ADVERTISEMENT

തിരുവനന്തപുരം ∙ 32 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. 32 ൽ 16 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ്–11, ബിജെപി–1, സ്വതന്ത്രർ–4. കൊച്ചി, തിരുവനന്തപുരം കോർപറേഷൻ ഡിവിഷനുകൾ എൽഡിഎഫ് നിലനിർത്തി. പിറവത്ത് നഗരസഭാ ഭരണവും നിലനിർത്തി. അരൂർ, നന്മണ്ട, ശ്രീകൃഷ്‌ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എൽഡിഎഫിനാണ്.

എൽഡിഎഫ് കക്ഷി നില: സിപിഎം– 15, സിപിഐ–1

യുഡിഎഫ് കക്ഷിനില: ഐഎൻസി (ഐ)–6, ഐയുഎംഎൽ–4, ആർഎസ്‌പി–1

എൻഡിഎ കക്ഷിനില -ബിജെപി–1

സ്വതന്ത്രർ– 4

ഇരിങ്ങാലക്കുട നഗരസഭയും കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തും യുഡിഎഫ് നിലനിർത്തി. രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭയിലും യുഡിഎഫ് ജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാർഡിൽ ബിജെപി ഒരു വോട്ടിന് ജയിച്ചു. പാലക്കാട് എരിമയൂരിൽ ജയം എൽഡിഎഫ് വിമതന്.

ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 32 വാര്‍ഡുകളിലായി 75.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

∙ ഇടുക്കി ജില്ല

ഇടുക്കി ജില്ലയിലെ രണ്ട് വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒരു സീറ്റിൽ യുഡിഎഫും ഒരു സീറ്റിൽ ബിജെപിയും ജയിച്ചു. രാജാക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ യുഡിഎഫ് 240 വോട്ടുകൾക്ക് ജയിച്ചപ്പോൾ, ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാർഡിൽ ബിജെപി ഒരു വോട്ടിന് ജയിച്ചു. രാജാക്കാട് യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തിയപ്പോൾ ഇടമലക്കുടിയിൽ എൽഡിഎഫിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ഉപതിരഞ്ഞെടുപ്പ് ഫലം ഇരു പഞ്ചായത്തിലും ഭരണത്തെ ബാധിക്കില്ല.

k-ashokan
കെ.അശോകൻ

∙ കോട്ടയം ജില്ല

കോട്ടയം ജില്ലയിൽ മാഞ്ഞൂർ പഞ്ചായത്തിൽ 12–ാം സീറ്റിൽ യുഡിഎഫും കാണക്കാരി പഞ്ചായത്ത് 9–ാം വാർഡിൽ എൽഡിഎഫും ജയിച്ചു. മാഞ്ഞൂരിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. കാണക്കാരി 9–ാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 

∙ ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ അനന്തു രമേശൻ 6000ൽ ഏറെ വോട്ടിനു ജയിച്ചു. തകരാറിലായ ഏതാനും യന്ത്രങ്ങളിലെ വോട്ട് കൂടി എണ്ണിയപ്പോൾ അനന്തുവിന്റെ ഭൂരിപക്ഷം 9490 ആയി.

∙ പാലക്കാട് ജില്ല

ഓങ്ങല്ലൂർ പഞ്ചായത്തിലെ 8–ാം വാർഡ് (കർക്കിടകച്ചാൽ) എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ്  സ്ഥാനാർഥിയായിരുന്ന കെ.അശോകൻ 380 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ആകെ 1078 വോട്ട് പോൾ ചെയ്തപ്പോൾ എൽഡിഎഫിന്റെ കെ.അശോകന് 693 വോട്ടും ബിജെപി സ്ഥാനാർഥി സി.കെ.ശങ്കുരാജ് 313 വോട്ടും നേടി. യുഡിഎഫ് സ്ഥാനാർഥി ടി.കെ.നാരായണന് 72 വോട്ടും ലഭിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ പി.ഉണ്ണികൃഷ്ണൻ മരിച്ചതിനെ തുടർന്നയിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തരൂർ പഞ്ചായത്ത് ഒന്നാം വാർഡും എൽഡിഎഫ് നിലനിർത്തി. എരിമയൂർ പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥി പിടിച്ചെടുത്തു. എൽഡിഎഫ് നിർത്തിയ സിപിഐ സ്ഥാനാർഥിക്കെതിരെ സിപിഎം പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥിയാണ് ജയിച്ചത്.

∙ എറണാകുളം ജില്ല

കൊച്ചി കോർപറേഷനിൽ ഉപതിരഞ്ഞെടുപ്പു നടന്ന ഗാന്ധിനഗർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ ബിന്ദു ശിവൻ യുഡിഎഫിലെ പി.ഡി.മാർട്ടിനെ 687 വോട്ടിനു പരാജയപ്പെടുത്തി. ഈ വിജയത്തോടെ 74 അംഗ കൗൺസിലിൽ 4 സ്വതന്ത്രരുടെ ഉൾപ്പെടെ 37 പേരുടെ പിന്തുണ എൽഡിഎഫിനുണ്ട്. യു‍ഡിഎഫിനു 32 പേരുടെ പിന്തുണയേയുള്ളൂ. ബിജെപിക്ക് 4 അംഗങ്ങളും. ബിജെപി കൗൺസിലറുടെ മരണത്തെ തുടർന്ന് ഒരംഗത്തിന്റെ കൂടി ഒഴിവുണ്ട്.

പിറവം നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. ഉപതിരഞ്ഞെടുപ്പു നടന്ന ഇടപ്പള്ളിച്ചിറ ഡിവിഷനിൽ എൽഡിഎഫിലെ ഡോ. അജേഷ് മനോഹർ യുഡിഎഫിലെ അരുൺ കല്ലറയ്ക്കലിനെ 26 വോട്ടിനു പരാജയപ്പെടുത്തി.

∙ കൊല്ലം ജില്ല

ഉപതിരഞ്ഞെടുപ്പു നടന്ന, രണ്ടു പഞ്ചായത്തു വാർഡുകളിലും യുഡിഎഫിന് ജയം. തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ ആർഎസ്പി സ്ഥാനാർഥി ജയിച്ചു. ബിജെപി അംഗം അയോഗ്യനായതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ഇപ്പോൾ ബിജെപി മൂന്നാം സ്ഥാനത്തായി. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ചിതറ പഞ്ചായത്ത് സത്യമംഗലം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചു. യുഡിഎഫ് സീറ്റ് നിലനിർത്തി. സർക്കാർ ജോലി ലഭിച്ചതിനാൽ പഞ്ചായത്ത് അംഗം രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫ് ആണ്.

local-body-bypoll-3
തിരുവനന്തപുരം കോർപറേഷൻ വെട്ടുകാട് വാർഡിൽ ജയിച്ച എൽ‌ഡിഎഫിന്റെ ക്ലൈനസ് റൊസാരിയോ ആഹ്ലാദ പ്രകടനം നടത്തുന്നു.

∙ കാസർകോട് ജില്ല

കാഞ്ഞങ്ങാട് നഗരസഭ 30–ാം വാർഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിലനിർത്തി. 116 വോട്ടിനാണ് വിജയം.

∙ മലപ്പുറം ജില്ല

ഉപതിരഞ്ഞെടുപ്പു നടന്ന 5 പഞ്ചായത്ത് വാർഡുകളും യുഡിഎഫ് നിലനിർത്തി. ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല.

∙ തിരുവനന്തപുരം ജില്ല

തിരുവനന്തപുരം കോർപറേഷൻ വെട്ടുകാട് വാർഡിൽ എൽ‌ഡിഎഫിന്റെ ക്ലൈനസ് റൊസാരിയോ 1490 വോട്ടിന് വിജയിച്ചു. വിതുരയിൽ എൽഡിഎഫിന്റെ എസ്.രവികുമാർ 45 വോട്ടുകൾക്ക് ജയിച്ചു. പോത്തൻകോട് വാർഡിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. 

∙ തൃശൂർ ജില്ല

ഇരിങ്ങാലക്കുട ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥിക്ക് 336 വോട്ടും യുഡിഎഫിന് 487 വോട്ടും ബിജെപി 18 വോട്ടും നേടി. ആകെ 841 വോട്ട് പോൾ ചെയ്തു.

∙ കോഴിക്കോട് ജില്ല

ഉണ്ണികുളം പതിനഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഒ.എം.ശശീന്ദ്രനു വിജയം. 530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഒ.എം.ശശീന്ദ്രൻ (യുഡിഎഫ് 1018), കെ.വി.പുഷ്പരാജൻ (എൽഡിഎഫ് 488), എം.സി.കരുണാകരൻ (എൻഡിഎ 14). 

കണ്ണൂർ ജില്ല

ഉപതിരഞ്ഞെടുപ്പിൽ ഏരുവേശി പഞ്ചായത്ത് കൊക്കമുള്ള വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 

English Summary: Local Body Bypoll result - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com