സെബാസ്റ്റ്യൻ പോളിന് നോട്ടിസ്, ജയരാജനു പിരിവ്; അലൻ–താഹയിൽ മലക്കംമറിച്ചിലും

sebastian-paul-pinarayi-vijayan
Manorama Creative Image
SHARE

കേരള പൊലീസിനെ തിരുത്തണമെന്ന് സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനോട് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത് 2016 ഡിസംബറിൽ നാടകപ്രവർത്തകനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ചുമത്തിയപ്പോഴായിരുന്നു. പാർട്ടി കരിനിയമം എന്നു വിശേഷിപ്പിച്ച അതേ യുഎപിഎയ്ക്കെതിരെ സംസ്ഥാനത്തെ സിപിഎം ഒന്നാകെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് കതിരൂർ മനോജ് വധക്കേസിൽ പ്രതിയായ സിപിഎം നേതാവ് പി.ജയരാജനെതിരെ സിബിഐ യുഎപിഎ ചുമത്തിയപ്പോഴും. 

പക്ഷേ കോഴിക്കോട് പന്തീരാങ്കാവിൽ പാർട്ടി പ്രവർത്തകരായ രണ്ടു യുവാക്കൾക്കെതിരെ 2019ൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ആ നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തത്. എല്ലാ കാലത്തും യുഎപിഎയ്ക്ക് എതിരായിരുന്നു സിപിഎമ്മിന്റെ നിലപാട് എന്ന് അപ്പോഴും കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാരിനെ ഓർമിപ്പിച്ചു. എന്നാൽ ആ ഓർമപ്പെടുത്തൽ തെറ്റായിരുന്നു എന്നു ചൂണ്ടിക്കാട്ടുകയാണ് മുൻ എംപി സെബാസ്റ്റ്യൻ പോളിന്റെ ആത്മകഥയിലെ ഒരു ഭാഗം. 

യുഎപിഎയ്ക്ക് വോട്ടു ചെയ്യാൻ സിപിഎം വിപ്പ് 

2008ലാണ് കേന്ദ്ര സർക്കാർ യുഎപിഎ ഭേദഗതി ബിൽ പാസാക്കിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മൻമോഹൻ സിങ് നേതൃത്വം നൽകുന്ന യുപിഎ സർക്കാർ കേന്ദ്രം ഭരിക്കുന്ന കാലം. അന്ന് എറണാകുളത്തുനിന്നുള്ള ഇടതുപക്ഷ സ്വതന്ത്ര എംപിയായിരുന്നു സെബാസ്റ്റ്യൻ പോൾ. അന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം അവതരിപ്പിച്ച യുഎപിഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടു ചെയ്യാൻ സിപിഎം വിപ്പ് നൽകുകയും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതിനു കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തെന്ന് സെബാസ്റ്റ്യൻ പോൾ എഴുതിയ ‘എന്റെ കാലം എന്റെ ലോകം’ എന്ന പേരിലുള്ള ആത്മകഥയിൽ  പറയുന്നു.

lisamma-augustine
സെബാസ്റ്റ്യൻ പോളിന്റെ പുസ്തകത്തിന്റെ കവർ ചിത്രം. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്

ആ ദിവസത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ ‘2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ആഭ്യന്തര മന്ത്രി പി.ചിദംബരം അവതരിപ്പിച്ച യുഎപിഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് സിപിഎം വിപ്പ് നൽകി. പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന ആ അസുലഭ മുഹൂർത്തിന് പങ്കാളിയോ സാക്ഷിയോ ആകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. പാർട്ടി അതു ശ്രദ്ധിച്ചു. ബസുദേവ് ആചാര്യയിൽനിന്ന് എനിക്കൊരു കത്ത് കിട്ടി. വിട്ടുനിന്നതിനു കാരണം കാണിക്കാനുള്ള നോട്ടിസ്’. 

