ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിന്റെ യുവ നേതാവ് ചിന്ത ജെറോം ചൈനീസ് യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ എഴുതിയ പുസ്തകത്തിന്റെ പേര് ‘ചങ്കിലെ ചൈന’ എന്നാണ്. ചിന്തയുടെ ചിന്തയിൽ മാത്രമല്ല, സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിൽ പലർക്കും എക്കാലവും ചങ്കിലാണു ചൈന. കോട്ടയം ജില്ലാ സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ളയുടെ ‘ചൈനാ പ്രേമ പ്രസംഗം’ പാർട്ടിക്കകത്തും പുറത്തും ചർച്ചയായി. 

എന്നാൽ അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ചൈനയ്ക്കു മാത്രമേ കഴിയൂവെന്ന എസ്ആർപിയുടെ നിലപാടല്ല പിണറായി വിജയന്റേത്. സാമ്രാജ്യത്വ നയങ്ങൾക്കെതിരെ ശരിയായ നിലപാടു സ്വീകരിക്കാൻ ചൈനയ്ക്കു കഴിയുന്നില്ലെന്നതാണു തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിൽ പിണറായി തീർത്തു പറഞ്ഞത്. ഇതിനു പാർട്ടി രേഖയെത്തന്നെ കൂട്ടുപിടിക്കുകയും ചെയ്തു. വിരുദ്ധ നിലപാട് പരസ്യമാക്കിയതു പൊളിറ്റ് ബ്യൂറോ അംഗങ്ങളായതിനാൽ പാർട്ടിയുടെ കേന്ദ്രതലത്തിലേക്കു ചൈനാ ചർച്ചയെത്തും. ഈ വിഷയത്തിൽ പൊതുനിലപാട് പരസ്യപ്പെടുത്താൻ പാർട്ടി നിർബന്ധിതമാവുകയും ചെയ്യും. 

S-Ramachandran-Pillai-1
എസ്.രാമചന്ദ്രൻ പിള്ള

∙ എസ്ആർപി പറഞ്ഞത്

‘ചൈനയെ വളയാനും കടന്നാക്രമിക്കാനും രാജ്യാന്തര തലത്തിൽ അമേരിക്ക രൂപീകരിച്ച സഖ്യത്തിൽ ഇന്ത്യയും പങ്കുചേർന്നിരിക്കുകയാണ്. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ചൈനയ്ക്കു മാത്രമേ കഴിയൂ. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണ്. ലോകത്തെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ചൈനയുടെ സംഭാവന വലുതാണ്. ഇന്ത്യയിൽ ചൈനയെ ആക്രമിക്കുന്നതു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കാൻ കൂടിയാണ്’

PTI05_03_2021_000212A
പിണറായി വിജയൻ

∙ പിണറായി പറഞ്ഞത്

‘മുൻപു സോവിയറ്റ് യൂണിയന്റെ കാലത്തുണ്ടായിരുന്ന രീതിയിൽനിന്നു വ്യത്യസ്തമായ വഴി സോഷ്യലിസ്റ്റ് രാജ്യങ്ങൾ സ്വീകരിക്കുന്നുണ്ട്. ചുറ്റുമുള്ള യാഥാർഥ്യങ്ങൾ, മാറിയ ലോകസാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കിയുള്ള ഇടപെടലാണു നടത്തുന്നത്. ചൈനയായാലും ക്യൂബയായാലും ഉത്തര കൊറിയയായാലും ഈ വഴികളിലൂടെയാണു നീങ്ങുന്നത്. പല രംഗത്തും നേട്ടങ്ങളുണ്ടാക്കുമ്പോഴും അസമത്വത്തിന്റെയും അഴിമതിയുടെയും പ്രശ്നങ്ങൾ ചൈനയെ അലട്ടുന്നുണ്ട്. സിപിഎമ്മിന്റെ കഴിഞ്ഞ കോഴിക്കോട് പാർട്ടി കോൺഗ്രസിൽ ചൈനയുടെ കാര്യത്തിൽ ചില പ്രശ്നങ്ങൾ പാർട്ടി വിലയിരുത്തിയിരുന്നു. ഇക്കാര്യം പ്രത്യയശാസ്ത്ര പ്രമേയത്തിലും ഉൾപ്പെടുത്തി. ഒരു സോഷ്യലിസ്റ്റ് രാജ്യമെന്ന നിലയിൽ സാമ്രാജ്യത്വ രാജ്യങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ചൈന തയാറാകുന്നില്ലെന്ന വിമർശനം പ്രമേയത്തിൽ ഉന്നയിച്ചതാണ്. അവിടെത്തന്നെയാണു പാർട്ടി ഇപ്പോഴും നിൽക്കുന്നത്’– എസ്ആർപിക്കുള്ള മറുപടിയെന്നവണ്ണം പിണറായി പറഞ്ഞു.

ചൈനയെ വിമർശിച്ചെങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തെ പ്രസംഗത്തിൽ പിണറായി കടന്നാക്രമിച്ചു. ഇസ്‍ലാമിക തീവ്രവാദത്തിന്റെ സ്രഷ്ടാവ് അമേരിക്കയാണെന്നു കുറ്റപ്പെടുത്തിയ പിണറായി, സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള സമ്പദ്–സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുക്കാൻ ശ്രമിച്ച അഫ്ഗാനിസ്ഥാൻ പോലെയുള്ള രാജ്യങ്ങളിൽ അമേരിക്കൻ ഇടപെടലാണു പിന്തിരിപ്പൻ–വർഗീയ ശക്തികൾക്കു കരുത്തു പകർന്നതെന്നും വിമർശിച്ചു. ചികിത്സയ്ക്കായി അമേരിക്കൻ യാത്രയ്ക്കു പുറപ്പെടുന്ന ദിവസം തന്നെയാണ് അമേരിക്കയെ പിണറായി കുറ്റപ്പെടുത്തിയത്. 

∙ മുൻപ് ചൈനയെ അനുകൂലിച്ച് കോടിയേരിയും

പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും മുൻപ് ചൈനയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ചൈനയെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വളഞ്ഞിട്ടാക്രമിക്കുന്നു എന്നായിരുന്നു പ്രസംഗത്തിൽ കോടിയേരിയുടെ പരാമർശം. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും മറ്റേതെങ്കിലും രാജ്യത്ത് അങ്ങനെ ആരെങ്കിലും ഇടപെട്ടാൽ നോക്കിയിരിക്കില്ലെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇക്കാരണത്താലാണ് അമേരിക്ക ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നതെന്നും ഇന്ത്യയും ജപ്പാനുമെല്ലാം ഈ അമേരിക്കൻ അച്ചുതണ്ടിന്റെ ഭാഗമാണെന്നുമായിരുന്നു കോടിയേരി അന്നു പറഞ്ഞത്.

∙ പിളർത്തിയ ചൈന

സിപിഎമ്മിന്റെ പല നേതാക്കളുടെയും ചങ്കിലാണു ചൈനയെങ്കിലും ഇന്ത്യയിൽ 1964 ൽ പാർട്ടിയുടെ ചങ്ക് പിളർത്തിയതു ചൈനാ നിലപാടാണ്. രാജ്യാന്തര തലത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങളാണു മറ്റൊരു രൂപത്തിൽ ഇന്ത്യയിലേക്കും വ്യാപിച്ചത്. സോവിയറ്റ് യൂണിയനിൽ 1956ൽ നടന്ന പാർട്ടി കോൺഗ്രസിൽ സ്റ്റാലിനെ ക്രൂഷ്‌ചേവ് തള്ളിപ്പറയുകയും വൈകാതെ മാവോയുടെ നേതൃത്വത്തിലുള്ള ചൈനയും ക്രൂഷ്ചേവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയനും രണ്ടു ചേരിയിലാവുകയും ചെയ്തു. ഇതോടെ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ രണ്ടു ചേരിയിലായി നിരന്നു.

ഇന്ത്യയിൽ സിപിഐയിലെ ഇടതുപക്ഷക്കാർ ചൈനയാണു ശരിയെന്ന നിലപാടിലായിരുന്നു. സോവിയറ്റ് പക്ഷക്കാർ സമാധാനപരമായ ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ പാത സ്വീകരിച്ചപ്പോൾ, തീവ്രവമായ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പാതയാണു ശരിയെന്ന് കടുത്ത ഇടതുപക്ഷക്കാർ വാദിച്ചു. ഈ സമയത്താണ് 1962ലെ ഇന്ത്യാ–ചൈന യുദ്ധം. രാജ്യാന്തരതലത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലുണ്ടായ ചേരിതിരിവിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ പാർട്ടി ഈ യുദ്ധത്തെയും വിലയിരുത്തിയത്. യുദ്ധത്തിൽ ഇന്ത്യൻ ഭരണകൂടത്തിനൊപ്പം നിൽക്കണമെന്നതായിരുന്നു എസ്.എ. ഡാങ്കെയെപ്പോലുള്ളവരുടെ നിലപാട്. എകെജിയെയും പി.സുന്ദരയ്യയെയും പോലെയുള്ളവർ ഭരണകൂടത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചപ്പോൾ ഇഎംഎസ് രണ്ടിലും പെടാതെയാണു നിന്നത്. യുദ്ധ സമയത്ത് അതിർത്തിയിലെ തർക്കഭൂമിയെക്കുറിച്ച് ഇഎംഎസിന്റെ ഒരു പ്രസ്താവന ഇങ്ങനെയായിരുന്നു– ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂവിഭാഗം’.

ചൈനാ നിലപാടിന്റെ പേരിൽ രണ്ടു തട്ടിലായതിനു പുറമേ നേതാക്കൾ തമ്മിലുള്ള സ്പർധയും പിളർപ്പിലേക്കു നയിച്ചു. ഡാങ്കേ ചെയർമാനും ഇഎംഎസ് ജനറൽ സെക്രട്ടറിയുമായിരുന്നു. ഇതിനിടെ കറന്റ് വാരിക പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ പേരിൽ പാർട്ടിയിൽ ഒരു വിഭാഗം ഡാങ്കേക്കെതിരെ തിരിഞ്ഞു. കാൺപുർ ഗൂഢാലോചനക്കേസിൽ ഡാങ്കേ ജയിലിൽ കിടന്നപ്പോൾ കമ്യൂണിസ്റ്റ് നേതാക്കളെ ബ്രിട്ടിഷ് ഭരണകൂടത്തിന് ഒറ്റുകൊടുത്തുവെന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ഇതു പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കുകയും തുടർന്ന് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര എക്സിക്യുട്ടീവിൽനിന്നും കേന്ദ്ര കമ്മിറ്റിയിൽനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. ഇറങ്ങിപ്പോയവർ 1964 ജൂലൈയിൽ ആന്ധ്രയിൽ ചേർന്ന കൺവൻഷനിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചതോടെ പിളർപ്പ് പൂർണമായി.

∙ ചൈനാ ചാരൻമാരും വലതൻമാരും

സിപിഎമ്മിനു ചൈനാ ചാരൻമാരെന്നും സിപിഐയ്ക്കു വലതു കമ്യൂണിസ്റ്റുകളെന്നും ഏറെക്കാലം വിളിപ്പേരുണ്ടായിരുന്നു. ഇരു കമ്യൂണിസ്റ്റ് പാർട്ടികളുമാണു പരസ്പരം ഈ കുറ്റപ്പെടുത്തൽ നടത്തിയത്. പാർട്ടിയുടെ പിളർപ്പിനും സിപിഎം രൂപീകരണത്തിനും ചൈനാ നിലപാടുൾപ്പെടെ പല കാരണങ്ങളുണ്ടായിരുന്നെങ്കിലും ചൈനയുടെ പേരിൽ രാഷ്ട്രീയമായും അല്ലാതെയും വലിയ ആക്രമണമാണു സിപിഎം നേരിട്ടത്. 1965 ജനുവരിയിൽ തൃശൂരിൽ പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗം നടക്കുമ്പോൾ എത്തിയ പൊലീസ് രാജ്യരക്ഷാ നിയമപ്രകാരം ഹർകിഷൻ സിങ് സുർജിത്, ബി.ടി.രണദിവെ, എകെജി, പി.സുന്ദരയ്യ, ബസവ പുന്നയ്യ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തു. യുദ്ധകാലത്ത് യുദ്ധത്തിനും ഇന്ത്യക്കുമെതിരായ നിലപാട് സ്വീകരിച്ചു എന്നതായിരുന്നു കുറ്റം. രാജ്യത്തു പലയിടത്തും ഇത്തരം അറസ്റ്റുകളും ജയിൽവാസവുമുണ്ടായി. ഒളിവിൽ പോയ സിപിഎം നേതാക്കളെ പൊലീസിന് ഒറ്റിക്കൊടുക്കാൻ സിപിഐ തയാറായി.

∙ ‘ചൈന’യിൽ പാർട്ടി കോൺഗ്രസ് എന്തു നിലപാടെടുക്കും?

സിപിഐ നേതാക്കൾ അക്കാലത്തും പിന്നീടും ചൈനയോടു വലിയ പ്രേമം കാണിക്കാറില്ലെങ്കിലും സിപിഎമ്മിന്റെ കാര്യത്തിൽ അങ്ങനെയല്ല. പാർട്ടി നേതാക്കളുടെ ‘തീർഥാടന ഭൂമി’യായി വളരെപ്പെട്ടെന്നു ചൈന മാറി. സാമ്രാജ്യത്വ ശക്തിയെന്ന നിലയ്ക്ക് അമേരിക്കയെ എതിർത്തുപോന്നതു മറുപക്ഷത്തു ചൈനയെ നിർത്തിക്കൊണ്ടാണ്. ചൈനയിലെ വികസനം, ഉൽപാദനക്ഷമത എന്നിവക്കെല്ലാം ഇന്ത്യയിലെ പാർട്ടി വലിയ പ്രചാരണം നൽകിയിരുന്നു. ചൈനയിലെ ഏകാധിപത്യവും അഴിമതിയും പാർട്ടി വേദികളിൽ വിമർശിക്കാൻ അടുത്തകാലത്താണു സിപിഎം ധൈര്യം കാട്ടിയത്. കഴിഞ്ഞ കോഴിക്കോട് പാർട്ടി കോൺഗ്രസിലെ ചർച്ചയും ആ നിലയ്ക്കുണ്ടായതാണ്. 

ചൈനയെ മാത്രം മുൻനിർത്തി അമേരിക്കൻ സാമ്രാജ്യത്വത്തെ എതിർക്കാൻ കഴിയില്ലെന്നും ചൈന അമേരിക്കയ്ക്കു പറ്റിയ എതിരാളിയായി മാറുന്നില്ലെന്നും ഒരു സോഷ്യലിസ്റ്റ് രാജ്യത്തിന്റെ ദൗത്യം ആ നിലയ്ക്കു നിർവഹിക്കുന്നില്ലെന്നും പാർട്ടി വിലയിരുത്തി. ഈ വിലയിരുത്തലിൽ തന്നെയാണ് ഇപ്പോഴും പാർട്ടി നിൽക്കുന്നതെന്നു പിണറായി പറഞ്ഞതു തന്നെയാണ് പാർട്ടി ലൈൻ. അതിനു മാറ്റം വരണമെങ്കിൽ കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ ഈ വിഷയത്തിൽ ചർച്ച നടക്കണം. അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം ഇപ്പോഴും ലഘൂകരിക്കപ്പെട്ടിട്ടില്ല. ചർച്ചകളൊന്നും ഫലം കാണുന്നുമില്ല. ഈ ഘട്ടത്തിൽ ചൈനയെക്കുറിച്ചുള്ള ഏതു പ്രതികരണവും കരുതലോടെ വേണമെന്ന് എസ്ആർപിയെക്കാൾ, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന പിണറായി വിജയനറിയാം.

English Summary: Controversy over S Ramachandran Pillai's pro-China statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com