മെഗാ തിരുവാതിരയിൽ പിണറായി സ്‌തുതി; മറന്നോ വിഎസിനെയും ജയരാജനെയും?

pinarayi-vijayam-p-jayarajan-vs-achuthananthan
പിണറായി വിജയൻ, പി.ജയരാജൻ, വി.എസ്.അച്യുതാനന്ദൻ (Manorama Online Creative)
SHARE

തിരുവനന്തപുരം∙ ‘ ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന 

സഖാവിനു നൂറുകോടി അഭിവാദ്യങ്ങൾ, 

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ 

പിണറായി വിജയനെന്ന സഖാവ് തന്നെ, 

എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം 

അടിപതറാതെ പോരാടിയ ധീരസഖാവാണ്...’ 

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ മഹിളാ അസോസിയേഷൻ പ്രവർത്തകർ അവതരിപ്പിച്ച മെഗാ തിരുവാതിരയിലെ പിണറായി സ്തുതിയാണ് ഈ വരികൾ. ഇനി മറ്റൊരു ഗാനം ഓർമിക്കുക: 

‘കണ്ണൂരിൽ താരകമല്ലോ, ചെഞ്ചോരപ്പൊൻ കതിരല്ലോ, 

നാടിൻ നെടുനായകനല്ലോ പി.ജയരാജൻ ധീരസഖാവ്, 

ചെമ്മണ്ണിൻ മാനം കാക്കും നന്മകൾ തൻ പൂമരമല്ലോ,

ചെങ്കൊടി തൻ നേരതു കാക്കും നേരുള്ളൊരു ധീര സഖാവ്...’ 

ആദ്യഗാനത്തിന്റെ സമയം തെറ്റിയെന്ന പരാതിയേ പാർട്ടിക്കുള്ളൂ. രണ്ടാമത്തെ ഗാനം വ്യക്തിപൂജയാണെന്നു നെറ്റി ചുളിച്ച പാർട്ടി, സ്തുതിയേറ്റുവാങ്ങിയ നേതാവിനെതിരെ ഇതുൾപ്പെടെയുള്ള കാരണങ്ങളാൽ നടപടിയുമെടുത്തു. വ്യക്തിപൂജയ്ക്കും സ്തുതികൾക്കും സിപിഎമ്മിൽ രണ്ടു തരം മാനദണ്ഡമോ എന്ന ചോദ്യം ഉയരുന്നത് ഇതാദ്യമല്ല.

‘പാർട്ടി ലോകമെങ്ങും ശോഭിച്ചീടാനുള്ള കാരണഭൂതനും, പീഡനമേറ്റ സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവു’മായി തിരുവാതിര ഗാനത്തിൽ വിശേഷിപ്പിക്കപ്പെട്ട പിണറായി വിജയൻ കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് ‘ക്യാപ്റ്റൻ’ ആയിരുന്നു. പാർട്ടിയിൽ ജനകീയ നേതാക്കളായ വിഎസിനെയും പി.ജയരാജനെയും അണികൾ വാഴ്ത്തിയപ്പോഴെല്ലാം വ്യക്തിപൂജയെന്നു നെറ്റി ചുളിച്ച പിണറായി ഇന്ന് അതേ വാഴ്ത്തുക്കൾ ആസ്വദിക്കുകയാണോ എന്ന സംശയമാണ് അന്നുമുണ്ടായത്. ക്യാപ്റ്റൻ എന്നതു പാർട്ടിയുടെ വിളിയല്ലെന്നും പാർട്ടിക്ക് എല്ലാവരും സഖാവാണെന്നും കോടിയേരി ബാലകൃഷ്ണൻ അന്നോർമിപ്പിച്ചു. 

1248-kodiyeri-pinarayi
കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ

എന്നാൽ ഇക്കുറി സ്തുതി തെറ്റിയെന്ന വിമർശനം കോടിയേരിക്കുമില്ല. പാട്ടുകളിലൂടെ വ്യക്തിപരമായി പുകഴ്ത്തപ്പെട്ടതിന് ഒരിക്കൽ ജില്ലാ സെക്രട്ടറിയെ താക്കീത് ചെയ്ത പാർട്ടി, വ്യക്തിപൂജയിൽ നിലപാട് മാറ്റിയിരിക്കുന്നു എന്നുതന്നെ കരുതേണ്ടിവരും. ഇതു പിണറായിക്കു വേണ്ടി മാത്രമുള്ള ഇളവാണോ, തുടർന്നങ്ങോട്ടുള്ള പാർട്ടി ലൈനാണോ എന്നു വ്യക്തമാക്കേണ്ടതു പാർട്ടി തന്നെയാണ്. നേതാക്കളെ ആരാധിക്കുന്നതു ബൂർഷ്വാ പാർട്ടികളുടെ രീതിയാണെന്നു കുറ്റപ്പെടുത്തിയ നേതാക്കൾ എന്തായാലും പറഞ്ഞതൊക്കെ തൽകാലം വിഴുങ്ങേണ്ടിവരും.

