ADVERTISEMENT

പത്തനംതിട്ട∙ സിൽവർ ലൈൻ പദ്ധതിയുടെ നിർമാണ ഘട്ടത്തിൽ പ്രളയമുണ്ടാകുമെന്ന് ആദ്യഘട്ടത്തിൽ തയാറാക്കിയ പാരിസ്ഥിതികാഘാത പഠന റിപ്പോർട്ടിൽ മുന്നറിയിപ്പ്. നിർമാണ ഘട്ടത്തിൽ സ്വാഭാവിക നീർച്ചാലുകളുടെ ഒഴുക്ക് തടസപ്പെടാനും അടിക്കടി പ്രളയത്തിനും സാധ്യതയുണ്ട്. എന്നാൽ, നിർമാണം പൂർത്തിയാകുന്നതോടെ സ്ഥിതി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

പാത കടന്നു പോകുന്ന സ്ഥലങ്ങളിൽ രൂക്ഷമായ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണ്. കൊല്ലം, െചങ്ങന്നൂർ, കോട്ടയം, കൊല്ലം യാർഡ്, കാസർകോട് യാർഡ് എന്നിവ ഉയർന്ന പ്രളയസാധ്യതാ പ്രദേശങ്ങളാണ്. കൊല്ലം യാർഡ് പാടത്തിന്റെയും പുഴയുടെയും നീർത്തടത്തിന്റെയും സമീപത്താണെന്നും ഇത്തരം പ്രദേശങ്ങളിൽ വിശദമായ പരിശോധന കൂടിയേ തീരുയെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

പദ്ധതിയുടെ ഭാഗമായി കൃഷി ഭൂമിയിൽ കുറവുണ്ടാവുകയും കാർഷിക ഉൽപാദനത്തിൽ തകർച്ച നേരിടുകയും ചെയ്യും. വ്യാപകമായി മുറിച്ചു മാറ്റുന്ന മരങ്ങൾ പ്രാദേശികമായി ഭൂപ്രകൃതിയിൽ മാറ്റം വരുത്തും. നിർമാണവുമായി ബന്ധപ്പെട്ടു പുതിയതായി തുടങ്ങുന്ന പാറമടകൾ, മണ്ണ് ഖനികൾ, തൊഴിലാളികൾക്കായി നിർമിക്കുന്ന ലേബർ ക്യാംപുകൾ എന്നിവ പരിസ്ഥിതിയെ ദോഷമായി ബാധിക്കും. ലേബർ ക്യാംപുകൾ മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ താൽക്കാലികമാണെങ്കിലും ക്വാറികൾ സ്ഥിരമായ പ്രശ്നങ്ങൾക്കു കാരണമാകും. മണ്ണിന്റെ സ്വാഭാവിക ഗുണം നഷ്ടപ്പെടാനും പദ്ധതി കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പദ്ധതിയുടെ നിർമാണ ഘട്ടത്തിൽ നീർച്ചാലുകളുടെ സ്വാഭാവിക ഒഴുക്ക് തടയപ്പെടുകയോ ഗതിമാറുകയോ ചെയ്യാം. മലിനജലം സ്വാഭാവിക ജല സ്രോതസുമായി കൂടിച്ചേരും. സിൽവർ ലൈൻ പ്രവർത്തന ക്ഷമമാകുമ്പോൾ കാര്യമായ വായു മലിനീകരണം ഇല്ലെങ്കിലും നിർമാണ ഘട്ടത്തിൽ വായു മലിനീകരണത്തിനു കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയങ്ങളെ മുന്നിൽക്കണ്ട് പരിഹാര മാർഗങ്ങൾ സ്വീകരിച്ചു വേണം പദ്ധതി നടപ്പാക്കാനെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

നിർമാണ ആവശ്യങ്ങൾക്കായി ദിവസം 3 കോടി ലീറ്റർ വെള്ളം ആവശ്യമായി വരും. പദ്ധതി പ്രാവർത്തികമാകുന്നതോടെ ദിവസം 50 ലക്ഷം ലീറ്റർ വെള്ളമാണ് ആവശ്യം. പദ്ധതി പൂർത്തിയായി ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ 27.9 കോടി യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. 2053 ആകുമ്പോഴേക്കും വൈദ്യുതി ഉപയോഗം 49.7 കോടി യൂണിറ്റായി വർധിക്കും. തിരൂർ മുതൽ കാസർകോട് വരെയും കൊച്ചുവേളി മുതൽ മുരുക്കുമ്പുഴ വരെയും റെയിൽവേയുടെ 185 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ബാക്കി 1198 ഹെക്ടർ സ്ഥലം സ്വകാര്യ ഭൂമിയാണ്. ദേശീയ പാത വികസനവുമായി താരതമ്യപ്പെടുത്തുമ്പോൾ സിൽവർ ലൈനു വേണ്ടി ഏറ്റെടുക്കുന്ന ഭൂമി കുറവാണ്.

സിൽവർ ലൈനു കിലോമീറ്ററിന് 2.4 ഹെക്ടർ സ്ഥലം ആവശ്യമായിരിക്കുമ്പോൾ ദേശീയ പാത വികസനത്തിൽ ഇത് 6.1 ഹെക്ടർ ഭൂമിയാണ്. തിരൂർ മുതൽ കാസർകോട് വരെ റെയിൽവേ ലൈനിനോടു ചേർന്നായതിനാൽ കൂടുതൽ ഭൂമി ആവശ്യമില്ല. മേൽപ്പാലങ്ങൾ വഴിയായതിനാൽ ഭൂമി പൂർണമായും നഷ്ടപ്പെടുന്നത് ഒഴിവാകും. സിൽവർ ലൈനിന്റെ 60% കായലിനു മുകളിലൂടെയാണ്. പദ്ധതിയുമായി ബന്ധപ്പെട്ടു 481 പേരിൽ നടത്തിയ പഠനത്തിൽ 73.8 ശതമാനം ആളുകൾ മാത്രമാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. 8 ശതമാനം പേർക്ക് പദ്ധതിയെക്കുറിച്ചോ കടന്നു പോകുന്ന വഴിയെക്കുറിച്ചോ ധാരണയില്ല. പ്രതികരിച്ചവരിൽ 18% പേർ അവരുടെ ഭൂമി പദ്ധതി നടപ്പാക്കിയതിനു ശേഷം വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്ന് വിശ്വസിക്കുമ്പോൾ 56 ശതമാനത്തിനും തങ്ങളുടെ ഭൂമി പൂർണമായും നഷ്ടപ്പെടുമെന്ന ധാരണയാണ്.

silver-line-project

നിർമാണ ഘട്ടത്തിൽ നേരിട്ടും അല്ലാതെയും 50,000 തൊഴിലവസരവും പദ്ധതി പൂർത്തിയാകുന്നതോടെ 10,000 തൊഴിലവസരം ലഭിക്കും. തിരുവനന്തപുരത്തെ ടെക്നോപാർക്കിനെയും കൊച്ചിയിലെ ഇൻഫോ പാർക്കിനെയും ബന്ധിപ്പിക്കുന്ന ഐടി ഇടനാഴി യാഥാർഥ്യമാകും. കൊച്ചി തിരുവനന്തപുരം വിമാനത്താവളങ്ങളെ സിൽവർ ലൈൻ കൂട്ടിയോജിപ്പിക്കും. നിലവിൽ തരിശു കിടക്കുന്ന െനൽപ്പാടങ്ങളുടെ പുനർജീവിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിൽവർ ലൈൻ ഒറ്റനോട്ടത്തിൽ

വേഗം – മണിക്കൂറിൽ 200 കിലോമീറ്റർ. 

സമയ ദൈർഘ്യം: തിരുവനന്തപുരം – കാസർകോട് 4 മണിക്കൂർ 

സ്റ്റേഷനുകൾ  – 11. 

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശേരി, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്

silver-line-rail

തിരൂർ വരെ പുതിയ പാതയും തിരൂ‍ർ മുതൽ കാസർകോട് വരെ നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായുമാണ് സിൽവർ ലൈൻ കടന്നു പോകുന്നത്. റെയിൽവേ ലൈനിനു സമാന്തരമായി റോഡ്. 

റോഡിന്റെ ഓരോ അരകിലോമീറ്ററിലും അണ്ടർ പാസ്.

ആകെ ദൂരം –  529.45 കിമി 

‌തുരങ്കം – 11.53 കിമി. 

പാലം – 12.99 കിമി. 

ഒരു യാത്രയിൽ പരാമാവധി 675 പേർ. 

പ്രതിദിനം ഉപയോഗിക്കുമെന്നു കരുതുന്ന യാത്രക്കാർ – 2025 – 26ൽ 79934, 2029 – 30ൽ 94672, 2041 – 42ൽ 132944, 2052 – 53ൽ 158946. 

ആവശ്യമായ ഭൂമി – 1383 ഹെക്ടർ

സ്റ്റേഷനു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലം

തിരുവനന്തപുരം – 16.77 ഹെക്ടർ കരഭൂമി 

കൊല്ലം – 53.68 ഹെക്ടർ തണ്ണീർത്തടം

ചെങ്ങന്നൂർ – 14.18 ഹെക്ടർ കരഭൂമി 

കോട്ടയം – 15.51 ഹെക്ടർ തണ്ണീർത്തടം

കൊച്ചി – 16.97 ഹെക്ടർ കരഭൂമി

തൃശൂർ – 36.48 ഹെക്ടർ തണ്ണീർത്തടം

തിരൂർ – 13.04 ഹെക്ടർ കരഭൂമി

കോഴിക്കോട് വെസ്റ്റ്ഹിൽ – 19.13 ഹെക്ടർ കരഭൂമി

കണ്ണൂർ – 13.75 ഹെക്ടർ കരഭൂമി

കാസർകോട് – 46.66 ഹെക്ടർ കരഭൂമി

ആകെ 246 ഹെക്ടർ പൂർണമായും സ്വകാര്യ ഭൂമി.

English Summary : Silver line project : Flood warning in social impact study Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com