ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെയും അംഗങ്ങൾ വിമർശിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നും പൊതുചർച്ച തുടരും. 

പാർട്ടി -സർക്കാർ ബന്ധത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ്, ഭരണത്തിൽ പാർട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഭരണം നടത്താൻ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവർ നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് എങ്ങനെയെന്നു മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ് പൊതുചർച്ചയിൽ ആദ്യം സംസാരിച്ച വർക്കലയിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനത്തിന് തുടക്കമിട്ടത്.

സാധാരണക്കാരൻ വന്ന് കാണുമ്പോൾ സഹായം ചെയ്യേണ്ടത് പാർട്ടിയാണ്. മന്ത്രിമാരുടെ ഓഫിസുകളിൽനിന്നു സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നെന്നും തുടർന്ന് സംസാരിച്ച പല പ്രതിനിധികളും വിമർശിച്ചു. ആരുടെയും ക്വട്ടേഷൻ പിടിച്ചല്ല, ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫിസിൽ പോകുന്നത്. എന്നാൽ ആരുടെയോ ക്വട്ടേഷനുമായി വന്നിരിക്കുന്നു എന്ന ധാരണയിലുള്ള സംസാരമാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടേത്.

സാധാരണ പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ എന്ന് മനസ്സിലാക്കണമെന്നാണ് ഒരു പ്രതിനിധി തുറന്നടിച്ചത്. വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകാൻ വേണ്ട ഇടപെടൽ നടത്തണം. എം.വി.ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ അതുപോലുമില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് പരാജയമാണെന്നും വിമർശനമുണ്ടായി. പാർട്ടി ഇടപെടലില്ലാത്ത സർക്കാർ എന്നത് പ്രാദേശിക നേതൃത്വത്തിലുള്ളവർക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്ന് വിമർശനങ്ങൾ വ്യക്തമാക്കുന്നു.

English Summary: CPM district conference criticize government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com