ADVERTISEMENT

പ്രതിനായകനെ വകവരുത്താൻ അവതാരമെടുത്ത അതിമാനുഷ നായകൻ യുദ്ധത്തിനൊടുവിൽ ശത്രുപക്ഷത്തു നിലയുറപ്പിക്കുന്ന ആന്റി ക്ലൈമാക്സിന് പലതവണ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട് മണിപ്പുരിലെ കോൺഗ്രസ് പാർട്ടിക്ക്. 15 വർഷം കോൺഗ്രസ് ഭരിച്ച മണിപ്പുരിൽ, മികച്ച പ്രതിച്ഛായയുള്ള നേതാക്കൻമാരില്ലെന്നുള്ളതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 75 വയസ്സുള്ള, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഇബോബി സിങ്ങിനെ മുൻനിർത്തിയാണ്, തുടർഭരണം ലക്ഷ്യമിടുന്ന ബിജെപിയുടെ ചിറകരിയാൻ ഇത്തവണയും കോൺഗ്രസ് കോപ്പു കൂട്ടുന്നത്. 

കോൺഗ്രസിൽനിന്നു ബിജെപിയിലേക്കുള്ള എംഎൽഎമാരുടെ പ്രവാഹം മാത്രമല്ല കോൺഗ്രസിനെ വെട്ടിലാക്കുന്നത്. പോകുന്നവർ സ്വന്തം അനുയായിസംഘത്തെയും ബിജെപിയിൽ എത്തിക്കുന്നതാണ് തലവേദന. ഇബോബി സിങ്ങിന്റെ ജനപ്രീതി തുണയാകുമെന്നു തന്നെയാണ് കോൺഗ്രസ് പ്രതീക്ഷയെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ‌ കേസിൽ അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നതിനാൽ രാഷ്ട്രീയത്തിൽ അദ്ദേഹം സജീവമായി ഇടപെടുന്നില്ലെന്ന പരാതി അനുയായികൾക്കിടയിലുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹം ഏറെക്കാലമായി പൊതുവേദിയിലും പ്രത്യക്ഷപ്പെടാറില്ല.

സ്വന്തം തട്ടകമായ തൗബാലില്‍ പോലും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാത്തത് പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മുന്നിൽനിന്നു നയിക്കാൻ ചുറുചുറുക്കുള്ള നേതാവില്ലാത്തതാണ് കോൺഗ്രസിന്റെ പ്രധാനപ്രശ്നം. ഒക്രാം ഇബോബി സിങ്ങിനെക്കാൾ മെച്ചപ്പെട്ട നേതാവിനെ ചൂണ്ടിക്കാണിക്കാനില്ലെന്ന് കോൺഗ്രസ് നേതൃത്വം തന്നെ സമ്മതിക്കുന്നുമുണ്ട്.

∙ എതിർചേരിയിലെ നായകൻമാർ; ബിജെപിയുടെ ‘പടത്തലവൻമാർ’

ആറു തവണ തുടർച്ചയായി ബിഷ്ണുപുർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും നിയമസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പും പിസിസി പ്രസിഡന്റുമായിരുന്ന ഗോവിന്ദ് ദാസ് കൊന്തൗജം അനുയായികളുമായി മാസങ്ങൾക്കു മുൻപ് ബിജെപിയിൽ ചേർന്നതാണ് കോൺഗ്രസിന് അടുത്തിടെ കിട്ടിയ ഏറ്റവും വലിയ ഷോക്ക് ട്രീറ്റ്മെന്റ്. വെറുതെ ഒരു സുപ്രഭാതത്തിൽ പാർട്ടിക്കു പുറത്തു പോകുകയായിരുന്നില്ല കൊന്തൗജം. പോകുന്ന പോക്കിൽ ഒപ്പം കൊണ്ടുപോയത് എട്ട് എംഎൽഎമാരെ. 28 എംഎൽഎമാർ ഉണ്ടായിരുന്ന കോൺഗ്രസിന് നിലവിൽ ആകെയുള്ളത് 14 എംഎൽഎമാർ. 5 വർഷത്തിനിടെ 14 എംഎൽമാരാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കാവി പുതച്ചത്. 

