ADVERTISEMENT

ന്യൂഡൽഹി∙ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുൻപു കാര്യ,കാരണങ്ങൾ വിശദീകരിച്ച് ‘നോട്ട്’ ഇറക്കി കേന്ദ്രസര്‍ക്കാർ. നിയമം പിൻവലിക്കുന്നതിനുള്ള ഉദ്ദേശ്യങ്ങളും കാരണങ്ങളും വ്യക്തമാക്കിക്കൊണ്ടാണ് നോട്ട്. പാർലമെന്റ് അംഗങ്ങൾക്കായുള്ള നോട്ടിൽ നിയമങ്ങൾക്കെതിരെ നിന്ന ഒരു സംഘം കർഷകരെ കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുന്നു.

‘കർഷകരുടെ ഉന്നമനത്തിനായി’ പുറത്തിറക്കിയ നിയമമെന്നാണു കാർഷിക നിയമങ്ങളെ കേന്ദ്രസർക്കാർ വിശേഷിപ്പിക്കുന്നത്. നിയമങ്ങളുടെ പ്രാധാന്യം കർഷകർക്കു ബോധ്യപ്പെടുത്താൻ കഠിനപ്രയത്നം തന്നെ നടത്തിയെന്നും കേന്ദ്രം അവകാശപ്പെടുന്നു. ഒരു സംഘം കർഷകർ മാത്രമാണു നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതെങ്കിലും, നിയമങ്ങളുടെ പ്രധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ സർക്കാർ പരിശ്രമിച്ചു.

നിയമത്തിന്റെ നേട്ടങ്ങൾ പല യോഗങ്ങളിലും വിശദീകരിച്ചതായും കൃഷി മന്ത്രി നരേന്ദ്ര തോമർ ഒപ്പുവച്ച നോട്ടിൽ പറയുന്നു. നിയമം കർഷകർക്ക് ഉൽപന്നങ്ങൾ ഇഷ്ടം പോലെ ആർക്കും വിൽക്കാനുള്ള അനുവാദം നൽകുന്നതായിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി വൻകിട കച്ചവടക്കാരുമായി കർഷകർക്കു നേരിട്ട് ഇടപാടുകൾ നടത്താം. വർഷങ്ങളായി ഇവയൊക്കെ കർഷകരും കാർഷിക മേഖലയിലെ വിദഗ്ധരും ഉയർത്തിയ ആവശ്യങ്ങളായിരുന്നെന്നും കേന്ദ്രസർക്കാർ അവകാശപ്പെട്ടു.

നിയമം പിൻവലിക്കുകയാണെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ‘ഏതാനും പേർ മാത്രമാണു സമരം ചെയ്യുന്നതെന്നു’ പറഞ്ഞിരുന്നു. കർഷകർക്കു പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ ശ്രമിച്ചിരുന്നെന്നും അതിനു സാധിക്കാത്തതിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. 15 മാസത്തോളം നീണ്ട കർഷക പ്രതിഷേധങ്ങൾക്കൊടുവിലാണു കാർഷിക നിയമങ്ങൾ പിന്‍വലിക്കുകയാണെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

 

English Summary: "Only Group Of Farmers Protesting": Government In Farm Laws Repeal Note

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com