എസ്എഫ്ഐയ്ക്കു നഷ്ടം 35 പ്രവര്‍ത്തകരെ; കെഎസ്‌യു രക്തസാക്ഷികള്‍ 7 പേര്‍

sfi-ksu
ചിത്രം: Manorama Online Creative
SHARE

കല്‍പറ്റ ∙ ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന സംഭവം കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലമുണ്ടാക്കുകയാണ്. ആരാണ് കേരളത്തിലെ ക്യാംപസുകളില്‍ ഏറ്റവുമധികം പേരെ കൊലപ്പെടുത്തിയ വിദ്യാര്‍ഥിസംഘടന? ആര്‍ക്കാണു കൂടുതല്‍ പ്രവര്‍ത്തരെ നഷ്ടമായത്? കഴിഞ്ഞ കുറേ ദിവസങ്ങളിലായി കണക്കുകളുടെ ചുവടുപിടിച്ചും രാഷ്ട്രീയ തര്‍ക്കം നടക്കുന്നു. 

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞതു നൂറുകണക്കിനു കെഎസ്‌യു പ്രവര്‍ത്തകരാണ് കേരളത്തിലെ കലാലയങ്ങളില്‍ കൊല്ലപ്പെട്ടതെന്നാണ്. എന്നാല്‍, കെഎസ്‌യുവിന്റെതന്നെ ഔദ്യോഗിക ഭാഷ്യപ്രകാരം കേരളത്തില്‍ ആകെ 7 രക്തസാക്ഷികളാണു സംഘടനയ്ക്കുള്ളത്. സുധാകര്‍ അക്കിത്തായ്, ശാന്താറാം ഷേണായി, തേവര മുരളി, ഫ്രാന്‍സിസ് കരിപ്പായി, കെ.പി. സജിത് ലാല്‍, ആറ്റിങ്ങല്‍ വിജയകുമാര്‍, അറയ്ക്കല്‍ സിജു എന്നിവരാണ് കെഎസ്‌യുവിന്റെ രക്തസാക്ഷിപ്പട്ടികയിലുള്ളത്. 

1967ലെ പൊലീസ് വെടിവയ്പിലാണ് ശാന്താറാം ഷേണായിയും സുധാകര്‍ അക്കിത്തായിയും കൊല്ലപ്പെടുന്നത്. വിദ്യാര്‍ഥിസമരത്തിനിടെ സ്വകാര്യ ബസ് ഇടിച്ച് അറയ്ക്കല്‍ സിജുവും കൊല്ലപ്പെട്ടു. ആറ്റിങ്ങല്‍ വിജയകുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകരാണ്. കരിപ്പായി ഫ്രാന്‍സിസ്, കെ.പി. സജിത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടതില്‍ സിപിഎമ്മാണു പ്രതിസ്ഥാനത്ത്. 27 വര്‍ഷം മുന്‍പാണ് ഏറ്റവും ഒടുവിലായി ഒരു കെഎസ്‌യു നേതാവ് കൊല്ലപ്പെടുന്നത്; കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന സജിത് ലാല്‍. 1995 ജൂണ്‍ 27നാണ് സജിത് ലാല്‍ കൊല്ലപ്പെട്ടത്. 

sajith-lal
സജിത് ലാല്‍. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്/KSU

മഹാരാജാസിലെ അഭിമന്യു ഉള്‍പെടെ കഴിഞ്ഞ 3 വര്‍ഷത്തിനിടെ മാത്രം 3 എസ്എഫ്ഐ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ആകെ 35 എസ്എഎഫ്ഐ പ്രവർത്തകരാണ് ക്യാംപസുകളിലും പുറത്തുമായി കൊല്ലപ്പെട്ടത്. അതില്‍ 8 പേരെ കൊലപ്പെടുത്തിയതില്‍ പ്രതികളായത് കെഎസ്‌യു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്എഫ്ഐ കണക്ക്. ആര്‍എസ്എസ്, എബിവിപി, ക്യാംപസ് ഫ്രണ്ട്, ദലിത് പാന്തേഴ്സ് സംഘടനാ പ്രവര്‍ത്തകരാലും എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. 

കേരളത്തിലെ ക്യാംപസുകളില്‍ ആദ്യത്തെ കൊലപാതകം നടന്നത് 1974ലാണ്. ബ്രണ്ണന്‍ കോളജില്‍ എ.കെ.ബാലന്‍ അടക്കമുള്ളവരുടെ സഹപാഠിയായിരുന്ന അഷ്റഫ് എന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍ കെഎസ്‌യു പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടു. മന്ത്രിയായിരുന്ന ജി. സുധാകരന്റെ സഹോദരന്‍ ജി. ഭുവനേശ്വരനും ക്യാംപസിലെ രക്തസാക്ഷികളിലൊരാളാണ്. 1977ലാണു ജി. ഭുവനേശ്വരന്‍ കൊല്ലപ്പെടുന്നത്. 1994 ജനുവരി 26ന് ആര്‍എസ്എസ് പ്രവർത്തകരാൽ കൊല്ലപ്പെടുമ്പോള്‍ എസ്എഫ്ഐയുടെ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു കെ.വി. സുധീഷ്. 

abhimanyu
അഭിമന്യു.

6 പേരാണ് എബിവിപിയുടെ ബലിദാനിപ്പട്ടികയിലുള്ളത്. 1996 സെപ്തംബര്‍ 17ന് പരുമല ഡിബി കോളജില്‍ സംഘര്‍ഷത്തിനിടെ പുഴയില്‍ ചാടിയവരില്‍ 3 എബിവിപി പ്രവർത്തകർ മറുകരയിലേക്കു നീന്തുന്നതിനിടെ മുങ്ങിമരിച്ചു. പുഴയില്‍ ചാടിയ എബിവിപിക്കാര്‍ക്കു നേരെ എസ്എഫ്ഐക്കാര്‍ ഇഷ്ടികയെറിഞ്ഞെന്നാണ് ആരോപണം. ഇവര്‍ക്കു പുറമെ ധനുവച്ചപുരം കോളജിലെ മുരുകാനന്ദന്‍, കണ്ണൂരിലെ സച്ചിന്‍ ഗോപാല്‍, ചെങ്ങന്നൂരിലെ വിശാല്‍ എന്നിങ്ങനെ നീളുന്നു എബിവിപി പ്രവർത്തകരുടെ പട്ടിക. 

കെഎസ്‌യു, എസ്‌എഫ്ഐ തുടക്കം

1957 മേയ് 30ന് ആലപ്പുഴയിലാണ് കെഎസ്‌യു രൂപീകരണം. ലോ കോളജിലെ സമദ് എന്ന വിദ്യാര്‍ഥിയുടെ കൊല്ലത്തുള്ള വീട്ടില്‍ രൂപീകരണത്തിനു മുന്നോടിയായി ആദ്യയോഗം. അതില്‍ സംഘടനയുടെ പേരു തീരുമാനിച്ചു. ആലപ്പുഴയില്‍ രൂപീകരണയോഗം ചേരാനുള്ള തീരുമാനമെടുത്തതും സമദിന്റെ വീട്ടില്‍ നടന്ന മീറ്റിങ്ങിലാണ്. 1956ലെ മെല്‍ബണ്‍ ഒളിംപിക്സിന്റെ ഭാഗ്യമുദ്രയായിരുന്നു ഏഴു വളയങ്ങളുള്ള ദീപശിഖ. ഭാഗ്യമുദ്രയിലെ ആ വളയങ്ങള്‍ എടുത്തുമാറ്റി കെഎസ്‌യു‌വിന്റെ ഔദ്യോഗിക ചിഹ്നമാക്കി. 

dheeraj-rajendran
ധീരജ് രാജേന്ദ്രൻ.

1958ല്‍ കുട്ടനാട്ടിലെ ബോട്ട് സര്‍വീസ് സര്‍ക്കാര്‍ ഏറ്റെടുത്ത് വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടിയപ്പോള്‍ കെഎസ്‌യു ഒരണസമരം നടത്തി. കേരളമാകെ ആ സമരജ്വാല പടര്‍ന്നു. പിന്നീടിങ്ങോട്ട് രണ്ടു ദശാബ്ദത്തിലധികം ക്യാംപസുകളില്‍ കെഎസ്‌യു ആധിപത്യമായിരുന്നു. 1970ല്‍ എസ്എഫ്ഐ കടന്നുവന്നെങ്കിലും ആദ്യമൊക്കെ പ്രവര്‍ത്തകര്‍ കുറവായിരുന്നു. 1975ലെ അടിയന്തരാവസ്ഥയ്ക്കു ശേഷം ഏറ്റെടുത്ത ഉശിരന്‍ സമരങ്ങള്‍ എസ്എഫ്ഐയെ ശക്തിപ്പെടുത്തി. കേരളത്തിലെ ഏറ്റവും പ്രശസ്തമായ കോളജുകളിലും സ്കൂളുകളിലും എസ്എഫ്ഐ സ്ഥാനമുറപ്പിച്ചു. പിന്നീട് പതിയെ കെഎസ്‌യു കോട്ടകള്‍ ഇളകിത്തുടങ്ങി. ഇന്നും കെഎസ്‌യുവും എസ്എഫ്ഐയും ശക്തിദുർഗങ്ങളാക്കിയ കോളജുകളേറെയാണ് കേരളത്തിൽ. ക്യാംപസിൽ രാഷ്ട്രീയം നിരോധിച്ചെങ്കിലും രാഷ്ട്രീയ അക്രമങ്ങൾക്കു മാത്രം കുറവൊട്ടുമില്ലതാനും.

English Summary: Bloodshed on Kerala's College Campuses; A Brief History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA