സിപിഎം ‘ടൈമിങ്’ തെറ്റി; ഒരു മെഗാ മണ്ടത്തരം അഥവാ തലസ്ഥാനത്തെ തിരുവാതിരകളി!

CPM Thiruvathirakali
പാറശാലയിൽ സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരയും സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ കട്ടൗട്ടും (Manorama Online Creative Image)
SHARE

തിരുവനന്തപുരം∙ ഗ്രൂപ്പുകളി സിപിഎമ്മിനെ കുഴപ്പത്തിലാക്കുന്നത് പുത്തരിയല്ല; പക്ഷേ ഒരു തിരുവാതിരകളി വൻ കുഴപ്പം തന്നെ പാർട്ടിക്കു സൃഷ്ടിക്കുന്നത് ഇതാദ്യമായാണ്. 

ഗ്രൂപ്പുകളിക്ക് തിരുവനന്തപുരത്തെ സിപിഎമ്മും പേരു കേട്ടതാണ്. ഒരിക്കൽ വിഎസ് അച്യുതാനന്ദനൊപ്പം ഉറച്ചു നിന്നതാണ് തിരുവനന്തപുരം ജില്ല. പിരപ്പൻകോട് മുരളി വിഎസിന്റെ തലസ്ഥാനത്തെ യാഗാശ്വമായിരുന്നു. പാർട്ടിയുടെ സാസ്കാരിക മുഖം കൂടിയായിരുന്നു പിരപ്പൻകോട്. നാടകവും കവിതയും എല്ലാം വഴങ്ങുന്ന പിരപ്പൻകോടിനും പക്ഷേ ഈ തിരുവാതിരകളി രസിക്കാനിടയുണ്ടോ? സംശയമാണ്. 

Anavoor Nagappan
ആനാവൂർ നാഗപ്പൻ

വിഎസിന്റെ അരുമ ശിഷ്യനായിരുന്നു ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും. മുൻപ് ‘ഭാഷാപോഷിണി’ അഭിമുഖത്തിൽ‍ പി.ഗോവിന്ദപ്പിള്ള വിഎസിനെ ആനാവൂരുമായി താരതമ്യം ചെയ്തതാണ് വലിയ വിവാദമായത്. പിളർപ്പിനു മുൻപ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം വരെ ആയിരുന്ന വിഎസും അഭിമുഖ വേളയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മാത്രമായിരുന്ന ആനാവൂരും തമ്മിൽ എന്തു സാമ്യം എന്നു ചോദിച്ച് പാർട്ടി പിജിയോടു കണ്ണുരുട്ടി.

ഒപ്പംനിന്ന കടകംപള്ളി സുരേന്ദ്രനാണ് ആദ്യം വിഎസ് പക്ഷത്തുനിന്നു മറുകണ്ടം ചാടിയത്. പിരപ്പൻകോടും ആനാവൂരും എം.വിജയകുമാറും എല്ലാം  അപ്പുറത്തു നിന്നിട്ടും ഘട്ടം ഘട്ടമായി വിഎസിന്റെ കയ്യിൽനിന്നും തിരുവനന്തപുരത്തെ പാർട്ടിയുടെ പിടി അയയ്ക്കുന്നതിൽ കടകംപള്ളി വലിയ പങ്ക് വഹിച്ചു. എകെജി ഹാളിൽതന്നെ നടന്ന ജില്ലാ സമ്മേളനം ചേരിതിരിഞ്ഞുള്ള മത്സരത്തിൽ കലാശിച്ചു. തലസ്ഥാനത്തെ പാർട്ടി പിണറായി പക്ഷത്തായി. ഇന്ന് ജില്ലയിലെ പാർട്ടിയെ നയിക്കുന്ന ആനാവൂരും കടകംപള്ളിയും മന്ത്രി വി.ശിവൻകുട്ടിയും കോലിയക്കോട് കൃഷ്ണൻനായരും എം.വിജയകുമാറും എല്ലാം ഔദ്യോഗികപക്ഷക്കാർ തന്നെ. 

