യുപിയിലേക്ക് ഉവൈസി; ‘വോട്ടുതീറ്റ’യിൽ പട്ടിണിയാകുമോ എസ്‌പിയും കോണ്‍ഗ്രസും?

asaduddin-owaisi
അസദുദ്ദീൻ ഉവൈസി, യോഗി ആദിത്യനാഥ് (ചിത്രം: PTI/AFP)
SHARE

ഉത്തർപ്രദേശിലും പോരിനിറങ്ങുകയാണ് അസദുദ്ദീൻ ഉവൈസി. ആകെയുള്ള 403ൽ നൂറു സീറ്റുകളിലും മത്സരത്തിന് കച്ചമുറുക്കുകയാണ് അദ്ദേഹത്തിന്റെ പാർട്ടി ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം). സംസ്ഥാനത്തെ ചെറു പാർട്ടികളുമായി ഉവൈസി നടത്തുന്ന സഖ്യശ്രമങ്ങൾ പക്ഷേ ഇതുവരെ ഫലവത്തായിട്ടില്ല. എന്നിട്ടും ദേശീയ സ്വപ്നങ്ങളിൽത്തന്നെയാണ് ഇപ്പോഴും അദ്ദേഹം. പൂവണിയുമോ ആ സ്വപ്നങ്ങൾ? 

തീതുപ്പുന്ന വാക്കുകൾകൊണ്ട് ആരാധകരെ സൃഷ്ടിക്കുന്ന നേതാവെന്നാണ് ഉവൈസിയുടെ വിശേഷണം. ഇംഗ്ലിഷും ഹിന്ദിയും ഉറുദുവും തെലുങ്കും ഒരു പോലെ വഴങ്ങുന്ന പ്രതിഭ. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകൻ. ഒപ്പം കടുത്ത ഹിന്ദുത്വ വിമർശകനും. ഹൈദരബാദ് പബ്ലിക് സ്കൂളിൽ പഠനം. നിസാം കോളജിൽനിന്ന് ബിരുദവും ലണ്ടനിൽ നിന്ന് ബാർ അറ്റ് ലോയും നേടിയാണ് അസദുദീൻ (52 വയസ്സ്) രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 1994ൽ ഇരുപത്തിയാറാം വയസ്സിൽ ആന്ധ്ര നിയമസഭയിൽ അംഗം. രണ്ടാമൂഴത്തിനിടെ പിതാവ് സുൽത്താൻ സലാഹുദീൻ ഉവൈസി മാറിനിന്നതിനെ തുടർന്ന് 2004ൽ ഹൈദരബാദിൽനിന്ന് ലോക്സഭയിലേക്ക്. തുടർച്ചയായി നാലു തിരഞ്ഞെടുപ്പുകളിൽ ജയം. 

പട്ടം പോലെ ഇന്ത്യയൊട്ടാകെ...

ഹൈദരബാദ് നഗരത്തിൽ മാത്രം പതിറ്റാണ്ടുകൾ ഒതുങ്ങി നിന്ന മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എംഐഎം) എന്ന പ്രസ്ഥാനത്തെ തെലങ്കാനയുടെ അതിരുകൾ വിട്ട് ഓൾ ഇന്ത്യ പാർട്ടിയായി ഇതര സംസ്ഥാനങ്ങളിലേക്ക് ‘പട്ടം’ കെട്ടി പറത്താനുള്ള ശ്രമത്തിലാണ് ഉവൈസി. ‌ബിജെപിയെ നേരിടാൻ തനിക്കു മാത്രമേ കഴിയൂ എന്നും ഇന്ത്യയിലെ മുസ്ലിംകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും നേതാവ് താനാണെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്ര. പിതാവിന്റെ പാത പിന്തുടർന്ന് ചെറുപ്പത്തിൽതന്നെ രാഷ്ട്രീയത്തിലെത്തിയ അസദുദീൻ, തന്റെ തട്ടകമായ ഹൈദരബാദിനു പുറത്തേക്ക് എംഐഎമ്മിനെ കൈപിടിച്ചു നടത്തുകയാണിപ്പോൾ. 