1280-ibobi-singh
ഇബോബി സിങ്ങ് (Photo by RAVEENDRAN / AFP)

എതിർചേരിയിൽനിന്ന് ശക്തൻമാരെ റാഞ്ചിയെടുത്ത് പടനായകൻമാരാക്കുന്ന ബിജെപിയുടെ ‘ഓപ്പറേഷൻ കമലി’ന് ഏറ്റവുമധികം വേരോട്ടമുണ്ടായ സംസ്ഥാനം കൂടിയാണ് മണിപ്പുർ. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തി മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന എൻ. ബിരേൻ സിങ്ങിനെ താഴെയിറക്കാൻ കോൺഗ്രസിന് അതിശക്തമായ പോരാട്ടം തന്നെ നടത്തേണ്ടി വന്നേക്കും. കോൺഗ്രസിന്റെ പ്രമുഖ നേതാവും കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായിരുന്ന കോറുങ് താങ് എംഎൽഎ സ്ഥാനവും രാജിവച്ച് അനുയായികളെയും കൂട്ടി കോൺഗ്രസ് വിട്ടതിന്റെ ക്ഷീണം മാറുന്നതിനു മുൻപ് പിസിസി ഉപാധ്യക്ഷൻ ചല്‍ട്ടോണ്‍ലിന്‍ അമോ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത് പാർട്ടികേന്ദ്രങ്ങളെ ഞെട്ടിച്ചു.

1280-govindas-konthoujam
ഗോവിന്ദ് ദാസ് കൊന്തൗജം (ചിത്രം ട്വിറ്റർ)

∙ കോൺഗ്രസ് തുടർഭരണം ഉറപ്പിച്ചു; എംഎൽഎമാരെ അടർത്തി ബിജെപി ഭരിച്ചു

തുടർച്ചയായി മൂന്നു സർക്കാരുകൾക്കു ശേഷവും 2017 ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും എംഎൽഎമാരെ അടർത്തിയെടുത്ത് ബിജെപി ഭരണം പിടിക്കുന്നത് കോൺഗ്രസിന് കയ്യും കെട്ടി നോക്കി നിൽക്കേണ്ടി വന്നു. സാമ്പത്തിക ഉപരോധവും തീവ്രവാദ ഭീഷണിയും തളർത്തിയ സംസ്ഥാനത്തു തുടർച്ചയായി മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്ന ഇബോബി സിങ് അധികാരം നിലനിർത്തുമെന്നു തന്നെയായിരുന്നു കോൺഗ്രസ് പ്രതീക്ഷ.  

1280-n-biren-singh
മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് (ഫയൽ ചിത്രം)

60 അംഗ നിയമസഭയിൽ 21 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ബിജെപി പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തി 32 പേരുടെ പിന്തുണ ഉറപ്പിച്ചു. പിന്നാലെ കോൺഗ്രസ് പ്രതീക്ഷകൾ കെടുത്തി മണിപ്പുരിലെ ആദ്യ ബിജെപി സർക്കാർ 2017 ൽ അധികാരത്തിൽ വന്നു. 2020 ൽ മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയും മൂന്ന് മന്ത്രിമാരുൾപ്പെടെ നാല് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എംഎൽഎമാരും തൃണമൂൽ എംഎൽഎയും ഒരു സ്വതന്ത്രനും സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ബിജെപി സർക്കാർ ന്യൂനപക്ഷമായി മാറി. ഇബോബി സിങ് മന്ത്രിസഭാ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചുവെങ്കിലും കോൺഗ്രസിലെ വിമത എംഎഎൽമാരെ പാളയത്തിൽ എത്തിച്ച് ബിജെപി തങ്ങളുടെ സർക്കാരിനെ സുരക്ഷിതമാക്കി. ബിജെപിക്ക് നിലവിൽ 29 എംഎൽഎമാരുണ്ട്. 

∙ കോൺഗ്രസ് പ്രതീക്ഷകൾ

മണിപ്പുരിൽ പത്തൊൻപതോളം മണ്ഡലങ്ങൾ പട്ടികജാതി, പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്. നാഗാ, കുക്കി ഗോത്രങ്ങൾ അധിവസിക്കുന്ന ഈ മണ്ഡലങ്ങളിൽ പാർട്ടിക്കു വേരോട്ടമുള്ളത് പ്രതീക്ഷയാണ്. 2017ൽ 9 ഓളം സീറ്റുകളാണ് സംവരണ മണ്ഡലങ്ങളിൽനിന്ന് കോൺഗ്രസ് നേടിയത്. ബിജെപിയുടെ സഖ്യകക്ഷികളായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെയും നാഗാ പീപ്പിൾസ് ഫ്രണ്ടി (എൻപിഎഫ്)ന്റെയും ഈ പ്രദേശത്തെ ക്രമാതീതമായ വളർച്ച ബിജെപിയുടെ സാധ്യതകളെയാണ് ഇല്ലാതാക്കുന്നതാണെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. 

1280-rahul-gandhi
രാഹുൽ ഗാന്ധി (Photo by SAJJAD HUSSAIN / AFP)

ബിജെപിക്കും എന്‍പിഎഫിനും നാല് സീറ്റും എന്‍പിപിക്ക് രണ്ട് സീറ്റുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ സംവരണ മണ്ഡലങ്ങളിൽനിന്ന് ലഭിച്ചത്. മണിപ്പുർ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും തനിച്ചു മത്സരിക്കുമെന്ന് എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബിജെപി നേതൃത്വവുമായി ഇരുപാർട്ടികൾക്കുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇക്കുറി തങ്ങളെ തുണയ്ക്കുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. 

ഈ മേഖലകളിൽ ബിജെപിക്കു സീറ്റുകൾ കുറയുകയും കോൺഗ്രസ് നില മെച്ചപ്പെടുത്തുകയും ചെയ്താൽ കാര്യങ്ങൾ തങ്ങളുടെ വരുതിയിലാകുമെന്ന് കോൺഗ്രസ് കരുതുന്നു. ഈ തിരഞ്ഞെടുപ്പിൽ എൻപിഎഫ്, എൻപിപി എന്നിവ 10 സീറ്റുകൾ വീതം നേടിയാൽ ബിജെപി പ്രതിരോധത്തിലാകുമെന്നും സീറ്റ് 20 ൽ താഴെ ഒതുങ്ങുമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 

ഇന്ധനവില വർധന, പൗരത്വ ഭേദഗതി തുടങ്ങിയവ പ്രധാന വിഷയമാകുമ്പോൾ നാഗാ ഉടമ്പടി, പ്രത്യേക സംസ്ഥാനാവകാശം, സ്വയംഭരണാധികാര പ്രദേശങ്ങളുടെ രൂപീകരണം, കൂടുതൽ ഗോത്ര വിഭാഗങ്ങളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ഇന്നർ ലൈൻ പെർമിറ്റ് അഥവാ ഐഎൽപി തുടങ്ങിയവയും ചർച്ച ചെയ്യപ്പെടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ ചിതറിക്കിടക്കുന്ന മുഴുവൻ നാഗാ വിഭാഗക്കാരും ഉൾപ്പെടുന്ന നാഗാലിം എന്ന സ്വതന്ത്ര രാജ്യത്തിനായി മണിപ്പുരിലും വിഘടനവാദം ശക്തമാണ്.

English Summary: The Congress is dreaming big in Manipur: sees hope with divisions in the BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com