ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റിവച്ചു. അതുവരെ അറസ്റ്റു ചെയ്യാൻ അനുമതിയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്നും എന്താണ് ആരോപണമെന്നു മനസ്സിലാക്കിയതിനുശേഷം കേസ് പരിഗണിക്കുന്നതാണു നല്ലതെന്നും കോടതി വാക്കാൽ പറഞ്ഞു. അറസ്റ്റ് വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും വിധി പറയുക. 

ബാലചന്ദ്രകുമാറിന്റെ മൊഴിപകർപ്പ് ഹാജരാക്കാൻ സർക്കാരിനു കോടതി നിർദേശം നൽകി. ചൊവ്വാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാരും അറിയിച്ചു. ദിലീപിന്റെ സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ മറ്റുള്ളവര്‍. നടന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കിയെന്നാണ് ദിലീപിനെതിരായ കേസ്.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയതും സംഭാഷണങ്ങളുടെ ശബ്ദരേഖ കൈമാറിയതും വിചാരണ വൈകിക്കാനുണ്ടാക്കിയ കഥയാണെന്നും കേസിനു ഗൗരവ സ്വഭാവമില്ലെന്നും അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.

കേസില്‍ കൂടുതല്‍ തെളിവു തേടി ക്രൈംബ്രാഞ്ച് സംഘം നടന്‍ ദിലീപിന്റെ വീട് അടക്കം മൂന്ന് ഇടങ്ങളില്‍ വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ പകല്‍ 11.50ന് ആരംഭിച്ച റെയ്ഡ് 6.50 വരെ നീണ്ടു. ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണുകള്‍, ടാബ്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു. എറണാകുളം ചിറ്റൂര്‍ റോഡില്‍ ദിലീപിന്റെ സിനിമാ നിര്‍മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും ആലുവ പറവൂര്‍ കവല വിഐപി ലെയ്‌നില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും ഇതേ സമയംതന്നെ പരിശോധന നടന്നു. ഇവിടെനിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. ദിലീപ് ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അഭിഭാഷകന്റെ ആവശ്യപ്രകാരം പ്രത്യേകം കൈപ്പറ്റു ചീട്ട് എഴുതി നല്‍കിയാണ് കസ്റ്റഡിയിലെടുത്തത്. സിം കാര്‍ഡുകള്‍ തിരികെ നല്‍കി. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപ് തോക്ക് ചൂണ്ടി സംസാരിച്ചെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയ സാഹചര്യത്തിലായിരുന്നു റെയ്ഡ്.

ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ത്തന്നെ ദിലീപിനു നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍  ലഭിച്ചിരുന്നെന്നും താന്‍ ഇതിനു സാക്ഷിയാണെന്നുമാണു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഒരു വിഐപി വഴിയാണു ദൃശ്യങ്ങള്‍ കൈമാറിയത്. ദിലീപിന്റെ സഹോദരനും സഹോദരീഭര്‍ത്താവും ഉള്‍പ്പെടെയുള്ളവര്‍ ഈ ദൃശ്യങ്ങള്‍ കണ്ടതിനു താന്‍ സാക്ഷിയാണെന്നും ദൃശ്യങ്ങള്‍ കാണാന്‍ തന്നെ വിളിച്ചെങ്കിലും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്നു മനസ്സിലായതിനാല്‍ ഒഴിവാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരം വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥയെ ബന്ധപ്പെട്ടെങ്കിലും അവര്‍ താല്‍പര്യം കാണിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ചിരുന്നു. കേസില്‍ ദിലീപിനെ ചോദ്യം ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്തുന്നതു സംബന്ധിച്ചു ദിലീപും ബന്ധുക്കളും സംസാരിക്കുന്നതു കേട്ട് ഭയന്നാണ് ഒന്നും പറയാതിരുന്നതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വിശദീകരണം.

English Summary: Actor Dileep's anticipatory bail petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com