പിഴുതെറിഞ്ഞ ’ചെഞ്ചോരപ്പൊൻ കതിർ’

ഓണനാളിൽ വെട്ടേറ്റു വീണിടത്തുനിന്നു മുറികൂടിയെത്തി കണ്ണൂരിലെ പാർട്ടിയെ നയിച്ച ധീരനായി പി.ജയരാജനെ ചിത്രീകരിച്ചുകൊണ്ടാണ് ആറു വർഷം മുൻപ് ജയരാജൻ വാഴ്ത്തുക്കൾ വിഡിയോ ഗാനമായി ആരാധകർ പുറത്തിറക്കിയത്.

‘കലിതുള്ളിയ ഭീകരവർഗം പക തീർത്തൊരു നാളുകളോർക്കെ,

പൊന്നോണപ്പൂവുകൾ പോലും വിടരാൻ മടി തീർക്കുവതെന്തേ,

പി.ജയരാജൻ ധീരസഖാവ്, കണ്ണൂരിന്റെ ധീരസഖാവ്

കാരാഗ്രഹ നാളുകൾ തീർത്തൊരു അധികാര വർഗമറിഞ്ഞോ

തടവറകൾക്കുയിരു പകർന്നൊരു കമ്യൂണിസ്റ്റെന്ന കരുത്ത്

പോരാട്ടം മാത്രമതല്ലോ, ജയരാജനു ജീവിതലക്ഷ്യം

ജയരാജനു പിന്നിലണിയായ് നവകേരളമൊറ്റമനസ്സായി,

രണഗാഥകൾ തീർത്ത കരുത്താൽ മുന്നേറ്റ ജാഥ രചിക്കും

ചെങ്കൊടികൾ വാനിലുയർത്താൻ ആ കൈകളതെന്നുമുയരും

ഈങ്ക്വിലാബ് എന്നു വിളിക്കും ആ ശബ്ദം ഇന്നുമുറക്കെ...

എന്നിങ്ങനെയാണു ജയരാജ സ്തുതികൾ അവസാനിച്ചത്. കതിരൂർ മനോജ് വധക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്നു പി.ജയരാജനെ മഹത്വവൽകരിക്കാൻ കണ്ണൂർ കേന്ദ്രീകരിച്ചു നടന്ന പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഗാനം. പാട്ടു മാത്രമല്ല, പ്രസംഗവുമുണ്ടായിരുന്നു. കേസിൽ യുഎപിഎ ചുമത്തിയപ്പോൾ ഇതിനെതിരെ ഏരിയാ കേന്ദ്രങ്ങളിൽ പ്രസംഗിക്കാൻ പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കിയ കുറിപ്പ് നിറയെ ജയരാജൻ സ്തുതികളായിരുന്നു. കിടപ്പുരോഗികൾക്കു മുൻപിൽ സാന്ത്വനവുമായി അവതരിക്കുന്ന ദൂതനായും മറ്റുമാണു ജയരാജനെ വാഴ്ത്തിയത്. പാട്ടും പ്രസംഗവും ചർച്ചയായതോടെ ജയരാജനെതിരെ പാർട്ടി അച്ചടക്കത്തിന്റെ വാളോങ്ങി. അതിനു ‘താക്കീതി’ന്റെ രൂപമായിരുന്നു.

kannur-cpm-p-jayarajan
പി.ജയരാജൻ. ചിത്രം: AFP

പിജെ ആർമി എന്ന പേരിൽ ഫെയ്സ്ബുക്കിൽ ജയരാജൻ ആരാധകർ നടത്തിയ സ്തുതികളെയും പാർട്ടി തള്ളിപ്പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ പിജെ ആർമി ഗ്രൂപ്പിൽ വന്ന പോസ്റ്റുകളുടെ പേരിൽ ജില്ലാ കമ്മിറ്റി യോഗത്തിൽ ജയരാജൻ നേരിട്ടതു രൂക്ഷ വിമർശനമായിരുന്നു. കമ്മിറ്റി നടക്കുന്നതിനിടെ തന്നെ ഫെയ്സ്ബുക്കിലൂടെ ‘പിജെ ആർമി’ എന്ന ഗ്രൂപ്പിനെ ജയരാജനു തള്ളിപ്പറയേണ്ടിവന്നു. വ്യക്തിപൂജയുടെ പേരിൽ പാർട്ടി നേതൃത്വത്തിന് അനഭിമതനായി മാറിയ പി.ജയരാജനു പിന്നീടു പാർട്ടിയിലുണ്ടായതു പതനം മാത്രമാണ്. 

