ADVERTISEMENT

പ്രായപൂർത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ മലബാറിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിന് ഇന്ന് (2022 ജനുവരി 2) 70 വയസ്. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് ഇന്ത്യയിൽ പ്രഥമ പൊതുതിരഞ്ഞെടുപ്പ് 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ നടന്നതിനൊപ്പമാണ് അന്ന് പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ വോട്ടെടുപ്പ്. 

1952 ജനുവരി 2, 5, 8, 9, 11, 12, 16, 21, 25 തീയതികളിലായിരുന്നു മദ്രാസിലെ വോട്ടെടുപ്പ്. ആദ്യം വോട്ടെടുപ്പു (ജനുവരി 2) നടന്ന 8 ലോക്സഭാ നിയോജകമണ്ഡലങ്ങളിൽ പൊന്നാനി (ദ്വയാംഗം) മണ്ഡലം ഉൾപ്പെടുന്നു. മലപ്പുറം, സൗത്ത് കാനറാ (സൗത്ത്) മണ്ഡലങ്ങളിൽ ജനുവരി 8നും കോഴിക്കോട്ട് 12നും തലശേരിയിൽ 16നും കണ്ണൂരിൽ 21നുമായിരുന്നു വോട്ടെടുപ്പ്. 

1952ൽ വോട്ടർമാരുടെ എണ്ണം ഇന്ത്യയിൽ 17.32 കോടിയും പഴയ മദ്രാസ് സംസ്ഥാനത്ത് 2.7 കോടിയും 1956ൽ കേരളത്തിന്റെ ഭാഗമായിത്തീർന്ന മലബാർ ജില്ലയും കാസർകോട് താലൂക്കും അടങ്ങുന്ന പ്രദേശത്ത് 22.5 ലക്ഷവുമായിരുന്നു. പോളിങ് ശതമാനം ഇന്ത്യയിൽ 51.15, മദ്രാസിൽ 56.4, മലബാർ–കാസർകോട് പ്രദേശത്ത് 60.8 എന്നിങ്ങനെയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു മലബാർ.

1909ലെ മിന്റോ–മോർലി പരിഷ്കാര പ്രകാരമാണ് മലബാർ ഉൾപ്പെട്ട മദ്രാസ് പ്രവിശ്യയിൽ നേരിട്ടല്ലാത്തതാണെങ്കിലും ആദ്യ തിരഞ്ഞെടുപ്പു നടന്നത്. 1919ലെ മൊണ്ടേഗു – ചെംസ്ഫോഡ് പരിഷ്കാരപ്രകാരം 1920നവംബർ 30ന് ആദ്യ ജനകീയ തിരഞ്ഞെടുപ്പു നടന്നു. എന്നാൽ  വോട്ടവകാശവും അംഗത്വവും നിശ്ചിത യോഗ്യതയുള്ള പുരുഷന്മാർക്കു മാത്രമായിരുന്നു. ഇന്ത്യൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കും (കേന്ദ്ര നിയമസഭ / സാമ്രാജ്യ നിയമനിർമാണ സഭ) മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കും 1937 മുതൽ അസംബ്ലിയിലേക്കും പല തവണ തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. 

∙ മദ്രാസിലെ മലയാളിത്തിളക്കം 

1952ൽ മദ്രാസ് നിയമസഭയിലേക്ക് വിജയിച്ച കെ.പി. കുട്ടികൃഷ്ണൻ നായർ (കോഴിക്കോട് നിയമസഭാമണ്ഡലം) സി. രാജഗോപാലാചാരി മന്ത്രിസഭയിൽ നിയമകാര്യമന്ത്രിയും (10.04.1952 – 13.04.1954) എൻ. ഗോപാലമേനോൻ (പൊന്നാനി ദ്വയാംഗം) മദ്രാസ് നിയമസഭാ സ്പീക്കറും (27.09.1955 – 01.11.1956) ആയി. ഡോ. പി.വി. ചെറിയാൻ (മദ്രാസ് സൗത്ത് ഗ്രാജ്വേറ്റ്സ്) മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ (06.05.1952 – 20.04.1964) ആയി. ആദ്യപൊതുതിരഞ്ഞെടുപ്പിനോടൊപ്പം 1952 മാർച്ച് 17, 27 തീയതികളിലാണ് മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നത്.

∙ അൽപം ഭൂമിശാസ്ത്രം

പാലക്കാട്, പൊന്നാനി താലൂക്കുകളും വള്ളുവനാട്, ഏറനാട് താലൂക്കുകളുടെ ഭാഗങ്ങളും അടങ്ങുന്ന 8 നിയമസഭാനിയോജകമണ്ഡലങ്ങളാണ് പൊന്നാനി ലോക്‌സഭാദ്വയാംഗനിയോജകമണ്ഡലത്തിലുണ്ടായിരുന്നത്. നാട്ടിക നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഫോർട്ട് കൊച്ചിയും ഇതിൽ ഉൾപ്പെട്ടിരുന്നു. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ചേവായൂർ നിയമസഭാമണ്ഡലത്തിലായിരുന്നു പശ്‌ചിമ തീരത്തെ അമിൻദിവി, ലക്ഷദ്വീപ്, മിനിക്കോയി ദ്വീപുകൾ.

കാസർകോട്, പുത്തൂർ (ദ്വയാംഗം), മാംഗളൂർ, പനമാംഗളൂർ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങൾ ചേർന്നതായിരുന്നു സൗത്ത് കാനറ (സൗത്ത്) ലോക്‌സഭാ മണ്ഡലം. കാസർകോട് താലൂക്കിലെ മഞ്ചേശ്വരം ഫർക്കാ പനമാംഗളൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. സംസ്‌ഥാന പുനഃസംഘടനയെ തുടർന്ന് 1956ൽ കാസർകോട് താലൂക്ക് കേരളത്തിലും മറ്റു പ്രദേശങ്ങൾ പുതിയ മൈസൂർ സംസ്‌ഥാനത്തിലും (പിന്നീട് കർണാടക) ചേർത്തു.

∙ അന്നത്തെ മദ്രാസും മലബാറും

thrissur news

മദ്രാസിൽ ആകെ 62 ലോക്സഭാ നിയോജകമണ്ഡലങ്ങളും (75 സീറ്റ്) 309 നിയമസഭാ നിയോജകമണ്ഡലങ്ങളും (375 സീറ്റ്) ഉണ്ടായിരുന്നു. മലബാർ ജില്ലയും കാസർകോട് താലൂക്കും പൂർണ്ണമായോ ഭാഗകമായോ 6 ലോക്സഭാമണ്ഡലങ്ങളുടെയും (7 സീറ്റ്) 28 നിയമസഭാ  മണ്ഡലങ്ങളുടെയും (32 സീറ്റ്) പരിധിയിലായിരുന്നു. ഈ പ്രദേശത്തെ  ഒരു ലോക്സഭാ മണ്ഡലവും (പൊന്നാനി) 4 നിയമസഭാ മണ്ഡലങ്ങളും ദ്വയാംഗ മണ്ഡലങ്ങളായിരുന്നു. ഇവയിൽ ഓരോ സീറ്റ് സംവരണം ചെയ്‌തിരുന്നു. ഒരു ലോക്സഭാ സീറ്റും 3 നിയമസഭാ സീറ്റും പട്ടികജാതി സംവരണവും വയനാട് ദ്വയാംഗമണ്ഡലത്തിലെ ഒരു സീറ്റ് പട്ടികവർഗ സംവരണവുമായിരുന്നു. 

∙ തിരുവിതാംകൂർ – കൊച്ചി

പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പുകൾ 1948ൽ തിരുവിതാംകൂറിലും (ഫെബ്രുവരി 2 - 18) കൊച്ചിയിലും (സെപ്റ്റംബർ 8, 11) നടന്നു.  തിരുവിതാംകൂർ–കൊച്ചിയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1951 ഡിസംബർ 10–22, 1952 ജനുവരി 2–5 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി 14 ദിവസമായിരുന്നു. 

ഈ തിരഞ്ഞെടുപ്പ് ഏറ്റവും ആവേശത്തോടെ സ്വീകരിച്ചതു തിരു–കൊച്ചിയിലായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയതു കോട്ടയം ലോക്‌സഭാ മണ്ഡലത്തിലും (80.49 %) ഭരണിക്കാവ് നിയമസഭാ ദ്വയാംഗമണ്ഡലത്തിലും (92.6%) ആയിരുന്നു. സംസ്‌ഥാനങ്ങളുടെ പട്ടികയിലും പോളിങ് ശതമാനത്തിൽ തിരു- കൊച്ചിക്കായിരുന്നു ഒന്നാം സ്‌ഥാനം (71%). ഏറ്റവും കുറവ് ഹിമാചൽ പ്രദേശിലും (24.32 %). 

English Summary: 1952– First public elections in Malabar completes 70 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com