asaduddin-owaisi
അസദുദ്ദീൻ ഉവൈസി. ചിത്രം: ട്വിറ്റർ.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ അതീവ പിന്നാക്ക വിഭാഗത്തിന്റെ വക്താവാകാനുമുള്ള ശ്രമത്തിലാണ് ഉവൈസി. അതിനായി ചെറുപാർട്ടികളെയും സമുദായ സംഘടനകളെയും ഒപ്പം കൂട്ടാനുള്ള ശ്രമവും ശക്തം. 2014ൽ കെട്ടിയ ദേശീയ മോഹമെന്ന പട്ടം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെയാണ് പറന്നുയർന്നത്. അന്നു കിട്ടിയ അപ്രതീക്ഷിത നേട്ടമാണ് മുന്നോട്ടുള്ള യാത്രയുടെ മുതൽക്കൂട്ട്. 2014ൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് രണ്ടു പേർ ജയിച്ചതോടെ മഹാരാഷ്ട്രയും ഉവൈസിയുടെ കണ്ണിൽത്തടഞ്ഞു. ലോക്സഭയിൽ തനിച്ചിരുന്നിരുന്ന ഉവൈസിക്കു കൂട്ടായി 2019ൽ ഒരു എംപിയെക്കൂടി കിട്ടി. മഹാരാഷ്ട്രയിലെ ഔറംഗബാദിൽനിന്ന് ഇംത്യാസ് സയീദ്. മറ്റു പല സംസ്ഥാനങ്ങളിലും മത്സരിച്ചെങ്കിലും നേട്ടം മഹാരാഷ്ട്രയിലും തെലങ്കാനയിലും മാത്രമായൊതുങ്ങി.

വിഭജിക്കുമോ ബിജെപി വിരുദ്ധ വോട്ട്?

രണ്ട് വർഷമായി വിവിധ സംസ്ഥാനങ്ങളിൽ കടന്നു കയറാനുള്ള ശ്രമത്തിലാണ് ഉവൈസി. മുസ്‌ലിം വോട്ടു തന്നെയാണ് ലക്ഷ്യവും. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോരാട്ടത്തിനിറങ്ങാൻ ഉവൈസിക്ക് കരുത്തും പ്രേരണയുമായത് മഹാരാഷ്ട്രയിൽ ലഭിച്ച വിജയമാണ്. ഓരോ സംസ്ഥാനത്തും ചെറുതെങ്കിലും യൂണിറ്റുകൾ കരുപ്പിടിപ്പിക്കുകയാണ് ഇപ്പോൾ. അടുത്തവർഷം യുപിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഒരു വർഷമായി നിരന്തര യജ്ഞത്തിലാണ് ഉവൈസി. അടുത്ത യുപി നിയമസഭയിൽ എംഐഎമ്മിന് പ്രതിനിധി ഉണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 

asaduddin-owaisi
അസദുദ്ദീൻ ഉവൈസി ട്വിറ്ററിൽ പങ്കുവച്ച ചിത്രം.

ഇതിന്റെ ഭാഗമായുള്ള സഖ്യരൂപീകരണത്തിന് ഓം പ്രകാശ് രാജ് ഭറിന്റെ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി കൂട്ടുകെട്ടിനു ശ്രമിച്ചെങ്കിലും രാജ് ഭർ വഴുതിമാറി. എസ്‌പിയിലെ ശിവപാൽ യാദവിനെ ഒപ്പം കൂട്ടാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിനെ കഴിഞ്ഞ ദിവസം ലക്‌നൗവിൽ ഉവൈസി കണ്ടെങ്കിലും ചിത്രം തെളിഞ്ഞിട്ടില്ല. മുഖ്യധാരാ പാർട്ടികളെ കൂട്ടാതെ ചെറു കക്ഷികളുടെ പിന്നാലെയാണ് പോക്ക്. എന്നാൽ ആരും ഇതുവരെ പിടികൊടുത്തിട്ടില്ല. ബിജെപി വിരുദ്ധ വോട്ടുകൾ നശിപ്പിക്കുന്ന ആളെന്ന പ്രതീതിയാണ് പ്രമുഖ കക്ഷികൾക്ക്. പടിഞ്ഞാറൻ യുപിയിലാണ് ഉവൈസിയുടെ കണ്ണ്. മീററ്റ്, മുസഫർപൂർ, ഗാസിയാബാദ് മേഖലകളിലെ മുസ്‌ലിം ഭൂരിപക്ഷമണ്ഡലങ്ങളാണ് മുഖ്യ ലക്ഷ്യം. എന്നാൽ ജാട്ട് വിഭാഗം ശക്തമായ ഇവിടെ ഉവൈസി വോട്ട് പിടിക്കുന്നത് ബിജെപിയെ സഹായിക്കുമെന്നാണ് ബിജെപി ഇതര പാർട്ടികളുടെ ആശങ്ക.

ഹിന്ദി ഭൂവിലേക്ക് ഉവൈസി

ഹൈദരബാദിൽനിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയും ഉവൈസി ഇന്ന് പ്രശസ്തനാണ്. ബിഹാറിലെ പിന്നാക്കക്കാരുടെ നാടായ കിഷൻ ഗഞ്ചിൽ വരെ അദ്ദേഹത്തിന്റെ ഖ്യാതി എത്തിയതിന്റെ തെളിവായി 2020ലെ തിരഞ്ഞെടുപ്പ്. അവിടെ നിന്നാണ് ബിഹാർ നിയമസഭയിലേക്ക് എംഐഎം ടിക്കറ്റിൽ രണ്ടു പേർ ജയിച്ചു കയറിയത്. ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്താൻ കാരണം ഉവൈസിയുടെ ‘വോട്ടുതീറ്റ’യാണെന്നാണ് മുഖ്യധാരാ കക്ഷികളുടെ വാദം. കോൺഗ്രസും ആർജെഡിയും തങ്ങളുടെ തോൽവിക്ക് ഉവൈസിയെ കുറ്റപ്പെടുത്തുന്നു. 

ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി, ബിഎസ്പി, സുഹൽദേവ് സമാജ് വാദി തുടങ്ങിയ കക്ഷികളുമായി സഖ്യമുണ്ടാക്കിയെങ്കിലും നേട്ടമുണ്ടാക്കിയത് എംഐഎം മാത്രമാണ്. ബിഹാർ നിയമസഭയിൽ അഞ്ചിടത്ത് ജയിച്ചു കയറി. മുസ്‍ലിം മേഖലകളിൽ എംഐഎം മത്സരിച്ച പല മണ്ഡലങ്ങളിലും ബിജെപിയും ജെഡിയുവും വൻഭൂരിപക്ഷത്തിലാണ് ജയിച്ചത്. എംഐഎം ജയിച്ച അഞ്ചിടത്തും ലാലുവിന്റെ പാർട്ടിയോ യുപിഎ സഖ്യകക്ഷികളോ മൂന്നാമതായി. 

yogi-adityanath
യോഗി ആദിത്യനാഥ്.

സീമാഞ്ചൽ മേഖലയിലാണ് എംഐഎം ഏറെ നേട്ടമുണ്ടാക്കിയത്. പൂർണിയ ജില്ലയിലെ അമോർ, ബെയ്സി, കിഷൻ ഗഞ്ചിലെ കൊച്ചദ് മാൻ, ബഹാദൂർ ഗഞ്ച്, അരാരിയയിലെ ജോക്കി ഹട്ട് മണ്ഡലങ്ങളിലായിരുന്നു എംഐഎം വിജയം. സഖ്യത്തിൽ മത്സരിച്ച കുശ്വാഹ പോലും തോറ്റപ്പോഴാണ് ഉവൈസിയുടെ അഞ്ചുസീറ്റിലെ വിജയം. ബിഹാറിലെ ഈ വിജയമാണ് ഉവൈസിയുടെ യുപി സ്വപ്നങ്ങൾക്കും ചിറകു നൽകിയത്.

2017ലെ ‘ജനവിധി’; 2021ല്‍ എന്ത്?

2017ൽ യുപിയിൽ 37 ഇടത്ത് മത്സരിച്ചെങ്കിലും നിലം തൊട്ടിരുന്നില്ല. ആകെ നേടിയത് 0.24% വോട്ട്. മഹാരാഷ്ട്രയിൽ 2019ൽ നിയമസഭയിലേക്ക് 44 പേരെ പോരിനിറക്കി. രണ്ടിടത്ത് ജയിച്ചു കയറി. കഴിഞ്ഞ വർഷം രാജസ്ഥാനിലും തൊട്ടുപിന്നാലെ ഗുജറാത്തിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അങ്ങിങ്ങ് നേടിയ വിജയങ്ങൾ ഉവൈസിയെ കൂടുതൽ മോഹിതനാക്കി. അതോടെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് എംഐഎം നീങ്ങിത്തുടങ്ങി. ഇന്ന് കേരളമൊഴിച്ചുള്ള എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും എംഐഎമ്മിന് യൂണിറ്റുണ്ട്. മുസ്‌ലിം ലീഗും വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും ഉള്ളയിടത്ത് വരാൻ ഉവൈസിക്ക് മടിയുണ്ട്.     

തമിഴ്നാട്, ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പിലേക്കും ഉവൈസി പറന്നെത്തി. ബംഗാളിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന് മാസങ്ങൾ മുൻപ് പ്രഖ്യാപിച്ചെങ്കിലും മമതയുടെ തോരോട്ടത്തിനും ബിജെപിയുടെ പോരാട്ടത്തിനും ഇടയിൽ കണ്ടുപിടിക്കാൻ പൊടിപോലുമില്ലാത്ത അവസ്ഥയായി. തമിഴ്നാട്ടിലും അസമിലും മത്സരിച്ചത് പലരും അറിഞ്ഞതേയില്ല. തമിഴ്നാട്ടിൽ ദിനകരന്റെ പാർട്ടിയുമായി കൈകോർത്തു മത്സരിച്ച മൂന്നിടത്തും നിഷ്പ്രഭമായി. വാണിയമ്പാടി പോലുള്ള മുസ്‌ലിം സ്വാധീന മേഖലയിൽ പോലും കാര്യമായ ചലനമുണ്ടാക്കാൻ ഉവൈസിക്കായില്ല.

mamata-banerjee
മമത ബാനർജി.

തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങൾക്കു പുറമെ കർണാടക, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, ജാർഖണ്ഡ്, യുപി, ഉത്തരാഖണ്ഡ്, അസം സംസ്ഥാനങ്ങളിലും പാർട്ടിക്ക് യൂണിറ്റുണ്ട്. ഈ വർഷമാദ്യം ഹൈദരബാദ് നഗരസഭ തിരഞ്ഞെടുപ്പിൽ നില മോശമാക്കാതെ 44 സീറ്റ് നേടി. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി കടന്നുകയറാനാണ്  ഇപ്പോൾ നോട്ടം. രാജസ്ഥാനിൽ കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പുകളിൽ ഏതാനും സീറ്റുകളിൽ വിജയം നേടി സാന്നിധ്യം അറിയിച്ചു.

ഗുജറാത്തിൽ കഴിഞ്ഞ വർഷം നഗരസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ട്രൈബൽ പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചു. മൂന്ന്  നഗരസഭകളിലായി 17 പേർ വിജയിച്ചു. ഗോദ്രയിൽ മത്സരിച്ച എട്ടിൽ ഏഴു പേരും ഭറൂച്ചിൽ നാലിൽ ഒരാളും ജയിച്ചപ്പോൾ മൊദാസയിൽ 12ൽ 9 പേരെ ജയിപ്പിക്കാനായി. ഈ മാസം കർണാടകയിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ ഹുബ്ബള്ളി– ധാർവാഡിൽ മൂന്നിടത്തും ബളഗാവിയിൽ ഒരിടത്തും വിജയിച്ചു. ഈ ആഴ്ച ആന്ധ്രയിൽ നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയവാഡയിൽ ഒരിടത്ത് ജയിക്കുകയും കർണൂൽ, അനന്തപ്പുർ, കടപ്പ കോർപറേഷനുകളിൽ എംഐഎം സാന്നിധ്യമറിയിക്കുകയും ചെയ്തു. ഇതിലൂടെയെല്ലാം മുഖ്യധാരാ പാർട്ടികൾക്കൊപ്പം പൊരുതാൻ കരുത്തുള്ള ആളാണെന്ന നയമാണ് ഉവൈസി പ്രഖ്യാപിക്കുന്നത്. അതിന്റെ ഫലം കണ്ടു തന്നെ അറിയണം.

ആറ് പതിറ്റാണ്ടിന്റെ രാഷ്ട്രീയം

ഹൈദരബാദിൽ ആറ് പതിറ്റാണ്ട് നീളുന്നതാണ് എംഐഎമ്മിന്റെ രാഷ്ട്രീയം. 1927ൽ ക്വായുദീൻ ഉവൈസിയാണ് സ്ഥാപകനെങ്കിലും 1938ൽ നവാബ് ബഹാദൂർ ജങ് അധ്യക്ഷനായതോടെയാണ് എംഐഎം ഹൈദരബാദ് നൈസാമിനെ പിന്തുണയ്ക്കുന്നവരുടെ പ്രസ്ഥാനമായി മാറിയത്. എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം സുൽത്താൻ സലാഹുദീൻ ഉവൈസി നേതൃത്വം ഏറ്റെടുത്തതോടെ രാഷ്ട്രീയ പ്രസ്ഥാനമായും പരിണമിച്ച് ഹൈദരാബാദിന്റെ പാർട്ടി ആയി വളർന്നു. 

salahuddin-owaisi
സലാഹുദീൻ ഉവൈസി. ചിത്രത്തിന് കടപ്പാട്: കുത്ബുദിൻ ഉവൈസി / ട്വിറ്റർ

1960ൽ ആദ്യമായി നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി 24 സീറ്റുമായി പ്രധാന പ്രതിപക്ഷമായി. 1962ൽ ആദ്യമായി എംഐഎമ്മിന്റെ പ്രതിനിധിയായി സലാഹുദീൻ ഉവൈസി ആന്ധ്ര നിയമസഭയിലെത്തി. 1984 വരെ തുടർച്ചയായി സുൽത്താൻ സലാഹുദീൻ നിയമസഭയിൽ തിളങ്ങി. 1984ൽ സുൽത്താൻ തട്ടകം മാറ്റി. ഇന്ദിരയുടെ മരണത്തിനു ശേഷം നടന്ന ആ തിരഞ്ഞെടുപ്പിലും കോൺഗ്രസ്, തെലുങ്കുദേശം പാർട്ടികളെ തകർത്ത് സുൽത്താൻ ഡൽഹിക്കു വണ്ടി കയറി. ഉവൈസി കുടുംബത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

മറ്റൊരു പാർട്ടിക്കും ഒരിടത്തും കിട്ടാത്ത പാരമ്പര്യാവകാശമാണ് ഹൈദരബാദ് നഗരം ഉവൈസിമാർക്ക് നൽകിയത്. തുടർന്ന്  ഒൻപത് ലോക്സഭാ തിരഞ്ഞെടുപ്പിലും ലക്ഷങ്ങളുടെ ഭൂരിപക്ഷം നൽകി നഗരം എംഐഎമ്മിനെ തന്നെ ജയിപ്പിക്കുന്നു. 1984 മുതൻ 2004 വരെ സുൽത്താനെ ജയിപ്പിച്ചവർ 2004ൽ മണ്ഡലം മകൻ അസദുദീന് കൈമാറി. ഇപ്പോൾ  തെലങ്കാന നിയമസഭയിലുള്ള ഏഴ് അംഗങ്ങളിൽ ഒരാൾ അസദുദ്ദീന്റെ സഹോദരൻ അക്ബറുദീനാണ്. മുസ്‌ലിം പാർട്ടിയെന്ന് മറ്റുള്ളവർ പറയുമ്പോഴും ഹൈദരബാദിന് മൂന്ന് ഹിന്ദുക്കളായ മേയർമാരെ സംഭാവന ചെയ്ത ചരിത്രവും എംഐഎമ്മിനുണ്ട്.

English Summary: Asaduddin Owaisi on a New UP Mission? AIMIM Leader Targets UP; What is BJP 'B Team' Issue?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA