ADVERTISEMENT

കൊഹിമ ∙ വിഘടനവാദി ഭീകരസംഘമെന്നു തെറ്റിദ്ധരിച്ചു സൈന്യം നടത്തിയ വെടിവയ്പിലും തുടർന്നുള്ള സംഘർഷത്തിലും 14 ഗ്രാമീണർ കൊല്ലപ്പെട്ടതിനു പിന്നാലെ, പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ്. അഫ്സ്പ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് കേന്ദ്ര സർക്കാരിനു കത്തെഴുതുമെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അഫ്സ്പ പിൻവലിക്കണമെന്നു നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഗ്രാമീണരുടെ മരണാനന്തരച്ചടങ്ങിനു ശേഷമായിരുന്നു റിയോയുടെ ട്വീറ്റ്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സൈന്യത്തിന് അമിതാധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്നു വിവിധ മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും അഫ്സ്പ നിലവിലുണ്ട്.

ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമാണു നെഫ്യു റിയോ. അതിനാൽ അഫ്സ്പ പിൻവലിക്കുന്നതിൽ കേന്ദ്രത്തിനുമേൽ രാഷ്ട്രീയ സമ്മർദവുമുണ്ട്. ഇതിനിടെ, നാഗാലാൻഡിലെ ഏറ്റവും വലിയ ആഘോഷമായ ഹോൺബിൽ ഫെസ്റ്റിവൽ നിർത്തിവച്ചു. ഒട്ടേറെ ഗോത്രങ്ങൾ ഫെസ്റ്റിവലിൽനിന്നു പിന്മാറി. വെടിവയ്പിനെതിരെ കൊഹിമ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. മോൺ ജില്ലയിൽ മൊബൈൽ ഫോൺ സേവനം റദ്ദാക്കി, നിരോധനാജ്ഞയുമുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് നാഗാ സ്റ്റുഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഓടിങ്, ടിരു ഗ്രാമങ്ങളുടെ അതിർത്തിയിൽ ശനിയാഴ്ച വൈകിട്ടാണു സംഭവങ്ങളുടെ തുടക്കം. കൽക്കരിഖനിയിലെ ജോലി കഴിഞ്ഞ് പിക്കപ് വാനിൽ പാട്ടുപാടി വീടുകളിലേക്കു മടങ്ങുകയായിരുന്ന തൊഴിലാളികൾക്കാണു വെടിയേറ്റത്. എൻഎസ്‌സിഎൻ (കെ – യുങ് ഓങ്) തീവ്രവാദികൾ വെളുത്ത ജീപ്പിൽ വരുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. ഇവരെന്നു തെറ്റിദ്ധരിച്ചു തൊഴിലാളികൾക്കു നേരെ സൈന്യം നടത്തിയ വെടിവയ്പിൽ 6 പേർ സംഭവസ്ഥലത്തു കൊല്ലപ്പെട്ടു.

പരുക്കേറ്റ 2 പേരെ സൈനികർ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീടു മരിച്ചു. രാത്രിയായിട്ടും തൊഴിലാളികൾ തിരിച്ചെത്താതിരുന്നപ്പോൾ തേടിയിറങ്ങിയ യുവാക്കൾ ഉൾപ്പെടുന്ന സംഘം സൈന്യത്തെ വളഞ്ഞുവയ്ക്കുകയും വാഹനങ്ങൾക്കു തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആദ്യം ആകാശത്തേക്കും പിന്നീട് നേരെയും സൈന്യം വെടിവച്ചു. ഇതിൽ 5 പേർ കൂടി കൊല്ലപ്പെട്ടു. സംഘർഷവും വെടിവയ്പും തുടർന്നപ്പോൾ ഒരു മരണം കൂടിയുണ്ടായി.

സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആശങ്കയും വേദനയും പ്രകടിപ്പിച്ചു. അബദ്ധത്തിലുണ്ടായ വെടിവയ്പാണെന്നും സർക്കാരിന് അഗാധ ദുഃഖവും ഖേദവുമുണ്ടെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ അമിത് ഷാ വ്യക്തമാക്കി. രഹസ്യ വിവരത്തെത്തുടർന്നാണ് കെണിയൊരുക്കി കാത്തിരുന്നത്. ആ വഴി വന്ന വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോയതിനെത്തുടർന്നു സൈന്യം വെടിവയ്ക്കുകയായിരുന്നു. പ്രത്യേകാന്വേഷണ സംഘം ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും ഷാ പറഞ്ഞു.

English Summary: Nagaland Botched Army Op Fallout: State To Ask Centre To Cancel AFSPA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com