ADVERTISEMENT

മുംബൈ∙ തന്റെ മണ്ഡലത്തിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെയാണെന്നു പറഞ്ഞ ശിവസേന മന്ത്രി വിവാദത്തിൽ. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ബോധ്‌വാഡ് നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെയാണ് ജലവിതരണ മന്ത്രി ഗുലാബ്രാവു പാട്ടീലിന്റെ വിവാദപരാമർശം. പ്രസംഗം സമൂഹമാധ്യമത്തിൽ വൈറലായതോടെ സംസ്ഥാന വനിതാ കമ്മിഷൻ മന്ത്രിയോടു വിശദീകരണം തേടി. ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രസംഗത്തിനിടെ, തന്റെ നിയോജകമണ്ഡലം സന്ദർശിച്ച് റോഡുകൾ എത്ര മികച്ചതാണെന്ന് കാണാൻ പാട്ടീൽ ആവശ്യപ്പെട്ടു. ‘30 വർഷമായി എംഎൽഎയായവർ എന്റെ മണ്ഡലത്തിൽ വന്നു റോഡുകൾ കാണണം. അതു ഹേമമാലിനിയുടെ കവിളുകൾ പോലെയല്ലെങ്കിൽ ഞാൻ രാജിവയ്ക്കും.’– ഗുലാബ്രാവു പാട്ടീൽ പറഞ്ഞു. മുൻ ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെയെ ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. വർഷങ്ങളോളം ജൽഗാവിൽ നിന്നുള്ള എംഎൽഎ ആയിരുന്നു അദ്ദേഹം.

ഗുലാബ്രാവു പാട്ടീലിന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കത്രീന കൈഫിന്റെ കവിളുകൾ പോലെ വേണം റോഡുകളുടെ നിർമാണമെന്നു പറഞ്ഞ രാജസ്ഥാൻ രാജേന്ദ്ര ഗുദ്ദയും കഴിഞ്ഞ ദിവസം വിവാദത്തിൽപ്പെട്ടിരുന്നു. മധ്യപ്രദേശിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ സുന്ദരമാക്കുമെന്നു 2019ൽ മന്ത്രി പി.സി.ശർമ പറഞ്ഞതും വിവാദമായി.

മന്ത്രി ഗുലാബ്രാവു പാട്ടീൽ ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നു മഹാരാഷ്ട്ര വനിതാ കമ്മിഷൻ അധ്യക്ഷ രുപാലി ചകങ്കർ പറഞ്ഞു. മുൻപ് മൂന്നു തവണ നടന്ന കാര്യം നാലാമത് ഒരു പ്രാവശ്യം കൂടി സംഭവിക്കുന്നത് തീർച്ചയായും നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

English Summary: With Crude Hema Malini Analogy, Maharashtra Minister Joins Hall Of Shame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com