മരിക്കും മുൻപേ തല വെട്ടിമാറ്റി, സഫിയയെ 3 കഷ്ണമാക്കി; പാവാടയിൽ കുരുങ്ങിയ സത്യം

Safiya Murder Case
ഇൻസെറ്റിൽ സഫിയ (Creative Image)
SHARE

മൃതദേഹങ്ങൾ സംസാരിക്കാറില്ല. പക്ഷേ, ഒരു മുടിനാരിഴയിലോ നഖത്തിലോ അവർ ഒളിപ്പിച്ച സത്യങ്ങൾ അവർക്കു വേണ്ടി കണ്ടെത്തി അവർക്കായി സംസാരിക്കുന്നവരാണ് ഫൊറൻസിക് സർജന്മാർ. ഓരോ മൃതദേഹവും അവർക്ക് മുന്നിൽ പുതിയ അനുഭവങ്ങളും പാഠങ്ങളുമാകുന്നു. കേരളത്തിലെ പ്രമുഖ ഫൊറൻസിക് സർജന്മാരുടെ കേസ് ഫയലുകളിലൂടെ, അവർ കണ്ടെത്തിയ സത്യങ്ങളിലൂടെ, വ്യത്യസ്തമായ ഒരു യാത്ര...കേൾക്കാം ‘മരിച്ചവരുടെ വർത്തമാനം’

പഴയൊരു പാവാടയിൽ രണ്ടു കെട്ടുകളാക്കിയ കുറച്ച് അസ്ഥികൾ. രണ്ടു വർഷത്തോളം നാൽപത് അടി താഴ്ചയുള്ള കിണറ്റിൽ ഉപേക്ഷിക്കപ്പെട്ട ഈ കെട്ടുകളിൽനിന്നു മനസ്സ് മരവിപ്പിക്കുന്ന ഒരു കൊലപാതകത്തിന്റെ വഴികളിലേക്ക് തെളിച്ച വെളിച്ചമാണ് സഫിയ കൊലക്കേസിനെ ഡോ.ഷേർലി വാസുവിന്റെ ഓർമകളിൽ വേറിട്ടു നിർത്തുന്നത്. മുപ്പതിനായിരത്തിലധികം പോസ്റ്റ്‌മോർട്ടങ്ങൾ നടത്തിയ ഡോക്ടറുടെ കേസ് ഫയലുകളിൽ സഫിയയും അവളിലേക്കുള്ള യാത്രകളും പുതിയ പഠനങ്ങളിലേക്കുള്ള ഓർമപ്പെടുത്തൽ കൂടിയാണ്.

സഫിയ എന്ന പെൺകുട്ടി

കാസർകോട് ബോവിക്കാനം മാസ്തിക്കുണ്ടിൽ കരാറുകാരൻ കെ.സി.ഹംസയുടെ വീട്ടിൽ ജോലിക്കു വന്ന കർണാടക മടിക്കേരി അയ്യങ്കേരിയിലെ പതിനൊന്നുകാരിയായ സഫിയയെ കാണാനില്ല എന്ന പരാതിയിൽ നിന്നാണ് സഫിയ കേസിന്റെ തുടക്കം. 2006 ഡിസംബർ 21നാണ് ആദൂർ പൊലീസ് സഫിയയെ കാണാതായതായി കേസ് റജിസ്റ്റർ ചെയ്തത്. ഡിസംബർ 20നു സഫിയയെ മാസ്തിക്കുണ്ടിലെ വീട്ടിൽ നിന്നു കാണാതായെന്നാണു ഹംസ മൊഴി നൽകിയത്. പരാതി ലഭിച്ച് ഏറെക്കാലം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്താത്തതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു പ്രക്ഷോഭം തുടങ്ങി.

women-crime

2008 ഏപ്രിൽ 10ന് സഫിയയുടെ മാതാപിതാക്കളും കർമസമിതിയും കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയതിനെ തുടർന്നു അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ഹംസയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗോവയിലെ വീട്ടിൽ വച്ച് 2006 ഡിസംബർ 16നു സഫിയ കൊല്ലപ്പെട്ടിരുന്നുവെന്നു ഹംസ കുറ്റസമ്മതം നടത്തി. തിളച്ച ക‍ഞ്ഞിവെള്ളം ദേഹത്തു മറിഞ്ഞു സഫിയയ്ക്കു പൊള്ളലേറ്റുവെന്നും തുടർന്നു ശരിയായ ചികിൽസ കിട്ടാതെ മരിക്കുകയായിരുന്നു എന്നായിരുന്നു മൊഴി.

ആരും അറിയാതിരിക്കാൻ കുളിമുറിയിൽ വച്ചു ശരീരം മുറിച്ചു മൂന്നു ഭാഗങ്ങളായി പൊതിഞ്ഞ് കാറിൽ വനപ്രദേശത്ത് ഉപേക്ഷിക്കാനായി പോയി. അവിടെ ഒരു പരിചയക്കാരനെ കണ്ടതിനാൽ മല്ലോറ മഹാദേവക്ഷേത്രത്തിനടുത്തുള്ള അണക്കെട്ടിനടുത്തു മണ്ണുമാന്തി യന്ത്രം കൊണ്ടു കുഴിയെടുത്തു മൃതദേഹം മൂടി. ഹംസ കുറ്റസമ്മതം നടത്തിയതോടെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ശരിക്കുള്ള വെല്ലുവിളികൾ ആരംഭിക്കുകയായിരുന്നു.

ഹംസ പറഞ്ഞ സ്ഥലത്ത് നിന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തണം, അതു സഫിയയുടേതാണെന്ന് തെളിയിക്കണം, മരണകാരണം കണ്ടെത്തണം എന്നിങ്ങനെ തെളിവുകൾക്ക് വലിയ പ്രാധാന്യമുള്ള നടപടിക്രമങ്ങളായിരുന്നു സംഘത്തിന് മുന്നിൽ‌ ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ.ഷേർലി വാസു കേസിന്റെ ഭാഗമാകുന്നത് ഇവിടെ വച്ചാണ്.

തെളിവുകൾ തേടി യാത്ര

ഒരു കൊലപാതകകേസിലെ മൃതദേഹം കണ്ടെത്തുന്നതിന്റെ ഭാഗമായി സൈറ്റ് വിസിറ്റിന് തയാറാകണമെന്ന നിർദേശമാണ് ഡോക്ടർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ആദ്യം ലഭിച്ചത്. കേസിന്റെ വിശദാംശങ്ങൾ അറിയിച്ചിരുന്നില്ല. പൊലീസ് ഫൊറൻസിക് വിഭാഗത്തിലെ സയന്റിസ്റ്റ് അന്നമ്മ ജോണും ഒപ്പമുണ്ടായിരുന്നു.

കാസർകോട് എത്തിയപ്പോഴാണ് യാത്ര ഗോവയിലേക്കാണെന്ന് മനസ്സിലായത്. മറ്റൊരു വാഹനത്തിൽ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ഹംസയെ കാസർകോട്ടെ അതിർത്തി ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥൻ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. രണ്ടു വർഷം മുൻപ് ആ ഉദ്യോഗസ്ഥൻ ജോലിക്ക് പ്രവേശിച്ച ദിവസം ഹംസയും കുടുംബവും കാറിൽ ഗോവയിൽ നിന്നു കാസർകോടേക്ക് പോയിരുന്നു.

crime-safiya

കാറിൽ രണ്ടു മുതിർന്നവരും മൂന്നു കുട്ടികളും എന്നാണ് ചെക്ക്പോസ്റ്റിൽ പറഞ്ഞത്. ജോലിയിലെ ആദ്യ ദിവസമായതിനാൽ ഉദ്യോഗസ്ഥൻ നേരിട്ട് ചെന്ന് പരിശോധിച്ചപ്പോൾ രണ്ടു മുതിർന്നവരും രണ്ടു കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ഒരു കുട്ടി എവിടെ എന്ന ചോദ്യത്തിന് പറഞ്ഞപ്പോൾ തെറ്റിപ്പോയി എന്നായിരുന്നു ഹംസയുടെ മറുപടി. രണ്ടു കുട്ടികളും രണ്ടു മുതിർന്നവരും എന്നു രേഖപ്പെടുത്തുകയും ചെയ്തു.

