ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാർഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് ഓഫ്​ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കുന്നത് മുൻകരുതൽ എന്ന നിലയിലാണ്. ഈ മാസം 21 മുതൽ ക്ലാസ് അടച്ചിടുന്നത് സിബിഎസ്ഇ, അണ്‍ എയ്ഡഡ് ഉൾപ്പെടെ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികളിൽ മാറ്റമില്ല. സ്കൂളിൽ വരുന്ന 10,11,12  ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം. ഡിജിറ്റൽ - ഓൺലൈൻ ക്ലാസുകളുടെ സമയക്രമം പുനഃക്രമീകരിക്കും. എസ്എസ്എൽസി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂർത്തിയാക്കും വിധം ഡിജിറ്റൽ - ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കും.

ഫോക്കസ് ഏരിയ നിശ്ചയിച്ചു നൽകിക്കഴിഞ്ഞു. 35 ലക്ഷത്തോളം കുട്ടികളാണ് രണ്ടാഴ്ചത്തേക്ക് വീടുകളിൽ ഇരുന്ന് ക്ലാസുകൾ അറ്റൻഡ് ചെയ്യുക. തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. പുതുക്കിയ മാർഗരേഖ യോഗത്തിനുശേഷം പുറത്തിറക്കും. എത്രയും പെട്ടെന്ന് കുട്ടികൾക്ക് വാക്സീൻ നൽകാനാണ് ശ്രമം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളിൽ വാക്സീൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തും. വാക്സിനേഷൻ കണക്കുകൾ സ്കൂൾ തലത്തിൽ അപ്ഡേറ്റ് ചെയ്യാൻ കൈറ്റ്-വിക്ടേഴ്സ് പുതിയ പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

English Summary: Covid: No change in SSLC, Plus Two exam date 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com