2008ലെ ബിജെപിയുടെ കൂടി പിന്തുണയോടെയാണ് യുഎപിഎ ഭേദഗതി നിയമം പാർലമെന്റിൽ പാസായത്. ബിൽ പാസാക്കാൻ കോൺഗ്രസിനേക്കാൾ ആവേശമായിരുന്നു ബിജെപിക്കെന്ന് പിന്നീട് സെബാസ്റ്റ്യൻ പോൾ എഴുതിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി കൂടി ഉള്ളതിനാൽ ബിൽ പാസാകുമെന്ന് ഉറപ്പായിട്ടു പോലും ആ വോട്ടെടുപ്പിൽ ബില്ലിനെ അനുകൂലിച്ച് പങ്കെടുക്കാൻ തന്നെയായിരുന്നു സിപിഎമ്മിന്റെയും തീരുമാനമെന്ന് ആത്മകഥയിൽ സെബാസ്റ്റ്യൻ പോൾ അടിവരയിടുന്നു. യുഎപിഎയുടെ തുടക്കം മുതൽ തങ്ങൾ ആ നിയമത്തിന് എതിരായിരുന്നു എന്ന സിപിഎം വാദത്തെ തകർത്തുകളയുന്നതാണ് സെബാസ്റ്റ്യൻ പോളിന്റെ വാക്കുകൾ. 

ജയരാജനു വേണ്ടി തെരുവിലിറങ്ങി; കേസ് നടത്താൻ പിരിവും 

ആർഎസ്‌എസ് നേതാവ് കതിരൂർ  മനോജ് വധക്കേസിലാണ് സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി.ജയരാജനെതിരെ സിബിഐ യുഎപിഎ ചുമത്തിയത്. ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്നു മനോജ്. 2014 സെപ്റ്റംബർ ഒന്നിനാണു കൊല്ലപ്പെട്ടത്. 1999ൽ പി.ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു മനോജ്. മനോജ് വധക്കേസിലെ 25–ാം പ്രതിയായ ജയരാജൻ ഉൾപ്പെടെ 6 പേർക്കെതിരെയാണ് അന്വേഷണ സംഘം യുഎപിഎ ചുമത്തിയത്. 

p-jayarajan
പി.ജയരാജൻ.

യുഡിഎഫ് ഭരണകാലത്ത് യുഡിഎഫ് യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം സംസ്ഥാന വ്യാപകമായി സമരപരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രധാനപ്പട്ട രാഷ്ട്രീയ നേതാവിനെ ലക്ഷ്യം വച്ചുള്ള സിബിഐയുടെ കുടിലനീക്കമെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ യുഎപിഎ ചുമത്തലിനെ വിശേഷിപ്പിച്ചത്. പാർട്ടി നേരിട്ടു സംഘടിപ്പിച്ച സമരങ്ങൾക്കു പുറമെ വിവിധ സാംസ്കാരിക സംഘടനകളുടെ പേരിൽ കരിനിയമത്തിനെതിരായ മനുഷ്യാവകാശ കൂട്ടായ്മകൾ, കവിയരങ്ങുകൾ തുടങ്ങി ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചു.  

കേസിൽ യുഎപിഎ ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ നടത്തിപ്പിനായി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രത്യേക പിരിവ് നടത്തി. ‘യുഎപിഎ കേസ് ഫണ്ട്’ എന്ന പേരിൽ രശീത് അടിച്ചായിരുന്നു 2 കോടി രൂപ ലക്ഷ്യമിട്ടുള്ള പിരിവ് നടത്തിയത്. പിന്നീട് കോഴിക്കോട് മാവോയിസ്റ്റ് കേസിൽ  അറസ്റ്റിലായ അലൻ ഷുഹൈബിനെതിരെ പാർട്ടിക്കുള്ളിൽനിന്ന് ആദ്യം പ്രതികരിച്ചതു പി.ജയരാജനായിരുന്നു!