എന്നാൽ സഫിയയെ കാണാതായതു സംബന്ധിച്ച കേസന്വേഷണം ആരംഭിച്ചപ്പോൾ മൂന്നു കുട്ടികൾ എന്നു തിരുത്തിയത് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സഫിയയെ കാസർകോട് കൊണ്ടുവന്നിരുന്നെന്നും അവിടെ നിന്നാണ് കാണാതായതെന്നു വരുത്താനുള്ള ഹംസയുടെ ശ്രമമായിരുന്നു ചെക്ക്പോസ്റ്റിലെ കള്ളംപറച്ചിലും അതു പൊളിഞ്ഞപ്പോൾ പിന്നീട് നടത്തിയ തിരുത്തലും.

നിയോഗം പോലെ ആ ‘യന്ത്രം’

ഗോവയിലെ സർക്കാർ നിർമാണങ്ങളുടെ വർഷങ്ങളായുള്ള കരാറുകാരനായിരുന്നു ഹംസ. മന്ത്രിമാർ ഉൾപ്പെടെ രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലുമെല്ലാം നല്ല സ്വാധീനം. മല്ലോറ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള അണക്കെട്ടിന്റെ റിസർവോയറിന്റെ പണി നടക്കുന്ന സ്ഥലത്താണ് സഫിയയുടെ മൃതദേഹാവിഷ്ടങ്ങൾ കുഴിച്ചിട്ടതെന്ന് ഹംസ മൊഴി നൽകിയത്. എസ്കവേറ്റർ ഉപയോഗിച്ച് നാൽപത് അടിയോളം താഴ്ചയിൽ കുഴിയെടുത്താണ് കെട്ടുകൾ ഉപേക്ഷിച്ചത്. കിണർ കുഴിക്കാനെന്നാണ് ജോലിക്കാരോട് പറഞ്ഞത്. എന്നാൽ കെട്ടുകൾ ഉപേക്ഷിച്ച ശേഷം ക്ഷേത്രത്തിനു സമീപം കിണർ വേണ്ടായെന്നു പറഞ്ഞ് പിന്നീട് ഈ കുഴി മൂടുകയും ചെയ്തു.

ഗോവയിലെ ഉദ്യോഗസ്ഥരിൽനിന്നുള്ള നിസ്സഹകരണമാണ് കേരളത്തിൽനിന്നുള്ള അന്വേഷണ സംഘം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കുഴി എടുക്കാനുള്ള യന്ത്രം പോലും അവർ ലഭ്യമാക്കിയില്ല. പിന്നീട് മഹാരാഷ്ട്രയിൽ നിന്നാണ് യന്ത്രം എത്തിച്ചത്. ഒരു സർദാർ ആയിരുന്നു ഓപ്പറേറ്റർ. ഇതേ മെഷീൻ രണ്ടു വർഷം മുൻപും ഈ സ്ഥലത്ത് ജോലി ചെയ്തിട്ടുള്ളതായി സ്ഥലത്ത് എത്തിയപ്പോൾ അയാൾ കണ്ടെത്തി. മറ്റൊരാളായിരുന്നു അന്ന് ഓപ്പറേറ്റർ. എന്നാൽ ലൊക്കേഷൻ ഡേറ്റ ഉപയോഗിച്ച് കൃത്യമായ തീയതിയും എടുത്ത കുഴിയുടെ ആഴവും വരെ കണ്ടെത്താനായി. രണ്ടു തവണയും കുഴി എടുക്കാൻ ഒരേ യന്ത്രം തന്നെ ഒരു നിയോഗം പോലെ എത്തി. കോടതിയിലും മെഷീനിൽനിന്നുള്ള ഈ ഡേറ്റ തെളിവുകളായി അവതരിപ്പിച്ചു.

ബാക്കിയായ തെളിവുകൾ

അണക്കെട്ടിന്റെ റിസർവോയറിനു സമീപമായതിനാൽ ചെളി കലർന്ന മണ്ണായിരുന്നു പ്രദേശത്തേത്. താഴേക്കു പോകുന്തോറും ചെളിയും വെള്ളവും കൂടിക്കൂടി വന്നു. മറ്റാരും സഹായിക്കാൻ ഇല്ലാത്തതിനാൽ പൊലീസ് ഉദ്യോഗസ്ഥർ തന്നെയായിരുന്നു അരയിൽ കയർ കെട്ടി കുഴിയിൽ നിന്നു സാധനങ്ങൾ എടുത്തിരുന്നത്. ഹംസയുടെ ഭാര്യയുടെ ഒരു പഴയ സാരി അവർ തയ്യൽ പഠിക്കുമ്പോൾ പാവാടയായി തയ്ച്ച് സഫിയയ്ക്കു നൽകിയിരുന്നു. ഇതിലാണ് മൃതദേഹാവശിഷ്ടങ്ങൾ പൊതിഞ്ഞ് കിണറ്റിൽ ഇട്ടത്.

പോളിസ്റ്റർ ആയതിനാൽ സാരി ദ്രവിച്ചിരുന്നില്ല. പക്ഷേ അസ്ഥികളും പല്ലുകളും ഒഴികെയുള്ള ബാക്കി ശരീരഭാഗങ്ങളെല്ലാം നശിച്ചിരുന്നു. പ്രധാനമായും അസ്ഥികൾ ലഭിക്കാനായിരുന്നു പരിശോധന നടത്തിയത്. ചെളി പൊതിഞ്ഞ മരക്കമ്പുകൾ അസ്ഥികളാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ എടുത്ത് നൽകിയെങ്കിലും ബക്കറ്റിലെ വെള്ളത്തിൽ‌ ഇട്ട് അവ പരിശോധിച്ച് ഒഴിവാക്കി. അസ്ഥികൾ വെള്ളത്തിൽ ഒരിക്കലും പൊങ്ങിക്കിടക്കാറില്ല.

dr-shirly-vasu
ഡോ.ഷേർലി വാസു.

വൈകുന്നേരം ആയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങളിൽനിന്നുള്ള ആദ്യത്തെ അസ്ഥികൾ ലഭിച്ചത്. സന്ധ്യ ആയതോടെ ബാക്കി കുഴിക്കുന്നത് പിറ്റേ ദിവസത്തേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥർ കുഴിക്ക് സമീപം കാവൽ ഇരിക്കുകയും ചെയ്തു. രണ്ടാം ദിവസത്തെ പരിശോധനയിലാണ് തലയോട്ടി ഉൾപ്പെടെയുള്ള ബാക്കി ഭാഗങ്ങൾ ലഭിക്കുന്നത്. ഇവയെല്ലാം കൃത്യമായി ശേഖരിച്ച് സീൽ ചെയ്താണ് ഉദ്യോഗസ്ഥർ കേരളത്തിലേക്ക് മടങ്ങിയത്.

കേരളത്തിലെ പോലെത്തന്നെ സഫിയയുടെ കേസ് ഗോവയിലും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഹംസയുടെ വീട്ടിൽനിന്നു സമാന സാഹചര്യത്തിൽ മുൻപും ഇതു പോലെ രണ്ടു ചെറിയ പെൺകുട്ടികളെ കാണാതായതായിരുന്നു കാരണം. ദേശീയ ചാനലുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും കേരള പൊലീസ് മല്ലോറയിൽ എത്തിയപ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിൽ പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധിയായ ഇരുപതിൽ താഴെ വയസ്സുള്ള പെൺകുട്ടി ഡോക്ടർ ഷേർലി വാസുവിന്റെ ഓർമകളിൽ ഇന്നുമുണ്ട്.

തലയിൽ ഒരു വലിയ കെട്ടും കൈയിൽ ഒരു വടിയുമായി ആദ്യ ദിവസം മുതൽ അവർ സ്ഥലത്ത് ഉണ്ടായിരുന്നു. അസ്ഥികൾ ലഭിച്ചപ്പോൾ അവർ പരിശോധിച്ചതിനു ശേഷം മാത്രമേ പൊലീസിന് അതു നൽകിയുള്ളു. ഹംസയുടെ നാട്ടിൽ നിന്നുള്ളവരായതിനാൽ കേരള സംഘം കേസ് നേരായ രീതിയിൽ അന്വേഷിക്കില്ലെന്നായിരുന്നു അവരുടെ സംശയം. എന്നാൽ പൊലീസ് കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തതോടെ അതു മാറി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ഡിഎൻഎ പരിശോധന നടത്തിയ ചെന്നൈ ഫൊറൻസിക് സയൻസ് ലാബിലുമെല്ലാം ഇവർ എത്തിയിരുന്നു. കോടതിയിലും മൊഴി നൽകാനെത്തി.

അസ്ഥികൾ പറഞ്ഞത്...

