‘അമ്മയ്ക്ക് വയ്യായിരുന്നു, അതാ അന്നങ്ങനെ പറഞ്ഞത്’: പൊലീസ് നന്മ, സച്ചിന് സ്വപ്നവീട്

sachin-new-home
സജിത്തും മാർട്ടിനും (ഇടത്) മണപ്പുറം ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീടിനു മുന്നിൽ സച്ചിനും മാതാപിതാക്കളും (വലത്)
SHARE

‘ചിക്കൻ കഴിച്ചിട്ട് കുറേ നാളായി സാറേ...’ മലയാളിയെ ഏറെ നൊമ്പരപ്പെടുത്തിയ വാക്കുകൾ. തൃശൂർ സ്വദേശിയായ 12 വയസ്സുകാരൻ സച്ചിന്റെ ജീവിതം പുറത്തെത്തിച്ച രണ്ട് പേരുണ്ട്. മാള സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരായ സജിത്തും മാർട്ടിനും. പുതിയ വീട്ടിലേക്ക് സച്ചിനും കുടുംബവും  താമസം മാറിയപ്പോൾ മനസ്സിൽ സന്തോഷം തുളുമ്പിയത് ഇവർക്കാണ്. 

അങ്ങനെ ഒരു കോവിഡ് കാലത്ത്, ജനമൈത്രി പൊലീസ് സജിത്ത് പറയുന്നു...

കോവിഡ്  രോഗികളെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്ന ഡ്യൂട്ടിയിലായിരുന്നു ഞാൻ. അങ്ങനെയാണ് സച്ചിന്റെ വീട്ടിലേക്ക് വിളി എത്തുന്നത്. അവന്റെ അമ്മയാണ് ഫോണെടുത്തത്. അവർക്ക് കോവിഡ് മൂലം തീരെ വയ്യാതിരിക്കുകയായിരുന്നു. അവർ സച്ചിന്റെ കയ്യിൽ ഫോൺകൊടുത്തു. സമയം ഏകദേശം 11 മണിയായിക്കാണും. ചായകുടിച്ചോ എന്ന് സച്ചിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഇല്ലാ എന്ന്. അമ്മയ്ക്ക് കോവിഡ് വന്ന് അനങ്ങാൻ വയ്യ, അച്ഛൻ വർഷങ്ങളായി  കിടപ്പിലാണ്. എങ്കിൽ നിനക്ക് ചായയും പലഹാരവും വാങ്ങിത്തരാം എന്ന് പറഞ്ഞു. അപ്പോഴാണ് അവൻ പറയുന്നത് ചായ അടുത്തുള്ള വീട്ടിലെ ചേച്ചി തരും. ചിക്കൻ കഴിച്ചിട്ട് കുറേ നാളായി സാറേ... എന്ന്. ഇത് കേട്ടപ്പോ എനിക്ക് അവന്റെ പ്രായമുള്ള എന്റെ മകനെയാണ് ഓർമ വന്നത്. മനസ്സിലാകെ വിഷമം നിറഞ്ഞു.

sachin-new-home
മണപ്പുറം ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീട് സച്ചിനു കൈമാറുന്ന ചടങ്ങിൽ സജിത്തിനെ ആദരിക്കുന്നു.

ഉടനെ ഞാനും ഡ്യൂട്ടിയിലുണ്ടായിരുന്ന മാർട്ടിനും കൂടി ചിക്കനും മുട്ടയും കുറച്ച് പച്ചക്കറികളും പലചരക്കു സാധനങ്ങളും അവന് വേണ്ട കുറച്ച് ബുക്കും പേനയും പെൻസിലുമൊക്കെയായി സച്ചിന്റെ വീട്ടിലെത്തി. അവിടുത്തെ അവസ്ഥ കണ്ടപ്പോൾ മനസ്സ് വേദനിച്ചു. അച്ഛന്‍ മാധവന് ഒട്ടും വയ്യ, അഞ്ച് വർഷമായി കിടപ്പിലാണ്. തലച്ചോറിൽ ബ്ലോക്ക് വന്നതാണ്. പൊട്ടിപ്പൊളിഞ്ഞ വീട്. രോഗിയായിട്ടും അച്ഛൻ കിടക്കുന്നത് നിലത്താണ്. മഴയത്ത് വെള്ളം ചോർന്നൊലിക്കും.