V Sivankutty
മന്ത്രി വി.ശിവൻകുട്ടി

പാർട്ടിക്കകത്തെ ‘കളി’

വിമതശബ്ദങ്ങളൊന്നും ജില്ലയിൽ ഉയരാറില്ല. അതുകൊണ്ടുതന്നെ വളരെ സുഗമമായി ജില്ലാ സമ്മേളനത്തിലേക്ക് നീങ്ങുകയായിരുന്നു തലസ്ഥാനത്തെ സിപിഎം. സ്വന്തം തട്ടകമായ പാറശാല തന്നെ സമ്മേളന വേദിയാകുമ്പോൾ പിന്നെ ആനാവൂരിനെ ചോദ്യം ചെയ്യാൻ ആരുണ്ട്? അദ്ദേഹത്തിനു വീണ്ടും ജില്ലാ സെക്രട്ടറിയാകാം. വിദ്യാഭ്യാസമന്ത്രിയായതോടെ വി.ശിവൻകുട്ടി പഴയ രോഷാകുലനായ നേതാവല്ല, പാർട്ടിക്ക് അകത്തും പുറത്തും. എം.വിജയകുമാറിനും കടകംപള്ളി സുരേന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തണം. അവർ നോക്കുമ്പോൾ ജില്ലയിൽ നിന്നുതന്നെ ഒരു ഒഴിവുണ്ട്. 

എൺപതു പിന്നിട്ടിട്ടും ചുറുചുറുക്കു വിടാത്ത ആനത്തലവട്ടം ആനന്ദന് ഇത്തവണ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിയേണ്ടി വരും. അപ്പോൾ പകരം തിരുവനന്തപുരത്തുനിന്നു തന്നെ ഒരാളെ എടുക്കണമെങ്കിൽ തങ്ങൾ റെഡി. മുൻമന്ത്രിയും സ്പീക്കറും എല്ലാമായ വിജയകുമാറിന്റെ പേര് സെക്രട്ടേറിയറ്റ് രൂപീകരണ ഘട്ടത്തിൽ മുൻപും പലവട്ടം ഉയർന്നതാണ്. തിരുവനന്തപുരത്തെ പാർട്ടിയെ ഔദ്യോഗിക ചേരിയിൽ എത്തിക്കുന്നതിന് കാർമികത്വം വഹിച്ച മുൻ ജില്ലാ സെക്രട്ടറി കൂടിയായ തനിക്കാകും ആ ഊഴം ലഭിക്കേണ്ടതെന്ന് കടകംപള്ളിയും വിശ്വസിക്കുന്നു. മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗമായ കോലിയക്കോടും  75 വയസ്സ് പിന്നിട്ടതിനാൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിയുകയാണ്.  

Kadakampally Surendran
കടകംപള്ളി സുരേന്ദ്രൻ പ്രചാരണത്തിനിടെ.

ആനാവൂരിനെ പിന്തുണയ്ക്കുന്നവരും കടകംപള്ളിക്ക് ഒപ്പം നിൽക്കുന്നവരും എന്ന  ചേരിതിരിവ് തലസ്ഥാനത്തെ പാർട്ടിയിലുണ്ട് എന്നതു യാഥാർഥ്യം. എങ്കിലും നേതാക്കളുടെ  ലക്ഷ്യങ്ങൾ കൂട്ടിമുട്ടാതെ വ്യത്യസ്തമായി പോകുന്നതിനാൽ ജില്ലാ സമ്മേളനത്തിൽ പൊട്ടലും ചീറ്റലും ആരും പ്രതീക്ഷിച്ചില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയും എൽഡിഎഫും കൈവരിച്ചതു വൻ മുന്നേറ്റവും. അങ്ങനെ ആഘോഷവും ആഹ്ലാദവും സമ്മേളിച്ചു സമ്മേളനത്തിലേക്കു പോകുന്ന അന്തരീക്ഷത്തെ ഒന്നു കൊഴുപ്പിക്കാനാണ് പാറശാലയിൽ മെഗാ തിരുവാതിര പാർട്ടി സംഘടിപ്പിച്ചത്. 

റിഹേഴ്സൽ കൃത്യം, ‘ടൈമിങ്’ തെറ്റി

ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയെ മെഗാ തിരുവാതിരയുടെ ചുമതല ഏൽപിച്ചു. പൂവരിണി കെ.വി.പി. നമ്പൂതിരി രചന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കൂടിയായ വി.ആർ. സലൂജയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം വനിതകൾ കൃത്യമായി റിഹേഴ്സൽ നടത്തി. പക്ഷേ ‘ടൈമിങ്’പിഴച്ചു. ഇടുക്കിയിൽ എസ്എഫ്ഐക്കാരനായ എൻജിനീയറിങ് വിദ്യാർഥി ധീരജ് രവീന്ദ്രന്റെ കൊലപാതകത്തിൽ നാടും പാർട്ടിയും വെന്തുരുകുമ്പോഴാണ് പാറശാലയിൽ ‘കൈകൊട്ടിക്കളി’ അരങ്ങേറിയത്. 

ഇടുക്കിയിൽനിന്ന് ധീരജിന്റെ ജന്മനാടായ കണ്ണൂരിലേക്ക് വിലാപയാത്ര നീങ്ങുമ്പോൾ പാറശാലയിൽ തിരുവാതിരകളിയും കണ്ട് താളം പിടിച്ചും കൈകൊട്ടിയും ഇരിക്കുകയായിരുന്നു നേതാക്കൾ. അതോടെ വിലാപയാത്രയും തിരുവാതിരകളിയും ഒരുമിച്ചു നടത്താൻ പ്രാപ്തമായ പാർട്ടി എന്ന വിശേഷണവും(!) സിപിഎമ്മിനു സിദ്ധിച്ചു. സൈബർ ലോകത്ത് കൂരമ്പുകൾ പാഞ്ഞു. പാർട്ടിക്കൊപ്പം നിൽക്കുന്നവർതന്നെ തള്ളിപ്പറഞ്ഞു. ഒടുവിൽ സിപിഎം നേതൃത്വവും ഇടപെട്ടു. അനവസരത്തിലുള്ളതായിപ്പോയെന്ന കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ അംഗീകരിക്കുന്നതായി ആനാവൂരും തല കുലുക്കി. 

ഒരേ സമയം ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിനെതിരെ തിരിയുകയും ഒപ്പം തിരുവാതിര കളി കണ്ടിരിക്കുകയും ചെയ്ത പൊളിറ്റ്ബ്യൂറോ അംഗം എ.എ.ബേബിയുടെ പ്രതികരണമാണ് വരേണ്ടത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയ വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാൻ അതേ ദിവസം പാറശാലയ്ക്കു പോയതാണ് ബേബിക്കു വിനയായത്. ടിവിയിലും മൊബൈലിലുമെല്ലാം ധീരജിന്റെ വിലാപയാത്ര തൽസമയം കാണിക്കുന്നത് തിരുവനന്തപുരത്തെ സഖാക്കളും കണ്ടിരിക്കുമെങ്കിലും അതേ ദിവസം തിരുവാതിര കളി മാറ്റിവയ്ക്കുന്നതാകും ഉചിതമെന്ന് ആരും പറഞ്ഞില്ല, ഉപേക്ഷിക്കാനോ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കാനോ ഉള്ള വിവേകം നേതൃത്വത്തിനും ഉണ്ടായില്ല. 

Thiruvathirakali CPM
പാറശാലയിൽ സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിര.

തിരുവാതിര പോലെ ഫ്യൂഡൽ മണമുള്ള കലാവതരണം കമ്യൂണിസ്റ്റ് പാർട്ടിക്കു ചേർന്നതാണോ എന്ന പ്രത്യയശാസ്ത്ര ചർച്ചയും ഒരു വശത്ത് ആരംഭിച്ചിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ അഞ്ഞൂറോളം വനിതകൾ ഒത്തു കൂടിയതിനെതിരെ കേസും വന്നു. ജില്ലാ സമ്മേളനം കൊഴുപ്പിക്കാൻ ചുവടു വച്ചവർ കേസിൽപ്പെടുന്ന സ്ഥിതിയായി. തിരുവാതിരയിലെ പിണറായി സ്തുതിയും വൻ ചർച്ചയായി മാറി. 

‘ഇന്നീ കേരളം ഭരിച്ചിടും പിണറായി വിജയനെന്ന 

സഖാവിന് നൂറു കോടി അഭിവാദ്യങ്ങൾ 

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ 

പിണറായി വിജയനെന്ന സഖാവ് തന്നെ 

എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം 

അടിപതറാതെ പോരാടിയ ധീര സഖാവാണ് 

നാളെ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി പാറശാലയിൽ എത്തുന്ന മുഖ്യമന്ത്രിയും ഈ സ്തുതിയെക്കുറിച്ച് ഇതിനകം കേട്ടിരിക്കുമെന്ന് തീർച്ച. പാട്ടും ആട്ടവും എല്ലാം കോടിയേരി തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി എന്തു പറയും എന്നതാണ് ഇനിയുള്ള ചോദ്യം. 

English Summary: An Untimely Mega Thiruvathirakali that 'Trapped' CPIM in Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA