‘ആ കുട്ടികളുടെ കുടുംബങ്ങളുടെ ഭാവി ഇനി ഇരുട്ടാണ്; എനിക്ക് മനസ്സിലാകും ആ വേദന’

seena-bhaskar
സൈമൺ ബ്രിട്ടോയ്ക്കും മകൾ നിലാവിനുമൊപ്പം സീന ഭാസ്കർ (ഫയൽ ചിത്രം: മനോരമ)
SHARE

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അവസാന ഇരയാണ് ഇടുക്കി ഗവ.എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രൻ. എന്തുകൊണ്ടാണ് കൊലപാതകങ്ങൾ‌ അവസാനിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തയാറാകാത്തത്? എന്തുകൊണ്ടാണ് ക്യാംപസുകളിൽ സർഗാത്മകതയും ആരോഗ്യകരമായ സംവാദങ്ങളും മൊട്ടിടുന്നതിനു പകരം ചോര പുരണ്ട കത്തികളുയരുന്നത്? ക്യാംപസ് രാഷ്ട്രീയത്തിന് ഇരയായി വീൽചെയറിൽ ജീവിക്കേണ്ടിവന്ന ഇടതുപക്ഷ പ്രവർത്തകനും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ ‘മനോരമ ഓൺലൈനി’നോടു പ്രതികരിക്കുന്നു...

‘ശിക്ഷിക്കേണ്ടത് യഥാർഥ പ്രതികളെ..’ 

രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിലുള്ള കൊലപാതകങ്ങളെ ഒരു വിധത്തിലും അംഗീകരിക്കാൻ സാധ്യമല്ല. മതങ്ങളിലും രാഷ്ട്രീയത്തിലും വിശ്വസിക്കാൻ വ്യക്തികൾക്കു സ്വാതന്ത്ര്യമുണ്ട്. ഉണ്ടാകണം. ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുന്നത് യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെടാത്തതുകൊണ്ടു തന്നെയാണ്. മരിച്ചയാൾ ക്രിമിനലും കൊന്നയാൾ പുണ്യവാളനുമാകുന്ന വൃത്തികെട്ട ഒരു ഒരു സംസ്കാരവും രൂപപ്പെട്ടു വരുന്നുണ്ട്. അത് അവസാനിപ്പിക്കണം. 

seena-bhaskar
സീന ഭാസ്‍കർ (ചിത്രം: ഫെയ്‌സ്ബുക്)

ഇത്തരം കൊലപാതകങ്ങളിൽ പലപ്പോഴും യഥാർഥ പ്രതികളല്ല ശിക്ഷിക്കപ്പെടുന്നത്. പ്രതികളായി ആരെയെങ്കിലും കൊടുക്കുന്ന രീതിയാണ് പണ്ടേയുള്ളത്. ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ അവരെ എന്തെങ്കിലും തൊഴിൽ നൽകി പുനരധിവസിപ്പിക്കും. യാഥാർഥ കൊലപാതകികൾ എംഎൽഎയോ എംപിയോ മന്ത്രിയോ ഒക്കെ ആയി സമൂഹത്തിൽ വിലസും. ഈ രീതി നിലനിൽക്കുന്നിടത്തോളം രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അവസാനമുണ്ടാവുകയില്ല. അതിന് ഒരു പരിഹാരമേയുള്ളൂ. യഥാർഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരിക. അവർക്ക് ആറുമാസത്തിനുള്ളിൽ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക. അതിന് ഭരണകൂടത്തിനും പൊതുസമൂഹത്തിനും പൊലീസിനും ഉത്തരവാദിത്തമുണ്ട്. 

എന്നാൽ ഉത്തരവാദിത്തം മറക്കുന്ന സമീപനമാണ് പൊലീസിനുള്ളത്. ധീരജിന്റെ കൊലപാതകം ആകസ്മികമെന്നാണ് ഇടുക്കി എസ്പി കറുപ്പുസ്വമി പറഞ്ഞിരിക്കുന്നത്. ഇതാണ് മുൻവിധിയോടെയുള്ള സമീപനം. എങ്ങനെയാണ് ഇത് ആകസ്മികമാവുക? ഒരാൾക്ക് എങ്ങനെയാണ് ക്യാംപസിനുള്ളിൽ കയറി ആകസ്മികമായ കൊലപാതം നടത്താനാവുക? ഈ  ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയിൽനിന്നു മാറ്റി നിർത്തണം. പൊലീസ് ഇങ്ങനെ പെരുമാറുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ്. ഐപിഎസുകാർക്ക് കേന്ദ്ര സർക്കാരിനോടു മാത്രമാണ് ഉത്തരവാദിത്തം. എൽഡിഎഫ് ഭരിക്കുമ്പോൾ ഒരു എസ്എഫ്ഐ വിദ്യാർഥി കൊല്ലപ്പെട്ടുവെന്നു സ്ഥാപിക്കുന്നത് കൊലപാതകങ്ങളെ സാമാന്യവൽക്കരിക്കലാണ്. 

