ADVERTISEMENT

അട്ടപ്പാടിയിലെ പ്രകൃതി വേനലിൽ വരണ്ടിരിക്കും. വർഷം കനത്താൽ പച്ചനിറം കൊണ്ടു തുടുത്തു നിൽക്കും. എന്നാൽ അട്ടപ്പാടിയിലെ പെൺകുട്ടികൾ വേനലിലും വർഷത്തിലും വിളറിയിരിപ്പാണ്. രക്തം വറ്റിയവരെപ്പോലെ ക്ഷീണിച്ചു തളർച്ച ബാധിച്ചവർ. പതിനെട്ടും ഇരുപതും വയസ്സുള്ള പെൺകുട്ടികളൊക്കെ ഉണങ്ങിയ വാഴത്തണ്ടു പോലെയാണെപ്പോഴും. ഇവിടുത്തെ പെൺകുട്ടികൾ പ്രകാശം പരത്താതെ പോകുന്നതെന്തു കൊണ്ടെന്നറിയാത്തവരല്ല അധികൃതർ. അവർക്കു ചിരിക്കാനും ചിറകുകൾവച്ചു പറക്കാനും പൂർണാരോഗ്യത്തിലേക്ക് എത്താനും ഒരിക്കലും സാധിക്കാറില്ല. ആഹാരം ഇല്ലാഞ്ഞിട്ടല്ല. ആരോഗ്യം ക്ഷയിക്കുന്നതിനു മാത്രം ഇന്നോളം പരിഹാരമില്ല. അതിന്റെ കാരണങ്ങളിലേക്ക് ആഴത്തിൽ പഠിച്ചാൽ ശിശുമരണത്തിന്റെ കാരണങ്ങളും ഗർഭിണികളുടെ വേദനകളുമെല്ലാം തിരിച്ചറിയാനാകും. ചില കണ്ടെത്തലുകൾ ഇതാ...

അങ്കണവാടികൾ ഇങ്ങനെ പോരാ...

അട്ടപ്പാടിക്കു മാത്രമായി ഐസിഡിഎസിന്റെ പ്രോജക്ട് ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ഒരു ചൈൽഡ് ഡവലപ്മെന്റ് ഓഫിസറും ( സിഡിപിഒ) 9 സൂപ്പർവൈസർമാരും പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. 174 അങ്കണവാടികൾ അട്ടപ്പാടിയിലുണ്ട്. വനമേഖലയിലുള്ള തുടുക്കി, ഗലസി മേഖലയിലുള്ള അങ്കണവാടികൾ ഉൾപ്പെടെ അങ്കണവാടികളിൽ 174 വർക്കർമാരും ഹെൽപർമാരുമാണു നിലവിലുള്ളത്. 2013ലെ ശിശുമരണത്തിന്റെ കോലാഹലങ്ങൾക്കു ശേഷം അങ്കണവാടികൾ ആത്മാർഥമായി പ്രവർത്തിച്ചുവെന്ന് അട്ടപ്പാടിക്കാർ തന്നെ സമ്മതിക്കുമെങ്കിലും ഈയിടെയായി അങ്കണവാടിയുടെ പ്രവർത്തനോർജത്തിൽ വല്ലാതെ കുറവു വന്നതായും അട്ടപ്പാടിക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവിലെ ഇൻസെന്റീവ് പോലും അട്ടപ്പാടിയിലെ ഹെൽപർമാർക്ക് ഇതുവരെ നൽകിയിട്ടില്ല. 

