ADVERTISEMENT

കോട്ടയം ∙ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തി. ടിപിആർ 30ന് മുകളിൽ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾ അനുവദിക്കില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ ഓഫിസുകളും സംഘടനകളും യോഗം സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഓൺലൈൻ സംവിധാനത്തിൽ ചേരണം. ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ.

കോവിഡ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയനുസരിച്ച് നിയമനടപടി സ്വീകരിക്കും. പൊലീസുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുകയും ടിപിആർ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യണം.

സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പാക്കണം. മാസ്‌ക് ധരിക്കൽ, അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം, തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കൽ എന്നിവ നടപ്പാക്കണം. പൊതുജനങ്ങൾ വിനോദയാത്രകളും അനാവശ്യ യാത്രകളും ഒഴിവാക്കണം. ടിപിആർ നിരക്ക് 30 ശതമാനത്തിനു മുകളിലായ കാലയളവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളിൽ തെർമൽ സ്‌കാനർ പരിശോധന നടത്തണം.

പൊതുജനങ്ങൾ സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഓഫിസ് സന്ദർശനങ്ങൾ കുറയ്ക്കണം. സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ സ്വീകരിക്കുന്നതിന് ഡ്രോപ് ബോക്‌സുകൾ സ്ഥാപിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ആവശ്യഘട്ടത്തിൽ സിഎസ്എൽടിസികൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് എഡിസി ജനറലിനെ ചുമതലപ്പെടുത്തി. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കുള്ള സർക്കാർ ധനസഹായത്തിന് ലഭിച്ച 1640 അപേക്ഷകളിൽ 1454 എണ്ണം അംഗീകരിച്ചു. 50,000 രൂപ വീതമാണ് ധനസഹായം. ഇനിയും അപേക്ഷിക്കാത്തവർക്ക് രേഖകൾ സഹിതം വില്ലേജ് ഓഫിസുകൾ വഴി അപേക്ഷ നൽകാമെന്നും കലക്ടർ ഡോ. പി.കെ.ജയശ്രീ അറിയിച്ചു.

English Summary: Covid, restrictions imposed in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com