ADVERTISEMENT

അൽമാട്ടി∙ ഇന്ധന വില വർധിപ്പിച്ചതിനെ തുടർ‌ന്ന് കസഖ്സ്ഥാനിൽ ഉണ്ടായ ആക്രമണ പരമ്പരയിൽ ഇതുവരെ 160 ൽ അധികം ആളുകൾ മരിച്ചു, ആറായിരത്തിൽ അധികം ആളുകൾ അറസ്റ്റിലായി. 19 ദശലക്ഷം ആളുകൾ താമസിക്കുന്ന കസഖ്സ്ഥാനിൽ കഴി‍ഞ്ഞ ഒരാഴ്ചയായി ആക്രമണ പരമ്പരകൾ അറങ്ങേറുകയാണ്. അക്രമത്തെ തുടർന്ന് ഒട്ടേറെ വിദേശികളാണു രാജ്യത്തു കുടുങ്ങിക്കിടക്കുന്നത്.

കലാപത്തിൽ 164 ആളുകൾ കൊല്ലപ്പെട്ടതായി സർക്കാർ വ‍ൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ 103 പേർ അല്‍മാട്ടി നഗരത്തിൽനിന്നുള്ളവരാണ്. പ്രതിഷേധക്കാരും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടൽ നടന്ന നഗരമാണ് അൽമാട്ടി.

ആയുധമേന്തിയ 26 ക്രിമിനലുകൾ കൊല്ലപ്പെട്ടതായാണ് സുരക്ഷാ ജീവനക്കാർ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ സർക്കാർ ടെലിഗ്രാം ചാനലിൽനിന്ന് ഞായറാഴ്ച ഈ പോസ്റ്റ് അപ്രത്യക്ഷമായി. ‌വിവരങ്ങൾ അറിയിച്ചതിൽ പിഴവു സംഭവിച്ചതാണെന്ന വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം പിന്നീടു രംഗത്തെത്തി. കലാപവുമായി ബന്ധപ്പെട്ട്, ഇതുവരെ 5,800 ആളുകളെയാണു ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ഇതിൽ വിദേശികളും ഉൾപ്പെടുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ജനുവരി ഒന്നിനാണു കസഖ് സർക്കാർ ഇന്ധന വില വർധിപ്പിച്ചത്. ഇതോടെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എൽപിജി) വിലയിൽ കാര്യമായ വർധന ഉണ്ടായി. രാജ്യത്തെ ഭൂരിഭാഗം വാഹനങ്ങളും ഇന്ധനമായി എൽപിജിയാണ് ഉപയോഗിച്ചിരുന്നത്. വിലവർധനയെത്തുടർന്ന് പശ്ചിമ മേഖലയിലുണ്ടായ സംഘർഷം രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സാമ്പത്തിക തലസ്ഥാനമായ അൽമാട്ടിയിൽ ആക്രമണ പരമ്പരകൾ അരങ്ങേറിയതോടെ പൊലീസിനു വെടിയുതിർക്കേണ്ടി വന്നിരുന്നു.

അക്രമങ്ങളിൽ രാജ്യത്ത് ഇതുവരെ 175 ദശലക്ഷം യൂറോയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.100ൽ അധികം വാണിജ്യ കേന്ദ്രങ്ങളും ബാങ്കുകളും കൊള്ളയടിക്കപ്പെട്ടെന്നും 400ൽ അധികം വാഹനങ്ങളെങ്കിലും തകർക്കപ്പെട്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സെൻട്രൽ സ്ക്വയറിലേക്ക് ആളുകൾ കടക്കുന്നതു തടയാൻ പൊലീസ് ആകാശത്തേക്ക് തുടരെ നിറയൊഴിക്കുന്നതിനാൽ, അൽമാട്ടിയിലെ സ്ഥിതിഗതികൾ അൽപം ശാന്തമാണെന്നാണു റിപ്പോർട്ടുകൾ. സാധനങ്ങൾക്കു ക്ഷാമമുണ്ടെങ്കിലും സൂപ്പർ മാർക്കറ്റുകൾ വീണ്ടും തുറന്നു തുടങ്ങിയതായും രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

വിശ്വാസ വഞ്ചനാക്കുറ്റത്തിന് സുരക്ഷാ വിഭാഗം മുൻ മേധാവി കരീം മാസിമോവിനെ അറസ്റ്റ് ചെയ്തതായി കസഖ്സ്ഥാൻ സർക്കാർ ശനിയാഴ്ച അറിയിച്ചിരുന്നു. രാജ്യത്ത് അക്രമങ്ങൾ വ്യാപകമായി അരങ്ങേറിയതിനു പിന്നാലെയായിരുന്നു മാസിമോവിന്റെ അറസ്റ്റ്. സർക്കാരിന്റെ പല കെട്ടിടങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടിരുന്നു.

വെള്ളിയാഴ്ച 20,000 കലാപകാരികൾ അൽമാട്ടി നഗരത്തിൽ ആക്രമണം അഴിച്ചുവിട്ടതോടെ, മുന്നറിയിപ്പില്ലാതെ വെടിവയ്ക്കാൻ നിർബന്ധിതരായെന്നാണു സർക്കാരിന്റെ വിശദീകരണം.

English Summary: Over 160 Dead, Russia-Led Troops In: Here's Why Kazakhstan Is On The Boil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com