ADVERTISEMENT

ഡ്ജിമാരുടെ നിയമനം നൂറു ശതമാനവും നിഷ്പക്ഷമാക്കാൻ ജുഡീഷ്യൽ നിയമന കമ്മിഷൻ വേണമെന്ന അഭിപ്രായം പല കോണുകളിൽനിന്ന് ഉയർന്നു വരുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും ഹൈക്കോടതികൾക്കും ഇതിനോട് അനുകൂല നിലപാടല്ല ഉള്ളത്. ഐഎഎസ്, ഐപിഎസ് മാതൃകയിലുള്ള അഖിലേന്ത്യാ സർവീസാണ് കേന്ദ്രത്തിന്റെ മനസിലുള്ളത്.

2014ൽ ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) പിറ്റേ വർഷം സുപ്രീംകോടതി റദ്ദാക്കിയെങ്കിലും നിലവിലെ കൊളീജിയം സമ്പ്രദായത്തിലെ പോരായ്മകൾ പരിഹരിക്കണമെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. വിരമിച്ച ഒട്ടേറെ ജഡ്ജിമാരും സുപ്രീംകോടതി ബാർ അസോസിയേഷനും ഇതേ നിലപാടുമായി പരസ്യമായി രംഗത്തുവന്നതോടെയാണ് അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് എന്ന ആശയം വീണ്ടും പൊടിതട്ടി എടുക്കാൻ കേന്ദ്രം തയാറായിരിക്കുന്നത്.

ഇക്കാര്യത്തിൽ എടുത്തു ചാടിയുള്ള നീക്കത്തിന് കേന്ദ്രം തയാറല്ലെന്ന് കഴിഞ്ഞയാഴ്ച പാർലമെന്റിൽ നടന്ന ചർച്ചയിൽ നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വിശദമായ ചർച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കിയേ മുന്നോട്ടു നീങ്ങൂ എന്നായിരുന്നു മന്ത്രിയുടെ നിലപാട്. അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി എംപിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് അഭിപ്രായ സമന്വയമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനങ്ങളുടെയും ഹൈക്കോടതികളുടെയും അഭിപ്രായമാണ് മുഖ്യമായും സർക്കാർ തേടിയത്. ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

രാഷ്ട്രപതി റാം നാഥ് കോവിന്ദ് ബിഹാർ നിയമസഭാ മന്ദിര ശതാബ്ദി ആഘോഷ പരിപാടിയിൽ സംസാരിക്കുന്നു. ചിത്രം: ട്വിറ്റർ.
റാംനാഥ് കോവിന്ദ്

അഖിലേന്ത്യ സർവീസുകളായ ഐഎഎസ്, ഐപിഎസ് മാതൃകയിൽ അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് എന്ന ആശയമാണ് കേന്ദ്രം, സംസ്ഥാന സർക്കാരുകളുടെയും ഹൈക്കോടതികളുടെയും മുന്നിൽ വച്ചിട്ടുള്ളത്. മിടുക്കരായ അഭിഭാഷകരെ ജുഡീഷ്യൽ സർവീസിലേക്ക് കൊണ്ടുവരാൻ ഇതുവഴി സാധിക്കുമെന്നാണ് കേന്ദ്ര നിലപാട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്താനും കഴിയും. ഈ വർഷത്തെ ഭരണഘടനാ ദിനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി റാം നാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തിലും അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് എന്ന ആശയത്തെ പിന്തുണച്ചിരുന്നു.

ഇക്കാര്യത്തിൽ ഒട്ടും ആശാവഹമല്ല പല സംസ്ഥാനങ്ങളുടെയും ഹൈക്കോടതികളുടെയും നിലപാട്. കേന്ദ്ര നിലപാടിനെ രണ്ടു സംസ്ഥാനങ്ങൾ മാത്രമാണ് ഇതുവരെ പിന്തുണ അറിയിച്ചിട്ടുള്ളത്- ഹരിയാനയും മിസോറമും. അരുണാചൽ പ്രദേശ്, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണ്. മറ്റ് അഞ്ചു സംസ്ഥാനങ്ങൾ ഭേദഗതി നിർദേശങ്ങളുമായി മുന്നോട്ടു വന്നു. 13 സംസ്ഥാനങ്ങൾ ഇതുവരെ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

kerala-high-court-1-image-845-440
കേരള ഹൈക്കോടതി

ബിഹാറും മണിപ്പുരും ജുഡീഷ്യൽ സർവീസ് എന്ന ആശയത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും മാറ്റങ്ങൾ നിർദേശിക്കുന്നു. 15% തസ്തികകളിലെ നിയമനം മാത്രമേ അഖിലേന്ത്യ സർവീസിൽനിന്നു നടത്താവൂ എന്നാണ് ഛത്തീസ്ഗഡിന്റെ നിലപാട്. കേന്ദ്ര നിയമമന്ത്രി തന്നെയാണ് പാർലമെന്റിൽ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. ഭൂരിപക്ഷം ഹൈക്കോടതികളും അഖിലേന്ത്യ സർവീസിന് എതിരാണെന്നതും കേന്ദ്ര സർക്കാരിന് മറ്റൊരു തലവേദനയാണ്. 6 ഹൈക്കോടതികൾ ഭേദഗതി നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു. രണ്ട് ഹൈക്കോടതികൾ ഇനിയും പ്രതികരണം അറിയിക്കാനുണ്ട്.

അഖിലേന്ത്യ സർവീസിനെ എതിർക്കുന്ന നിലപാടാണ് കേരള ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. നിയമനം കിട്ടുന്നവരുടെ പ്രാദേശിക ഭാഷയിലെ നൈപുണ്യമില്ലായ്മ പ്രശ്നമാകുമെന്നതാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കുന്നതാണ് പുതിയ നിർദേശമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി പറയുന്നു. ഇതേ നിലപാടാണ് കൊൽക്കത്ത ഹൈക്കോടതിക്കുമുള്ളത്. ആന്ധ്രപ്രദേശ്. ബോംബെ, ഡൽഹി, ഗുജറാത്ത്. കർണാടക, മദ്രാസ്, പട്ന, ജാർഖണ്ഡ്, രാജസ്ഥാൻ, ഒഡിഷ ഹൈക്കോടതികളാണ് കേന്ദ്ര നിർദേശത്തെ എതിർക്കുന്ന മറ്റുള്ളവർ.

ഹൈക്കോടതികളിലെയും സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളും ഇതേച്ചൊല്ലി കേന്ദ്രവുമായി ഉണ്ടാകുന്ന ഏറ്റുമുട്ടലുകളും വർഷങ്ങളായി തുടരുകയാണ്. കൊളീജിയം സമ്പ്രദായം എത്രമാത്രം ഫലപ്രദമെന്ന സംശയം നിയമജ്ഞരും മുൻ ജഡ്ജിമാരുമെല്ലാം ഉയർത്തുന്നു. ജഡ്ജി നിയമനത്തിലെ സ്വജനപക്ഷപാതം നിയമവ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും നിലവിലെ കൊളീജിയം സമ്പ്രദായം ജുഡീഷ്യറിയുടെ മേന്മയെതന്നെ ബാധിക്കുന്നുവെന്നും പല കോണുകളിൽനിന്ന് ആക്ഷേപം ഉയരുന്നു. ഇതിനെല്ലാമുള്ള പ്രതിവിധിയായായാണ് അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് എന്ന ആശയത്തെ നിയമ വിദഗ്‌ധർ കാണുന്നത്.

എന്നാൽ 2014 ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ തിരിച്ചടി കേന്ദ്രസർക്കാരിന് പാഠമാണ്. ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ എന്ന ആശയം നിയമമാക്കാൻ സർക്കാരിന് കഴിഞ്ഞെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കിയതാണ് സർക്കാരിന് വലിയ തിരിച്ചടിയായത്. കൊളീജിയം സമ്പ്രദായം സുപ്രീംകോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് നിയമം റദ്ദാക്കിയത്. ജസ്റ്റിസുമാരായ ജെ.എസ്.കേഹാർ, മദൻ ലോക്കൂർ, കുര്യൻ ജോസഫ്, ആദർശ് കുമാർ ഗോയൽ എന്നിവർ നിയമനിർമാണം അസാധുവാക്കിയപ്പോൾ ജസ്റ്റിസ് ജെ.ചെലമേശ്വർ മാത്രമാണ് അനുകൂലിച്ചത്.

Supreme-Court-of-India
സുപ്രീംകോടതി

എന്നാൽ കാര്യങ്ങൾക്ക് ഏറെ മാറ്റം വന്നിരിക്കുന്നു എന്നാണ് കഴിഞ്ഞയാഴ്ച പാർലമെന്റിലെ ചർച്ച വ്യക്തമാക്കുന്നത്. ജുഡീഷ്യൽ നിയമനരീതിയിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത പാർട്ടി വ്യത്യാസമില്ലാതെ അംഗങ്ങൾ ചൂണ്ടിക്കാട്ടി. അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് എന്ന ആശയമാണ് അംഗങ്ങൾ മുന്നോട്ടുവച്ചത്. എന്നാൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഹൈക്കോടതികളും പ്രതികൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് ഇക്കാര്യത്തിൽ എത്രത്തോളം മുന്നോട്ടു പോകാൻ കഴിയുമെന്ന സംശയം ഉയരുന്നുണ്ട്. ഈ എതിർപ്പുകളെ തരണം ചെയ്താലേ പുതിയ നിയമത്തെക്കുറിച്ച് ആലോചിക്കാനാവൂ. ചർച്ചകളിലൂടെ സമവായം എന്നതായിരിക്കും ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട്. 2015 ലെ പോലെ വീണ്ടുമൊരു തിരിച്ചടി ഏറ്റുവാങ്ങാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.

English Summary: States oppose All India Judicial Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com