പന്തീരാങ്കാവിലെ മലക്കം മറിച്ചിൽ 

കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം അംഗങ്ങളായ രണ്ടു വിദ്യാർഥികളെ 2019 നവംബറിൽ അറസ്റ്റ് ചെയ്തപ്പോൾ യുഎപിഎ കൂടി ചുമത്തിയത് പക്ഷേ ദേശീയ ഏജൻസികൾ അല്ല, സംസ്ഥാന പൊലീസ് ആയിരുന്നു. ദേശീയതലത്തിൽ യുഎപിഎ കരിനിയമമാണെന്നു ചൂണ്ടിക്കാട്ടി സമരപരമ്പരകൾ സിപിഎം സംഘടിപ്പിച്ചു വരുമ്പോഴാണ് അധികാരമുള്ള ഏക സംസ്ഥാനത്ത് അതേ കരിനിയമം സ്വന്തം പാർട്ടിക്കാർക്കെതിരെ പ്രയോഗിച്ചത്.

alan-thaha
അലനും താഹയും.

യുഎപിഎ ചുമത്തിയതിനെ സിപിഎം കേന്ദ്ര നേതൃത്വം വിമർശിച്ചപ്പോഴും പൊലീസ് നടപടി പൂർണമായും അംഗീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയ കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ‘ഏതു പാർട്ടിക്കാർ?’ എന്നു സംശയ രൂപേണ മുഖ്യമന്ത്രി എടുത്തു ചോദിച്ചു. സിപിഎം പ്രവർത്തകരെന്ന് ആവർത്തിച്ചപ്പോൾ, ‘അവർ സിപിഎം പ്രവർത്തകരല്ല, മാവോയിസ്റ്റുകളാണ്’ എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. 

ലഘുലേഖ കയ്യിൽ വച്ചവരെല്ലാം മാവോയിസ്റ്റുകളല്ലെന്ന സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയെ കയ്യോടെ തളളുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആ മറുപടി. ആദ്യഘട്ടത്തിൽ അലനും താഹയ്ക്കും വേണ്ടി നിലപാടെടുത്ത സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വും മുഖ്യമന്ത്രി കർശന നിലപാട് എടുത്തതോടെ പതിയെ പിന്നോട്ടു മാറി. യുഎപിഎ ചുമത്തിയതിനാൽ കേസ് എൻഐഎ ഏറ്റെടുത്തതോടെ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്ക് മൂർച്ച കൂടി. എൻഐഎ ഏകപക്ഷീയമായി ഏറ്റെടുക്കുകയായിരുന്നെന്നും സംസ്ഥാന സർക്കാരിന് പങ്കില്ലെന്നുമായിരുന്നു  സർക്കാരിന്റെയും സിപിഎമ്മിന്റെയും വാദം. 

എന്നാൽ കേസിൽ യുഎപിഎ ചുമത്തിയതാണ് കേസ് എൻഐഎ ഏറ്റെടുക്കാൻ പ്രധാന കാരണമായതെന്ന് ‌കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അയച്ച കത്തിൽ വ്യക്തമാക്കിയതോടെ ഈ വാദം പൊളിഞ്ഞു. യുഎപിഎ ചുമത്തിയതിനാൽ കേസ് എൻഐഎ നിയമത്തിന്റെ പരിധിയിൽ വരുമെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി  കത്തയച്ചത്. സംസ്ഥാന പൊലീസ് യുഎപിഎ ചുമത്തിയത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണെന്നും കേസ് ഏറ്റെടുക്കണമെന്നും മന്ത്രാലയം എൻഐഎയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. 

പരിഷ്കരിച്ച കരിനിയമം; ആദ്യം നടപ്പാക്കിയോ കേരളം?