ഞങ്ങളെ കണ്ടതും സച്ചിന് സന്തോഷമായി. സാധനങ്ങൾ കൊടുത്തു. നാളെ വരാമെന്ന് പറഞ്ഞാണ് പോന്നത്. കോവിഡ് രോഗികളെ സഹായിക്കുന്ന സംഘടനകളൊക്കെ ഉണ്ട് . അവരോട് പറഞ്ഞ് വീട്ടിലേക്ക് വേണ്ട ഭക്ഷണ സാധനങ്ങളൊക്കെ എത്തിക്കാമെന്ന് കരുതി. മനസ്സിലൊരു വിങ്ങലായിരുന്നു തിരിച്ചു പോരുമ്പോൾ. അവന്റെ നിഷ്കളങ്കത കൊണ്ടാണല്ലോ ചിക്കന്റെ കാര്യം പറഞ്ഞത്. 

വൈകുന്നേരമായപ്പോൾ ഞങ്ങൾ കരുതി ഫെയ്സ്ബുക്കിൽ ഇതിനെക്കുറിച്ച് ഒരു പോസ്റ്റിടാമെന്ന്. പോസ്റ്റിട്ട് കുറച്ച് കഴിഞ്ഞപ്പോൾ കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ എന്റെ പോസ്റ്റ് ഷെയർ ചെയ്തു. അതോടെ കാര്യങ്ങൾ ലോകം മുഴുവൻ അറിഞ്ഞു. മാധ്യമങ്ങൾ ഈ വർത്തകൊടുത്തു. പിറ്റേന്ന് മനോരമ പത്രത്തിൽ ‘ചിക്കൻ കഴിച്ചിട്ട് കുറേ നാളായി സാർ’ എന്ന തലക്കെട്ടോടെ വാർത്ത വന്നതോടെ എന്റെ ഫോണിനും സ്റ്റേഷനിലെ ഫോണിനും വിശ്രമമില്ലാതായി.

ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് വിളി വന്നു എന്നു പോലും പറയാൻ കഴിയില്ല. കുറേപ്പേർ അവന്റെ വീട്ടിലേക്ക് സാധനങ്ങളുമായി ചെന്നു. പഠിപ്പിക്കാമെന്നേറ്റു. എന്റെ അക്കൗണ്ടിലേക്ക് പണമിടാമെന്നും നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമാണെന്നും വിളിച്ചവരൊക്കെ പറഞ്ഞു. എന്നാൽ, അത് ശരിയാകില്ലെന്നും സച്ചിന്റെ അച്ഛന്റെ പേരിലുള്ള അക്കൗണ്ട് ശരിയാക്കി അത് വച്ച് കാർഡ് അടിക്കുകയുമായിരുന്നു. അച്ഛൻ മാധവന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. അതുകൊണ്ട് പണം സച്ചിന്റെ പേരിൽ ഫിക്സഡ് ആക്കി ഇട്ടു. 

മനോരമയിലെ വാർത്ത കണ്ടാണ് ‘മണപ്പുറം ഫൗണ്ടേഷൻ’ വീട് പണിപൂർത്തിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വരുന്നത്. 20 വർഷത്തോളം മുൻപു കെട്ടിയ തറയും പൊളിയാറായ ഭിത്തിയുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ആറുമാസം കൊണ്ട് സച്ചിനും കുടുംബവും പണി പൂർത്തിയായ വീട്ടിലേക്ക് മാറുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുളുമ്പിപ്പോയി’– സജിത്ത് പറയുന്നു. വീടിന്റെ താക്കോൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാറാണ് കുടുംബത്തിനു കൈമാറിയത്.

സ്വപ്നം പോലെ... സച്ചിന്റെ അമ്മ ലതിക പറയുന്നു

‘എന്തോ സ്വപ്നം പോലെയാണ് തോന്നുന്നത്. ഇങ്ങനെയൊന്നും വിചാരിച്ചിട്ടേ ഇല്ല. ഒരു നല്ല വീടെന്നത് വലിയ ആഗ്രഹം ആയിരുന്നു. ഇപ്പോ വീട് കാണുമ്പോ തന്നെ സന്തോഷം ആണ്. ഇതിന്റെ ഉള്ളിലിരിക്കുമ്പോ വലിയ ആശ്വാസം തോന്നും. സച്ചിനാണെങ്കിൽ സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്നറിയില്ല. അച്ഛന് വയ്യാതായിട്ട് അഞ്ച് കൊല്ലമായി. ഞാൻ ഒരു ടീച്ചറിന്റെ വീട്ടിൽ പണിക്ക് പോയിരുന്നു. അച്ഛനെ ആ സമയത്ത് സച്ചിൻ നോക്കും. പക്ഷേ ഒറ്റയ്ക്കൊന്നും എടുത്ത് പൊക്കാൻ അവന് കഴിയില്ല. നിലത്താണ് കിടത്തിയിരുന്നത്. ഒരു ദിവസം രാവിലെ നോക്കുമ്പോൾ കാലിലാകെ ചോര. കാലിന്റെ ഒരു ഭാഗം എലി കടിച്ചെടുത്തു. അച്ഛൻ ഇത് അറിഞ്ഞില്ല. ‌

sachin-new-home
മണപ്പുറം ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീടിനു മുന്നിൽ സച്ചിനും മാതാപിതാക്കളും.

വീട് നന്നാക്കിക്കിട്ടാൻ പഞ്ചായത്തിലൊക്കെ പലതവണ കയറിയിറങ്ങി. അവര് പറഞ്ഞു നിങ്ങൾക്ക് അതിന് അർഹതയില്ലെന്ന്. ‘ലൈഫി’ൽ വീട് കിട്ടും എന്ന് പ്രതീക്ഷിച്ചു. പിന്നെ പറഞ്ഞു അതും ഇല്ലാന്ന്. നിങ്ങളിപ്പോ സ്വന്തം കയ്യീന്ന് പൈസ എടുത്ത് വീട് നന്നാക്കെന്നാണ് അവര് പറഞ്ഞത്, പൈസ വഴിയേ കിട്ടുമെന്ന്. ഇത് കേട്ടപ്പോൾ ഞാനും അച്ഛനും കുട്ടിയും ഒരുപാട് വിഷമിച്ചു. അന്നന്നത്തേക്കുള്ള  ജീവിതത്തിന് പണം കണ്ടെത്താൻ പോലും പറ്റാത്ത ഞങ്ങൾ എങ്ങനെ വീട് നന്നാക്കാനാണ്.

സച്ചിൻ വീടിന്റെ പേരിൽ എപ്പോഴും കരയുമായിരുന്നു. അപ്പോ ഞാൻ പറയും മോനെ ദൈവം അനുഗ്രഹിക്കും. നിനക്ക് ഭാഗ്യം ഉണ്ടെങ്കിൽ വീട് എങ്ങനെയെങ്കിലും ശരിയാകും. ഇവന്റെ കരച്ചിൽ കാണുമ്പോ അപ്പുറത്തെ വീട്ടിൽ താമസിക്കുന്ന ബന്ധു കൂടിയായ കുട്ടി ശിൽപ പറയും, കരയണ്ട മോനെ നിനക്കും ഒരു ദിവസം വരുമെന്ന്. അച്ഛന്റെ കാലിൽ എലി കടിച്ചതറിഞ്ഞ് മോന്റെ സ്കൂളിലെ ടീച്ചർ അവരുടെ ക്ലാസിലെ ഒരു കുട്ടിയുടെ അച്ഛനെക്കൊണ്ട് ഒരു മുറി തേപ്പിച്ചു നൽകി. 

സച്ചിന്‍ പറയുന്നു: പുതിയ വീട്, സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ

‘അന്ന് ആ സാറന്മാരോട് ചിക്കന്റെ കാര്യം പറഞ്ഞെങ്കിലും കൊണ്ടുവരുമെന്നൊന്നും കരുതിയില്ല. അമ്മയ്ക്ക് പണിക്ക് പോകാൻ പറ്റാത്തതു കൊണ്ട് ചിക്കൻ കഴിച്ചിട്ട് കുറേ നാളായിരുന്നു. അതാ അങ്ങനെ പറഞ്ഞത്. ചിക്കൻ കിട്ടിയപ്പോ സന്തോഷമായി. ഞാൻ തന്നെയാണ് അന്ന് ചിക്കൻ കഴുകി അമ്മയ്ക്ക് കൊടുത്തത്. പുതിയ വീട് ഒരുപാട് ഇഷ്ടായി. വലിയ എറയവും രണ്ട് മുറിയും ഉണ്ട്. ഇനി മഴയത്ത് പേടിക്കേണ്ടല്ലോ...’ സച്ചിൻ ചിരിക്കുന്നു.

English Summary: Story of Sachin whose Request to Police Has Gone Viral during Covid Lockdown times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA