ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് മെഗാ തിരുവാതിരകളി നടത്തിയതിന്റെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വം. ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിയായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പാർട്ടി വേദനിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നതിനിടെ ജില്ലാ നേതൃത്വം നടത്തിയ തിരുവാതിരകളിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വൻ പരിഹാസമാണ് സിപിഎം നേരിടുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ തിരുവാതിരകളിയെ തള്ളിപ്പറഞ്ഞതോടെ ജില്ലാ നേതൃത്വം വെട്ടിലായി.

kodiyeri-balakrishnan
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫയൽ ചിത്രം: മനോരമ

തിരുവാതിര വിവാദത്തിൽനിന്ന് എങ്ങനെ തലയൂരുമെന്ന ആലോചനയിലാണ് ജില്ലാ നേതൃത്വം. സ്തുതിച്ചു പാടുന്നതിനിടെ നാക്കുപിഴയെ തുടർന്ന് പാട്ടു തെറ്റിച്ചപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുൻ വൈദ്യുതി മന്ത്രിയുമായ എം.എം. മണി കുടുംബശ്രീ പ്രവർത്തകയോട് ക്ഷമിച്ചത് 2 വർഷം മുൻപായിരുന്നു. എന്നാൽ, അനവസരത്തിൽ തിരുവാതിര കളി നടത്തിയതിന്റെ പേരിൽ സിപിഎം സംസ്ഥാന നേതൃത്വം, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് ക്ഷമിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.

ഈരടിയിൽ അടി തെറ്റി, മന്ത്രിക്കു പകരം ‘ബാർബറായി’

2020 ജനുവരിയിലാണ് സംഭവം. ഇടുക്കി വണ്ടൻമേട് 33 കെവി സബ് സ്റ്റേഷൻ ഉദ്ഘാടന വേദിയിൽ വച്ചാണ് കുടുംബശ്രീ പ്രവർത്തക കട്ടപ്പന വണ്ടൻമേട് രാജാക്കണ്ടം മുല്ലയിൽ ലളിത പാപ്പൻ(54) പാട്ടു തെറ്റിച്ചത്. സബ് സ്റ്റേഷന്റെ ഉദ്ഘാടനത്തിനായി അന്നു വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണി എത്തുമ്പോൾ വ്യത്യസ്തമായി എന്തു ചെയ്യണം എന്ന ആലോചനയാണ് പാട്ടിന്റെ പിറവിക്ക് ഇടയാക്കിയത്. രാജാക്കണ്ടം പ്രതീക്ഷ കുടുംബശ്രീ സംഘത്തിലെ അംഗമായ ലളിത ഇക്കാര്യം, സംഘം പ്രസിഡന്റ് ലിസമ്മയോടു പറഞ്ഞപ്പോൾ പച്ചക്കൊടി കാട്ടി. പല പാട്ടുകളും കടന്നുവന്നെങ്കിലും മനസ്സിന്റെ പവർഹൗസിൽ മിന്നിയത് ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ, ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...’ എന്ന ഗാനമായിരുന്നു.

katha-parayumbol
എം.എം.മണി

ജോലി കഴിഞ്ഞു വീട്ടിലെത്തി. ഒറ്റയിരിപ്പിനു ലളിത പാട്ടെഴുതി. ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...’ എന്ന വരികൾക്കു പകരം ‘വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ...’ എന്നാക്കി തിരുത്തി. ഇടുക്കിയും കറന്റും വെളിച്ചവുമെല്ലാം വരികളിൽ ‘ലൈൻ വലിച്ചു’. 10 മിനിട്ടിനുള്ളിൽ പാരഡി പാട്ട് റെഡി. ഒപ്പം പാടാൻ കുടുംബശ്രീ അംഗങ്ങളായ സരസ്വതി രാമചന്ദ്രൻ, കുഞ്ഞൂഞ്ഞമ്മ കുട്ടപ്പൻ, രമണി വിജയൻ എന്നിവരെയും ക്ഷണിച്ചു. എല്ലാവരും വീട്ടിലെത്തി. ഒറ്റ റിഹേഴ്സൽ. പിന്നെയും ഒരിക്കൽ കൂടി വരികൾ മനഃപാഠമാക്കി. ഉദ്ഘാടനം തുടങ്ങുന്നതിനു മുൻപും എല്ലാവരും കൂടി റിഹേഴ്സൽ നടത്തി ഉഷാറാക്കി.

പാടി തകർത്തു, മന്ത്രി താളമിട്ടു

ഉദ്ഘാടന സമ്മേളനത്തിനായി മന്ത്രി മണി എത്തി. പാട്ടു പാടാൻ ലളിത ഉൾപ്പെടെ 4 പേരും മുന്നോട്ടു വന്നു. മൈക്കെടുത്ത് ലളിത പാടി..

‘വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയേ...
സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ...
ഇടുക്കി ജില്ലയുടെ അഭിമാനമാണ്
നമ്മുടെ മന്ത്രിയാം വൈദ്യുതി മന്ത്രി...
മന്ത്രി നമ്മുടെ മന്ത്രി... നമ്മുടെ മന്ത്രി..
നമ്മുടെ മന്ത്രി.. വൈദ്യുതി മന്ത്രി...

കടല കൊറിച്ചു മന്ത്രി, പാട്ടുമുറിഞ്ഞപ്പോൾ ഒറ്റ നോട്ടം

പാട്ടു കേട്ടതോടെ മണിയാശാൻ ആവേശത്തിലായി. കടല കൊറിച്ചിരുന്ന മന്ത്രി, പാട്ടു കേട്ട് ആസ്വദിച്ച് ചിരിക്കുന്നതും തലയിൽ കൈ വച്ചു. സദസ്സിൽനിന്നു കയ്യടി ഉയർന്നതോടെ മണി ആവേശക്കൊടുമുടിയിലായി. ഇതു കേട്ട ലളിതയും സംഘളും ഹൈ വോൾട്ടേജിൽ പാട്ടു തുടർന്നു.

‘സംസ്ഥാനമാകെ അറിയപ്പെടുന്നതാം മന്ത്രി, നമ്മുടെ മന്ത്രി വൈദ്യുതി മന്ത്രി...’ എന്ന വരികൾ ആയിരുന്നു അടുത്തതായി പാടേണ്ടിരുന്നത്. പക്ഷേ ലളിതയുടെ നാവിൽ ഈ വരികൾക്കു പകരം എത്തിയത് യഥാർഥ പാട്ടിന്റെ ഭാഗമായിരുന്നു – ‘വിശ്വസ്തനാം ഒരു ബാർബറാം ബാലനെ...’

അബദ്ധം മനസ്സിലായപ്പോൾ പാട്ടു നിർത്തി. സദസ്സിൽ കൂട്ടച്ചിരി. മന്ത്രി തലയിൽ കൈ വയ്ക്കുന്നതു കണ്ടു. ലളിതയെ മന്ത്രി രൂക്ഷമായി നോക്കി. ഈ സമയം, ഒപ്പം പാടിയവർ സ്റ്റേജിന്റെ മൂലയിലേക്ക് ഓടിമാറി. മന്ത്രി വഴക്കു പറയുമോ എന്നായിരുന്നു ലളിതയുടെ പേടി. വരുന്നതു വരട്ടെ എന്നു കരുതി ലളിത മന്ത്രിയെ നോക്കി ‘സോറി’ പറഞ്ഞു. എന്നിട്ടു പാട്ടു മുഴുവൻ പാടിത്തീർത്തു

‘ലൈൻ തെറ്റി, ബഹുമാനപ്പെട്ട മന്ത്രി ക്ഷമിക്കണം...’

പാടിക്കഴിഞ്ഞ ശേഷം ‘ബഹുമാനപ്പെട്ട മന്ത്രി ക്ഷമിക്കണം. പാട്ടിന്റെ ലൈൻ തെറ്റിപ്പോയി. അറിയാതെ പാടിയതാണ്... എന്നു പറഞ്ഞ് ലളിത മണിയെ രണ്ടു വട്ടം തൊഴുതു. പൊയ്ക്കൊള്ളാൻ മണി ആംഗ്യം കാട്ടി. നാക്കുപിഴയുടെ പേരിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും എം.എം.മണി ഏറെ പഴി കേട്ടിട്ടുണ്ട്. പക്ഷേ, പാരഡി ഗാനത്തിലൂടെ ‘പുകഴ്ത്തി’ ഒരു പരുവമാക്കിയ കുടുംബശ്രീ പ്രവർത്തകയുടെ നാവിൽ വരികൾ മാറിയപ്പോൾ ആകെ ‘കുളമായി’.

‘പാവങ്ങളല്ലേ, അബദ്ധം പറ്റിയതായിരിക്കാം’

‘പാട്ടുകൾ എനിക്കിഷ്ടമാണ്. ഏതൊരു പാട്ടും ആസ്വദിച്ചതു പോലെ കുടുംബശ്രീ പ്രവർത്തകരുടെ പാരഡി പാട്ടും ആസ്വദിച്ചു. വരികൾ തെറ്റിയപ്പോൾ അവർ മാപ്പു പറഞ്ഞല്ലോ. അവർ പാവങ്ങളല്ലേ, അബദ്ധം പറ്റിയതായിരിക്കാം. പാരഡി പാട്ടുകൾ പാടുമ്പോൾ തെറ്റു പറ്റുന്നത് സ്വാഭാവികം...’– എം.എം. മണി മാധ്യമങ്ങളോട് അന്നു പറഞ്ഞ വാക്കുകൾ ഇതായിരുന്നു.

English Summary: MM Mani Once Accepted Apology by a Kudumbasree Member; Will CPM follow suit on Thiruvathira Row?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com