മരിച്ചതിനു ശേഷം സഫിയയെ വെട്ടിമുറിച്ച് രണ്ടു കെട്ടുകളാക്കി കിണറ്റിൽ ഉപേക്ഷിച്ചെന്നായിരുന്നു ഹംസ മൊഴി നൽകിയത്. ലഭ്യമായ അസ്ഥികളിൽ നിന്നു മൃതദേഹം സഫിയയുടേത് തന്നെയാണെന്ന് ഉറപ്പിക്കുകയും മരണകാരണം കണ്ടെത്തുകയുമായിരുന്നു ഫൊറൻസിക് സംഘത്തിന്റെ പ്രധാന ജോലി. തലയോട്ടി, താടിയെല്ല്, കഴുത്തിലെ രണ്ടു വെർട്ടിബ്ര എന്നിവയായിരുന്നു മൃതദേഹാവശിഷ്ടങ്ങളിൽ നിന്നു ഡോക്ടർ ഷേർലി വാസുവിന് ലഭിച്ച പ്രധാന അസ്ഥികൾ.

തല വെട്ടിമാറ്റപ്പെട്ടിരുന്നതിനാൽ ആ വെട്ടിന്റെ അടയാളങ്ങളിൽനിന്നു മറ്റു കാര്യങ്ങൾ കണ്ടുപിടിക്കാനായി പിന്നീടുള്ള ശ്രമം. കഴുത്തിലെ വെർട്ടിബ്രകളുടെ സൂക്ഷ്മ പരിശോധനയിൽ മരിക്കുന്നതിന്റെ മുൻപുതന്നെ തല വെട്ടിമാറ്റിയിരുന്നു എന്നു കണ്ടെത്താനായി. അബോധാവസ്ഥയിലോ മറ്റോ കിടക്കുന്ന ഒരാളുടെ മുടിയിൽ പിടിച്ച് തല ഉയർത്തി, കഴുത്തിൽ ആഞ്ഞു വെട്ടിയതിന്റെ ലക്ഷണങ്ങളായിരുന്നു സഫിയയുടെ വെർട്ടിബ്രയിലെ അടയാളങ്ങൾക്ക്.

safiya-shanimol
സഫിയയുടെ അമ്മ (ഇടത്), ഷാനിമോൾ ഉസ്‌മാൻ (വലത്). ഫയൽ ചിത്രം

ഒരാൾ നിൽക്കുമ്പോൾ വെട്ടുന്നതിനും കിടക്കുമ്പോൾ വെട്ടുന്നതിനും ജീവനോടെ വെട്ടുന്നതിനും മരിച്ചതിനു ശേഷം വെട്ടുന്നതിനുമെല്ലാം പ്രത്യേക അടയാളങ്ങളാകും ബാക്കിയാകുക. സഫിയയുടെ ശരീരത്തിലെ വെട്ടുകളെല്ലാം മരിക്കുന്നതിനു മുൻപ് (Antimortem) ഉണ്ടായതാണെന്ന് കണ്ടെത്താൻ ഫൊറൻസിക് സംഘത്തിനായി. മരിച്ചതിനു ശേഷമാണ് ശരീരം വെട്ടിമുറിച്ചതെന്ന ഹംസയുടെ മൊഴി കള്ളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കണ്ടെത്തൽ. ദീർഘകാലം വെള്ളത്തിൽ കിടക്കുന്ന മൃതദേഹാവശിഷ്ടങ്ങളിലെ കൊഴുപ്പും കാൽസ്യവും ചേർന്ന് ഉണ്ടാകുന്ന അഡിപോസും (Adipocere) കണ്ടെത്താനായി. മൃതദേഹം വെള്ളത്തിൽ ഉപേക്ഷിച്ചതിന്റെ തെളിവായിരുന്നു ഇത്.

ലഭിച്ചത് സഫിയയുടെ അസ്ഥികളാണെന്ന് തെളിയിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തിയത് ചെന്നൈയിലെ ഫൊറൻസിക് സയൻസ് ലാബിലാണ്. അസ്ഥികളുടെ ഘടനയും നിറവും എല്ലാം കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ച് ഒരു മൃതദേഹത്തിൽ നിന്നുള്ളതാണെന്ന് ഉറപ്പുവരുത്തിയാണ് തിരഞ്ഞെടുത്തവ ചെന്നൈയിലേക്ക് അയച്ചത്. പിന്നീട് സഫിയയുടെ മാതാപിതാക്കളെയും ചെന്നൈയിൽ എത്തിച്ച് ഡിഎൻഎ ശേഖരിച്ചു.