തിരയടങ്ങിയ ‘വിഎസ് ബക്കറ്റ്’

പി.ജയരാജനു മുൻപു വ്യക്തിപൂജ ആരോപണം നേരിട്ടതു വി.എസ്.അച്യുതാനന്ദനായിരുന്നു. വിഎസിനു വേണ്ടി പക്ഷേ പാട്ടൊന്നും ആരും എഴുതിയില്ല. വിഎസ്–പിണറായി പക്ഷങ്ങളായി പാർട്ടി നിന്നിരുന്ന കാലത്താണു വിഎസിന് അമിതമായ പ്രാധാന്യം അണികളിലും മാധ്യമങ്ങളിലും ലഭിച്ചത്. പ്രതിപക്ഷ നേതാവായിരിക്കെ മതികെട്ടാൻ മലകയറിച്ചെന്നതും അഴിമതിക്കാർക്കെതിരെ കർശന നിലപാടെടുത്തതുമെല്ലാം വിഎസിനു വീരപരിവേഷം നൽകി. 2006ലെ സീറ്റ് നിഷേധിക്കൽ വിവാദത്തിൽ അണികൾ വിഎസിനായി തെരുവിലിറങ്ങിയതോടെ നേതൃത്വത്തിനു വഴങ്ങേണ്ടിവന്നു. 

മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മൂന്നാർ ഓപറേഷൻ അണികളിൽ താരാരാധന പടർത്തി. ലാവ്‌ലിൻ വിഷയത്തിൽ പിണറായിക്കെതിരെ തുറന്ന നിലപാടെടുത്തിരുന്ന വിഎസിനു ലഭിച്ചുപോന്ന അമിത പ്രാധാന്യത്തെ മീഡിയാ സിൻഡിക്കറ്റിന്റെ ചുമലിലാണു പിണറായി പക്ഷം വച്ചുകെട്ടിയത്. പാർട്ടി കമ്മിറ്റികളിൽ ഇതിന്റെ പേരിൽ വിഎസ് കടന്നാക്രമിക്കപ്പെട്ടു. വ്യക്തിയല്ല, പ്രസ്ഥാനമാണു വലുതെന്നു പാർട്ടി വിഎസിനെ ഓർമിപ്പിച്ചപ്പോഴെല്ലാം പിണറായിയായിരുന്നു സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്. 

VS-Achuthanandan
വി.എസ്.അച്യുതാനന്ദൻ

2011–16ൽ പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് വിഎസ് വാർത്ത സൃഷ്ടിച്ചതെല്ലാം പാർട്ടി എന്ന നിലയ്ക്കായിരുന്നില്ല, ഒറ്റയ്ക്കായിരുന്നു. പൊതുയോഗങ്ങളിൽ വിഎസിന്റെ വരവിൽ ആവേശം അണപൊട്ടിയൊഴുകി. നീട്ടിക്കുറുക്കിയുള്ള പ്രസംഗത്തിനായി ജനം കാത്തിരുന്നു. പാർട്ടിക്കു മുകളിൽ വ്യക്തിയായിത്തന്നെ ആ അഞ്ചുവർഷവും വിഎസ് നിന്നു. വ്യക്തിപൂജയിലേക്ക് അംഗങ്ങൾ നീങ്ങുന്നതിനെതിരെ പ്രാദേശിക കമ്മിറ്റികൾ പോലും പടവാളെടുത്തു. പാർട്ടിയേക്കാൾ വളരാൻ ശ്രമിക്കുന്നുവെന്ന് പാർട്ടി സമ്മേളനങ്ങളിൽ പോലും വിഎസ് ഒറ്റതിരി‍ഞ്ഞ് ആക്രമിക്കപ്പെട്ടപ്പോഴും പിണറായിയായിരുന്നു സെക്രട്ടറി. 

‘ബക്കറ്റിലെ തിരമാല’ എന്ന പ്രയോഗം ഏറെ ചർച്ച ചെയ്യപ്പെട്ടു. പാർട്ടിയാകുന്ന കടലിനോടു ചേർന്നു നിൽക്കുമ്പോഴേ തിരമാലയാകൂവെന്നും ബക്കറ്റിലെ കടൽവെള്ളത്തിൽ തിരമാലയുണ്ടാകില്ലെന്നും ഉന്നംവച്ചത്, പാർട്ടിക്കു മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട വിഎസിനെയായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ വിഎസും പിണറായിയും മത്സരിക്കുമ്പോൾ ആരാണു മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന ചോദ്യം നേതൃത്വം നേരിട്ടിരുന്നു. വ്യക്തിയെ മുൻനിർത്തി തിരഞ്ഞെടുപ്പു നേരിടുന്നതു കമ്യൂണിസ്റ്റ് രീതിയല്ലെന്നു വിശദീകരിച്ചത് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ’ക്യാപ്റ്റൻ’ പിണറായിയാണെന്നു പറഞ്ഞുതന്നെ സിപിഎം വോട്ട് ചോദിച്ചു.

പുഷ്പനിലൂടെ അറിയപ്പെടുന്നത് കൂത്തുപറമ്പ് പോരാട്ടം

വിപ്ലവഗാനങ്ങൾക്കും കവിതകൾക്കും സിപിഎമ്മിൽ ഒരു പഞ്ഞവുമില്ലെങ്കിലും നേതാക്കളെ വ്യക്തിപരമായി പ്രകീർത്തിക്കുകയും പാർട്ടിക്കു മുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കലാവിഷ്കരണ രീതി സിപിഎമ്മിനില്ല. ജീവിച്ചിരിക്കുന്ന ഒരാളെ അടുത്ത കാലത്തു പാട്ടിലൂടെ പാർട്ടി ഓർമിക്കുന്നുണ്ടെങ്കിൽ അതു കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെയാണ്.

‘പുഷ്പനെ അറിയാമോ, ഞങ്ങടെ പുഷ്പനെ അറിയാമോ

സഖാവിനെ അറിയാമോ ആ രണഗാഥയറിയാമോ,

മയ്യഴിയാറ്റിനുമറിയാം, കനക മലർക്കാറ്റിനുമറിയാം

തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നിൽപാണവനൊരു ചെമ്പനിനീർപ്പൂവ്

അവനൊരു നാടിൻ തേങ്ങലാണേങ്ങലായുയിരാണുശിരാണ്

മുറുകും മുഷ്ടിയിലേന്തിയ നേരിൻ ഊർജവുമായ്

കൂത്തുപറമ്പിൻ തെരുവിൽ അലറി ധീരയുവത്വങ്ങൾ

അണിചേർന്നൂ പൂഷ്പനുമണിചേർന്നൂ

ആവേശം പൂണ്ടാർത്തലച്ചു വിളിച്ചവൻ

ഈങ്ക്വിലാബ് സിന്ദാബ്, ഡിവൈഎഫ്ഐ സിന്ദാബാദ്

കുറുനരി മന്ത്രി മുരണ്ടു, തോക്കിൻ കുഴലുകൾ തീക്കണ്ടു

തെരുവിൽ പേക്കൂത്താടി കാക്കിയണിഞ്ഞൊരു കാടത്തം

വെടിയേറ്റു പുഷ്പനു വെടിയേറ്റു

ഒട്ടും പതറാതാർത്തു വിളിച്ചവൻ ഈങ്ക്വിലാബ് സിന്ദാബാദ്, ഡിവൈഎഫ്ഐ സിന്ദാബാദ്’

പുഷ്പനെ കേന്ദ്രീകരിച്ചാണു പാട്ടെങ്കിലും പറയുന്നത് അഞ്ചു രക്തസാക്ഷികളുണ്ടായ കൂത്തുപറമ്പ് വെടിവയ്പിനെക്കുറിച്ചാണ്. ആ നിലയ്ക്കു തന്നെയാണു പാർട്ടി പരിപാടികളിൽ ഈ ഗാനം കേൾപ്പിക്കാറുള്ളതും. വ്യക്തി പൂജയ്ക്കും സ്തുതികൾക്കും പാർട്ടി മൗന സമ്മതം നൽകിയ സ്ഥിതിക്ക് ഇനി സിപിഎം ഗാനശാഖയിൽ പുതിയ ഗാനങ്ങൾ ഒരുപാടു പിറന്നേക്കും...

English Summary: Mega Thiruvathira Song a New Version of CPM's Personal Worship?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA