ADVERTISEMENT

തിരുവനന്തപുരം ∙ വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ്‌സിക്കു നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്നും അത്തരമൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിടണമെങ്കിൽ സ്പെഷൽ റൂൾസ് രൂപീകരിക്കണം.

ഇതു സംബന്ധിച്ച് പിഎസ്‍‌സിയുടെ അഭിപ്രായം തേടണം. ദേവസ്വം ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിടുന്നതിനു മുൻപായി സർക്കാർ അഭിപ്രായം തേടിയിരുന്നു. പ്രത്യേക മത വിഭാഗത്തിൽപ്പെട്ട കുറച്ച് ഉദ്യോഗാർഥികൾക്കു മാത്രം ബാധകമായതിനാൽ റിക്രൂട്ട്മെന്റ് ചുമതല ഏറ്റെടുക്കുന്നതിലെ അസൗകര്യം പിഎസ്‌സി ചൂണ്ടിക്കാട്ടി. തുടർന്നാണ് സർക്കാർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിച്ചത്. വഖഫ് ബോർഡിലെ നിയമനങ്ങൾക്കും പ്രത്യേക ബോർഡ് രൂപീകരിക്കാനാണു സാധ്യത.

വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‍സിക്കു വിട്ട തീരുമാനം ഇപ്പോൾ നടപ്പിലാക്കില്ലെന്നു സർക്കാർ ഉറപ്പു നൽകിയതായി സമസ്ത നേതാക്കൾ ചർച്ചയ്ക്കുശേഷം പറഞ്ഞു. വഖഫിന്റ നിയന്ത്രണം മുസ്‌ലിം സംഘടനകൾക്കുണ്ടാകണമെന്നും ഇപ്പോഴെടുത്ത തീരുമാനം മാറ്റണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പിഎസ്‌സിക്കു വിട്ട തീരുമാനം നടപ്പിലാക്കില്ലെന്നും മരവിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ സംസാരത്തിൽനിന്ന് മനസ്സിലായതെന്നു നേതാക്കൾ പറഞ്ഞു.

ആശങ്ക മാറണമെങ്കിൽ തീരുമാനം റദ്ദു ചെയ്യണമെന്ന് സമസ്ത നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിൻമേൽ സ്വീകരിക്കണ്ട ഭാവിപരിപാടികൾ സമസ്തയുടെ ഉന്നത നേതാക്കൾ തീരുമാനിക്കും. പിഎസ്‌സിക്കു വിട്ട തീരുമാനം റദ്ദാക്കണം, ജീവനക്കാരുടെ നിയമനത്തിനു റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കണം, വഖഫ് ബോർഡിൽ മുസ്‌ലിംകൾക്കു മാത്രം ജോലി ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കണം തുടങ്ങിയവയാണ് സമസ്തയുടെ ആവശ്യം.

English Summary: Kerala government will cancel the decision of Waqf appointments to PSC says Samastha Kerala Jamiyyathul Ulama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com