ADVERTISEMENT

തിരുവനന്തപുരം∙ നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശ് സർക്കാരിനെ പരിഹസിച്ചും കോൺഗ്രസ് എംപി ശശി തരൂർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്. 

യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയെങ്കിൽ രാജ്യത്തിനു ഗുണം ഉണ്ടാകും. ഇല്ലെങ്കിൽ എല്ലാവരെയും അവരുടെ നിലവാരത്തിലേക്ക് അവർ വലിച്ചു താഴെയിടും– ശശി തരൂർ കുറിച്ചു. ആരോഗ്യ സുരക്ഷ എന്തെന്ന് കേരളം യുപിയെ കണ്ടു പഠിക്കണമെന്ന യോഗി ആദ്യത്യനാഥിന്റെ 2017ലെ പരാമർശം ഉൾക്കൊള്ളുന്ന വാർത്തയുടെ തലക്കെട്ടും തരൂർ ട്വീറ്റിനൊപ്പം പങ്കുവച്ചിരുന്നു.

മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുകയാണെന്ന തരൂരിന്റെ വിമർശനം പാർട്ടിയിൽ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. കെ–റെയിലിന് അനുകൂലമായി ശശി തരൂർ എംപി എടുത്ത നിലപാടും വിമർശിക്കപ്പെട്ടു. 

നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാമതെത്തിയത്. തമിഴ്‌നാടാണ് രണ്ടാമത്. തെലങ്കാന മൂന്നാമതെത്തി. ഉത്തർപ്രദേശാണ് ഏറ്റവും മോശം പ്രവർത്തനം നടത്തിയ സംസ്ഥാനം. 2019-20 കാലത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. 

English Summary: Niti Aayog health index 2021: Shashi Tharoor praises Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com