ADVERTISEMENT

കൊഹിമ∙ നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണർ കൊല്ലപ്പെട്ടു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഗ്രാമീണർ കൊല്ലപ്പെട്ടതെന്നു പൊലീസ് അറിയിച്ചു. ഗ്രാമവാസികളെ കലാപകാരികളെന്നു തെറ്റിദ്ധരിച്ചു വെടിവച്ചതെന്നാണ് സൂചന. സംഭവത്തിൽ ഒരു ജവാനും വീരമൃത്യു വരിച്ചു.

സാധാരണക്കാരുടെ കൊലപാതകം നിർഭാഗ്യകരമെന്നു മുഖ്യമന്ത്രി നെഫ്യൂ റിയോ പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ജനങ്ങൾ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. അടിയന്തര യോഗം ചേരാൻ മുഖ്യമന്ത്രി ഡൽഹിയിൽനിന്ന് കൊഹിമയിലേക്ക് തിരിച്ചു.

സംഭവത്തെത്തുടർന്ന് മൊബൈൽ ഇന്റർനെറ്റ്, മെസേജിങ് സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കി. കൊഹിമയിലെ പ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവൽ ഒഴിവാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി നാഗാലാൻഡ് ഗവർണർ ജഗദീഷ് മുഖി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ക്രമസമാധാനം നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, തിരു-ഒട്ടിങ് റോഡിൽ ആക്രമണം സുരക്ഷാസേന നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഗ്രാമവാസികളെ കലാപകാരികളായി തെറ്റിദ്ധരിക്കുകയായിരുന്നെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.

വെടിവയ്‌പിൽ ഗ്രാമവാസികൾ കൊല്ലപ്പെട്ടതോടെ രോഷാകുലരായ ജനക്കൂട്ടം, സുരക്ഷാസേനയെ വളഞ്ഞു. സ്വയം പ്രതിരോധത്തിനായി സൈന്യത്തിന് ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കേണ്ടിവന്നതായും നിരവധി ഗ്രാമീണർക്ക് വെടിയേറ്റതായും പൊലീസ് അറിയിച്ചു. സുരക്ഷാസേനയുടെ നിരവധി വാഹനങ്ങൾക്ക് ജനക്കൂട്ടം തീയിട്ടു.

English Summary: Several Villagers, Jawan Killed During Security Ops In Nagaland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com