ADVERTISEMENT

പാലക്കാട് ∙ തുടർന്യൂനമർദ്ദങ്ങൾ, ചക്രവാതങ്ങൾ, അകമ്പടിയായെത്തുന്ന അതിതീവ്രമഴകൾ, ലഘുമേഘസ്ഫോടനങ്ങൾ,  തലക്കെട്ടൊഴിയാതെ  എത്തുന്ന കെടുതികൾ, റെക്കോർഡ് മഴ കുറിച്ച് കാലവർഷവും തുലാവർഷവും. എത്രമഴപെയ്തിട്ടും രണ്ടുവർഷമായി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചൂട് കുറഞ്ഞിട്ടില്ല. ചൂടൊഴിയാത്ത കടലിൽ മീൻപിടിക്കാൻപോയ പലരും വെറും കയ്യോടെയാണ് കഴിഞ്ഞദിവസം മടങ്ങിയതും. 

കലങ്ങിമറിഞ്ഞും ഇടിഞ്ഞും നിറഞ്ഞും കുത്തിയൊലിച്ചുമുളള ഈ പെരുമഴക്കാലത്തിനുശേഷം കേരളത്തെ കാത്തിരിക്കുന്നത് എന്തായിരിക്കാം?  ഇത്തവണ നല്ല തണുപ്പുകാലമുണ്ടാകുമോ? വർഷങ്ങളായുള്ള രീതിയാണെങ്കിൽ ഇടുക്കിയും വയനാടും ഇപ്പോൾ തന്നെ മഞ്ഞിൻപുതപ്പ് മൂടേണ്ടതാണ്. എന്നാൽ എവിടെയും മഞ്ഞു തുടങ്ങിയിട്ടില്ല. കാലാവസ്ഥയിലെ ഈ വ്യതിയാനത്തിനൊപ്പം കടുത്ത ഉഷ്ണമെത്താനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം ഇത്തവണ  കേരളത്തിലുണ്ടാക്കിയ ആഘാതത്തിന്റെ അസംതുലിതാവസ്ഥ അന്തരീക്ഷത്തിൽ നിലനിൽക്കുമെന്നാണു കഴിഞ്ഞദിവസം കൊച്ചി സർവകലാശാലയിൽ ഇതു സംബന്ധിച്ച് നടന്ന സെമിനാറിൽ ഉയർന്ന നിരീക്ഷണങ്ങൾ. എല്ലാംതരത്തിലും അന്തരീക്ഷത്തിന്റെ അവ്യക്തതയിലാണ് കാലാവസ്ഥാ വിദഗ്ധരും ശാസ്ത്രജ്ഞരും കണ്ണുനട്ടിരിക്കുന്നത്.

പ്രവചനത്തിനും നിരീക്ഷണത്തിനും കണക്കുകൂട്ടലുകൾക്കുമപ്പുറം പോയ കാലവർഷക്കാലവും തുലാവർഷവും ശക്തമായ സൂചനകളും മുന്നറിയിപ്പുമാണ് കേരളത്തിനു നൽകിയതെന്ന് അവർ പറയുന്നു. ഒക്ടോബർ മുതൽ ഇതുവരെ ബംഗാൾ ഉൾക്കടലിലും,അറബിക്കടലിലുമായി ഒൻപതു ന്യൂനമർദ്ദങ്ങളാണ് ഉണ്ടായത്. അസാധാരണരീതിയിൽ ചക്രവാതങ്ങളും രൂപപ്പെട്ടു. ചിലവ ന്യൂനമർദ്ദങ്ങളായി ഒഴിയാതെ നിന്നു. ന്യൂനമർദ്ദം കരതൊട്ട്, കടലിൽ ചേർന്നു, വീണ്ടും ശക്തമായ മറ്റൊരു ന്യൂനമർദ്ദമായി രൂപംകൊണ്ട അസാധാരണ പ്രതിഭാസത്തിനും കാലവർഷക്കാലം സാക്ഷ്യംവഹിച്ചു. 

∙  വരുന്നത് കൊടുംവരൾച്ചയോ?

മുൻകാലങ്ങളിൽ ന്യൂനമർദ്ദങ്ങൾ കേരളത്തെ പരോക്ഷമായാണ് ബാധിച്ചിരുന്നതെങ്കിൽ ഇത്തവണ അതു നേരിട്ടുണ്ടായി. ആഘാതം കൂടുതലുണ്ടായത് കിഴക്കൻ ജില്ലകളിൽ. കെടുതികളിൽ നാൽപതിലധികം പേരാണ് മരിച്ചത്. കാലവർഷം പിൻവാങ്ങാതെ തുലാവർഷത്തിന്റെ ലക്ഷണങ്ങളെത്തിയതും പിന്നീട് രണ്ടും കലർന്ന അത്യപൂർവ സാഹചര്യവും കേരളത്തിലുണ്ടായി.