2019 ൽ ബിജെപി സർക്കാർ പാസാക്കിയ ഭേദഗതികളോടു കൂടിയ യുഎപിഎ രാജ്യത്ത് ആദ്യം നടപ്പിലാക്കിയത് ഏതെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനത്തല്ല മറിച്ച് കേരളത്തിലാണെന്ന്  അലൻ–താഹ മനുഷ്യാവകാശ സമിതി കൺവീനർ ഡോ.ആസാദ് പറയുന്നു. ‘2008ലെ യുഎപിഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടു ചെയ്യാൻ സിപിഎം വിപ്പ് നൽകിയെന്ന സെബാസ്റ്റ്യൻ പോളിന്റെ വെളിപ്പെടുത്തൽ യുഎപിഎ വിഷയത്തിലെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. രാജ്യത്ത് അർബൻ നക്സലുകൾ ഉണ്ടെന്ന സംഘ്പരിവാർ ആരോപണം അംഗീകരിച്ചു കൊടുക്കുകയാണ് അലൻ–താഹ കേസിൽ കേരള പൊലീസ്  ചെയ്തത്.’ 

dr-azad
ഡോ.ആസാദ്.

യുഎപിഎ നടപ്പിലാക്കില്ല എന്നു പറയുന്ന ഒരു സംസ്ഥാനത്ത് യുഎപിഎ നിയമപ്രകാരം എത്ര പേർക്കെതിരെ കേസെടുത്തു എന്ന നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകാൻ മടിക്കുന്നത് എന്തിനാണ് എന്നും ആസാദ് ചോദിക്കുന്നു. യുഎപിഎ കേസുകളുമായി ബന്ധപ്പെട്ടു കെ.കെ.രമ നിയമസഭയിൽ നൽകിയ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകാത്തത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ എത്ര പേർക്കെതിരെ യുഎപിഎ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്, യുഎപിഎ കേസിൽ വിചാരണത്തടവുകാരായി കഴിയുന്നവരുടെ എണ്ണം, കേസിന്റെ വിശദാംശം, ഇവർ ഇതിനോടകം അനുഭവിച്ച ജയിൽവാസത്തിന്റെ കാലാവധി തുടങ്ങിയ ചോദ്യങ്ങളാണ് രമ ചോദിച്ചത്. 

‘യഥാർഥ ഇടതുപക്ഷം ആ ബില്ലിനെ എതിർക്കണമായിരുന്നു’

ജനാധിപത്യവിരുദ്ധമായ കരിനിയമം എന്ന നിലയിലാണ് യുഎപിഎയെ താൻ എതിർത്തത് എന്നു സെബാസ്റ്റ്യൻ പോൾ പറയുന്നു. ദുരുപയോഗം ചെയ്യാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നിയമമാണിത്. അതു ശരിയാണെന്നു പിന്നീട് തെളിഞ്ഞു. പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോൾ നടത്തിയ പ്രതിഷേധ സംഗമങ്ങളിൽ ഞാനും പ്രസംഗിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെടുന്നയാൾക്ക് ഇന്ത്യയിലെ നിയമവ്യവസ്ഥ അനുവദിച്ചിരുന്ന അവകാശങ്ങൾ പോലും ഈ നിയമം നിഷേധിക്കുന്നു. അത്തരം ഒരു നിയമം പാസാകരുത് എന്ന് ഞാൻ ആഗ്രഹിച്ചു. 

ഭരണപക്ഷവും പ്രതിപക്ഷവും അന്ന് ആ നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചു. ഞാനടക്കം 63 എംപിമാരാണ് അന്ന് ഇടതുപക്ഷത്ത് ഉണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം ആ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. മുംബൈ ഭീകരാക്രമണത്തിനു ശേഷമുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് ആ ബില്ലിനെ പിന്തുണയ്ക്കാൻ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്’. ബില്ലിന് അനുകൂലമായി വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് വിപ്പ് ലഭിച്ചപ്പോഴും പിന്നീട് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതിന് കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചപ്പോഴും ഞാൻ ചിന്തിച്ചത് യഥാർഥ ഇടതുപക്ഷം ഈ ബില്ലിനെ എതിർക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നാണ്’–സെബാസ്റ്റ്യൻ പോൾ പറഞ്ഞു. 

English Summary: Sebastian Paul's Autobiography Reveals Interesting Insights on CPM Stance-What is CPM's Real Take on UAPA? A Quick Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA