ADVERTISEMENT

മുംബൈ∙ പുണെയ്ക്കു സമീപം ഭീമ-കൊറേഗാവിലെ എൽഗാർ പരിഷത്ത് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ 2018ൽ അറസ്റ്റിലായ അഭിഭാഷക സുധ ഭരദ്വാജ് (60) 3 വർഷത്തിനു ശേഷം ജയിൽമോചിതയായി. ബോംബെ ഹൈക്കോടതിയുടെ നിർദേശനുസരണം പ്രത്യേക എൻഐഎ കോടതി ഇന്നലെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. മുംബൈയിൽ തന്നെ താമസിക്കണമെന്നും പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും പ്രത്യേക കോടതി നിർദേശിച്ചിട്ടുണ്ട്. 50,000 രൂപ കെട്ടിവയ്ക്കണം. കേസ് സംബന്ധിച്ചു മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ല. ബൈക്കുള വനിതാ ജയിലിലാണ് സുധയെ പാർപ്പിച്ചിരുന്നത്.

ഈ മാസം ഒന്നിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കാൻ എൻഐഎ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ജാമ്യം അനുവദിച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നൽകിയ ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. 2017 ഡിസംബർ 31ന് നടന്ന എൽഗർ പരിഷത്ത് സംഗമത്തിൽ പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് കേസെടുത്തിട്ടുള്ളത്. 2018 ഓഗസ്റ്റ് 28 ന് അറസ്റ്റിലായ സുധ ഭരദ്വാജിനെ ആദ്യം വീട്ടുതടങ്കലിൽ പാർപ്പിച്ചു. പിന്നീടാണ് ബൈക്കുള ജയിലിലേയ്ക്ക് മാറ്റിയത്.

കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകരിൽ ജാമ്യം ലഭിച്ച ആദ്യത്തെയാളാണ് സുധ. സുധീർ ധാവ്ളെ, വരവര റാവു, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമ സെൻ, മഹേഷ് റാവുത്ത്, വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കവി വരവര റാവു കഴിഞ്ഞ ഫെബ്രുവരിയിൽ ചികിത്സാ ആവശ്യങ്ങൾക്കുള്ള ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ആരോഗ്യസ്ഥിതി വഷളായിട്ടും ജാമ്യം നിഷേധിക്കപ്പെട്ട ഈശോസഭാ വൈദികൻ സ്റ്റാൻ സ്വാമി ജൂലൈ 5ന് സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

English Summary: Lawyer-Activist Sudha Bharadwaj Released After 3 Years In Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com