ഒക്ടോബർ 16,17 തീയതികളിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നേരിട്ട ദുരന്തം അപ്രതീക്ഷിതമായിരുന്നു. കുന്നിടിഞ്ഞും അരുവികളും തോടുകളും കുത്തിയൊലിച്ചും മണ്ണൊലിപ്പിന് ആക്കംകൂട്ടിയത് വരൾച്ചയ്ക്ക് വഴിയൊരുക്കാനാണ് സാധ്യത. ഏറ്റവും കൂടുതൽ മഴ ലഭിച്ചസ്ഥലങ്ങളിൽ കടുത്തവരൾച്ചയെന്ന സ്ഥിതിവിശേഷവും ഇനി ഉണ്ടായേക്കും. 

പതിവുവിട്ട് നീണ്ടുനിന്ന മഴക്കാലം, പിന്നാലെ കടുത്ത വരൾച്ച. കാലാവസ്ഥയിലെ ഈ രണ്ടുതീവ്രമുഖങ്ങളും ഇത്തവണ അനുഭവപ്പെട്ടേക്കാമെന്നാണ് വിലയിരുത്തൽ.  വ്യതിയാനങ്ങളുടെ ഭാഗമായി രൂപംകൊണ്ട ഒരു ചക്രവാതം ഇപ്പോഴും അറബിക്കടലിൽ ലക്ഷദ്വീപിനു സമീപത്തുണ്ടെന്നതും ഓർക്കണം. തുലാവർഷം ഡിസംബർ 31 വരെ എന്നാണ് സ്ഥിരം രീതിയെങ്കിലും അതിനിടയിൽ ഇനിയും മർദ്ദങ്ങളുണ്ടാകാനുളള സാധ്യതയും പുതിയ സാഹചര്യത്തിൽ വിദഗ്ധർ തള്ളിക്കളയുന്നില്ല.

∙ തണുപ്പൊഴിഞ്ഞ മകരമോ?

യൂറോപ്പിൽ ഡിസംബറിൽ തുടങ്ങിയിരുന്ന തണുപ്പ് ഇത്തവണ നവംബറിലേ ആരംഭിച്ചിട്ടുണ്ട്. ഏഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലും ചില പ്രദേശങ്ങളിൽ പ്രത്യേകിച്ചും കടുത്ത തണുപ്പുണ്ടാകുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ഇതിന്റെ തുടർച്ച രാജ്യത്തും കേരളത്തിലും അനുഭവപ്പെടാമെങ്കിലും കുറഞ്ഞദിവസമേ തണുപ്പുണ്ടാകൂ എന്നാണ് നിലവിലെ നിരീക്ഷണം. എന്നാൽ മഴ ഇത്രയും ശക്തമായി ലഭിച്ചതിനാൽ തണുപ്പിനു പേരുകേട്ട മകരമാസത്തിൽ അതു കൂടാനുള്ള സാധ്യതയും ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

അന്തരീക്ഷത്തിലെ പ്രതിഭാസങ്ങളെ തുടർന്ന് കാലവർഷത്തിന്റെ പിൻവാങ്ങൽ വൈകുകയും തുലാവർഷം എത്തുകയും ചെയ്തെങ്കിലും പരമ്പരാഗത രീതിയിൽ ഒക്ടോബർ ഒന്നുമുതൽ തുലാവർഷ മഴയായി തന്നെയാണ് കേന്ദ്രകാലാവസ്ഥവകുപ്പ് കണക്കു കൂട്ടുന്നത്. തുലാവർഷത്തിൽ ഇതുവരെ സാധാരണ ഈ സീസണിൽ കിട്ടുന്നതിനെക്കാൾ 115% അധികം മഴയാണ് കിട്ടിയത്.

ഒക്ടോബർ മൂന്നാമത്തെ ആഴ്ചയിലാണ് ഇത്തവണ  കാലവർഷം പിൻവാങ്ങിയത്. പിന്നീട് തുലാവർഷവും അതിശക്തമായി. അസാധാരണ കാലവർഷവും തുലാവർഷവും മണ്ണിലുണ്ടാക്കിയ ആഘാതം കുറച്ചല്ല. വരുംദിവസങ്ങളിൽ അതിന്റെ പ്രത്യാഘാതവും വിവിധരീതികളിൽ  അനുഭവിക്കേണ്ടിവരും. കാലാവസ്ഥയിലെ മാറ്റം വെറുംകഥമാത്രമെന്ന പലരുടെയും വിശ്വാസമാണ് ഇത്തവണത്തെ മഴക്കാലത്ത് ഒലിച്ചുപോയത്. തക്കാളിയുടെ പൊള്ളുന്ന വിലയായി കാലവർഷ വ്യതിയാനം ഇത്തവണ അടുക്കളയിലുമെത്തി. ഇനി ഒരുപക്ഷേ കൊടുംവരൾച്ചയുടെ രൂപത്തിൽ അതു വീട്ടകങ്ങളിലുമെത്താം.

English Summary: Climate change may affect winter and summer in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com