ആ കുടുംബങ്ങൾ ഇനി ഇരുട്ടിൽ 

ധീരജ് എന്ന കുട്ടി വളരെ  മനോഹരമായി പാടുമായിരുന്നു. 21 വയസ്സു മാത്രമുള്ള ആ യുവാവിനെ നെഞ്ചോടു ചേർത്തു നിർത്തി വാരിയെല്ലിലേക്കു കത്തി താഴ്ത്തിയിറക്കി അരുംകൊല ചെയ്യാൻ എങ്ങനെയാണു തോന്നിയത്? അതിനു മുൻപാണ് അഭിമന്യു എന്ന മറ്റൊരു യുവാവ് കൊല്ലപ്പെട്ടത്. ഒരു കുഗ്രാമത്തിൽ നിന്ന് മലയിറങ്ങി പഠിക്കാനെത്തിയ ആ കുട്ടി മനോഹരമായി വരയ്ക്കുമായിരുന്നു. എല്ലാവരോടും നന്നായി പെരുമാറിയിരുന്നു. ഈ കുടുംബങ്ങളുടെ ഭാവിയിൽ ഇനി ഇരുട്ടാണ്. ആഘോഷങ്ങളോ ഉത്സവങ്ങളോ നല്ല ഭക്ഷണമോ അവരെ ആഹ്ലാദിപ്പിക്കില്ല. നല്ലൊരു പാട്ടു പോലും അവർക്ക് അന്യമായിത്തീരും. ലോകം മുഴുവൻ ആഹ്ലാദിക്കുമ്പോൾ എന്നെന്നേക്കുമായി ഇല്ലാതായ മക്കളെ ഓർത്തു വിലപിക്കുകയാവും ഈ കുടുംബം. 

dheeraj-rajendran
ധീരജ് രാജേന്ദ്രൻ.

ഇങ്ങനെ നീറി നീറി മരിക്കുന്ന എത്രയെത്ര കുടുംബങ്ങൾ. എന്തുകൊണ്ടാണ് ഇത്തരം കത്തിയുടെ രാഷ്ട്രീയം മടുക്കാത്തത്? ഓരോ കൊലപാതകങ്ങളുമുണ്ടാകുമ്പോൾ പ്രതിഷേധവും ആശങ്കയും ഉയരാറുണ്ട്. പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ ഒറ്റപ്പെട്ട പ്രതികരണങ്ങളിൽ അവ ഒതുങ്ങും. പിന്നീട് എല്ലാവരും എല്ലാം മറക്കും. പക്ഷേ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് അത് എളുപ്പമല്ലല്ലോ. കൊല്ലപ്പെടുന്നവരുടെ മാത്രമല്ല ആക്രമത്തിന് ഇരയാകുന്നവരുടെയും സ്ഥിതി ഇതുതന്നെ. അതിന്റെ ഭാഗമായ ഒരാളെന്ന നിലയിൽ എനിക്കത് നന്നായി അറിയാം. ഇനിയും ഒരു രാഷ്ട്രീയ കൊലപാതകം ഇവിടെ ഉണ്ടാകരുത്. 

‘വേണ്ടത് സംവാദത്തിന്റെ രാഷ്ട്രീയം’

ക്യാംപസ് എന്നത് നിലവിലുള്ള പൊതു സമൂഹത്തിന്റെ പരിഛേദമാണ്. പൊതുസമൂഹം ഓരോ ദിവസവും സ്വാർഥരാവുകയാണ്. സ്കൂളിൽ വരാത്തവർക്ക് നോട്ടു കൊടുക്കരുതെന്നും അടുത്തിരിക്കുന്നവർക്ക് കാണിച്ചു കൊടുക്കരുതെന്നുമാണ് ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നത്. അവരെ പ്രതികരണശേഷി ഇല്ലാത്തവരാക്കി  മാറ്റുകയാണ്. അതിന്റെ തുടർച്ചയായിട്ടാണ് സമൂഹത്തിൽ പ്രണയവും രാഷ്ട്രീയവും നഷ്ടമാകുന്നത്. 

seena-bhasker
സൈമൺ ബ്രിട്ടോയുടെ ഭൗതികദേഹം പൊതുദർശനത്തിനു വച്ചപ്പോൾ അഭിവാദ്യമർപ്പിക്കുന്ന ഭാര്യ സീന (ചിത്രം: മനോരമ)

പ്രണയത്തിന്റെ പേരിൽ എത്ര പെൺകുട്ടികളെയാണ് കത്തിച്ചാമ്പലാക്കിയത്? ക്യാംപസുകളിൽ രാഷ്ട്രീയം ഇല്ലാതായതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ക്യാംപസുകളിൽ അക്രമമല്ല, ശരിയായ രാഷ്ട്രീയ പ്രവർത്തനമാണ് വേണ്ടത്. ഈ മനോഹരമായ ഭൂമിയിൽ എല്ലാവർക്കും ഒരേപോലെ ജീവിക്കാൻ അവകാശമുണ്ട്. ഏതു പാർട്ടിയോ മുന്നണിയോ ആകട്ടെ.  നമുക്കു വേണ്ടത് സർഗാത്മകമായ രാഷ്ട്രീയവും മാനവ മോചനവും സംവാദവുമാണ്,  കൊലപാതകങ്ങളല്ല. 

abhimanyu
എറണാകുളം മഹാരാജാസ് കോളജിൽ സംഘർഷത്തിൽ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു.

സൈമൺ ബ്രിട്ടോയുടെ നിലപാടും ഇതുതന്നെയായിരുന്നു. ഇതൊക്കെ നടക്കണമെങ്കിൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. കുട്ടികളെ സ്വതന്ത്രരാക്കിയാൽ മാത്രം മതി. സർഗാത്മകതയുടെ വഴിയിൽ നടക്കാൻ അവർക്കറിയാം. എന്നാൽ രാഷ്ട്രീയ നേതാക്കളുടെ വാലായി നടക്കുന്ന ചില പുഴുക്കുത്തുകളുണ്ട്. അവരെ നിയന്ത്രിക്കുകയും വേണം.

English Summary: Seena Bhasker, wife of CPI(M) leader Simon Britto, Speaks about Campus Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA