ADVERTISEMENT

ഗുരുവായൂർ ∙ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വെർച്വൽ ക്യൂ ബുക്കിങ് വഴി ദർശനം ഒരു ദിവസം 3,000 പേർക്ക് മാത്രമാക്കി ചുരുക്കി. നിലവിൽ 10,000 പേരെ അനുവദിച്ചിരുന്നു.

കുട്ടികളുടെ ചോറൂൺ വഴിപാട് നടത്തുന്നത് നിർത്തലാക്കി. വഴിപാട് ബുക്ക് ചെയ്തവർക്ക് ചോറൂണ് വീടുകളിൽ നടത്തുന്നതിന് നിവേദ്യം അടക്കം വിഭവങ്ങൾ അടങ്ങിയ കിറ്റ് നൽകും. ക്ഷേത്രത്തിനു മുന്നിൽ വിവാഹത്തിന്റെ താലികെട്ട് ചടങ്ങിന് പങ്കെടുക്കാവുന്നവരുടെ എണ്ണം 10 ആയി ചുരുക്കി. 2 ഫൊട്ടോഗ്രഫർമാരെയും അനുവദിക്കും.

പ്രസാദ ഊട്ടിന് പകരം അന്നദാനം പാഴ്സൽ ആയി നൽകും. 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ചോറും വിഭവങ്ങളും അടങ്ങുന്ന ഉച്ചഭക്ഷണവും പാഴ്സൽ നൽകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ നിർത്തിവച്ചു. ക്ഷേത്രത്തിൽ ദിവസവും രാത്രി നടക്കുന്ന കൃഷ്ണനാട്ടവും നിർത്തി. ബുക്ക് ചെയ്തവർക്ക് സൗകര്യപ്രദമായ ദിവസം പിന്നീട് അനുവദിക്കും.

കോവിഡ് മാനദണ്ഡങ്ങളോടെ തുലാഭാരം നടത്താം. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണ സമിതിയംഗങ്ങൾ, കലക്ടർ എന്നിവരുമായി കൂടിയാലോചിച്ചാണ് തീരുമാനം എടുത്തത്.

English Summary: Covid restrictions at Guruvayur temple from wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com