ADVERTISEMENT

ന്യൂഡൽഹി∙ ഗോവയിൽ അടുത്ത വർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നേതാക്കളുടെ കൂട്ട പലായനം തടയാൻ കിണഞ്ഞ് ശ്രമിച്ച് കോൺഗ്രസ്. 2017ൽ 17 സീറ്റുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിൽ ഇപ്പോൾ ബാക്കിയുള്ളത് വെറും 2 എംഎൽഎമാർ. 2017ൽ മൂന്നും 2019ൽ പത്തും എംഎൽഎമാർ കോൺഗ്രസിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ലൂസീഞ്ഞോ ഫലെയ്റോ തൃണമൂലിലേക്കും രവി നായിക്ക് ബിജെപിയിലേക്കും അടുത്തിടെ ചേക്കേറി. 

നിയമസഭാ കക്ഷി നേതാവ് ദിഗംബർ കാമത്ത്, മുതിർന്ന നേതാവ് പ്രതാപ് സിങ് റാണെ എന്നിവർ മാത്രമാണ് ഇനി കോൺഗ്രസിൽ ബാക്കിയുള്ളത്. ലൂസീഞ്ഞോയെ നിലനിർത്താൻ അവസാന നിമിഷം വരെ കോൺഗ്രസ് ശ്രമിച്ചിരുന്നു. സംസ്ഥാന പിസിസിയുടെ വർക്കിങ് പ്രസിഡന്റ് വരെയാക്കിയെങ്കിലും ലൂസീഞ്ഞോ തൃണമൂലിലേക്കു പറന്നു. ഒരുപറ്റം മുൻ മുഖ്യമന്ത്രിമാർ പാർട്ടി ഹൈക്കമാൻ‍ഡിൽ നിന്ന് അകലുന്നതിന്റെ സൂചനയാണിത്. പഞ്ചാബിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് കോൺഗ്രസ് വിട്ടു; ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നു. കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ ഉമ്മൻ ചാണ്ടി മുൻപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

ചാടിപ്പോകുമോ സ്ഥാനാർഥികൾ?

ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥികൾ പോലും ഏതു നിമിഷവും പാർട്ടി വിട്ടേക്കുമെന്ന ഗുരുതര പ്രതിസന്ധിയാണു ഗോവയിൽ കോൺഗ്രസ് നേരിടുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാർഥികളിലൊരാളും പിസിസി വർക്കിങ് പ്രസിഡന്റുമായ അലക്സോ റെജിനാൾഡോ ലൗറെൻകോ ആണ് ഏറ്റവുമൊടുവിൽ കോൺഗ്രസ് വിട്ടത്.

പോറിയം മണ്ഡലത്തിൽ വീണ്ടും റാണെയെ സ്ഥാനാർഥിയാക്കുന്നതു സംബന്ധിച്ച് പാർട്ടിക്ക് ആശയക്കുഴപ്പമുള്ളതിനാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ നിന്ന് അവസാന നിമിഷം അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയിരുന്നു. ആശയക്കുഴപ്പം നീണ്ടാൽ അദ്ദേഹവും മറുകണ്ടം ചാടിയേക്കുമെന്ന വിലയിരുത്തലിൽ പോറിയം സ്ഥാനാർഥിയായി റാണെയെ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചു. റാണെയുടെ മകൻ വിശ്വജിത് റാണെ മുൻ കോൺഗ്രസ് എംഎൽഎയും നിലവിൽ ബിജെപി സർക്കാരിൽ മന്ത്രിയുമാണ്. താൻ മത്സരരംഗത്തുള്ളതിനാൽ, അച്ഛൻ മാറി നിൽക്കണമെന്നും രാഷ്ട്രീയത്തിൽ  നിന്നു വിരമിക്കണമെന്നുമാണു വിശ്വജിത്തിന്റെ നിലപാട്. 

1248-prathap-singh-rane
കോൺഗ്രസ് നേതാവ് പ്രതാപ് സിങ് റാണെ

തിരഞ്ഞെടുപ്പ് കളത്തിലുള്ള തൃണമൂൽ സംസ്ഥാനത്ത് തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ കോൺഗ്രസ് നേതാക്കളെ വ്യാപകമായി അടർത്തിയെടുക്കുകയാണ്. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ബിജെപിയും പരമാവധി ശ്രമിക്കുന്നു. കോൺഗ്രസിനു സ്വാധീനമുള്ള ക്രൈസ്തവ വോട്ട് ബാങ്ക് പിടിക്കാൻ തൃണമൂലിനു പുറമെ ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുണ്ട്. 

ഒാട്ടോയിൽ നിന്ന് സൈക്കിളിലേക്ക്

ഒാട്ടോയിൽ കയറാനുള്ള എംഎൽഎമാർ മാത്രമാണു മുൻപ് കോൺഗ്രസിലുണ്ടായിരുന്നതെന്നും ഇപ്പോൾ 2 പേർ ആയി കുറഞ്ഞതോടെ അവർക്ക് സൈക്കിളിൽ സഞ്ചരിക്കാമെന്നും ഗോവയുടെ ചുമതലയുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പരിഹസിച്ചു. കോൺഗ്രസിലെ 15 പേർ  വിറ്റുപോയെന്നും ഇനി ബാക്കിയുള്ള 2 പേർ അവസാന സ്റ്റോക്ക് ആണെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. 

1248-devendra-fadnavis-modi
ദേവേന്ദ്ര ഫഡ്‌നാവിസ്, നരേന്ദ്ര മോദി (ഫയൽ ചിത്രം)

ആരൊക്കെ ചാടിപ്പോയാലും ഇക്കുറി തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അതു തങ്ങൾക്കു ഗുണം ചെയ്യുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ആഞ്ഞുപിടിച്ചാൽ ഭരണം പിടിക്കാമെന്ന റിപ്പോർട്ട് ആണ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനു കൈമാറിയിരിക്കുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ സംസ്ഥാനത്ത് സജീവ പ്രചാരണത്തിനിറങ്ങും. 

English Summary: Congress gears up to take on BJP in Goa polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com