ഇതുസംബന്ധിച്ച് ഐസിഡിഎസ് ഓഫിസിൽ ലഭിച്ച പരാതിയിൽ ഒരു നടപടിയും ഇന്നോളം സ്വീകരിച്ചിട്ടില്ല. മാത്രമല്ല, നവംബർ മാസത്തിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് അട്ടപ്പാടിയിൽ എത്തിയിട്ടില്ല. പോഷകാഹാരം വിതരണത്തിനുള്ള സ്റ്റോക്ക് പോലും എത്താത്ത സാഹചര്യത്തിലാണു ശിശുമരണത്തിന്റെ കാരണങ്ങളിലേക്ക് മന്ത്രിയും ഉദ്യോഗസ്ഥരുമെല്ലാം പല വിശദീകരണങ്ങൾ നൽകുകയും കൃത്യമായി പ്രതികരിച്ച അട്ടപ്പാടിയുടെ ഡോക്ടറെ സ്ഥലം മാറ്റുകയും ചെയ്തത്. ഇനി അഥവാ അട്ടപ്പാടിയിലേക്ക് സ്റ്റോക്ക് എത്തുന്നുവെന്നു കരുതുക. അതും പൂർണതോതിലല്ല കിട്ടുന്നതെന്നും ജീവനക്കാർക്കിടയിൽ പാരിതിയുണ്ട്. 

attappadi-child-death
അട്ടപ്പാടി വരഗംപാടി ഊരിൽ മരിച്ച നവജാത ശിശുവിന്റെ ബന്ധുക്കൾ. ചിത്രം: മനോരമ.

പക്ഷേ, ഇത്തരം പരാതികൾ അങ്കണവാടി ജീവനക്കാർ തുറന്നു പറയാൻ ഭയക്കുന്ന ഉദ്യോഗസ്ഥ സംവിധാനമാണ് അട്ടപ്പാടിയിലുള്ളത്. നവംബറിലെ ഭക്ഷ്യധാന്യ സ്റ്റോക്ക് പോലും എത്തിക്കാതെ ആദിവാസി സുരക്ഷയെപ്പറ്റി സംസാരിക്കാൻ സാമൂഹിക ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് എങ്ങനെയാണു സാധിക്കുക. ഭരണാനുകൂല സംഘടനയുടെ പിൻബലമുള്ളതിനാൽ അട്ടപ്പാടി ഐസിഡിഎസിലെ ഉന്നതോദ്യോഗസ്ഥർ അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ സംഭവിക്കുന്ന വീഴ്ച പുറംലോകമറിയാതെ ഒതുക്കിത്തീർക്കുകയാണ്. രണ്ടുവട്ടം സ്ഥലംമാറ്റം ലഭിച്ചിട്ടും പോകാതെ അട്ടപ്പാടിയിൽ തന്നെ പിടിച്ചുനിൽക്കാൻ ശ്രമം നടത്തുകയും അതനുസരിച്ചു തുടരുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ അട്ടപ്പാടി ഐസിഡിഎസിലുണ്ട്. 

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആരോഗ്യമന്ത്രിയായി വീണാ ജോർജ് ചുമതലയേറ്റ് ആദ്യമായി അട്ടപ്പാടി സന്ദർശിച്ച ദിവസം അങ്കണവാടിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥ തിരുവനന്തപുരത്തായിരുന്നു. സ്ഥലത്തില്ലാതിരുന്നിട്ടും ഒരു നടപടിയുമെടുത്തില്ല. എംഎൽഎ ഇക്കാര്യത്തിൽ വിശദീകരണം തേടിയെങ്കിലും ഒന്നും സംഭവിച്ചില്ല. കാരണമെന്തെന്ന് അട്ടപ്പാടിക്കാർക്ക് ഇന്നും അറിയില്ല. അതാരും ചർച്ച ചെയ്തുമില്ല. 

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഗർഭിണികളുടെ പരിപാലനത്തിനും മറ്റുമായി നടപ്പാക്കിയ സ്കീം പോലും കൃത്യമായി നടപ്പാക്കാൻ കഴിയാതെ പോയവരാണിവർ. ശിശുമരണ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ സർക്കാർ ഇതൊന്നും പരിശോധിക്കാൻ തയാറാകുന്നില്ല. ഇക്കഴിഞ്ഞ ആഴ്ച സംഭവിച്ച ശിശുമരണങ്ങളെ തുടർന്നു മന്ത്രിയും വകുപ്പ് തലവന്മാരുമെല്ലാം അട്ടപ്പാടിയിലെത്തി. മന്ത്രിയും സംഘവും എത്തുന്നുവെന്നറിഞ്ഞതോടെ അങ്കണവാടി ജീവനക്കാരോട് ജാഗ്രതയോടെ ഇരിക്കണമെന്നും സ്റ്റോക്ക് റജിസ്റ്ററെല്ലാം കൃത്യമാക്കി വയ്ക്കണമെന്നും നിർദേശം നൽകുകയാണ് സിഡിപിഒ ചെയ്തത്. 

