ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം കഴിഞ്ഞ് സഞ്ചാരികളെ വഹിച്ചുള്ള ഗഗന്‍യാന്‍ പേടകം അറബിക്കടലില്‍ തിരികെയിറക്കും. താരതമ്യേന ശാന്തമായതുകൊണ്ടാണ് അറബിക്കടലിനു മുന്‍ഗണന നല്‍കുന്നതെന്നു മനോരമ ഇംഗ്ലിഷ് ഇയര്‍ബുക്കിലെഴുതിയ ലേഖനത്തില്‍ ഐഎസ്ആര്‍ഒ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് സെന്‍റര്‍ (എച്ച്എസ്എഫ് സി) ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ വെളിപ്പെടുത്തി. അടുത്ത വര്‍ഷമാണു ഗഗന്‍യാന്‍ ദൗത്യം.

ഏതെങ്കിലും കാരണവശാല്‍ അറബിക്കടലില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലിലാവും പേടകം തിരിച്ചിറക്കുക. ഗഗന്‍യാനിന്‍റെ ആളില്ലാ പരീക്ഷണം ഈ വര്‍ഷം ആദ്യ പകുതിയില്‍ നടക്കും. ഗഗന്‍യാനിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍, യാത്രികര്‍ക്കു രക്ഷപ്പെടാനുള്ള വഴികള്‍, അതിജീവനം തുടങ്ങിയ കാര്യങ്ങളും ലേഖനം ചര്‍ച്ച ചെയ്യുന്നു. 2019ല്‍ പ്രവര്‍ത്തനമാരംഭിച്ച എച്ച്എസ്എഫ് സിയുടെ ആദ്യ ദൗത്യമാണ് ഗഗന്‍യാന്‍. സുരക്ഷിതമായും പരമാവധി ചെലവു കുറച്ചും  മനുഷ്യരെ ബഹിരാകാശത്തെത്തിക്കുകയാണു സ്ഥാപനത്തിന്‍റെ ലക്ഷ്യം.

ganganyan-pilot
റോസ്കോസ്മോസിൽ പരിശീലനം നടത്തുന്ന സേനാംഗം. ചിത്രം: റോസ്കോസ്മോസ്, ട്വിറ്റർ.

∙ ഇരട്ടഭിത്തിയുള്ള ക്രൂ മൊഡ്യൂള്‍

8,000 കിലോഗ്രാം ഭാരമുള്ള പേടകത്തിനു രണ്ടു ഭാഗങ്ങളുണ്ട്: ക്രൂ മൊഡ്യൂളും സര്‍വീസ് മൊഡ്യൂളും. ക്രൂ മൊഡ്യൂളിന് ഇരട്ട ഭിത്തിയാണ്. ഭൗമാന്തരീക്ഷത്തില്‍ പേടകം തിരികെയെത്തുമ്പോഴുണ്ടാകുന്ന കനത്ത ചൂട് അതിജീവിക്കാന്‍ ലക്ഷ്യമിട്ടാണിത്. ഭ്രമണപഥത്തില്‍ സെക്കന്‍ഡില്‍ 7.8 കി.മീ. വേഗത്തിലായിരിക്കും പേടകം ഭൂമിയെ വലംവയ്ക്കുക.

gaganyaan-hsfc

∙ ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍

ജിഎസ്എല്‍വി എംകെ3യുടെ പരിഷ്കരിച്ച പതിപ്പായ ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിളാണ് ദൗത്യത്തിന് ഉപയോഗിക്കുക. തിരിച്ചിറങ്ങുന്ന പേടകത്തിന്‍റെ സ്ഥാനം കപ്പലിലുള്ള രക്ഷാദൗത്യസേനയ്ക്കു നിര്‍ണയിക്കാനാവും. രണ്ടു മണിക്കൂറിനകം യാത്രികരെ  കപ്പലിലെത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുക. അടിയന്തര സാഹചര്യത്തില്‍ അവര്‍ക്കു രണ്ടു ദിവസത്തോളം പേടകത്തില്‍ തന്നെ കഴിയാനുമാകും.

vyommitra
ബഹിരാകാശ സംഘത്തെ സഹായിക്കാനായി പേടകത്തിൽ അയയ്ക്കുന്ന ഹ്യുമനോയ്ഡ് (യന്ത്രവനിത) ആയ ‘വ്യോമമിത്ര.

∙ തയാറെടുപ്പ്

ഗഗന്‍യാനിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരും റഷ്യയില്‍ 15മാസം പരിശീലനം പൂര്‍ത്തിയാക്കി. ബെംഗളൂരുവിലെ അസ്ട്രനോട്ട് ട്രെയിനിങ് ഫെസിലിറ്റിയിലാണ് തുടര്‍ തയാറെടുപ്പുകള്‍. എന്‍ജിനീയറിങ്, മെഡിക്കല്‍, സുരക്ഷാ പരിശീലനങ്ങള്‍ക്കു പുറമെ ഭാരരഹിതാവസ്ഥയെ നേരിടുന്നതിനും  സംഘാംഗങ്ങളെ പ്രാപ്തരാക്കും. അടിയന്തരമായി ദൗത്യം അവസാനിപ്പിക്കേണ്ടി വന്നാല്‍ പേടകം പതിക്കാന്‍ സാധ്യതയുള്ള സമുദ്രം, മഞ്ഞുപ്രദേശം, പര്‍വതം, മരുഭൂമി എന്നിവിടങ്ങളില്‍ അതിജീവനത്തിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. അതിനാവശ്യമായ കിറ്റുകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞതായി ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ വെളിപ്പെടുത്തുന്നു.

English Summary: Gaganyaan Crew Module to have two landing choices – Arabian Sea and Bay of Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com