ADVERTISEMENT

തൃശൂർ∙ മേളം തിരിച്ചെഴുന്നള്ളിയെത്തിയപ്പോൾ ആസ്വാദകർ പൂരാവേശത്തിലായി. ചെണ്ടപ്പുറത്തു കോലു വീഴും മുൻപേ, കൊമ്പിൽ നിന്ന് നാദമുയരും മു‍ൻപേ ഇന്നലെ സംഗീത നാടക അക്കാദമി മുറ്റത്തേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. കഴിഞ്ഞ 2 പൂരക്കാലത്ത് നഷ്ടപ്പെട്ട മേളത്തിന്റെ ശബ്ദസൗന്ദര്യം അവർ അറിഞ്ഞാസ്വാദിച്ചു. നാടകോത്സവത്തിന്റെ നഷ്ടം മറക്കാൻ നാടകങ്ങളും ആസ്വാദകരെ കാത്തിരിപ്പുണ്ടായിരുന്നു.

thrissur-hope-fest-3
ഹോപ് ഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന പാണ്ടി മേളത്തിൽനിന്ന്. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

പെരുവനം കുട്ടൻമാരാർനയിച്ച മേളത്തിൽ 150 കലാകാരന്മാർ പങ്കെടുത്തു. പാണ്ടി കൂട്ടിപ്പെരുക്കലിന് കൊമ്പിൽ നിന്നുള്ള നാദം ഉയർന്നപ്പോഴേ മേളക്കമ്പക്കാർ കോരിത്തരിച്ചു. ഓർമകളിലെ മേളങ്ങളെ മുഴുവൻ പെരുക്കിയെടുത്ത നിറവിലെത്തി അവർ. തൊട്ടുപിന്നാലെ ചെണ്ടയിൽ കോലുകൾ വീണു; ഇലത്താളങ്ങൾ കൂട്ടിയിടിച്ചു. ചുറ്റും നിന്നവരുടെ കൈകൾ വായുവിൽ കൊട്ടി. വിളംബ കാലത്തിനു ശേഷം പാണ്ടി തുറന്നുപിടിച്ച ഘട്ടം തുടങ്ങിയപ്പോഴേക്കും ആസ്വാദകർക്കു ശരിക്കും പൂരം വിരുന്നെത്തിയ പ്രതീതിയായി. ഒന്നര മണിക്കൂർ നീണ്ടു നിന്ന മേളം അവസാനിപ്പിച്ചപ്പോൾ ആളുകളിൽ ഒരാണ്ടത്തേക്കുള്ള ആവേശത്തിനു തുടക്കമായി.

thrissur-hope-fest-2
ഹോപ് ഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന പാണ്ടി മേളത്തിൽനിന്ന്. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

രാജ്യാന്തര നാടകോത്സവമായ ഇറ്റ്ഫോക്ക് ഈ വർഷം നടത്താനാവാത്ത സാഹചര്യത്തിൽ സംഗീത നാടക അക്കാദമി ആവിഷ്കരിച്ച ഹോപ് ഫെസ്റ്റിവലിൽ ചെറുനാടകങ്ങളും ക്ലൗൺ വിഡിയോകളും അരങ്ങേറി. ഇവ ഇന്നും നാളെയും തുടരും. ഇറ്റ്ഫോക്കിന്റെ നഷ്ടം അവർ അങ്ങനെ മറന്നു. അടുത്ത വർഷം ആദ്യം തന്നെ ഇറ്റ്ഫോക്ക് നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞത് ആവേശത്തോടെയാണ് തൃശൂരുകാർ സ്വീകരിച്ചിരിക്കുന്നത്

Content Highlight: Thrissur HOPE Fest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com