ADVERTISEMENT

കൊച്ചി ∙ ദത്തുവിവാദത്തെ തുടർന്ന് അനുപമ ചന്ദ്രന്റെ കുഞ്ഞിന്റെ കാര്യത്തിൽ കേരളം കാത്തിരുന്ന ഡിഎൻഎ പരിശോധനാ ഫലം ഒറ്റ ദിവസം കൊണ്ട് വന്നപ്പോൾ, രണ്ടര വർഷത്തിലേറെ കാത്തിരുന്നിട്ടും ഫലം വന്നിട്ടില്ലാത്ത ഒരു ഡിഎൻഎ പരിശോധനയുണ്ട്. 2019 ജൂലൈ അവസാനം മുംബൈ ബൈക്കുള ജെ.ജെ. ആശുപത്രിയിൽ നടത്തിയ ഡിഎൻഎ പരിശോധന. സിപിഎം  സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാ ഫലം.

ദുബായിലെ ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിനി, തന്നെ ബിനോയി വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നും ഈ ബന്ധത്തിൽ എട്ടു വയസ്സുള്ള മകനുണ്ടെന്നും കാണിച്ച് ഒഷ്‍വാര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടികൾ. പരാതിയുടെ ആദ്യ ഘട്ടത്തിൽ അഭിഭാഷകരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടന്നെങ്കിലും അതു പാളിയതോടെ യുവതി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.

അതേസമയം, യുവതിയുടേത് വ്യാജ പരാതിയാണെന്നും കുഞ്ഞ് തന്റേതല്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ബിനോയ് കോടിയേരി. ഇതേ തുടർന്നാണ് കേസ് ഡിഎൻഎ പരിശോധനയിലേക്കു പോയതും ഇപ്പോൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതും. കോടതി നിർദേശത്തെ തുടർന്ന് ബിനോയിയുടെ രക്തസാംപിൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഫലം മുദ്ര വച്ച കവറിൽ പൊലീസ് മുംബൈ കോടതിക്കു കൈമാറി. രഹസ്യരേഖ എന്ന നിലയിൽ കോടതിയിൽ സമർപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ, ഫലമെന്താണെന്ന് വാദിഭാഗം പോലും അറിഞ്ഞിട്ടുണ്ടാവില്ല. കേസ് കോടതിയിൽ എത്തുമ്പോൾ മാത്രമായിരിക്കും ഫലം പുറംലോകമറിയുക. 2019 ൽ കേസ് പരിഗണിച്ച കോടതി പിന്നീടതു പരിഗണിക്കുന്നതു കഴിഞ്ഞ ജൂണിലേക്കു മാറ്റിയിരുന്നു. കോവിഡ് പ്രശ്നങ്ങൾ വന്നതോടെ കേസ് വീണ്ടും ഡിസംബറിലേക്കു മാറ്റി വച്ചിരിക്കുകയാണ്. 

മുംബൈയിൽ കേസുകളുടെ എണ്ണം കൂടുതലുള്ളതിനാൽ ഡിഎൻഎ പരിശോധനയുടെ ഫലവും വൈകിയിട്ടുണ്ടാവണം. നിലവിൽ കേസിന്റെ അവസ്ഥ എന്തെന്നു വിശദീകരിക്കാൻ യുവതിയുടെ ഭാഗത്തുള്ളവരോ ബിനോയിയുടെ ഭാഗത്തുള്ളവരോ തയാറായിട്ടില്ല. ‍ഡിസംബറിലോ അടുത്ത ജനുവരിയിലോ പരിശോധനാ ഫലം പുറത്തുവരുമെന്നാണു കരുതുന്നത്.

English Summary: Forensic Lab overburdened with work, DNA Test results delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com