ADVERTISEMENT

ലോകത്ത് ഏറ്റവുമധികം മദ്യപാനികൾ ഏതു രാജ്യത്താകും? അധികമാലോചിക്കേണ്ട, ഗ്ലോബൽ ഡ്രഗ് സർവേ അതിനുത്തരം നൽകുന്നു. ഓസ്ട്രേലിയയ്ക്കാണ് ആ ‘ബഹുമതി’. 22 രാജ്യങ്ങളിൽ നിന്നുള്ള 32,000ൽ അധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ 2021ലെ സർവേയാണ് ലോകത്തിലെ ഏറ്റവും വലിയ ‘വെള്ളമടി രാജ്യമായി’ ഓസ്ട്രേലിയയെ തിരഞ്ഞെടുത്തത്. ഡെൻമാർക്ക് രണ്ടും സ്വീഡൻ മൂന്നും സ്ഥാനത്തുമുണ്ട്. യുകെയും കാനഡയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 

2012ൽ ലണ്ടൻ ആസ്ഥാനമായി സ്ഥാപിതമായ സ്വതന്ത്ര ഗവേഷണ സ്ഥാപനമാണ് ഗ്ലോബൽ ഡ്രഗ് സർവേ (ജിഡിഎസ്). മദ്യം, ലഹരിമരുന്ന് എന്നിവയുടെ ഉപയോഗവും ഉപയോഗ രീതികളും സംബന്ധിച്ച് വർഷാവർഷം സർവേ നടത്തി റിപ്പോർട്ടുകൾ പുറത്തുവിടുന്നു. ഇക്കൊല്ലത്തെ സർവേയിൽ പങ്കെടുത്ത ഓസ്ട്രേലിയക്കാരിൽനിന്നു ശേഖരിച്ച കണക്കുകൾ പ്രകാരം ഓസ്ട്രേലിയക്കാർ വർഷത്തിൽ 26.7 തവണയെങ്കിലും മദ്യപിക്കുന്നു. ഇത് ആഗോള ശരാശരിയുടെ രണ്ടിരട്ടിയാണെന്ന് സർവേ പറയുന്നു.

ഓസ്ട്രേലിയക്കാർ രണ്ടാഴ്ചയിലൊരിക്കൽ അമിതമായി മദ്യപിക്കുമെന്നും സർവേയിൽ തെളിഞ്ഞു. പുരുഷന്മാരെക്കാൾ സ്ത്രീകളാണ് ഓസ്ട്രേലിയയിൽ കൂടുതൽ മദ്യപിക്കുന്നതെന്നതും സർവേയിലെ കണ്ടെത്തലാണ്. ബീയറും വൈനുമാണ് അവിടുത്തുകാരുടെ ഇഷ്ടമദ്യമെന്നും സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി.

ഇത്രയും കുറച്ചു കുടിച്ച പാവങ്ങളായ ഓസ്ട്രേലിയക്കാരാണോ ഒന്നാമതെത്തിയതെന്ന് ആലോചിക്കുമ്പോൾ അറിയുക സർവേയിൽ മദ്യപിച്ച അവസ്ഥയ്ക്ക് കൃത്യമായ നിർവചനമുണ്ടായിരുന്നു. അതുപ്രകാരം കുടിച്ചു ലക്കുകെട്ട് സ്വബോധം നഷ്ടമായ അവസ്ഥയാണ് സർവേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയത്. 

കൊറോണക്കാലത്ത് മറ്റു രാജ്യങ്ങളെല്ലാം അടച്ചിടലിലേക്കും മറ്റും നീങ്ങിയപ്പോൾ ഓസ്ട്രേലിയ ആ വഴിക്കു നീങ്ങിയത് ഡെൽറ്റാ വകഭേദം വ്യാപിച്ച രണ്ടാം ഘട്ടത്തിൽ മാത്രമാണ്. അതുവരെ രാജ്യത്തെ ബാറുകളും മറ്റും തുറന്നിരിക്കുകയായിരുന്നു. ഇക്കാരണത്താലാകാം ഏറ്റവുമധികം മദ്യപിച്ച രാജ്യമാകേണ്ടി വന്നതെന്നാണ് സർവേയിൽത്തന്നെ പറയുന്നത്. 

മദ്യപാന ശേഷമുള്ള പശ്ചാത്താപത്തിന്റെ കണക്കുകളും സർവേ രേഖപ്പെടുത്തുന്നു. വളരെ വേഗം കൂടുതൽ അളവ് കുടിക്കേണ്ടി വന്നു, പല ബ്രാൻ‍ഡ് കലർത്തി കഴിച്ചു, തന്നെക്കാൾ കേമനായ മദ്യപാനിക്കൊപ്പം കഴിക്കേണ്ടി വന്നു തുടങ്ങിയവയൊക്കെയാണ് പശ്ചാത്താപ കാരണങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. മദ്യപിച്ചു പോയതിൽ അളവറ്റ പശ്ചാത്താപമുള്ളവർ കൂടുതലുള്ളത് അയർലൻഡിലാണ്– 28.4%.  മദ്യപിച്ചതിന്റെ 24% അവസരങ്ങളിലാണ് ഓസ്ട്രേലിയക്കാർ പശ്ചാത്തപിക്കുന്നത്. മദ്യപിച്ചതിൽ പശ്ചാത്താപം ഏറ്റവും കുറവ് ഡെൻമാർക്കുകാർക്കും ഫിൻലൻഡുകാർക്കുമാണ് (17%). 

ദുഃഖമോ സങ്കടങ്ങളോ കൂടുമ്പോഴാണ് ഏറ്റവുമധികം പേർ മദ്യപിക്കാൻ അവസരം തേടുന്നതെന്ന കണ്ടെത്തലും സർവേയിലുണ്ട്. ചെറിയ അളവിൽ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയും സർവേ രേഖപ്പെടുത്തുന്നു. ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവർ കൂടുതലും തിരഞ്ഞെടുക്കുന്നത് കഞ്ചാവും എൽഎസ്ഡിയുമാണെന്ന് സർവേ പറയുന്നു. 

സർവേയിലെ ചില കണ്ടെത്തലുകൾ

∙ സർവേയിൽ പ്രതികരണം അറിയിച്ചവരിൽ മദ്യപിച്ച 21% അവസരങ്ങളിലും അതിൽ ഖേദിക്കുന്നവരാണ്. പോയ വർഷത്തെ സർവേയിൽ  ഇത് 30% ആയിരുന്നു. 

∙ ഏറ്റവും കുറച്ചു മദ്യപിച്ച രാജ്യം ന്യൂസീലാൻഡ് ആണ്. സർവേയിൽ പങ്കെടുത്ത ന്യൂസീലാൻഡുകാർ മദ്യപിച്ചത് ശരാശരി 10 തവണ മാത്രമാണ്. 

∙ കോവിഡ് കാലത്ത് ആളുകൾ മുൻപത്തെക്കാളേറെ കുടിച്ചു. 

∙ സർവേയിൽ പങ്കെടുത്തവരിൽ ഒരു ശതമാനം പേർ മദ്യപിച്ചു ലക്കു കെട്ട അവസ്ഥയിൽ വൈദ്യസഹായം തേടി.

∙ ചെറിയ അളവിൽ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവർ ഏറെയും ചികിത്സാർഥമാണ് അതിനു തുനിയുന്നത്. 

∙ മുൻവർഷത്തെ അപേക്ഷിച്ച് പുകവലിയും മദ്യപാനവും കുറഞ്ഞു. 2020ലെ സർവേയിൽ പുകവലിക്കുമെന്ന് അറിയിച്ചവരുടെ ശരാശരി 60.8% ആയിരുന്നെങ്കിൽ പുതിയ സർവേയിൽ അത് 51% ആയി കുറഞ്ഞു. 

∙ കൊക്കെയ്ൻ ഉപയോഗത്തിലും കുറവ്. 2020ൽ 31% പേർ കൊക്കെയ്ൻ ഉപയോഗിക്കുമെന്ന് അറിയിച്ചെങ്കിൽ 2021 സർവേയിൽ അത് 23.5% പേർ ആയി കുറഞ്ഞു. 

English Summary: Australia is the drunkest country in the world, according to survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com