attappadi-veena-george
അട്ടപ്പാടി സന്ദർശിക്കാനെത്തിയ മന്ത്രി വീണാ ജോർജ്.

സിഡിപിഒ അങ്കണവാടി ജീവനക്കാർക്ക് മന്ത്രി വരുന്നതിന്റെ തലേന്നാൾ കൊടുത്ത നിർദേശം ഇങ്ങനെ:

‘സ്റ്റോക്കെത്തുന്ന ദിവസം വർക്കർമാരും ഹെൽപർമാരും വൈകുന്നേരം വരെ അങ്കണവാടികളിൽ ഉണ്ടാകണം. സ്റ്റോക്ക് എത്തിക്കഴിഞ്ഞാൽ പോഷകാഹാര വിതരണം കൃത്യമായി നടന്നുവെന്നു കാണിക്കുന്ന റിപ്പോർട്ട്  ഉണ്ടാക്കി, വിതരണം ചെയ്യുന്നതിന്റെ ഏതാനും ഫോട്ടോകൾ രേഖയായി എടുത്തു വയ്ക്കണം. കൃത്യമായ തെളിവ് ഉദ്യോഗസ്ഥ സംഘം ചോദിക്കും. ശിശുമരണം സംഭവിച്ച സ്ഥലത്തെ അങ്കണവാടികൾ ഇങ്ങനെ തെളിവുണ്ടാക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം’ എന്നു തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ  സിഡിപിഒ അങ്കണവാടി ജീവനക്കാർക്കു നൽകിയത് സ്റ്റോക്ക് വരുന്നുവെന്നറിഞ്ഞതിന്റെ തലേന്നാളാണ്. ഇത്രമാത്രം അലംഭാവം അങ്കണവാടികളിൽ സംഭവിച്ചത് അട്ടപ്പാടിയുടെ ആരോഗ്യത്തെ ചില്ലറയല്ല ബാധിച്ചത് എന്നതൊരു സത്യമാണ്. 

പോഷകാഹാരം വിതരണ കേന്ദ്രം എന്ന നിലയിൽ ഓരോ ഊരിലുള്ളവരോടും അത്രമേൽ അടുത്തിടപടേണ്ട വിഭാഗമാണ് കൃത്യനിർവഹണത്തിൽ കാര്യമായ ഒരു പുരോഗതിയും കാണിക്കാതെ അട്ടപ്പാടിയുടെ മണ്ണിൽ ഒരു സങ്കേതമായി മാത്രം നിലകൊള്ളുന്നത്. പോഷകാഹാരം കിറ്റുകളുടെ വിതരണം താളംതെറ്റിയെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അങ്കണവാടി സംവിധാനങ്ങൾക്കു മാറിനിൽക്കാനാവില്ല. ഇക്കഴിഞ്ഞ മൂന്നു മാസമായിട്ട് 14നും 18നും ഇടയിൽ പ്രായമുള്ള കൗമാരപ്പെൺകുട്ടികൾക്കു വിതരണം ചെയ്യാറുള്ള പോഷകാഹാര കിറ്റ് നൽകിയിട്ടില്ല. ഫണ്ട് ഇല്ല എന്നാണ് ഐസിഡിഎസ് പറയുന്നത്. 

നവംബർ മാസത്തിൽ ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പോഷകാഹാര വിതരണം നടന്നിട്ടില്ല. ഗർഭിണികൾക്ക് 1 കിലോ ഗോതമ്പ്, 1 കിലോഗ്രാം റാഗിപ്പൊടി, അരക്കിലോ ശർക്കര, 250 ഗ്രാം ഉഴുന്ന്, അത്ര തന്നെ കടല, 50 ഗ്രാം നെയ്യ്  എന്നിങ്ങനെയാണു കിറ്റിലുണ്ടാവുക. ഇതേ അളവിലുള്ള ഇനം സാധനങ്ങളാണു കൗമാരപ്പെൺകുട്ടികൾക്കുള്ള കിറ്റിലും നൽകാറ്. പക്ഷേ ഇതൊന്നും കഴിഞ്ഞ മാസങ്ങളിൽ അട്ടപ്പാടിയിൽ വിതരണം ചെയ്തിട്ടില്ല. എന്നിട്ടാണു വീഴ്ച ചൂണ്ടിക്കാട്ടി എന്ന ഒറ്റക്കാരണത്താൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചു പരിചയ സമ്പന്നനായ മികച്ച ഡോക്ടറെ അട്ടപ്പാടിയിൽ നിന്നു സ്ഥലം മാറ്റിയത്.  മന്ത്രി കെ.രാധാകൃഷ്ണൻ അട്ടപ്പാടിയിലെത്തിയതോടെയാണ് നിലച്ചുപോയ പോഷകാഹാരകിറ്റ് വിതരണം പേരിനെങ്കിലും നടത്താനായത്. ആദിവാസി സ്നേഹം പ്രകടന പത്രികയിൽ എഴുതിവയ്ക്കുന്ന സുന്ദരമായ കാവ്യശകലം പോലെ ഒന്നല്ലെന്നും ഇവരുടെ ജീവൻ പന്താടാനുള്ളതല്ലെന്നും സർക്കാർ മനസ്സിലാക്കിയേ പറ്റൂ.  

അട്ടപ്പാടിയിലെ അങ്കണവാടികളെ ശുദ്ധീകരിക്കലാവണം ശിശുമരണം തടയുന്നതിനായുള്ള ആദ്യപടിയിൽ ചെയ്യേണ്ടതെന്നത് കാലങ്ങളായി അട്ടപ്പാടിക്കാർ തന്നെ ഉച്ചത്തിൽ പറഞ്ഞതാണ്. പലകുറി അട്ടപ്പാടിയിൽ ഇതുസംബന്ധിച്ചു ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായതാണ്. രാഷ്ട്രീയ താൽപര്യങ്ങൾ വച്ച് ചില തൽപരകക്ഷികളെ കുടിയുരുത്താനുള്ള ഇടമായി അട്ടപ്പാടിയെ ഉപയോഗിക്കുന്നതു തുടർന്നാൽ ഇനിയും അട്ടപ്പാടിയിൽ ശിശുമരണം മാത്രമല്ല, പ്രാക്തന ഗോത്രവിഭാഗത്തിലെ ശേഷിക്കുന്നവരുടെ എണ്ണവും കുറയാനിടയുണ്ട്. 

താൽപര്യങ്ങൾ മാത്രമുള്ളയിടം

അട്ടപ്പാടിയിൽ താൽപര്യങ്ങൾ മാത്രമുള്ളവരേയുള്ളൂ. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭൂമാഫിയക്കാരും ബിസിനസുകാരും കുടിയേറ്റക്കാരുമെല്ലാം ഇത്തരത്തിൽ വ്യത്യസ്ത താൽപര്യങ്ങളോടെ അട്ടപ്പാടിയിലേക്കു ചുരം കയറുന്നു. ബെനാമി റിപ്പബ്ലിക് എന്നും അദ്ഭുതദ്വീപ് എന്നുമൊക്കെ കളിയാക്കി വിളിച്ചുവെങ്കിൽ അതത്ര തമാശയായി കണക്കാക്കരുത്. അതിൽ കാര്യമുണ്ടെന്നു കണക്കുകളും സത്യങ്ങളും വിളിച്ചു പറയും. രാഷ്ട്രീയക്കാരുടെ താൽപര്യങ്ങൾ ഏറെവിളയുന്ന മണ്ണാണിത്. ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കെല്ലാം രാഷ്ട്രീയത്തിനൊപ്പം മറ്റുചില ‘ഫണ്ടിങ്’ താൽപര്യങ്ങളുണ്ട്. ഒരേ കുടുംബത്തിലുള്ളവർ സ്ഥിരമായി പഞ്ചായത്ത് ഭരണസമിതിയിൽ വരികയും പ‍ഞ്ചായത്തിലെ നിർമാണ പ്രവൃത്തികളുടെ കരാറുകളെല്ലാം വീട്ടിൽ തന്നെയുള്ളവർക്കു നൽകുകയും ചെയ്യുന്ന പ്രതിഭാസം അട്ടപ്പാടിയിലെ തദ്ദേശ സ്ഥാപനങ്ങളിലുണ്ട്. 

ഇവിടെയെല്ലാം ഭരിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയക്കാർ ആണെന്നതും ശ്രദ്ധേയമാണ്. ആദിവാസി ക്ഷേമം എന്ന പേരിൽ ഇങ്ങനെ നടത്തിയ കോടികളുടെ നിർമാണങ്ങളധികവും ഏറിയാൽ രണ്ടുവർഷത്തിനപ്പുറം ആയുസ്സുണ്ടാവാറില്ല എന്നിടത്താണു കോടികളുടെ കൊലച്ചതിയുടെ കഥ നമ്മളറിയുന്നത്. കേരളത്തിലെ പ്രാക്തന വിഭാഗം കൂടുതലുള്ളയിടമാണ് അട്ടപ്പാടി. അവരുടെ ഉന്നമനത്തിനു സംസ്ഥാനവും കേന്ദ്രവും ഇതുവരെ നൽകിയ കോടികൾ ഓരോരുത്തർക്കായി വീതിച്ചു നൽകിയിരുന്നെങ്കിൽ ഓരോ ആദിവാസി കുടുംബവും കോടീശ്വരനായേനെ എന്നു സ്പീക്കറായിരിക്കെ ഇപ്പോഴത്തെ പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞത് വലിയ വാർത്തയായിരുന്നു. അദ്ദേഹം മന്ത്രിയായി വന്നത് പ്രതീക്ഷാനിർഭരമാണ്. പക്ഷേ, താൽപര്യക്കാർക്കിടയിൽ ഇച്ഛാശക്തിയോടെ അദ്ദേഹത്തിന് ഇതൊക്കെ നടപ്പാക്കാൻ കഴിയുമോ എന്നു കണ്ടറിയിയേണ്ടിയിരിക്കുന്നു. 

കുട്ടിക്കടത്തിന്റെ കേന്ദ്രം

കേരളത്തിലെ പലയിടത്തേക്കും സ്കൂളുകളിൽ തലയെണ്ണുമ്പോൾ ഡിവിഷൻ നിലനിർത്താൻ കുട്ടികളെ കൊണ്ടുപോകാൻ അട്ടപ്പാടിയിലേക്ക് ആളുകൾ എത്താറുണ്ട്. ഇങ്ങനെ കുട്ടികളെ നൽകാനും ആളുകളുണ്ട്. അട്ടപ്പാടിയിലെ സ്കൂളുകളിൽ നിന്നു ടിസി പോലും വാങ്ങാതെ ഇതര ജില്ലകളിലെ സ്കൂളുകളിൽ പോയ സംഭവങ്ങൾ പണ്ടുണ്ടായിരുന്നു. ഇതു വാർത്തയായതോടെ അതിനു മൂക്കുകയർ വീണു. ഇങ്ങനെ കൊണ്ടു പോകുന്ന കുട്ടികളെ 9–ാം ക്ലാസ് കഴിയും വരെ അവിടെ നിർത്തും. പത്തിൽ ഇവർ തോറ്റു പോയെങ്കിലോ എന്നു ഭയന്ന് വിജയശതമാനം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊണ്ടുപോയ കുട്ടികളെ 9–ാം ക്ലാസ് കഴിഞ്ഞ് അട്ടപ്പാടിയിലേക്കു തിരികെയെത്തിച്ച സ്കൂളുകളും നമ്മുടെ നാട്ടിലുണ്ട്. 

ഒരു കുട്ടിക്ക് 3000 രൂപ വീതം കച്ചവടം ഉറപ്പിച്ച സംഭവം അട്ടപ്പാടിയിൽ നിന്നുള്ള ‘കുട്ടിക്കടത്തിന്റെ’ തെളിവായി നമുക്കുമുന്നിൽ അവശേഷിക്കുന്നു. സ്വകാര്യ സ്കൂളുകളാണിതിനു പിന്നിൽ. ഇതു വല്ലാതെ തുടർന്നപ്പോൾ അട്ടപ്പാടിയിലെ സ്കൂളുകൾ ഒന്നടങ്കം എതിർപ്പുമായി രംഗത്തെത്തിയതോടെ ഈ കുട്ടിക്കടത്തിനു താൽക്കാലികമായെങ്കിലും പര്യവസാനമായി എന്നു സമാശ്വസിക്കാം. സ്കൂളിൽ പോകാതെ സ്റ്റൈപ്പന്റ് വാങ്ങാൻ മാത്രമായി സ്കൂളിൽ കുട്ടികളെ അയക്കുന്ന ആദിവാസി കുടുംബങ്ങളും അട്ടപ്പാടിയുടെ ദൈന്യതയാണ്. സംസ്ഥാന സർക്കാരിന്റെ സ്റ്റൈപ്പന്റിനു പുറമേ 9,10 ക്ലാസ്സുകളിലെ കുട്ടികൾക്കു കേന്ദ്രത്തിന്റെ സ്കോളർഷിപ്പുണ്ട്. 4500 രൂപ പ്രതിവർഷം ലഭിക്കുക ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവർക്കാണ്. വീട്ടിൽ നിന്നു പോയി വരുന്നവർക്കു 2250 രൂപയും ലഭിക്കും. 

k-radhakrishnan-attappadi
മന്ത്രി കെ.രാധാകൃഷ്ണൻ അട്ടപ്പാടി സന്ദർശിച്ചപ്പോൾ. ചിത്രം: മനോരമ

ഗോത്രസാരഥി പോലുള്ള യാത്രാ പദ്ധതികൾ വരെ ആദിവാസി കുട്ടികളുടെ പഠനത്തിനുണ്ടെങ്കിലും അതൊന്നും ഫലപ്രദമായല്ല നടക്കുന്നതെന്നതാണു സത്യം. കേന്ദ്ര പദ്ധതികൾ മാത്രമല്ല, എ.കെ.ബാലൻ മന്ത്രിയായിരുന്ന കാലത്ത് അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിലെ കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി തുടങ്ങിയ പദ്ധതികളെല്ലാം അദ്ദേഹം പടിയിറങ്ങിയതോടെ നിലച്ച മട്ടാണ്. പാവം ആദിവാസികൾ. അവരുടെ പേരിൽ കോടികൾ അട്ടപ്പാടിയിലേക്കു ചുരംകയറിയെത്തുമ്പോൾ പോക്കറ്റ് വലുതാകുന്നത് ആദിവാസികളുടേതല്ലെന്നുള്ളത് സങ്കടകരമായ സത്യമാണ്. വിധേയരാണിവർ. അവരെ ഇനിയും ചതിക്കരുത്. ഇനിയുമിതു തുടർന്നാൽ ആദിവാസികളുടെ വംശഹത്യ ചെയ്തവർ എന്നു നാളെ ചരിത്രം നിങ്ങളെ രേഖപ്പെടുത്തും, തീർച്ച. 

English Summary: What Attappadi Requires is Systematic Support, not Empty Promises, for Real Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com