. സിനിമാ കായിക താരങ്ങൾ ആയാലും ശതകോടീശ്വരൻമാർ ആയാലും എത്ര പ്രശസ്തരായാലും വിമർശനം ഉയർത്തിയാൽ അധികൃതർ കൈകെട്ടി നോക്കിനിൽക്കില്ലെന്നതാണു ഷി ചിൻപിങ് ചിന്തയുടെ ശക്തി. ചൈനയുടെ ബാങ്കിങ് നയത്തെ വിമ‍ർശിക്കുന്ന ഒരു പ്രസംഗം കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാക്ക് മാ ഷാങ്ഹായിയിൽ നടത്തിയിരുന്നു. 

2018നും 2020നും ഇടയിൽ യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്, ജോർദാനിലെ രാജ്‍ഞി റാനിയ, മലേഷ്യയിലെ മുതിർന്ന നേതാവ് മഹാതിർ മുഹമ്മദ്, ബൽജിയം പ്രീമിയർ ചാൾസ് മൈക്കൾ എന്നിവരുമായും ജാക്ക് മാ സ്വന്തം നിലയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ ഈ നയതന്ത്രം ശരിയല്ലെന്നു ജാക്ക് മായ്ക്കു ഷിൻ ചിൻപിങ് തന്നെ നേരിട്ടു ശാസനം നൽകിയെന്നാണു റിപ്പോർട്ട്. തുടർന്ന് വിമർശനം നിർത്തി മാ പൊതുരംഗത്തുനിന്നു പിൻവാങ്ങി നിൽക്കുന്നതാണു നാം ഇപ്പോൾ കാണുന്നത്.

English Summary: How Xi Jinping's Policies are Linked to Disappearance of Zhang Gaoli and Tennis Star Peng Shuai

     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA