ADVERTISEMENT

പാലക്കാട് ∙ ഒലവക്കോടിനുസമീപം അകത്തേത്തറ ഉമ്മിനി പപ്പാടിയിലെ ജനവാസമേഖലയിൽ ആൾത്താമസമില്ലാതെ കിടന്നിരുന്ന വീട്ടിൽ പ്രസവിച്ച രണ്ടുകുട്ടികളിൽ ഒന്നിനെ എന്തുകൊണ്ടായിരിക്കും പുളളിപ്പുലി കൊണ്ടുപോകാത്തത്? അമ്മപ്പുലിയെത്താത്തതിനാൽ ഒറ്റപ്പെട്ട ആ പുലിക്കുഞ്ഞിന്റെ ഭാവി എന്താകും?

mother-leopard-palakkad
ഉമ്മിനിയിൽ കുട്ടികളെ തിരഞ്ഞെത്തിയ അമ്മപ്പുലിയുടെ സിസിടിവി ദൃശ്യം. വനംവകുപ്പു വച്ച ക്യാമറ ട്രാപ്പിലാണ് ഈ ദൃശ്യം പതിഞ്ഞത്.

∙ അമ്മപ്പുലി വരാത്തതിനു പിന്നിൽ

ആളുംബഹളവും തനിക്കെതിരെയുളള യുദ്ധസമാനമായ തയാറെടുപ്പും എല്ലാമറിഞ്ഞ് ആ സ്ഥലത്ത് വീണ്ടും എത്താനുള്ള പേടികൊണ്ടായിരിക്കും അമ്മപ്പുലി എത്താത്തതെന്നാണ് ഒരു വർത്തമാനം. എന്നാൽ ഇരതേടാനും മറ്റുളളവരോട് ഏറ്റുമുട്ടിയും കാട്ടിൽ സ്വന്തം സ്ഥലം കണ്ടെത്താനുളള ത്രാണി കുഞ്ഞിന് ഭാവിയിൽ ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാണ് അമ്മ അതുചെയ്തതെന്നാണ് വനവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവരുടെ നിഗമനം.

അല്ലായിരുന്നെങ്കിൽ ആദ്യകുഞ്ഞിനെ കടിച്ചെടുത്തുപോയ ആ രാത്രി തന്നെ രണ്ടാമത്തേതിനെയും അമ്മപ്പുലി കൊണ്ടുപോകേണ്ടതാണ്. അതാണ് പുളളിപ്പുലിവർഗത്തിന്റെ രീതിയും സ്വഭാവവും.

കയ്യൂക്കുളളവൻ കാര്യക്കാരൻ എന്ന പ്രമാണമാണ് കാട്ടിൽ പ്രധാനം. അത്തരക്കാർക്കു മാത്രമേ കാട്ടിൽ പിടിച്ചുനിൽക്കാനും മുന്നേറാനും സ്വന്തംസ്ഥലം (ടെറിട്ടറി ) ഉണ്ടാക്കാനും കഴിയൂ. അല്ലാത്തവർ എല്ലാത്തരത്തിലും പുറത്താണ്. ദയനീയമായി പരാജയപ്പെട്ട് ചത്തടിയുകയുമായിരിക്കും അവരുടെ വിധി. അതിനിടയിൽ സങ്കടത്തിനോ, സഹതാപത്തിനോ സ്ഥാനമില്ല. പ്രസവിച്ച് കഷ്ടി ഒരാഴ്ച പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയാണ് ഉമ്മിനി പപ്പാടിയിലെ കാടുപോലെയായ പറമ്പിനു നടുവിലെ വീട്ടിനുളളിൽ വനംഅധികൃതരും നാട്ടുകാരും കണ്ടത്.

palakkad-leopard-ponnan
പാലക്കാട് ഒലവക്കോടിനു സമീപം പപ്പാടിയിലെ ആൾത്താമസമില്ലാത്ത വീട്ടിൽ പുലിയെ ആദ്യമായി കണ്ട പ്രദേശവാസി പൊന്നൻ. ചിത്രം ∙ മനോരമ

∙ പൊന്നൻ കണ്ട പുലികുഞ്ഞുങ്ങൾ; പൊന്നുപോലെ നോക്കി വനംവകുപ്പ്

പപ്പാടിയിലെ വീടും സ്ഥലവും നോക്കി നടത്തിവന്ന പൊന്നൻ പതിവുപോലെ വീട്ടിലെത്തി വൃത്തിയാക്കുന്നതിനിടയിൽ ശബ്ദംകേ‍ട്ടപ്പോഴാണത്രെ വീട്ടിനുള്ളിൽ നിന്ന് പുലി ഇറങ്ങിപോയത്. വിവരമറിഞ്ഞ് അടുത്തവീട്ടുകാരും വനം ഉദ്യോഗസ്ഥരുമെത്തി നടത്തിയ പരിശോധനയിൽ കുട്ടികളെ കണ്ടു. ഭയന്ന നാട്ടുകാരും വീട്ടുകാരും പടക്കം പൊട്ടിച്ചും മറ്റും വനവകുപ്പിന്റെ സഹായത്തോടെ രക്ഷയ്ക്കുള്ള നടപടികൾ സ്വീകരിച്ചു.

പ്രദേശത്തുകാരും ഇതോടെ വല്ലാത്ത പേ‍ടിയിലായി. പ്രസവിച്ച പരിസരത്ത് ആളനക്കവും അസ്വസ്ഥതയും ഉണ്ടായാൽ കുട്ടികളുമായി തൊട്ടടുത്ത സുരക്ഷിത കേന്ദ്രത്തിലേക്കു പോകുന്നതാണ് പുലിയുടെ സാധാരണ രീതി. ഇവിടെ അതിനു സമയം ലഭിച്ചില്ലെന്നാണ് ഈ വിഷയത്തിൽ വിദഗ്ധരായ വനം ഉദ്യോഗസ്ഥർ പറയുന്നത്. കണ്ണുതുറന്നുവരുന്ന പ്രായമേ കുഞ്ഞുങ്ങൾക്കായുളളൂ.അതിനാൽ വനംവകുപ്പ് അവയെ പെട്ടിയിലാക്കി പരിചരിച്ചു, പാലുകൊടുത്തു ജീവൻ നിലനിർത്തി.

കുട്ടികളെ തിരഞ്ഞ് അമ്മയെത്തുമെന്നതിനാൽ വനംവകുപ്പ് ആ വീട്ടിനകത്ത് കൂടിനകത്തു പുലിക്കുട്ടികളെ വച്ച് കാത്തിരുന്നു. രാത്രിയിലെപ്പോഴോ എത്തിയ പുലി ഒരു കുട്ടിയുമായി പോയി. രണ്ടാമത്തെ കുട്ടിയേയും കൊണ്ടുപോകുമെന്ന പ്രതീക്ഷയിൽ പിറ്റേദിവസവും കൂടുമായി കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
അതിനെ ഒരു ദിവസം റേഞ്ച് ഓഫിസിൽ സൂക്ഷിച്ച് പരിചരിച്ചു. പാൽ കൊടുത്തു. ഇതിനിടെ ഇതിനു ചെറുതായി വയറിളകാൻ തുടങ്ങി. വെറ്ററിനറി ഡോക്ടറും വനംജീവനക്കാരും നന്നായി പരിചരിച്ചു. ഒടുവിൽ കൂടുതൽ പരിചരണത്തിനായി തൃശൂർ അകമലവാരത്തെ വന്യജീവി സംരക്ഷണകേന്ദ്രത്തിലേ‍ക്കു മാറ്റി. സ്ഥിതി മെച്ചപ്പെട്ടുവരുന്നതായാണ് വിവരം. എങ്കിലും വരുംദിവസങ്ങൾ നിർണായകമാണെന്ന് ഫോറസ്റ്റ് വെറ്ററിനറി അധികൃതർ പറയുന്നു.

palakkad-leopard-more
ഒലവക്കോടിനു സമീപം പപ്പാടിയിൽ പുലിക്കുട്ടികളെ കണ്ടെത്തിയ വിവരമറിഞ്ഞ് പ്രദേശത്തു തടിച്ചു കൂടിയ നാട്ടുകാർ. ചിത്രം ∙ മനോരമ

∙ കടുവയെപ്പോലെയല്ല പുള്ളിപ്പുലി!

പ്രസവത്തിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ മുലയൂട്ടാനുളള വിഷമംകാരണം, ആരോഗ്യക്കുറവുള്ളവയെ കൊല്ലുന്നതും ഉപേക്ഷിച്ചുപോകുന്നതും പുളളിപ്പുലികൾക്കിടയിൽ സാധാരണമാണ്. കെൽപ്പു കുറവാണെന്ന തോന്നൽ, പരുക്കുകൾ എന്നിവയും ഇതിനു കാരണമാകുന്നുണ്ട്.

അകത്തേത്തറ പപ്പാടിയിൽ ബാക്കിയായ കുഞ്ഞ് ത്രാണി കുറഞ്ഞതായിരിക്കുമെന്നാണ് നിഗമനം. ഏറ്റവും ശാന്തമായ, ശല്യമൊന്നും ഉണ്ടാകില്ലെന്ന നിലയിലാകാം അമ്മപ്പുലി ഇവിടെ പ്രസവത്തിന് തിരഞ്ഞെടുത്തത്.
കടുവയെപോലെയല്ല പുള്ളിപ്പുലി, ഏതുസ്ഥലവുമായും പൊരുത്തപ്പെടാൻ ഇവയ്ക്കു കഴിവേറെയാണ്. കാട്ടിലാണെങ്കിൽ പാറയിടുക്കുകൾക്കിടയിലാണ് പ്രധാനമായും പ്രസവം. മൂന്നുമുതൽ നാലുമാസംവരെയാണ് ഗർഭകാലം. ഒരു പ്രസവത്തിൽ 4 കുട്ടികൾവരെയുണ്ടാകാം. പ്രസവവും കഴിഞ്ഞ് കുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം സ്ഥലത്തുനിന്ന് അധികദൂരത്തല്ലാതെ ഇരതേ‍ടാനും പോകും.‌‌

ഈ കാലയളവിൽ മറ്റുമൃഗങ്ങളെപ്പോലെ ദേഷ്യവും ശൗര്യവും ഏറിയിരിക്കും. കുട്ടികൾക്ക് പ്രശ്നമുണ്ടാകുമെന്നു കണ്ടാൽ അതിവേഗമായിരിക്കും പ്രത്യാക്രമണം. കാടു പച്ചപിടിച്ചുനിൽക്കുന്ന ഒക്ടോബർ–ഫെബ്രുവരി മാസത്തിലാണ് പുളളിപുലിയുടെ ഇണചേരൽസമയം. പ്രസവിച്ച് മൂന്നുമാസംകഴിഞ്ഞാൽ കുട്ടികളെ സുരക്ഷിത സ്ഥാനത്തു നിന്ന് പുറത്തേക്ക് ഇറക്കുന്നതാണ് സ്വഭാവം.

സുരക്ഷിതമാണെങ്കിൽ മാത്രമേ കുട്ടികളെ പുറത്തിറക്കൂവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ആറുമാസമാകുമ്പോഴേക്കും കുഞ്ഞുങ്ങൾ ചാടുകയും ഓടുകയും ചെയ്തുതുടങ്ങും. ഏതാണ്ട് രണ്ടു മുതൽ മൂന്നു വയസുവരെയാണ് ഇരപിടിക്കുന്നതിനും എതിരാളികളെ നേരിടുന്നതിനും ഉൾപ്പെടെയുളള പരിശീലനം.

palakkad-house
പാലക്കാട് ഒലവക്കോടിനു സമീപം പപ്പാടിയിൽ പുലിക്കുട്ടികളെ കണ്ടെത്തിയ ആൾത്താമസമില്ലാത്ത വീട്. ചിത്രം: മനോരമ.

∙ പുലിയുളള സ്ഥലത്ത് കടുവ കാണുമോ?

മൂന്നുവയസ്സുവരെ അമ്മപ്പുലി കുട്ടികളെ മുലയൂട്ടി ഒപ്പം കൊണ്ടുനടക്കും. അമ്മയും മക്കളുംമാത്രമായിരിക്കും സഞ്ചാരം. ഇതിനിടയിൽ മുന്നോട്ടുള്ള ജീവിതത്തിനുളള പരിശീലനമൊക്കെ കൊടുത്തിരിക്കും. കരുത്തുനേടിയെന്ന രീതിയിലെത്തുമ്പോൾ ഒരു ദിവസം അമ്മപ്പുലിയും മക്കളും വഴിപിരിയും.

കുട്ടികൾ സ്വന്തം സ്ഥലമുറപ്പിക്കാനുളള തന്ത്രപാടിലായിരിക്കും പിന്നീട്. ചെന്നുകയറുന്ന സ്ഥലത്തെ ശക്തനായ എതിരാളിയുമായി ഏറ്റുമുട്ടിവേണം ടെറിട്ടറി ഉറപ്പിക്കാൻ. എതിരാളിയുമായി ഏറ്റുമുട്ടാനുളള ശക്തിയില്ലെങ്കിൽ ചാവുകയല്ലാതെ മറ്റു മാർഗമില്ല. ഇണചേരുന്ന കാലയളവിൽ മാത്രമാണ് പുള്ളിപ്പുലിക്കൊപ്പം മറ്റൊരു പുലിയെ കാണാനാകുക.

പുള്ളിപ്പുലിയുളള പ്രദേശങ്ങളിൽ കടുവകൾ കുറവും കടുവകൾ കൂടുതലുളള ഇടങ്ങളിൽ പുളളിപ്പുലി കുറവുമായാണ് കണ്ടുവരുന്നത്. പുളളിപ്പുലിക്ക് കുറ്റിക്കാടുകളിൽ അടക്കം ഏതു സാഹചര്യവുമായും പൊരുത്തപ്പെടാനുളള കഴിവുണ്ടെന്ന് പറമ്പിക്കുളം ടൈഗർ പ്രോജക്റ്റ് ബയോളജിസ്റ്റ് വിഷ്ണുവിജയൻ പറഞ്ഞു. കടുവകൾക്ക് അതില്ല. പുള്ളിപ്പുലികൾക്ക് എലിയും ഞണ്ടും മുയലും തുടങ്ങിയ ചെറിയ ജീവികളെകൊണ്ട് ജീവിക്കാനാകുമെങ്കിൽ കടുവയ്ക്ക് കാട്ടുപോത്തും മാനും പോലുളള വലിയ ഇരകൾതന്നെ വേണം.

∙ ഓട്ടത്തിലും പുലി

കാഴ്ചയിൽ ചെറുതെന്നുകരുതി ഒരു കൈനോക്കാമെന്നും നേരിടാമെന്നും കരുതിയാൽ പുള്ളിപ്പുലിയുടെ കാര്യത്തിൽ ആ ധാരണ തെറ്റും. കേട്ടുപരിചയമുളള രീതിയല്ല അതിനെ അക്രമിച്ചാലുണ്ടാവുക. തിരിച്ചടി ലളിതമാകില്ലെന്നാണ് വനംവന്യജീവി ഗവേഷകർ പറയുന്നത്.

കടുവയെക്കാൾ അതിവേഗമാണ് പുലിയുടെ നീക്കങ്ങൾ, നിവൃത്തിയില്ലാതായാൽ മിന്നൽവേഗത്തിലുളള അക്രമത്തിന്റെ പ്രത്യാഘാതവും വലുതാകും. മരത്തിനും വളളിക്കും മുകളിലും മറ്റും ചേർന്ന് കിടന്നായിരിക്കും ലക്ഷ്യത്തിലേക്കുളള ചാട്ടം. ഓട്ടത്തിലും അതിവേഗമാണ്.

ഒളിഞ്ഞിരുന്നാണ് ഇരയെ പിടിക്കുക. അതിനെ മരത്തിനുമുകളിലെത്തിച്ചു തിന്നു ശീലവുമുണ്ട്. പുലിവർഗങ്ങൾ 90% വും മനുഷ്യനെക്കണ്ടാൽ ഉപദ്രവിക്കുന്നവയല്ല. ഒറ്റപ്പെട്ടതും അക്രമം നേരിട്ടവയുമൊക്കെയാണ് പ്രശ്നകാരികൾ.

മനുഷ്യന്റെ കണ്ണിൽ നിന്നു പരമാവധി ഒഴിഞ്ഞുമാറുന്നതാണ് ഇവയുടെ രീതി. അവയുടെ അടുത്ത് നിശ്ചിതദൂരംവരെ എത്തി കാണാനും കഴിയും. സ്വഭാവവും രീതിയുമൊക്കെ ആശ്രയിച്ചിരിക്കും ഈ ദൂരത്തിന്റെ ഏറ്റക്കുറച്ചിൽ

leopard-cubs-palakkad
പാലക്കാട് ഒലവക്കോട് ജനവാസകേന്ദ്രമായ ഉമ്മിനിയിൽ പപ്പാടിക്കു സമീപം കണ്ടെത്തിയ പുള്ളിപ്പുലിക്കുഞ്ഞുങ്ങൾ ഒലവക്കോട് റേഞ്ച് ഓഫിസിൽ വനപാലകരുടെ പരിപാലനത്തിൽ. ഫയൽ ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

∙ കുഞ്ഞുപുലിക്ക് മടങ്ങാനാകുമോ?

അകമലവാരത്തെ പരിചരണത്തിൽ പുളളിപ്പുലി വളർന്നാലും സ്വന്തംവർഗത്തിന്റെ സ്വഭാവത്തിലേയ്ക്ക് കുറഞ്ഞ തോതിൽ മാത്രമേ ഇനി എത്താൻ കഴിയൂ. വലുതായി പരിശീലനം നൽകി കാട്ടിൽ വിട്ടാലും അവിടെ അതിജീവിക്കുക പ്രയാസമായിരിക്കും. മറ്റുള്ളവയോടു പൊരുത്തപ്പെട്ടും എതിരാളികളെ നേരിട്ടും പിടിച്ചുനിൽക്കാനും കാട്ടിന്റെ അന്തരീക്ഷത്തിൽ നിന്നു മാറിവളരുന്ന പുലിക്കുഞ്ഞുങ്ങൾക്കു കഴിയാറില്ലെന്നതാണ് ഇതുവരെയുള്ള നിഗമനങ്ങൾ. അങ്ങനെയാകുമ്പോൾ അത് ഏതെങ്കിലും മൃഗശാലയിലെ പുള്ളിപ്പുലിയാകും. അതുമല്ലെങ്കിൽ കാട്ടിലേക്കു വിട്ടാൽ വിധിക്കനുസരിച്ച് ജീവിച്ചേക്കും.

English Summary: Why Leopard in Palakkad left one of her cubs?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com