അസ്ഥികളെല്ലാം സഫിയയുടേതാണെന്നായിരുന്നു പരിശോധന ഫലം. ഹംസയുടെ വീട്ടിൽ നിന്നു പൊലീസ് ഫൊറൻസിക് സംഘത്തിന് ലഭിച്ച തെളിവുകളും കേസിനു ബലമേകി. വീട്ടിലെ കുളിമുറിയിൽ വച്ചായിരുന്നു ശരീരം വെട്ടിമുറിച്ചത്. പിന്നീട് ഈ കുളിമുറി കഴുകി വൃത്തിയാക്കിയെങ്കിലും കഴുകാൻ ഉപയോഗിച്ച ചൂലിൽ നിന്നു ചോരയുടെ അംശം കണ്ടെത്തിയിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടു പോയ കാറിന്റെ ഫ്ലോർ മാറ്റിൽ നിന്നു കണ്ടെത്തിയ ചോരപ്പാടുകളും സഫിയയുടേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ തെളിയിച്ചു.

തെളിവുകൾ നൽകിയ ശിക്ഷ

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷയും 10 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിന്നീട് ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമാക്കി. കൂട്ടുപ്രതികളായിരുന്ന ഭാര്യ മൈമൂന, സഹോദരന്റെ ഭാര്യാ സഹോദരൻ അബ്ദുല്ല എന്നിവർക്കു മൂന്നു വർഷം വീതം തടവും വിധിച്ചു.

സഫിയ കൊല്ലപ്പെട്ടതാണെന്നു തെളിയിച്ച ഡിവൈഎസ്പി കെ.വി. സന്തോഷ്, ഡോ. ഷേർലി വാസു, ഡിഎൻഎ പരിശോധന നടത്തിയ ഡോ.ലക്ഷ്മി ബാലസുബ്രഹ്മണ്യം എന്നിവരുടെ മികവിനെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഡിഎൻഎ പരിശോധനയിൽ 99.4999 ശതമാനം പരിപൂർണമായ റിപ്പോർട്ടാണ് കോടതിക്കു ലഭിച്ചത്. ശേഖരിക്കപ്പെട്ട അസ്ഥികൾ ഒരു ചെറിയ പെൺകുട്ടിയുടേതാണെന്നും ആ കുട്ടി ഒന്നും രണ്ടും സാക്ഷികളായ സഫിയയുടെ മാതാപിതാക്കളുടെ ബയോളജിക്കൽ ചൈൽഡ് ആണെന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നു. ആ തെളിവില്ലായിരുന്നുവെങ്കിൽ ശേഖരിച്ച തലയോട്ടിയും അസ്ഥികളും ആരുടേതാണെന്ന ചോദ്യം നിലനിൽക്കുമായിരുന്നു.

സഫിയ എന്ന നോവ്

ചെറിയ കുട്ടികൾ ഇരകളായിട്ടുള്ള പല കേസുകളും കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും സഫിയ എന്നും ഒരു നോവായി അവശേഷിക്കുമെന്ന് ഡോ.ഷേർലി വാസു പറയുന്നു. ആകെ കണ്ടിട്ടുള്ള ഒരു ഫോട്ടോയിൽ നിന്നു തന്നെ ആ കുട്ടി അനുഭവിച്ച ദാരിദ്ര്യവും പട്ടിണിയുമെല്ലാം മനസ്സിലാകുമായിരുന്നു. ‌പിന്നീട് എല്ലുകളുടെ പരിശോധനയിൽ അവൾ അനുഭവിച്ച ക്രൂരത മനസ്സിലാക്കാൻ ആയി. എത്ര വേദനയിലൂടെയാകും ആ കുട്ടി കടന്നു പോയിട്ടുള്ളതെന്ന് ആർക്കും അറിയില്ല. ഇത്തരത്തിൽ വേദന അനുഭവിക്കുന്ന ധാരാളം കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. അവർക്ക് ഈ ചൂഷണങ്ങൾ മനസ്സിലാക്കാനും അതേക്കുറിച്ച് പ്രതികരിക്കാനുമുള്ള അവബോധം ഉണ്ടാക്കാനുള്ള നടപടികൾ ഇനിയും ശക്തമാകണം.

English Summary: How Forensic Experts Cracked Safiya Case? Who was Safiya?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA