‘പരോൾ കൊടുത്തില്ലെങ്കിൽ പാർട്ടി രഹസ്യം പുറത്ത്; സിപിഎമ്മിന് ആ ഗുണ്ടകളെ പേടി’

kk-rema-1
കെ.കെ.രമ
SHARE

കോഴിക്കോട്∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കിർമാണി മനോജ് ലഹരി പാർട്ടിക്കിടെ പൊലീസിന്റെ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ടി.പി.കേസ് പ്രതികൾ പരോളിലിറങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട സംഭവങ്ങൾ മുൻപും ഉണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതിനു കൊടി സുനിക്കെതിരെ നേരത്തേ കേസെടുത്തതും രാമനാട്ടുകരയിൽ 5 പേർ മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷാഫിയെ പൊലീസ് ചോദ്യം ചെയ്തതും ഉദാഹരണങ്ങൾ.

ടിപി കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിക്കുന്നതായിരുന്നു നേരത്തേ വിവാദമെങ്കിൽ പരോൾ കാലയളവിലെ വഴിവിട്ട പ്രവർത്തനങ്ങളാണ് പുതിയ വിവാദം. ടിപി കേസ് പ്രതികൾക്ക് സർക്കാർ കണക്കില്ലാതെ പരോൾ നൽകുന്നത് ആദ്യം കേരളത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയായിരുന്നു. പുതിയ ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ.കെ.രമ എംഎൽഎ ‘മനോരമ ഓൺലൈനിനോടു’ സംസാരിക്കുന്നു.

ടി.പി.കേസ് പ്രതികളുടെ പരോൾ വീണ്ടും വിവാദ വിഷയമാവുകയാണ്..?

കേരളത്തിൽ കോവിഡ് പരോൾ ആനുകൂല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതു ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികളാണ്. ഇവരുടെ പരോൾ റദ്ദാക്കി എന്തുകൊണ്ട് ജയിലിലേക്ക് അയയ്ക്കുന്നില്ല എന്ന് അന്വേഷിക്കണം. ഈ പ്രതികൾ പുറത്തു വിഹരിക്കുന്നത് സർക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെയാണ്. അതുകൊണ്ടുതന്നെ ടിപി കേസിൽ പ്രതിയായ കിർമാണി മനോജ് റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയതിൽ അദ്ഭുതം തോന്നുന്നില്ല.

kirmani-manoj
കിർമാണി മനോജ്

കോവിഡ് പരോൾ എല്ലാ തടവുകാർക്കും ലഭിക്കുന്നുണ്ട്. കോവിഡ് പരോൾ ആനുകൂല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതു ടിപി കേസ് പ്രതികളാണ് എന്നു പറയാനുള്ള സാഹചര്യമെന്താണ്?

തടവുകാർക്ക് പരോൾ നൽകുന്നതിനുള്ള ഒരു നടപടിക്രമവും ടിപി കേസ് പ്രതികളുടെ കാര്യത്തിൽ പാലിക്കുന്നില്ല. ഒരു തടവുകാരന്റെ ചികിത്സാ ആവശ്യത്തിനായി പരോളിന് ശ്രമിച്ചതിന്റെ അനുഭവം എനിക്കുണ്ട്. നൂറുകണക്കിന് നൂലമാലകളുണ്ട് ഒരു പരോൾ ലഭിക്കാൻ. എന്നാൽ ടിപി കേസ് പ്രതികൾക്ക് ഇതൊന്നും ബാധകമല്ല. കോവിഡിന് മുൻപും ടിപി കേസ് പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ ലഭിച്ചിരുന്നു. 2016ൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയനുസരിച്ച് പല പ്രതികൾക്കും മാസത്തിൽ 15 ദിവസം അകത്തും 15 ദിവസം പുറത്തും എന്ന നിലയിലായിരുന്നു പരോൾ അനുവദിച്ചിരുന്നത്.

പരോളിലിറങ്ങിയ പ്രതി നാട്ടിൽ പാർട്ടി പ്രവർത്തനം നടത്തുകയാണ് എന്നും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു?

കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കെ.സി.രാമചന്ദ്രൻ ഒന്നര വർഷത്തോളമായി നാട്ടിലുണ്ട്. സിപിഎം നടത്തുന്ന പാലിയേറ്റീവ് കേന്ദ്രത്തിലെ സ്ഥിരം സാന്നിധ്യമാണ് ഇപ്പോൾ. സിപിഎം നടത്തുന്ന എല്ലാ പൊതുയോഗങ്ങളിലും ഇയാളുണ്ട്. എന്റെ നാട്ടിലാണിത്. എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്.

T.P. Chandrasekharan, K.K. Rema
ടിപിയുടെ ചിത്രത്തിനരികെ കെ.കെ.രമ

ടി.പി.കേസിൽ സിപിഎം പുറത്താക്കിയ ഏക വ്യക്തിയാണ് കെ.സി.രാമചന്ദ്രൻ..?

അതാണ് ഇതിലെ ഏറ്റവും വലിയ വൈരുധ്യം. പുറത്താക്കിയെന്നു പാർട്ടി പറയുന്ന വ്യക്തിയാണ് പരോളിലിറങ്ങി നാട്ടിൽ പാർട്ടി പ്രവർത്തനം നടത്തുന്നത്. അച്ഛന്റെ കൊലയാളി നാട്ടിൽ പരസ്യമായി ഇറങ്ങി നടക്കുന്നത് മാനസിക പ്രയാസമുണ്ടാക്കുന്നു എന്ന് എന്റെ മകൻ പറയുന്നു. ആർക്കാണ് സഹിക്കാൻ കഴിയുക? സിപിഎമ്മിന്റെ ഒരാളാണ് കൊല്ലപ്പെട്ടതെങ്കിൽ കൊലയാളിക്ക് ഇങ്ങനെ നടക്കാൻ കഴിയുമോ? കൊല്ലപ്പെട്ടയാളെക്കുറിച്ച് മോശമായി സംസാരിച്ച് വീണ്ടും കൊല്ലരുതെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ പറയുന്നത് കേട്ടു. ടി.പി.ചന്ദ്രശേഖരനെക്കുറിച്ച് ഇവർ അന്ന് എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്ന് ഓർമയുണ്ടോ?

അനധികൃത പരോൾ ആയിരുന്നു നേരത്തേ പരാതിയെങ്കിൽ, പരോളിലിറങ്ങി കുറ്റകൃത്യം ചെയ്യുന്നതാണ് പുതിയ പ്രശ്നം...

പുറത്തിറങ്ങി പല കേസുകളിൽ പിടിയിലായിട്ടും ഇവർക്കു വീണ്ടും പരോൾ ലഭിക്കുന്നത് എങ്ങനെയാണ്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അല്ലേ തടവുകാർക്ക് പരോൾ ലഭിക്കുക. പുറത്തിറങ്ങി കുറ്റകൃത്യം നടത്തുന്ന തടവുകാർക്ക് അനുകൂലമായി പൊലീസ് റിപ്പോർട്ട് നൽകുന്നത് എങ്ങനെയാണ്? കേരളത്തിലെ സർക്കാരിനും സിപിഎമ്മിനും ടിപി കേസ് പ്രതികളെ പേടിയാണ് എന്നതാണ് സത്യം. പരോൾ കൊടുത്തില്ലെങ്കിൽ അവർ പലതും വിളിച്ചുപറയും. അവർക്ക് വഴിവിട്ട സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിലും പാർട്ടിയുടെ രഹസ്യങ്ങൾ പുറത്താവും.

K.K. Rema
കെ.കെ.രമ

ടിപി കേസ് പ്രതികൾ ജയിലിനുള്ളിൽ ഇരുന്നും കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു...

ടിപി കേസ് പ്രതികളുടെ സ്വത്തുവിവരം അന്വേഷിക്കണമെന്നാണ് എന്റെ ആവശ്യം. ജയിലിനുള്ളിലിരുന്നു കൊടി സുനി നാട്ടിൽ പുതിയ ആഡംബര വീട് നിർമിക്കുന്നു. പുറത്തിറങ്ങിയ ഉടൻ മുഹമ്മദ് ഷാഫി ആഡംബര വാഹനം വാങ്ങുന്നു. ഇതിനുള്ള പണമെല്ലാം ജയിലിലെ ദിവസവേതനം കൊണ്ടു കിട്ടുന്നതല്ലല്ലോ. ഇവരുടെ സ്വത്തും അതിന്റെ ഉറവിടവും കണ്ടെത്തണം.

ടി.പി.കേസ് പ്രതികൾക്ക് വഴിവിട്ടു സൗകര്യമൊരുക്കുന്നതിനെതിരെ എംഎൽഎ എന്ന നിലയിൽ എന്തു ചെയ്യാനാകും?

ടിപികേസ് പ്രതികൾക്ക് എത്ര പരോൾ നൽകി എന്നതിനെക്കുറിച്ച് നവംബറിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. നേരത്തേ പറഞ്ഞതു പോലെ ടിപി കേസ് പ്രതികളെ ഇവിടുത്തെ സർക്കാരും പാർട്ടിയുമാണ് സംരക്ഷിക്കുന്നത്. കാരണം അവർക്ക് ഈ ക്വട്ടേഷൻ ഗുണ്ടകളെ ഭയമാണ്

English Summary: Interview with MLA KK Rema on TP Murder Case Culprits' Illegal Parole

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA