ADVERTISEMENT

മലപ്പുറം ∙ മഞ്ചേരി പൂക്കൊളത്തൂർ സിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ പ്രവര്‍ത്തകരും അധ്യാപകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിശദീകരണവുമായി സ്കൂള്‍ അധികൃതര്‍. ഏകപക്ഷീയമായി എസ്എഫ്ഐ ആക്രമണം നടത്തിയെന്നും, അധ്യാപകരെ ആക്രമിച്ചവരെ തള്ളിമാറ്റുകയാണ് ചെയ്തതെന്നും പ്രധാന അധ്യാപിക എ.ജയശ്രീയും സഹഅധ്യാപകരും പറഞ്ഞു.

ജനുവരി 13ന് രാവിലെ 11ന് ആണ് പ്രധാനാധ്യാപികയുടെ മുറിയിൽ വാക്കേറ്റവും ഏറ്റുമുട്ടലും നടന്നത്. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സ്കൂളിൽ എസ്എഫ്ഐ സമരത്തിന് നോട്ടിസ് നൽകിയതിന്റെ തുടർച്ചയാണു സംഭവം. സ്കൂളിൽ രാഷ്ട്രീയം ഇല്ലെന്നും ക്ലാസ് വിടാൻ സർക്കാർ ഉത്തരവ് ഇല്ലെന്നും പറഞ്ഞ് അധ്യാപകർ എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചയച്ചു.

സംഘത്തിലുണ്ടായിരുന്ന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ പുറത്താക്കിയെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ നേതാക്കൾ പ്രധാനാധ്യാപികയുടെ ഓഫിസിലെത്തിയതിനെ തുടർന്നാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്. 10 അധ്യാപകർ സംഘം ചേർന്നു മർദിച്ചെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. 

പരീക്ഷാജോലികൾ തടസ്സപ്പെടുത്തിയെന്നും ഫയലുകൾ വാരിവിതറിയത് തടയാൻ ശ്രമിച്ചപ്പോൾ മർദനമേറ്റെന്നും പ്രധാനാധ്യാപിക ജയശ്രീ പറഞ്ഞു. കോവിഡ് മാനദണ്ഡം ലംഘിച്ചെത്തിയ നേതാക്കൾ സ്കൂൾ ഓഫിസിലും പിന്നീട് ആശുപത്രിയിലും ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്ന് അധ്യാപകർ ആരോപിച്ചു.

6 അധ്യാപകർക്കും 3 എസ്എ‌ഫ്‌ഐ നേതാക്കൾക്കും പരുക്കേറ്റു. എസ്എഫ്‌ഐ ഏരിയ പ്രസിഡന്റിന്റെ കയ്യൊടിഞ്ഞു. പ്രധാനാധ്യാപിക എ.ജയശ്രീ (55), അധ്യാപകൻ പി.സി.ജലീൽ (44), ജീവനക്കാരൻ സുബ്രഹ്മണ്യൻ (37), എസ്എഫ്ഐ മഞ്ചേരി ഏരിയ സെക്രട്ടറി നിധിൻ കണ്ണാടിയിൽ (24), പ്രസിഡന്റ് വി.അഭിജിത്ത് (24), സി.മുഹമ്മദ് റഫി (20) എന്നിവർക്കാണ് പരുക്കേറ്റത്.

English Summary: SFI Workers -Teachers clash at CHM Higher Secondary School Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com