ADVERTISEMENT

തിരുവനന്തപുരം ∙ പോത്തൻകോട് കല്ലൂരിലെ ബന്ധുവീടിനുള്ളിലിട്ട് ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിലെ സുധീഷിനെ(32) പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കൂടി പിടിയിലായി. വിഷ്ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ മൂന്നു പേരിൽ ഒരാളാണ് അരുൺ. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. മൂന്ന് പേരെ റിമാൻഡ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഒളിവിലാണ്.

അതേസമയം, സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മയെ പടക്കം എറിഞ്ഞതിലെ പകയും കാരണമായെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സുധീഷ് ഈ മാസം ആറിന് ഊരുപൊയ്ക മങ്കാട്ടുമൂലയിൽ വച്ചാണ്, സുധീഷ് ഉണ്ണിയുടെ അമ്മയെ പടക്കം എറിഞ്ഞത്. പ്രദേശവാസികളായ വിഷ്ണു, അഖിൽ എന്നിവരെ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ സുധീഷിന്റെ സഹോദരനടക്കമുള്ള മറ്റു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഒളിവിൽ കഴിയുമ്പോഴാണ് എതിരാളികളുടെ വെട്ടേറ്റ് സുധീഷ് കൊല്ലപ്പെട്ടത്.

∙ കൊലപാതകത്തിനു പിന്നിൽ ഭാര്യാസഹോദരനും

പോത്തൻകോട് കൊലപാതകക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷും മൂന്നാം പ്രതി ശ്യാമുമാണ്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യയുടെ സഹോദരനാണ് ശ്യാം.  മങ്കാട്ടുമൂലയിലെ സംഘർഷ ദിവസം ശ്യാമിനെ സുധീഷ് മർദ്ദിച്ചിരുന്നതായി പൊലീസ് പറയുന്നു. മങ്കാട്ടുമൂലയിലെ അക്രമത്തിനു പ്രതികാരം ചെയ്യാനാണ് ഗുണ്ടാസംഘം പോത്തൻകോട് കല്ലൂർ പാണൻവിളയിലെത്തിയത്. പാണൻവിളയിൽ ബന്ധു സജീവിന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് സുധീഷ് കൊല്ലപ്പെടുന്നത്.

പ്രതികൾ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ കണിയാപുരം സ്വദേശി രഞ്ജിത്(28), ബൈക്ക് ഓടിച്ച ചിറയിൻകീഴ് ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മുട്ട നിതീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പത്തോളം പേർ കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

∙ ഹോട്ടൽ ഉടമയും കസ്റ്റഡിയിൽ

കേസിലെ പ്രതികൾ പൂന്തുറയിലെ ഹോട്ടലിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തി. ഹോട്ടൽ  ഉടമയെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് 12 പേർ അടങ്ങുന്ന സംഘം സുധീഷ് ഒളിവിൽ കഴിഞ്ഞ വീട് മനസിലാക്കി ആയുധവുമായി എത്തിയത്.  സുധീഷിനുനേരെ ആദ്യം പടക്കം എറിഞ്ഞു. ബന്ധുവായ സജീവിന്റെ വീട്ടിലേക്ക് ഓടികയറിയ സുധീഷിനെ വീട്ടിനുള്ളിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടിയെടുത്ത കാൽപാദം റോഡരികിൽ ഉപേക്ഷിച്ച ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്.

∙ ഭീതിയൊഴിയാതെ പിഞ്ചുകുട്ടികൾ

വാൾ കാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഗുണ്ടാസംഘം കല്ലൂരിൽ കൊലപാതകം നടത്തിയത്. പ്രദേശത്തെ നാലു വീടുകളിൽ സുധീഷിനായി അരിച്ചുപെറുക്കിയ സംഘം ഈ വീടുകളുടെ ജനാലകളും മറ്റും തകർക്കുകയും ചെയ്തു. ഒരു വയസ്സുള്ള കുട്ടിയടക്കം മൂന്നു കുട്ടികളുള്ള വീട്ടിലിട്ടാണ് സുധീഷിനെ വെട്ടിയത്. സമീപത്തെ പല വീടുകൾക്ക് മുന്നിലുമെത്തിയ അക്രമിസംഘം വാൾകാട്ടിയും മറ്റും ഭീഷണിപ്പെടുത്തിയതു കണ്ട കുട്ടികൾ പലരും അതിന്റെ മാനസികആഘാതത്തിലാണ്.

ദക്ഷിണ മേഖലാ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ, റൂറൽ എസ്‌പി പി.കെ.മധു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കല്ലൂർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ മേഖലയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിൽ പ്രതികളുടെയും സഞ്ചരിച്ച വാഹനങ്ങളുടെയും വ്യക്തമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

English Summary: Pothencode Sudheesh murder case- follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com